ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം
വിന്‍സന്റ്

ദുബായ് ജീസസ്സ്‌യൂത്ത്, ഇന്ത്യക്കു പുറത്ത് ആദ്യമായി രൂപീകരിക്കപ്പെട്ട ജീസസ്സ് യൂത്ത് കൂട്ടായ്മ. അതിന്റെ തുടക്കകാരില്‍ ഒരാളും, നമ്മുടെയെല്ലാം പ്രിയങ്കരനുമായ വിന്‍സന്റ് ചേട്ടന്റെ ഓര്‍മകള്‍ക്കും അനുഭവങ്ങള്‍ക്കും ഒപ്പം തൂലിക കുറച്ചു സമയം ചിലവഴിച്ചപ്പോള്‍...........

വിന്‍സന്റ് ചേട്ടന്റെ വാക്കുകളിലൂടെ..

1994 ഏപ്രില്‍ ഞാന്‍ ദുബായില്‍ ജോലിക്കായ് എത്തിയ സമയത്ത് മറ്റ് പല ജീസസ്സ് യൂത്തുകളും ഇവിടെ ഉണ്ടായിരുന്നുവെങ്കിലും, അന്ന് ഒരു കൂട്ടായ്മയായി രൂപപ്പെട്ടിരുന്നില്ല. ഒരുമിച്ചിരിക്കുവാനും, പ്രാര്‍ത്ഥിക്കുവാനും ഒരു ജീസസ്സ്‌യൂത്ത് കൂട്ടായ്മ വേണമെന്ന് ആഗ്രഹമുണ്ടായിരുന്ന സമാന ചിന്താഗതിക്കാരായ കുറച്ച് ജീസസ്സ്‌യൂത്തുകള്‍ ചേര്‍ന്ന് എല്ലാ തിങ്കളാഴ്ച്ചയും മണ്‍ഡേ പ്രയറിനു മുന്‍പ് ഒരുമിച്ചുകൂടി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. എല്ലാവരുടേയും സൗകര്യാര്‍ത്ഥം പിന്നീട് അത് വെള്ളിയാഴ്ച്ചകളിലേക്ക് മാറ്റിയെങ്കിലും, പ്രാര്‍ത്ഥിക്കുവാന്‍ ഇന്നത്തെ പോലുള്ള പ്രത്യേക റൂമോ, സൗകര്യമോ ഉണ്ടായിരുന്നില്ല. അന്നത്തെ മലയാളി സമൂഹത്തിന്റെ ആത്മീയ ആചാര്യനായിരുന്ന ആന്‍ഡ്രൂസ് അച്ചന്‍, ഞങ്ങളുടെ ആഗ്രഹത്തെ മനസ്സിലാക്കുകയും അദ്ദേഹത്തിന്റെ മുറിയില്‍ എല്ലാ വെള്ളിയാഴ്ച്ചകളിലും ഒത്തുചേര്‍ന്നു പ്രാര്‍ത്ഥിക്കാന്‍ അനുവാദം നല്‍കുകയും ചെയ്തു. അങ്ങനെ 1995 മാര്‍ച്ച് പത്താം തീയ്യതി, ഇന്ത്യക്കു പുറത്തെ ആദ്യത്തെ ജീസസ്സ്‌യൂത്ത് കൂട്ടായ്മ ദുബായില്‍ രൂപീകൃതമായി, അന്ന് ഏകദേശം ഇരുപതോളം പേര്‍ ഉണ്ടായിരുന്നു. ആദ്യത്തെ കോഡിനേറ്ററായി  സിബിയെയും അസി.കോഡിനേറ്ററായി എന്നെയും ദൈവം തിരഞ്ഞെടുത്തു. ഏതാനും ആഴ്ച്ചകള്‍ക്കു ശേഷം ചില സാങ്കേതികകാരണങ്ങളുടെ പേരില്‍ ആ മുറിയില്‍ നിന്നും കൂട്ടായ്മ മാറ്റേണ്ടതായി വന്നു. പിന്നീട് സ്ഥിരമായി കൂടുവാനുള്ള സ്ഥലസൗകര്യമില്ലാതെ മുന്‍പോട്ട് പോകുന്നതിനിടയില്‍, ഒടുവില്‍ വികാരി അച്ചന്റെ അനുവാദത്തോടെ ബാസ്‌കറ്റ് ബോള്‍ ക്വോര്‍ട്ടില്‍ എല്ലാ വെള്ളിയാഴ്ച്ചയും ഗ്രൂപ്പ് കൂടി തുടങ്ങി. കഠിനമായ ചൂടുള്ള കാലാവസ്ഥയില്‍ പോലും ഏകദേശം അറുപതോളം ആളുകള്‍  ആ ബാസ്‌ക്കറ്റ് ബോള്‍ ക്വോര്‍ട്ടില്‍ വലിയ സന്തോഷത്തോടും, തീക്ഷണതയോടും കൂടി കര്‍ത്താവിനെ പാടി സ്തുതിച്ച് പ്രാര്‍ത്ഥിക്കുമായിരുന്നു. 1996 ആരംഭത്തോടു കൂടി മിനി ഹാളിലും പിന്നീട് റൂമുകളിലും കൂടുവാനുള്ള അനുവാദം ലഭിച്ചു.

വിഷമതകളും വെല്ലുവിളികളും നേരിടുമ്പോള്‍

കര്‍ത്താവിന്റെ ശുശ്രൂഷക്കായി നാം ഇറങ്ങി പുറപ്പെടുമ്പോള്‍ എതിര്‍പ്പുകളും, വെല്ലുവിളികളും നമുക്ക് നേരിടേണ്ടിവരും. അപ്പോള്‍ നമുക്ക് ഒരുപാട് പ്രാര്‍ത്ഥന ആവശ്യമാണെന്ന് നാം മനസ്സിലാക്കിയിരിക്കുന്നു. നമ്മുടെ കൂട്ടായ്മ പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ടോ, അപ്പോള്‍ അവയെ എപ്പോഴെല്ലാം കര്‍ത്താവിന്റെ കരങ്ങളിലേക്ക് കൊടുക്കുകയാണ്  നാം ചെയ്തിട്ടുള്ളത്. ഉദാഹരണത്തിന് അച്ചന്റെ മുറിയില്‍ കൂടുവാനുള്ള അനുവാദം നഷ്ടപ്പെട്ടപ്പോള്‍ തുടര്‍ന്നുള്ള നൈറ്റ് വിജിലുകളുടെയും മറ്റും പ്രാര്‍ത്ഥന ശക്തിപ്പെടുത്തുകയും ആത്മസംയമനത്തോടെ കര്‍ത്താവിന്റെ ഇടപെടലിനായി കാത്തിരിക്കുകയും ചെയ്തു. ഒടുവില്‍ ജീസസ്സ്‌യൂത്തിനെ ദുബായ് ഇടവകയില്‍ ഔദ്യോഗികമായി അംഗീകരിക്കുകയും പ്രാര്‍ത്ഥിക്കാന്‍ സ്ഥിരമായി റൂം ലഭിക്കുകയും ചെയ്തു.

ദൈവത്തിന്റെ സ്വപ്നങ്ങള്‍ 

1997 ഡിസംബര്‍ 2 നു നടത്തിയ ഒരു പ്രോഗ്രാമിന് മുന്നോടിയായി സോനാപൂര്‍ ലേബര്‍ ക്യാമ്പുകളില്‍ പോവുകയും അവിടെ വച്ച് അനേകം ആളുകളെ കാണാനും പരിചയപ്പെടാനും ദൈവം ഇടവരുത്തി. അന്ന് അവിടെ വച്ച് ഒരാള്‍ ചോദിച്ചു. നിങ്ങള്‍ എന്തുകൊണ്ട് സ്ഥിരമായി വരുന്നില്ല? അങ്ങനെയാണ് അവര്‍ക്കിടയിലേക്ക് ഇറങ്ങേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന തോന്നല്‍ ഉണ്ടായത്. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, പ്രയര്‍ഗ്രൂപ്പില്‍ പോലും പോകാന്‍ സാധിക്കാത്തക്കവിധം എന്റെ ജോലിമേഖലയില്‍ തിരക്കേറിവന്നു. ആ നാളുകളില്‍, ചില സ്വപ്നങ്ങളിലൂടെ അനേകം ആളുകള്‍ ജയിലുകളും, ആശുപത്രികളും സന്ദര്‍ശിക്കുന്നതായി തമ്പുരാന്‍ കാണിച്ചുതന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അതിനായി ചിന്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. തല്‍ഫലമായി 2002 ല്‍ ഔട്ട് റീച്ച് മിനിസ്ട്രി രൂപീകൃതമായി. തുടര്‍ന്നുള്ള 5 വര്‍ഷത്തിനുള്ളില്‍ സോനാപൂര്‍, അവീര്‍ എന്നീ ക്യാമ്പുകളില്‍ ടീമുകള്‍ നിലവില്‍ വരികയും ഔട്ട് റീച്ച് മിനിസ്ട്രി കൂടുതല്‍ ശക്തമാവുകയും ചെയ് തു. ഈ കാലയളവില്‍ തന്നെ മറ്റു എമിറേറ്റുകളില്‍ തുടക്കം കുറിച്ച ജെ വൈ ഗ്രൂപ്പുകളില്‍ നിന്നും ഔട്ട് റീച്ച് മിനിസ്ട്രിയെ സഹായിക്കാന്‍ വിളിച്ചുതുടങ്ങിയപ്പോള്‍ നാഷണല്‍ ലെവലില്‍ ഔട്ട് റീച്ച് മിനിസ്ട്രിയെക്കുറിച്ച് ചിന്തിച്ച്, പ്രാര്‍ത്ഥിച്ച് തുടങ്ങി. അതിനുള്ള ട്രെയിനിങ്ങുകള്‍ ആരംഭിക്കുകയും 2009 ല്‍ ഔദ്യോഗികമായി ജെ വൈ നാഷണല്‍ ഔട്ട് റീച്ച് മിനിസ്ട്രി നിലവില്‍ വരികയും ചെയ്തു.

വിളി:- ദൈവം തന്നെ വിളിച്ചിരിക്കുന്നത് ഔട്ട് റീച്ച് മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാനാണെന്ന് തിരിച്ചറിയുകയും തീക്ഷണതയുള്ള ഒരുപാട് മിഷനറിമാരെ കണ്ടെത്തി അവരെ വളര്‍ത്തി എടുക്കേണ്ടതായിട്ടുണ്ടെന്ന ബോധ്യത്തിലേക്ക് ദൈവം എന്നെ നയിക്കുകയും ചെയ്തു. നമ്മുടെ വിളി മനസ്സിലാക്കി അതനുസരിച്ചു വേണം നാം മിനിസ്ട്രികള്‍ തിരഞ്ഞെടുക്കാന്‍ എന്നുള്ളത് നമ്മുടെ ആത്മീയ വളര്‍ച്ചക്ക് അത്യന്താപേക്ഷിതമാണെന്ന് ഓര്‍മ്മിപ്പിക്കട്ടെ. 

അപചയങ്ങള്‍ ഉണ്ടാകുമ്പോള്‍

ഗ്രൂപ്പിലെ ഒരു അംഗത്തിന് ഏതെങ്കിലും രീതിയില്‍ അപചയം ഉണ്ടായാല്‍, നേതൃനിരയിലുള്ളവര്‍ വ്യക്തിപരമായി സംസാരിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ഉദാഹരണമായി തെറ്റായ സാമ്പത്തിക ഇടപാടുകള്‍, തെറ്റായ വ്യക്തിബന്ധങ്ങള്‍ തുടങ്ങിയവ. ഈ മൂവ്‌മെന്റുമായി ചേര്‍ന്ന് പോകുമ്പോള്‍ ദൈവം ഇതൊന്നും നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നില്ല, അത് കൂട്ടായ്മയെ തകര്‍ച്ചയിലേക്ക് നയിക്കും എന്ന് അവരെ പറഞ്ഞു മനസ്സിലാക്കി, അതില്‍ നിന്നും പിന്തിരിപ്പിക്കുക.

തിരിഞ്ഞുനോക്കുമ്പോള്‍ 

പരിശുദ്ധാത്മാവ് ശരിയായ ദിശയില്‍ തന്നെയാണ് മുന്നേറ്റത്തെ മുന്നോട്ട് നയിക്കുന്നത്. കാരണം ആദ്യത്തെ ആ ചെറിയ കൂട്ടായ്മയില്‍ നിന്ന് ഇന്ന് നാം കാണുന്ന 13 സോണലുകളിലേക്ക് വളര്‍ത്തി. ഔട്ട് റീച്ച്, ഓഡിയോ വിഷ്വല്‍ അങ്ങനെ ഏത് മിനിസ്ട്രി നോക്കിയാലും, അതിനെ വളരെ മനോഹരമായി തമ്പുരാന്‍ നയിച്ചുകൊണ്ടിരിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും. കാരണം എല്ലാ റിസോഴ്‌സിനേയും തമ്പുരാന്‍ ഇവിടെയാണ് കൊണ്ടുവന്നിരിക്കുന്നത്. അപ്പോള്‍ ഏറ്റവും കൂടുതല്‍ ഫലം ചോദിക്കുന്നതും നമ്മോടു തന്നെയായിരിക്കും. ചുരുക്കി പറഞ്ഞാല്‍ ദുബായ് ആത്മീയതയുടെ ഒരു ഹബ്ബായി മാറണം. ഇവിടുന്ന് പല ട്രെയ്‌നിങ്ങുകളും തുടങ്ങണം. മിഷനായാലും, പുതിയ ഇനീഷ്യേറ്റീവുകളായാലും നാം ഇവിടുന്ന് ചിന്തിക്കുമ്പോള്‍ ലോകവും നമ്മോടൊപ്പം ചിന്തിച്ചു തുടങ്ങും.

സ്വപ്നം

മലയാളം എന്ന ഭാഷയില്‍ മാത്രം ഒതുങ്ങിക്കഴിയാതെ മറ്റു രാജ്യക്കാരിലേക്ക് നാം ഇറങ്ങണം. സോനാപൂര് ഒരു ഹിന്ദിക്കൂട്ടായ്മ തുടങ്ങാന്‍ ദൈവം ഇടവരുത്തി. അതുപോലെ നാം അടുത്ത പടിയിലേക്ക് കടക്കണം. ഏതാണ്ട് 200 നടുത്ത് ഭാഷക്കാരുള്ള ഈ ദുബായില്‍ പല ഭാഷകളിലേക്ക് ഇറങ്ങാന്‍ കഴിവുള്ള ആളുകളുണ്ട് നമുക്കിടയില്‍. അതുപോലെ തന്നെ പല വിധത്തിലുള്ള മിഷന്‍ പ്രവര്‍ത്തനങ്ങളും തമ്പുരാന്‍ നമ്മില്‍  നിന്നും പ്രതീക്ഷിക്കുന്നുണ്ട്. അതിനുള്ള വലിയ സാധ്യതകളും നമുക്കുണ്ട്. നാം അടുത്ത തലത്തിലേക്ക് ഉയരുമ്പോള്‍, ഭാഷ നമ്മുടേതല്ല എന്ന് പറഞ്ഞ് നാം പിന്മാറിയേക്കാം. പക്ഷേ, തമ്പുരാന്‍ ഇത്രയും ശക്തിയും കൃപയും തന്നിരിക്കുന്നത് നമ്മള്‍ മലയാളികള്‍ക്കാണ്. അപ്പോള്‍ നാം അല്ലാതെ മറ്റാരാണു ചെയ്യുക. നമ്മുടെ ജീസസ്സ്‌യൂത്ത് കൂട്ടായ്മയില്‍ നാം അനുഭവിക്കുന്ന ദൈവസ്‌നേഹവും സന്തോഷവും മറ്റു ഭാഷകളിലുള്ളവരും അനുഭവിക്കുന്ന ഒരു കൂട്ടായ്മ- അതാവട്ടെ നമ്മുടെ സ്വപ്നവും ലക്ഷ്യവും.

341 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141691