ദൈവത്തിന്റെ മാലാഖമാര്‍......
മെജോ

 ഇന്ത്യന്‍ പാര്‍ലമെന്റിലെ ലോകസഭയില്‍ കേരളത്തിന്റെ ഒരു സഭാ പ്രതിനിധിയുടെ പ്രസംഗം കൂടെയിരുന്ന എല്ലാവരുടേയും കണ്ണു നനയിപ്പിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്രകാരമായിരുന്നു:-നമ്മളില്‍ ഭൂരിപക്ഷം പേരെയും, അഥവാ എല്ലാവരെയും അമ്മയുടെ ഉദരത്തില്‍ നിന്നും ഏറ്റുവാങ്ങിയത്, വൃത്തിയാക്കിയത്, അത്യാവശ്യം വേണ്ട ശുശ്രൂഷകള്‍ നല്‍കിയത്, നമ്മളാരും ഓര്‍ക്കാത്ത മനസിലാക്കാത്ത വ്യക്തികളാണ്. നാം അവരെ 'നേഴ്‌സസ്' എന്നു വിളിക്കുകയും തുഛമായ ശമ്പളം നല്‍കി വിലകുറച്ച് കാണുകയും ചെയ്യുന്നത് അനീതിയാണ്, നന്ദികേടാണ്. ഒരുപക്ഷേ, ഒരിക്കലെങ്കിലും ആശുപത്രിയില്‍ കിടന്നവര്‍ക്ക്, സ്‌നേഹത്തോടെ ശുശ്രൂഷ ലഭിച്ചവര്‍ക്ക് കണ്ണു നനയാതെ ഇദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിക്കാന്‍ സാധിക്കുകയില്ല. ഒരിക്കല്‍ വലിയ ഒരു അപകടത്തില്‍പ്പെട്ട് അബോധാവസ്ഥയില്‍ കിടക്കുമ്പോള്‍ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത, എന്നെ അറിയാത്ത നേഴ്‌സ് സഹോദരങ്ങളുടെ, എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന മദ്ധ്യസ്ഥപ്രാര്‍ത്ഥനകളും ജപമാല പ്രാര്‍ത്ഥനയും കേട്ട് കൊണ്ടാണ് ഐസിയുവില്‍ വച്ച് ഓര്‍മ്മ തിരിച്ചുലഭിക്കുന്നതും, എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കുന്നതും.

 ഒരു ഗള്‍ഫ് രാജ്യത്ത് ആരും തുണയില്ലാതെ, വാരിയെല്ലുകള്‍ക്ക് പൊട്ടല്‍ സംഭവിച്ച്, വൃക്കയ്ക്കും പാന്‍ക്രിയാസിനും ക്ഷതം സംഭവിച്ച്, എഴുന്നേറ്റ് നില്‍ക്കാനോ, നടക്കാനോ പറ്റാത്ത അവസ്ഥയില്‍ നിന്നും, ഇന്ന് പഴയതിനേക്കാള്‍ കാര്യമായി ശാരീരിക അവസ്ഥ മെച്ചപ്പടാനും ജോലി ചെയ്യാനും എന്നെ സഹായിച്ചത് ഖത്തറിലെ പ്രിയപ്പെട്ട നേഴ്‌സ്മാരുടെ, ജീസസ് യൂത്ത് സഹോദരരുടെ പ്രാര്‍ത്ഥനകളും ശുശ്രൂഷകളുമാണ്. ലോകസഭാ പ്രതിനിധി പ്രസംഗത്തില്‍ പറഞ്ഞതുപോലെ, ശുശ്രൂഷിക്കപ്പെട്ട എനിക്കും അവര്‍ ദൈവത്തിന്റെ മാലാഖമാര്‍ തന്നെയായിരുന്നു. ദൈവത്തിന്റെ സന്ദേശവാഹകരായി, ശുശ്രൂഷ നല്‍കുന്നവരായി മാലാഖമാരെ തിരുവചനത്തില്‍ നാം കാണുന്നുണ്ട്. ദൈവസ്‌നേഹം കൊണ്ട് നിറഞ്ഞ, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന നാം മാലാഖമാരെപ്പോലെ ദൈവീക സന്ദേശ വാഹകരോ, ശുശ്രൂഷ വാഹകരോ ആകുന്നില്ലെങ്കില്‍, നമ്മുടെ വിശ്വാസം ശക്തിപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യേണ്ട സമയം ആയിരിക്കുന്നു എന്ന് നാം മനസ്സിലാക്കണം. യേശു ക്രിസ്തുവിലൂടെ പാപമോചനവും രക്ഷയും സാധ്യമാക്കിയ നാം അവിടുത്തെ രക്ഷാകരമായ ദൗത്യത്തില്‍ പങ്കുകാരാകേണ്ടത് നമ്മുടെ കടമയും അവകാശവുമാണ്.

 യേശു തന്റെ പരസ്യ ജീവിതകാലത്ത് പാപമോചനവും രോഗശാന്തിയും നല്‍കിക്കൊണ്ടാണ് ദൈവരാജ്യ ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടിരുന്നത്. പരിശുദ്ധാത്മാവിനെ സ്വീകരിച്ച കന്യകാമറിയം ഉദരത്തില്‍ യേശുവിനെ വഹിച്ചുകൊണ്ട് ശുശ്രൂഷ ലഭിക്കേണ്ട അവസരത്തില്‍ ശുശ്രൂഷിക്കാനായി പോയത്, നമ്മുടെ ദുര്‍ബലമായ അവസ്ഥയിലും, പ്രതികൂല സാഹചര്യങ്ങളിലും മറ്റുള്ളവര്‍ക്ക് സ്‌നേഹവും ആശ്വാസവും കൊടുക്കാന്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ച വ്യക്തിക്ക് സാധിക്കും എന്ന് നമുക്ക് കാണിച്ചു കൊണ്ടാണ്. 'നാം ദൈവത്തിന്റെ കരവേലയാണ്. നാം ചെയ്യാന്‍ വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സത്പ്രവര്‍ത്തികള്‍ക്കായി യേശുക്രിസ്തുവില്‍ സൃഷ്ട്ടിക്കപ്പെട്ടവരാണ്' (എഫേസോസ് 2-10) . ജീവിക്കുന്ന ക്രിസ്തു അനുഭവങ്ങളിലൂടെ, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന വ്യക്തിക്ക്, യേശു നമുക്കായി ഒരുക്കിയിരിക്കുന്ന സത്പ്രവര്‍ത്തികള്‍ കണ്ടെത്താനായി സാധിക്കും. നമുക്കിടയില്‍ നമ്മുടെ സഹോദരങ്ങള്‍ രോഗങ്ങളാലും അപകടങ്ങളാലും ദുഃഖിച്ച് വേദനിച്ച് കഴിയുമ്പോള്‍ ഒരു പുഞ്ചിരിയാല്‍, സ്‌നേഹസംഭാഷണങ്ങളാല്‍, ദൈവവചനത്താല്‍, പ്രത്യാശയും സമാധാനവും യേശു നല്‍കുന്ന സൗഖ്യവും നമുക്ക് നല്‍കുവാന്‍ സാധിക്കും. പ്രാര്‍ത്ഥനയിലൂടെ, വചന പഠനത്തിലൂടെ, കൂദാശകളിലൂടെയെല്ലാം യേശുവിന്റെ സ്വന്തമായി ജീവിക്കാന്‍ പരിശ്രമിക്കുന്ന നമുക്ക് ജീവിത വ്യഗ്രത, ധനമോഹം, ജഡികാസക്തി എന്നിവ ഒരു വെല്ലുവിളിയായി വരുന്ന ഘട്ടത്തില്‍, സ്വന്തമായി ഒന്ന് എഴുന്നേറ്റ് നില്‍ക്കാനോ, ഭക്ഷണം കഴിക്കാനോ കഴിയാതെ വേദനയില്‍ കഴിയുന്ന എന്റെ സഹോദരനെ കാണുമ്പോള്‍, ലഭിച്ച കൃപകളെ ഓര്‍ത്ത് നന്ദി പറയുന്ന, ദൈവത്തിന്റെ ആലയമായി സ്വന്തം ശരീരത്തെ കാത്തുപാലിക്കുന്ന വ്യക്തിയായി മാറാനും ഉള്ള ആഗ്രഹവും കൃപയും ലഭിക്കും എന്നുള്ളത് നമ്മുടെ തന്നെ അനുഭവങ്ങളാണ്. 

 ക്രിസ്തുവിന്റെ പരസ്യ ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി അപേക്ഷിച്ചവരുടേയും രോഗികളേയും മരിച്ചവരെ പോലും തന്റെ അടുക്കല്‍ കൊണ്ടുവന്നവരുടേയും വിശ്വാസം പരിഗണിച്ച് സൗഖ്യവും പുതുജീവിതവും പ്രദാനം ചെയ്ത ഇന്നും ജീവിക്കുന്ന യേശുക്രിസ്തു തന്റെ സന്നിധിയിലേക്ക് രോഗികളേയും പീഢിതരേയും ആനയിക്കാന്‍ നമ്മെ ക്ഷണിക്കുന്നു. യേശുക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെട്ട നല്ല കള്ളന്‍ തന്റെ അടുത്ത് ക്രൂശിതനായിരിക്കുന്നവന്‍ നിരപരാധിയും അതിലുപരി മരണാനന്തര ജീവിതം പ്രദാനം ചെയ്യാന്‍ കഴിവുള്ള ക്രിസ്തുവാണെന്ന് മനസ്സിലാക്കി സ്വര്‍ഗ്ഗരാജ്യം അവകാശമാക്കിയതുപോലെ നമുക്ക് ചുറ്റുമുള്ള വേദനിക്കുന്നവരില്‍ നമുക്കും ക്രിസ്തുവിനെ കണ്ടെത്താം.

378 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 131523