സഭാചരിത്രത്തിലൂടെ...
മേഴ്‌സി

 രക്ഷാകര ചരിത്രം മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളുള്ള ഒരു മുന്നേറ്റമാണ്.

1. പിതാവായ ദൈവത്തിന്റെ കാലം അഥവാ പഴയനിയമകാലം. 

2. യേശുവിന്റെ കാലം.

3. പരിശുദ്ധാത്മാവിന്റെ അഥവാ സഭയുടെ കാലം.

  ദൈവത്താല്‍ നിയുക്തമായ, പ്രത്യേകം വിളിക്കപ്പെടുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തവരുടെ സമൂഹമാണ് ക്രൈസ്തവസഭ. ഇവര്‍ ദൈവത്തിന്റെ സ്വന്ത ജനമാകയാല്‍ തിരുസഭ എന്ന് വിളിക്കുന്നു.

  ദൈവജനമെന്ന നിലയില്‍ ഇസ്രായേല്‍, ദൈവത്താല്‍ പ്രത്യേകം വിളിച്ച് കൂട്ടപ്പെട്ടവരായിരുന്നു. പഴയനിയമ ജനത രൂപംകൊണ്ടത് അബ്രാഹത്തിന്റെ വിളിയോടും ഉടമ്പടിയാല്‍ അത് മുദ്രിതമാക്കപ്പെട്ടതിനോടും കൂടിയാണ് (ഉല്‍പ്പ 15:18). ഈ ജനതയില്‍ നിന്നാണ് വാഗ്ദാന പൂര്‍ത്തീകരണമായ മിശിഹായുടെ ആഗമനം. (ഉല്‍പ്പ3:16) സമയത്തിന്റെ പൂര്‍ത്തിയില്‍ മനുഷ്യനായി അവതരിച്ച ഈശോമിശിഹാ പഴയനിയമജനതയുടെ തുടര്‍ച്ചയും പൂര്‍ത്തീകരണവുമെന്ന നിലയില്‍, പുതിയ നിയമജനതയെ വിളിച്ചുകൂട്ടി. അങ്ങനെ പുതിയ ദൈവജനം രൂപംകൊണ്ടു (1 പത്രോ2:10). 

  ദൈവീക സഹവാസത്തില്‍ കഴിഞ്ഞിരുന്ന ആദിമാതാപിതാക്കന്‍മാര്‍ ഒരു സമൂഹമായിരുന്നു. പാപം ദൈവീകപദ്ധതിയെ തകിടം മറിച്ചപ്പോള്‍ ഈ സമൂഹം ചിന്നഭിന്നമായി. ദൈവത്തോടുകൂടി കഴിയേണ്ടിയിരുന്ന മനുഷ്യന്‍ വിദ്വേഷം മൂലം വിഘടിതനും, അഹങ്കാരത്താല്‍ സൃഷ്ടാവില്‍ നിന്ന് ഓടിയകന്നവനുമായി. ഈ ദൈവീക സഹവാസം പുന:സ്ഥാപിക്കുന്നതിനാണ് ഈശോ വന്നത്. ഈശോയിലൂടെയാണ് മനുഷ്യകുലം രക്ഷിക്കപ്പെടുന്നത് (യോഹ 11:52). അവിടുന്ന് സ്ഥാപിക്കുന്ന സഭയിലെ അംഗങ്ങള്‍ പരസ്പ്പരം അനുരജ്ഞിതരാകും. വിശ്വാസം വഴി ഈശോമിശിഹായിലൂടെ സഭയിലേക്ക് പ്രവേശിക്കുന്നവര്‍ അനുഗ്രഹിക്കപ്പെടുന്നു. സഭാംഗങ്ങള്‍ ഈശോമിശിഹായില്‍ രക്ഷയുടെ അവകാശികളായിത്തീരുന്നു, രക്ഷിക്കപ്പെട്ടവരുടെ സമൂഹവും (1 കോറി 1:18).   

  മിശിഹായുടെ തിരുരക്തത്താല്‍ വിലയ്ക്ക് വാങ്ങപ്പെട്ട പുതിയ ഇസ്രായേലാണ് സഭ. പ്രവാചകന്‍മാര്‍ കാത്തിരുന്ന ഉടമ്പടി ജനതയാണിവര്‍. ഈ ഉടമ്പടി മുദ്രിതമാക്കപ്പെട്ടതോ, മിശിഹായുടെ രക്തത്താലും. മനുഷ്യ ഹൃദയങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്ന അരൂപിയുടെ നിയമമാണ് ഈ ഉടമ്പടിയുടെ പത്രിക. ദാനിയേല്‍ വിളംബരം ചെയ്ത വിശുദ്ധന്മാരുടെ രാജ്യമാണവര്‍. 

  പഴയ നിയമം മുന്‍കൂട്ടി അറിയിക്കുകയും ഒരുക്കിക്കൊണ്ട് വരികയും ചെയ്ത 'സഭാ രഹസ്യം' ഈശോയാണ് വെളിപ്പെടുത്തിയതും സ്ഥാപിച്ചതും. അവിടുത്തെ ദൈവരാജ്യ പ്രഘോഷണത്തില്‍ ലക്ഷ്യം വെച്ചത് സഭയെയായിരുന്നു (മത്താ 13:43). അങ്ങനെ ദൈവരാജ്യം ഭൂമിയില്‍ സമാഗതമായി (മത്താ 12:28). പത്രോസാകുന്ന പാറമേല്‍ തന്റെ സഭ സ്ഥാപിക്കുമെന്ന് അവിടുന്ന് വാഗ്ദാനം ചെയ്തു  (മത്താ 16:18). ജറുസലേമിന്റെ നാശം (മത്താ 23:37) പഴയ ജനതയുടെ സ്ഥാനത്ത് പുതിയ ജനമായ സഭ ഉടലെടുക്കുന്നതിന്റെ പ്രതീകമാണ്.

   മിശിഹാ പിതാവിന്റെ അടുത്തേക്ക് കടന്നുപോയ അവിടുത്തെ പെസഹായോടെ സഭ ജനിക്കുന്നു(യോഹ 13:1). അവിടുന്ന് മരിച്ചവരില്‍ നിന്നുയിര്‍ത്ത് അരൂപിദാതാവായതോടെ (1 കോറി 15:45) ഒരു പുതിയ സൃഷ്ടി, ഒരു പുതിയ മനുഷ്യവര്‍ഗ്ഗം ഉടലെടുത്തു. ഈശോയുടെ ഉത്ഥാനത്തോടുകൂടി പരിശുദ്ധാത്മാവ് ജീവന്‍ നല്‍കുന്ന ഈശോയുടെ ആത്മാവായി മാറി. സഭാപിതാക്കന്‍മാരുടെ അഭിപ്രായത്തില്‍, പുതിയ ഹവ്വയായ സഭ ഈശോയുടെ പാര്‍ശ്വത്തില്‍ നിന്നും പുറപ്പെട്ടതാണ്. അവിടുത്തെ തിരുവിലാവില്‍ നിന്നു പുറപ്പെട്ട രക്തവും ജലവും (യോഹ19: 34) യോഹന്നാന്റെ വീക്ഷണത്തില്‍, മിശിഹായുടെ ആദ്യബലിയെയും സഭയുടെ അരൂപിയായ പരി. ആത്മാവിനേയുമാണ് സൂചിപ്പിക്കുക. സ്വര്‍ഗ്ഗത്തില്‍ പിതാവിന്റെ മഹത്വം പ്രാപിച്ച മിശിഹാ, അരൂപിയെ വര്‍ഷിച്ച് തുടങ്ങിയതോടെയാണ് സഭ ഭൂമിയില്‍ ജന്മമെടുത്തത്.

   ജറുസലേമില്‍ രൂപം കൊണ്ട ക്രൈസ്തവ സമൂഹം ശ്ലീഹന്‍മാരുടെ പ്രബോധനങ്ങളില്‍ ഉറച്ച് നില്‍ക്കുകയും പ്രാര്‍ത്ഥനയിലും അപ്പം മുറിക്കലിലും പങ്ക് ചേരുകയും ചെയ്തിരുന്നു (അപ്പ 2:42). വിശ്വാസികളുടെ സമൂഹം ഒരേ ആത്മാവും ഒരേ മനസ്സുമായി വ്യാപരിച്ചു. ആദിമസഭയ്ക്ക് പല പീഢനങ്ങളേയും അതിജീവിക്കേണ്ടതായിവന്നു. പലരും രക്തസാക്ഷിത്വം ചൂടി. ആദിമ ക്രൈസ്തവസമൂഹം ജറുസലേമില്‍ ആയിരിക്കെ സമറിയായുടെ തലസ്ഥാനമായ അന്ത്യോക്യയില്‍ ഒരു  ക്രൈസ്തവ സമൂഹമായിത്തീര്‍ന്നു. ശിഷ്യന്‍മാര്‍ ആദ്യമായി ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെട്ടത് ഇവിടെ വെച്ചാണ്. ക്രിസ്ത്യാനി എന്ന വാക്കിനര്‍ഥം 'ക്രിസ്തുവിനെ പ്രതി സഹിക്കുന്നവന്‍' എന്നാണ്. 

   ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ എത്തിച്ചേര്‍ന്ന ശ്ലീഹന്‍മാര്‍ തങ്ങള്‍ അനുഭവിച്ചാസ്വദിച്ച മിശിഹാനുഭവം അതതു സ്ഥലങ്ങളിലെ ജനങ്ങളുമായി പങ്കുവെച്ചു.' ആദ്യം മുതലേ ഉള്ളതും, ഞങ്ങള്‍ കേട്ടതും സ്വന്തം കണ്ണ് കൊണ്ട് കണ്ടതും കൈ കൊണ്ട് സ്പര്‍ശിച്ചതുമായ ജീവന്റെ വചനത്തെക്കുറിച്ചാണ് ഞങ്ങള്‍ പ്രസംഗിക്കുന്നത്' (1 യോഹ 1:1). അപ്പസ്‌തോലന്‍മാരെല്ലാവരും ഒരേ വിശ്വാസസത്യമാണ് പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തത്. ഒരേ മിശിഹായെയാണ് രക്ഷകനായി ജനങ്ങള്‍ക്ക് ചൂണ്ടി കാണിച്ചത്. എങ്കിലും സുവിശേഷ സന്ദേശം സ്വീകരിച്ച സമൂഹത്തിന്റെ സംസ്‌ക്കാരം, ജീവിത രീതികള്‍, ആചാരക്രമങ്ങള്‍, ഭാഷ-രാഷ്ട്രീയ-മത പശ്ചാത്തലങ്ങള്‍ എന്നിവയുമായുള്ള പ്രതിപ്രവര്‍ത്തന ഫലമായി വ്യത്യസ്ത സഭകള്‍ രൂപം കൊണ്ടു. 

 

345 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 131526