ഏദേനിലെ വസന്തം
ജറിന്‍ രാജ്

കോട്ടയത്തെ ഒരു പ്രസിദ്ധമായ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ ഒത്തൊരുമിച്ച് അവതരിപ്പിച്ച ഒരു ആധുനിക നാടകത്തിലെ സംഘര്‍ഷക ഭരിതങ്ങളായ മുഹൂര്‍ത്തങ്ങളിലൂടെ കടന്ന് ഇതാ നാം അതിന്റെ ക്ലൈമാക്‌സ് ഡയലോഗില്‍ എത്തിനില്‍ക്കുന്നു. കര്‍ട്ടന്‍ മെല്ലെ താഴുന്നതിനോടൊപ്പം ഗാംഭീര്യശബ്ദത്തില്‍ മുഴങ്ങുന്ന ആ വാക്കുകള്‍ക്കായ് എല്ലാവരും കാതോര്‍ത്തു. 'കര്‍ത്താവിന്റെ ദാനമാണ് മക്കള്‍, ഉദരഫലം ഒരു സമ്മാനവും(സങ്കീ 127:3). ഈ മക്കള്‍ നമുക്ക് വസന്തമാണ്. അതിസുന്ദരിയായ നമ്മുടെ  ഏദേന്‍തോട്ടത്തെ വസന്തമാക്കാന്‍ വന്നവര്‍-മക്കള്‍. അതെ, അവരാണ് എന്റെയും നിങ്ങളുടെയും  ഏദേനിലെ വസന്തം! ഇതോടുകൂടി ഈ നാടകം അവസാനിക്കുന്നു. ഞങ്ങളോടു സഹകരിച്ച എല്ലാ നാട്ടുകാര്‍ക്കും ഞങ്ങളുടെ ഓരോരുത്തരുടേയും പേരില്‍ ഹൃദ്യമായ നന്ദി അര്‍പ്പിക്കുന്നു'. നമ്മുടെ നാട്ടില്‍ നടന്നിരുന്ന കൂട്ടുകുടുംബ സമ്പ്രദായത്തിന്റെ മൂല്യവും, എട്ടും പത്തും മക്കളെ പോറ്റിവളര്‍ത്തിയ മാതാപിതാക്കളുടെ ദൈവഭക്തിയും, കൊണ്ടും കൊടുത്തും സ്‌നേഹം പങ്കുവച്ചു വളര്‍ന്ന മക്കളുടേയും കഥ പറഞ്ഞ ആ നാടകം അന്നേറെ ചര്‍ച്ചചെയ്യപ്പെട്ടു. നമുക്ക് കൈമോശം വന്ന  എന്തെല്ലാമോ തിരിച്ചെടുക്കണമെന്ന ഒരു ഉള്‍വിളി ആ നാടകം കണ്ടിറങ്ങിയ പലരുടേയും മനസ്സിലുണ്ടായി.

  ഈ നാടകത്തിന്റെ അണിയറ പ്രവര്‍ത്തകരെ ഒന്ന് അഭിനന്ദിക്കാമെന്നു കരുതി സ്റ്റേജിന്റെ പിന്നാമ്പുറത്തേക്ക് ചെന്ന എനിക്ക് എന്തുകൊണ്ട് അവര്‍ ഇങ്ങനെ ഒരു വിഷയം തിരഞ്ഞെടുത്തുവെന്ന് അവരോട് ചോദിക്കേണ്ടി വന്നില്ല. നായക-നായിക കഥാപാത്രങ്ങളെ അതിഗംഭീരമായ് അവതരിപ്പിച്ച അവരുടെ കണ്ണില്‍ നിന്നിറ്റുവീണ ഓരോ തുള്ളി കണ്ണുനീരും, അവരുടെ ഓരോ ഹൃദയമിടിപ്പും എന്നോട് സംസാരിച്ചു. വളരെ സുന്ദരിയായിരുന്നു ആ സ്ത്രീ. തിരിച്ചറിവില്ലാത്ത പ്രായത്തില്‍ തനിക്ക് സംഭവിച്ച ഒരു തെറ്റിന്റെ ദുരിതവും പേറി നടക്കുന്നവള്‍. കാമുകനാല്‍ വഞ്ചിക്കപ്പെട്ട് ഗര്‍ഭിണിയായ അവള്‍ക്ക് കുടുംബത്തിന്റെ അഭിമാനം കാക്കുന്നതിനും, തന്റെ വിവാഹ ഭാവിയ്ക്കും ഗര്‍ഭഛിദ്രം അനിവാര്യമായിരുന്നു. എന്നാല്‍ പിന്നീട് വിവാഹ ജീവിതത്തിന്റെ ആദ്യ വര്‍ഷത്തില്‍ ഗര്‍ഭിണിയായ അവള്‍ ഭര്‍ത്താവിന്റെ താത്പര്യാനുസരണം തന്റെ ചെറുപ്പം കാത്തുസൂക്ഷിക്കുന്നതിനും ഭര്‍ത്താവിന്റെ സാമ്പത്തിക ഭദ്രതയ്ക്കും വേണ്ടി ആ കുഞ്ഞിനേയും നശിപ്പിക്കേണ്ടി വന്നു. ഒടുവില്‍ താനിനി ഒരിക്കലും പ്രസവിക്കാന്‍ പ്രാപ്തയല്ല എന്ന് ഡോക്ടര്‍ പറഞ്ഞതും, മാതൃത്വം മരവിച്ച തന്നെ ഉപേക്ഷിച്ച ഭര്‍ത്താവിന്റെ ക്രൂരതയുമാണ് അവളെ ഇവിടെ ഈ അഗതിമന്ദിരത്തിലെത്തിച്ചത്. സന്തോഷകരമായ കുടുംബജീവിതം നയിച്ച നമ്മുടെ നായകനെന്തുപറ്റി എന്നാകും നാം ചിന്തിക്കുക. തന്റെ ആരോഗ്യവും സമ്പത്തും മുഴുവന്‍ ചിലവാക്കി അവര്‍ തങ്ങളുടെ പൊന്നോമനയെ വളര്‍ത്തി. തങ്ങളുടെ സ്‌നേഹം പങ്കുവയ്ക്കപ്പെട്ടുപോകുമോ എന്ന ഭയത്താല്‍ തങ്ങള്‍ക്കിനി മറ്റു മക്കള്‍ വേണ്ടെന്ന ഉറച്ച തീരുമാനത്തില്‍ തന്നെയായിരുന്നു അവര്‍. തങ്ങള്‍ക്കുള്ളതെല്ലാം അവര്‍ അവനു നല്‍കി. കാലങ്ങള്‍ കടന്നുപോയി. വീട്ടില്‍ വന്നു കയറിയ പെണ്ണിന്റെ വാക്കുകേട്ട് തങ്ങളെ ഈ അഗതിമന്ദിരത്തിന്റെ പടിവാതില്‍ക്കല്‍ അവന്‍ ഇറക്കി വിടുമ്പോള്‍ അവര്‍ ഓര്‍ത്തു പോയി ദൈവമേ, ഞങ്ങള്‍ക്ക് ഇനിയും മക്കള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന്. ഈ അഗതിമന്ദിരത്തിലെ ഓരോ അന്തേവാസിയുടേയും ജീവിതം ഇതിനോടു കിട പിടിക്കുന്നു. അവിടെ ഓരോരുത്തരുടേയും ഒരു ആവേശമായിരുന്നു മക്കളുടെ മാഹാത്മ്യം വിളിച്ചോതുന്ന 'ഏദേനിലെ വസന്തം' എന്ന ഈ നാടകം. 

  'അവിടുന്നാണ് എന്റെ അന്തരംഗത്തിനു രൂപം നല്‍കിയത്. എന്റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന് എന്നെ മെനഞ്ഞു. ഞാന്‍ അങ്ങയെ സ്തുതിക്കുന്നു, എന്തെന്നാല്‍ അങ്ങ് എന്നെ എത്ര വിസ്മയനീയമായി സൃഷ്ടിച്ചു. അവിടുത്തെ സൃഷ്ടികള്‍ അത്ഭുതകരമാണ്'.(സങ്കീ 139: 13-14) മനുഷ്യബുദ്ധിക്കും അവന്റെ വൈദ്യശാസ്ത്രത്തിനും ഇന്നും വിസ്മയകരമാണ് ഈ സൃഷ്ടികര്‍മ്മം. ദൈവത്തിന്റെ ഛായയിലും സാദൃശ്യ ത്തിലും  സ്ത്രീയും പുരുഷനുമായ് സൃഷ്ടിക്കപ്പെട്ടവര്‍ (ഉല്‍പ്പത്തി 1:27). ദൈവം അവരെ വിളിച്ചത്, തന്റെ സൃഷ്ടികര്‍മ്മത്തില്‍ പങ്കാളികളാവാനാണ്. ഒരുപാട് ദൈവമക്കളെ അവനു സമ്മാനിക്കാനാണ്. ദൈവം അവരെ അനുഗ്രഹിച്ച് ഇപ്രകാരം ചുമതലപ്പെടുത്തി. 'സന്താന പുഷ്ടിയുള്ളവരായ് പെരുകുവിന്‍'(ഉല്‍പ്പത്തി 1:28). നമ്മുടെ തലമുറകളിലൂടെ ദൈവത്തെ മഹത്വപ്പെടുത്താനുള്ള വലിയ വിളി,അങ്ങനെ കുടുംബജീവിതമാകുന്ന ദൈവവിളി ലഭിച്ചവരാണ് നാം ഓരോരുത്തരും.

  നമുക്ക് ഒന്നോ രണ്ടോ തലമുറ ഒന്ന് പിന്നോട്ടുപോകാം. എത്ര സന്തോഷകരമായ കുടുംബാന്തരീക്ഷം. ഒരു അമ്മയ്ക്ക് പത്തും പന്ത്രണ്ടും മക്കള്‍. ദാരിദ്ര്യത്തിലും ഉള്ളത് പങ്കുവച്ചും അവര്‍ വളരുന്നു. സ്‌നേഹിക്കാനും പ്രാര്‍ത്ഥിക്കാനും അവര്‍ പഠിക്കുന്നു. ഇത്തരം കുടുംബങ്ങള്‍ പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ സാധിക്കും, അവിടെ നിന്നും വളര്‍ന്നുവന്ന ഒന്നോ രണ്ടോ വൈദീകരേയും, സന്യസ്തരേയും. ഈ മാതാപിതാക്കളുടെ മരണം വളരെ ആനന്ദപ്രദമായിരിക്കും. അവര്‍ക്ക് പൗലോശ്ലീഹായെ പോലെ പറയാം.'എന്റെ ഓട്ടം ഞാന്‍ പൂര്‍ത്തിയാക്കി, എന്റെ  വിശ്വാസം ഞാന്‍ കാത്തു'(2 തിമോ 4:7). വളരെ വ്യത്യസ്ത ചിന്താഗതിക്കാരാണ് ഇന്നത്തെ തലമുറ. തങ്ങളുടെ സൗന്ദര്യ സംരക്ഷണത്തിനും സാമ്പത്തിക ഭദ്രതയ്ക്കും മക്കളെ വേണ്ടെന്നു വയ്ക്കുന്നവര്‍. അല്ലെങ്കില്‍ നാമൊന്ന് നമുക്കൊന്ന് എന്ന ഫാഷന്‍ ഏറ്റുപാടി നടക്കുന്നവര്‍. ഇത്തരക്കാരുടെ അന്ത്യം വളരെ പരിതാപകരമായിരിക്കും. ഈ ലോകജീവിതത്തില്‍ എന്തൊക്കെയോ ചെയ്യാന്‍ ബാക്കിവച്ച് കടന്നുപോയ പോലെ ഒരു തോന്നലാവും അവര്‍ക്കുണ്ടാകുക. കര്‍ത്താവ് നമ്മെ അനുഗ്രഹിച്ചത് ഇപ്രകാരമാണ്, 'ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടലിലെ മണല്‍ത്തരി പോലെയും നിങ്ങള്‍ പെരുകുവിന്‍' (ഉല്‍പ്പത്തി 22:17).

  കാനോന്‍ നിയമത്തിലെ 1398-ാം ഭേദഗതി അനുസരിച്ച് അബോര്‍ഷന്‍ അഥവാ ഗര്‍ഭഛിദ്രം ഒരു മാരക തിന്മയായി കണക്കാക്കുന്നു. ഫ്രാന്‍സീസ് പാപ്പയുടെ ചാക്രീക ലേഖനത്തിലും ഇത് ചര്‍ച്ച ചെയ്യുന്നുണ്ട്. കാരണം എന്തുമായിക്കൊള്ളട്ടെ, സൃഷ്ടി നിന്റെ അല്ലാത്തിടത്തോളം കാലം സൃഷ്ടിക്കപ്പെട്ട ഒരു ജീവന്‍ ഇല്ലാതാക്കുവാന്‍ നിനക്കെന്തധികാരം. ഒരു പുഷ്പ്പം തളിര്‍ത്താല്‍ അതിന്റെ ഭംഗി ആസ്വദിക്കാന്‍ മാത്രമേ നമുക്കവകാശമുള്ളു. 'പൂ പറിക്കരുത്' എന്ന ബോര്‍ഡ് മുന്നിലിരുന്നിട്ട് പൂ പറിക്കുന്നവന്‍ തെറ്റുകാരനാണ്. അവന്‍ ശിക്ഷക്കര്‍ഹനുമാണ്. ഇതുപോലെ തന്നെയാണ് കൊല്ലരുത് എന്ന് ബൈബിളില്‍ ദൈവം ഇത്രയും ശാസിച്ചിട്ടും ഗര്‍ഭഛിദ്രം നടത്തുന്നവര്‍. അവര്‍ ന്യായവിധിയ്ക്ക് അര്‍ഹരാണ്. 'നിനക്ക് ജന്മം നല്‍കിയവന്‍... നിന്നെ അമ്മയുടെ ഉദരത്തില്‍ ഉരുവാക്കിയവന്‍ തന്നെയാണ് നിന്റെ കുഞ്ഞിനേയും നിന്റെ സ്ത്രീയുടെ ഉദരത്തില്‍ ഉരുവാക്കിയത്' (ജോബ് 31:15). ആ സൃഷ്ടി ഈ ഭൂമി ദര്‍ശിക്കണ്ടാന്നു   തീരുമാനിക്കാന്‍ നമുക്കെന്തവകാശം. അതുകൊണ്ട്  ഗര്‍ഭഛിദ്രം വലിയ പാപമാണെന്നും അതിനായി ചിന്തിക്കുന്ന മക്കളെ അതില്‍ നിന്നും പിന്തിരിപ്പിച്ച് ജിവന്റെ മൂല്യം എത്രയോ മഹത്തരമാണെന്നുമുള്ള വലിയ ബോദ്ധ്യത്തിലേക്ക് നയിക്കുവാനായി നമുക്കും മുന്നിട്ടിറങ്ങാം.

ഈശോയില്‍ സഹോദരങ്ങളെ, നമ്മില്‍ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന കര്‍ത്തവ്യം കര്‍ത്താവിനൊരു പുതു തലമുറ വാര്‍ത്തെടുക്കുക എന്നതാണ്. ഗര്‍ഭഛിദ്രത്തിനും ജനനനിയന്ത്രണത്തിനും അതീതമായ് ദൈവഹിതത്തിനനുസരിച്ച്, കര്‍ത്താവെനിക്ക് എത്ര മക്കളെ തരുന്നോ അത്രയും മക്കളെ അവന്റെ സ്തുതിക്കായ് വളര്‍ത്തി യേശുവിന്റെ ഏദേന്‍ തോട്ടത്തിലെ വസന്തമായി അവരെ നമുക്ക് മാറ്റാം. അതിനായ് ജീസസ്‌യൂത്തായ നാം എടുക്കുന്ന ഓരോ ചുവടും ലോകത്തിനൊരു മാതൃകയാകട്ടെ. ഓരോ കുഞ്ഞും ദൈവം എനിക്ക് നല്‍കുന്ന ഒരു വലിയ ദാനമാണെന്ന തിരിച്ചറിവ്, നമ്മെ നല്ല ദൈവമക്കളായ് വളരാന്‍ പ്രാപ്തരാക്കും. കുഞ്ഞുങ്ങളില്ലാത്ത എല്ലാ ദമ്പതികളേയും ദൈവം മക്കളെ നല്‍കി അനുഗ്രഹിക്കട്ടെ.

376 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141690