മദ്ധ്യസ്ഥ പ്രാര്‍ത്ഥന
സന്തോഷ് സൈമണ്‍

പരസ്പ്പരം ഭാരങ്ങള്‍ വഹിച്ചുകൊണ്ട് ക്രിസ്തുവിന്റെ നിയമം പൂര്‍ത്തിയാക്കുവിന്‍ (ഗലാത്തിയ6:2). ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ വിസ ചെയ്ഞ്ച് ചെയ്യുവാന്‍ കൃഷ് എന്ന ഐലന്റില്‍ പോകാന്‍   ഇടയായത്. അവിടെവെച്ച് പലരാലും ചതിക്കപ്പെട്ട് ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതെ ആത്മഹത്യയുടെ  ചിന്തയുമായി, നിരാശയുടെ പടുകുഴിയില്‍ വീണുപോയ കുറേപേരെ കാണാനിടയായി. ഒരുപക്ഷേ, ഇത് വായിക്കുന്ന ചിലരെങ്കിലും വിചാരിക്കുമായിരിക്കാം ദൈവം എനിക്ക് ഈ അവസ്ഥ വരുത്തിയില്ലല്ലൊ, ദൈവമെ നന്ദി എന്ന്. എന്നാല്‍ പ്രിയസഹോദരങ്ങളെ നമ്മുടെ കുറവുകളെക്കുറിച്ച് ദൈവത്തോടുള്ള പരാതിക്കിടയില്‍ നമ്മുടെ ഈ സഹോദരങ്ങള്‍ക്കുവേണ്ടി മാദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കാന്‍ നമ്മുക്ക് കഴിയാറുണ്ടോ? പലപ്പോഴും ഇങ്ങനെ വേദ ന അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്കുവേണ്ടി, പ്രാര്‍ത്ഥിക്കുക എന്നത് നമ്മുടെ വലിയൊരു കടമയാ ണെന്നത്  നമ്മള്‍ പലപ്പോഴും മറക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. 

ക്രിസ്ത്യാനി എന്ന നിലയില്‍ മദ്ധ്യസ്ഥപ്രാര്‍ത്ഥനക്ക് വലിയ പങ്കാണുള്ളത്. എങ്ങനെ ആയിരിക്കണം മദ്ധ്യസ്ഥ പ്രാര്‍ത്ഥന നടത്തുക എന്ന് ദൈവവചനത്തിന്റെയും നമ്മുടെ നിത്യവചനത്തിന്റെ അടിസ്ഥാനത്തിലും നമുക്ക് അല്‍പ്പം ചിന്തിക്കാം. നമ്മുടെ പ്രാര്‍ത്ഥന വിശ്വാസത്തോടെ ആയിരിക്കണം (ഹെബ്രാ11:6). വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാദ്ധ്യമല്ല. വി. മാര്‍ക്കോസിന്റെ സുവിശേഷം രണ്ടാം അദ്ധ്യായത്തില്‍ നാം കാണുന്നുണ്ട് നാലുപേര്‍, യേശു ആ തളര്‍വാതരോഗിയെ സുഖപ്പെടുത്തും എന്ന വിശ്വാസത്തില്‍ ഈശോ ഇരുന്ന സ്ഥലത്തിന്റെ മേല്‍ക്കൂര പൊളിച്ച് തളര്‍വാതരോഗിയെ അവര്‍ കിടക്കയോടെ താഴോട്ടിറക്കി. അവരുടെ വിശ്വാ സം കണ്ട ഈശോ ആ തളര്‍വാതരോഗിയെ സുഖപ്പെടുത്തുക തന്നെ ചെയ്തു. പ്രാര്‍ത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും നിങ്ങള്‍ക്കു ലഭിക്കുമെന്ന് വിശ്വസിക്കുവിന്‍, നിങ്ങള്‍ക്ക് ലഭിക്കുക തന്നെ ചെയ്യും.   (മാര്‍ക്കോ11:24)

രണ്ടാമതായി നമ്മുടെ പ്രാര്‍ത്ഥന ത്യാഗത്തോടുകൂടി ഉള്ളതായിരിക്കണം. നമ്മുടെ വേദന അനുഭവിക്കുന്ന സഹോദരങ്ങള്‍ക്കുവേണ്ടി, യേശുവിനെ ഒരിക്കല്‍പ്പോലും അറിഞ്ഞിട്ടില്ലാത്ത നമ്മുടെ സഹോദരങ്ങള്‍ക്കുവേണ്ടി, ലോകം മുഴുവന്‍ ദൈവത്തിന്റെ സുവിശേഷം എത്താന്‍വേണ്ടി ത്യാഗമെടുത്ത് പ്രാര്‍ത്ഥിക്കണം. ജോബ് തന്റെ സ്‌നേഹിതന്‍മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ അവനുണ്ടായിരുന്ന ഐശ്വര്യം കര്‍ത്താവ് തിരികെ കൊടുത്തു. അവിടു ന്ന് അത് ഇരട്ടിയായി കൊടുത്തു (ജോബ്42:10).

അതുപോലെ തന്നെ നമ്മുടെ സഹോദരങ്ങളുടെ വേദന നമ്മുടെ വേദനയായി ഏറ്റെടുത്ത് അവര്‍ക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാന്‍ കഴിയണം. വി. ലൂക്കാ സുവിശേഷം പതിനെട്ടാം അദ്ധ്യായത്തില്‍ കാണുന്ന  ഫരിസേയന്റെ കാപട്യം തെല്ലുമില്ലാതെ ചുങ്കക്കാരനെപ്പോലെ, ഹൃദയം നുറുങ്ങി നമ്മുടെ സഹോദരങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ നമ്മുക്ക് കഴിയണം. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്ധിക്കുന്നു, കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും (1സാമു16:7).

ഫരിസ്യന്‍ പ്രാര്‍ത്ഥിച്ചത് അഹങ്കാരത്തോടെ ആയിരുന്നു എന്നാല്‍, ചുങ്കക്കാരന്‍ പ്രാര്‍ത്ഥിച്ചത് എളിമയോടെ ആയിരുന്നു. മനുഷ്യന്‍ എപ്പോഴും അപൂര്‍ണ്ണനാണ്. അവന്റെ സ്വന്തം ശക്തിയാല്‍ എളിമയോടെ, വിശ്വാസത്തോടെ, ത്യാഗത്തോടെ പ്രാര്‍ത്ഥിക്കുവാന്‍ കഴിയില്ല. എന്നാല്‍, ദൈവത്തിന്റെ പരിശുദ്ധാത്മാവ് അതിന് നമ്മെ സഹായിക്കുന്നു. നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ത്ഥിക്കേണ്ടതെ ങ്ങനെയാണെന്ന് നമ്മുക്കറിഞ്ഞുകൂടാ എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവുതന്നെ നമ്മുക്ക് വേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നു (റോമ8:26).

ക്രിസ്തുവില്‍ പ്രിയരെ നമ്മുടെ ജീവിതത്തില്‍ ഈ ഒരു മനോഭാവം, എളിമയോടുകൂടിയ പ്രാര്‍ത്ഥന, നമ്മളില്‍ കുറവുകളുണ്ട് എന്നാല്‍ മറ്റുള്ളവരിലും അയോഗ്യതകളുണ്ട്, ഈ തിരിച്ചറിവോടുകൂടി മറ്റുള്ളവര്‍ക്കുവേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുന്ന ഒരു ജീവിതശൈലി നമ്മുക്ക് സൂക്ഷിക്കാം. ഇതിനായ് സര്‍വ്വശക്തനായ ദൈവം നമ്മെ സഹായിക്കട്ടെ.

413 Viewers

Really heart touching, may holy spirit lead you more, SANTHOSH SIMON

JOBIN LOUIS ELUVATHINGAL | January 29, 2017

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137912