മനസ്സോരുക്കുക..... ഒരു പുതുക്കത്തിനായ്..
മോബിനാ ബേബി

വിളവിറക്കുന്നതിനു മുന്നോടിയായി കര്‍ഷകര്‍ ചെയ്യുന്ന ഒരുക്കങ്ങള്‍ ശ്രദ്ധിച്ചി    ട്ടുണ്ടോ? കാടും പടലവും വെട്ടിത്തെളിച്ച്, കല്ലുപോലെ ഉറച്ച മണ്ണിനെ കലപ്പകൊണ്ടോ തൂമ്പകൊണ്ടോ കിളച്ചു മറിച്ച്, ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ച്, വെള്ളം നനച്ച് വിത്തിറക്കലിനായ് അവര്‍ നിലങ്ങളെ സജ്ജമാക്കുന്നു. എങ്കില്‍ മാത്രമേ ആഴത്തില്‍ വേരുപിടിച്ച് വിളകള്‍ നൂറും അറുപതും മുപ്പതും മേനി ഫലം പുറപ്പെടുവിക്കുകയുള്ളൂ. വര്‍ഷം മുഴുവനും സമ്പത്‌സമൃദ്ധമായ ജീവിതം നയിക്കാന്‍ കഴിയുകയുള്ളൂ. 

  പ്രിയമുള്ളവരേ, ഇപ്രകാരം നമുക്ക് നമ്മുടെ ഹൃദയനിലങ്ങളെ ഒരുക്കുവാനുള്ള സമയം സമാഗതമായിരിക്കുന്നു. അമ്പതുനോമ്പിന്റെ വിശുദ്ധദിനങ്ങളിലൂടെയാണ് നാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. നാല്‍പ്പതു രാവും നാല്‍പ്പതു പകലും മരുഭൂമിയില്‍ കഠിനമായ പ്രാര്‍ത്ഥനയുടേയും ഉപവാസത്തിന്റെയും ശക്തിയാണ്, പൈശാചികപ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ യേശുക്രിസ്തുവിനെ സജ്ജമാക്കിയത്. വി.മത്തായി 4:4 ല്‍ കര്‍ത്താവ് സാത്താനോട് കല്‍പ്പിക്കുന്നു. 'മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കു കൊണ്ടുമാണ് ജീവിക്കുന്നത്.' 

  പുറപ്പാട് 24:28 ല്‍ മോശ നാല്‍പ്പതു പകലും നാല്‍പ്പതു രാവും കര്‍ത്താവിനോടു കൂടെ അവിടെ ചെലവഴിച്ചു. അവന്‍ ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്തില്ല. 1രാജാക്കന്‍മാര്‍ 19:8 ല്‍ ഏലിയാ പ്രവാചകനും നാല്‍പ്പതുനാള്‍ ഉപവസിച്ചു ശക്തി പ്രാപിച്ചതായി എഴുതിയിരിക്കുന്നു. ആകയാല്‍ ഈ നോമ്പുദിനങ്ങളില്‍ എപ്രകാരം ഒരുക്കമുള്ളവരാകാം എന്നു നമുക്ക് ചിന്തിക്കാം.

 * വെട്ടിത്തെളിക്കുക: - നമ്മുടെ അന്തരംഗങ്ങളില്‍ അഹങ്കാരത്തിന്റെ, അസഹിഷ്ണുതയുടെ, പൊങ്ങച്ചത്തിന്റെ വള്ളിപ്പടര്‍പ്പുകള്‍ പടര്‍ന്നു പന്തലിച്ചിട്ടുണ്ടാകും. അതുകൊണ്ടാവാം നമുക്ക് ചുറ്റുമുള്ളവര്‍ക്ക് ഒന്നും പങ്കുവച്ചു നല്‍കുവാനോ അവര്‍ക്കും നമ്മുടെ ഹൃദയത്തില്‍ സ്ഥാനം നല്‍കുന്നതിനോ കഴിയാത്തത്. അതുകൊണ്ട് അവയെല്ലാം വെട്ടിമാറ്റുക. ഹൃദയത്തിലെ അന്ധത നീങ്ങി പ്രകാശം പരക്കട്ടെ.

 * ഉഴുതുമറിക്കുക:- പണത്തിനുവേണ്ടി, പ്രശസ്തിക്കുവേണ്ടി, സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി ഹൃദയം കഠിനപ്പെടുത്തുന്നവരാണ് നാമോരോരുത്തരും. അസൂയയും വിദ്വേഷവും ആസക്തികളും കല്ലാക്കി മാറ്റിയ ഹൃദയങ്ങളെ അനുതാപത്തിന്റെ ചൂളയിലിട്ട് മെഴുകുപോലെ ഉരുക്കിയെടുക്കാം. അപ്പോള്‍ മാത്രമേ അന്യന്റെ ദുഃഖങ്ങളില്‍ പങ്കുചേരാനും അപരന്റെ വിജയങ്ങളില്‍ ആനന്ദം കൊള്ളുവാനും നമുക്ക് കഴിയൂ. വിട്ടുകൊടുക്കാനും വീണ്ടെടുക്കാനും മാപ്പു പറയാനും അതു നല്‍കാനും സാധിക്കൂ.

 ആവശ്യമില്ലാത്തവ അത്മാവിന്റെ അഗ്നിയില്‍ ദഹിപ്പിക്കുക

  കിട്ടുന്നതെല്ലാം വലിച്ചുവാരിയിടുന്ന ചവറ്റുകൊട്ടയായി ചീഞ്ഞുനാറുന്ന ആത്മാവിനെ അടുക്കും ചിട്ടയുമുള്ളതാക്കാം. ഉള്ളില്‍ അടിഞ്ഞുകൂടിയിട്ടുള്ള വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ദുരാസക്തികളുടെയും അന്ധവിശ്വാസങ്ങളുടെയും വിഴിപ്പുകെട്ടുകളെ പരിശുദ്ധാത്മാഭിഷേകത്താല്‍ നശിപ്പിച്ചു കളയാം. അതുമൂലം ഉണ്ടാകുന്ന സൗഹൃദ നഷ്ടങ്ങള്‍ക്കും ശാരീരിക അസ്വസ്തതകള്‍ക്കും വില കല്‍പ്പിക്കാതിരിക്കുക. ക്രിസിതുവിന്റെ സഹനങ്ങള്‍ക്കു മുന്‍പില്‍ നമ്മുടെ വേദനകള്‍ എത്രയോ നിസ്സാരമാണ്.

 അനുതാപത്തിന്റെ നീരുറവയാല്‍ അന്തരംഗം ശുദ്ധമാക്കുക

  വി.മാര്‍ക്കോസ് 1:15 ല്‍ എഴുതപ്പെട്ടിരിക്കുന്നു, 'ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍.' ആകയാല്‍ പരി.കുമ്പസാരത്തിന്റെ അനുഭവത്തിലൂടെ കടന്നുപോയി പശ്ചാതാപത്തിന്റെ ജലധാരകൊണ്ട് ആത്മാവിനെ നിറയ്ക്കുക. യഥാര്‍ഥ നോമ്പിന്റെ വിശുദ്ധിയിലേക്ക് കടന്നുവരിക. 

  ഇപ്രകാരം ആത്മനിലങ്ങളെ ഒരുക്കിയെടുത്ത ഒരുവനുമാത്രമേ പീഡാസഹനത്തിന്റെ നാള്‍വഴികള്‍ ആത്മാര്‍ത്ഥതയോടെ സമീപിക്കാന്‍ സാധിക്കൂ. ദൈവവചനത്തിന്റെ വിത്തുകള്‍ മുളപ്പിച്ചെടുക്കാന്‍ കഴിയൂ. കുരിശെടുത്ത് അവിടുത്തെ പിന്‍ചെല്ലാന്‍ കഴിയൂ. പരിശുദ്ധ നോമ്പാചരണത്തിലൂടെ, കാല്‍വരിയില്‍ ചൊരിയപ്പെട്ട ചുടുചോരയും പിച്ചിചീന്തപ്പെട്ട തിരുവുടലും നമ്മെ സാത്താന്റെ അടിമത്വത്തില്‍ നിന്നും സ്വതത്രരാക്കിയതുപോലെ നവയുഗ പൈശാചിക പ്രലോഭനങ്ങളെ നേരിടാനുള്ള കരുത്ത് നേടുവാനുള്ള അവസരമാകട്ടെ. എന്തെന്നാല്‍ 1 പത്രോസ് 5:8 ല്‍ ഇപ്രകാരം മുന്നറിയിപ്പ് നല്‍കുന്നു. 'നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തേപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു.'

  എന്നാല്‍ പ്രിയമുള്ളവരേ, പലപ്പോഴും നമ്മുടെ നോമ്പും ഉപവാസവും പ്രാര്‍ത്ഥനയും ഷോ-ഓഫ് ആയി മാറുന്നു. ലൗകീക സുഖങ്ങളായ ഭക്ഷണപാനീയങ്ങളെ വെടിയാന്‍ തയ്യാറാകുന്നവര്‍ ആത്മാവിന്റെ ആസക്തികളെ വര്‍ജ്ജിക്കുന്നില്ല. നോമ്പുകാലമെങ്കിലും പരദൂഷണത്തിനും പരസംഗത്തിനും പാരവെയ്പ്പുകള്‍ക്കും വിശ്രമം നല്‍കാം. ഉയിര്‍പ്പിനുണ്ടാക്കേണ്ട പുതിയ വിഭവങ്ങളെക്കുറിച്ചും പൊട്ടിക്കേണ്ട കുപ്പികളെക്കുറിച്ചും തീര്‍ഥാടനയാത്രകളുടെ ചെലവുകളെക്കുറിച്ചും ചിന്തിച്ചു വിശുദ്ധ നോമ്പിനെ വെറുമൊരു ആചാരമായി അവഗണിക്കാതെ പരിശുദ്ധ സഭ വിഭാവനം ചെയ്യുന്ന അന്തസത്തയില്‍ അതിനെ ഉള്‍ക്കൊള്ളുക. കാരണം ക്രിസ്തു ഉയിര്‍ക്കേണ്ടത് കാല്‍വരിയിലെ ക്രൂശില്‍ നിന്നോ ജോസഫിന്റെ കല്ലറയില്‍ നിന്നോ അല്ല, അന്ധകാരത്തിന്റെ അടിമത്വത്തില്‍ ഞെരിഞ്ഞമര്‍ന്നിരിക്കുന്ന നമ്മുടെ അന്തരംഗങ്ങളിലാണ്. അതിനായി നമ്മെ ഒരുക്കുന്ന വിശുദ്ധ നോമ്പിനെ ഉപവാസത്തിന്റെ കമ്പളങ്ങള്‍ വിരിച്ച്, ലാളിത്യത്തിന്റെ ഒലീവിലകള്‍ വീശി, പ്രാര്‍ത്ഥനയുടെ കുരുത്തോലകളേന്തി, ആരാധനയുടെ പുഷ്പവൃഷ്ടി നടത്തി എതിരേല്‍ക്കാം. കള്ളന്‍മാരുടെ ഗുഹയായി നാം മാറ്റിയ ആത്മാവെന്ന പിതൃഭവനത്തിലേക്ക്, പുതിയ ജറുസലേമിലേക്ക് ദാവീദു പുത്രന്‍ എഴുന്നള്ളട്ടെ, അത്യുന്നതങ്ങളില്‍ ഹോസാന ധ്വനികള്‍ ഉയരട്ടെ.    

376 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141691