Exit കടന്നുപോകുമ്പോള്‍...
T. ജോസഫ്

ഹായ് വീണ്ടും ഒരു പുതുവര്‍ഷം കൂടെ ഇതാ വന്നെത്തിയിരിക്കുന്നു. എവിടെയും സന്തോഷത്തിന്റെ ആഘോഷങ്ങള്‍ നുരയായും സംഗീതമായും നൃത്തമായും വര്‍ണ്ണവിസ്മങ്ങളായും നടമാടുമ്പോള്‍ സത്യത്തില്‍ അത് ഒരു വര്‍ഷം കുറഞ്ഞതിന്റെ ഓര്‍മ്മപ്പെടുത്തലാണ്. 

അന്ന് ഡിസംബര്‍ 31 രാത്രി ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന ദേശത്തിന്റെ തലസ്ഥാനനഗരിയില്‍ ഒരാഘോഷം സംഘടിപ്പിച്ചതിന്റെ വാര്‍ത്ത കേള്‍ക്കാനിടയായി. അതിന്റെ വീഡിയോ ഉണ്ടായിരുന്നു. സംഭവം സിമ്പിള്‍ ആണ്. ആഘോഷത്തിമിര്‍പ്പിന് കൊടുത്ത ന്യായീകരണം ഇങ്ങനെ. 2016 ന്റെ കഷ്ടപ്പാടിന്റേയും സങ്കടങ്ങളുടേയും പ്രതീകമായ സാത്താന്റെ രൂപം കത്തിക്കുകയും അതിനായി കുടിച്ചുതിമിര്‍ത്തു നൃത്തമാടി ആശ്വാസം കണ്ടെത്തുകയും ചെയ്ത ഒരു കൂട്ടം സഹോദരങ്ങളെപ്പറ്റി...

അവരെ വിധിക്കാന്‍ നമ്മളാരാ?... അതുകൊണ്ട് പതുക്കെ ഒരുചെവിയില്‍ കേട്ടു മറുചെവിയിലൂടെ കളഞ്ഞു.

പക്ഷെ അതു അങ്ങനെ പോയില്ല. അടുത്ത ചെവിയിലങ്ങനെ അലയടിക്കാന്‍ തുടങ്ങി. എന്തായിരിക്കും ഈ സഹോദരങ്ങള്‍ ഇങ്ങനെ?

ചിലപ്പോള്‍ ആരും സ്‌നേഹിക്കാന്‍ ഇല്ലാത്തതുകൊണ്ടായിരിക്കാം. അതോ സ്‌നേഹിക്കുന്നവരില്‍ നിന്നേറ്റ മുറിവു മാറ്റാനോ? 

സത്യത്തില്‍ 2016 കഷ്ടപ്പാടിന്റെ കാലം ആയിരുന്നോ? ്യൂഞാനും ചിന്തിക്കാന്‍ തുടങ്ങി. ചിന്തിച്ചു ചിന്തിച്ചു പെട്ടെന്ന് കൂടെ ഉള്ള ആളു പറഞ്ഞു, എടാ നീ എക്‌സിറ്റ് എടുത്തില്ല. വഴി തെറ്റി 27 കിലോമീറ്റര്‍ പോയിട്ട് യൂ ടേണ്‍ എടുത്ത് തിരികെ വരണം. ഹെന്റമ്മോ, സീന്‍ ആയല്ലോ...സംഗതി നടന്നത് 2017 ജനുവരി 2ന് ലൈസന്‍സ് കിട്ടിയിട്ട് കുറെ ആയെങ്കിലും വണ്ടി ഓടിക്കാന്‍ തുടങ്ങിയിട്ട് കുറച്ചെ ആയുള്ളൂ. അങ്ങനെ 27 കിലോമീറ്റര്‍ പിടച്ച് പോകുമ്പോള്‍ ഒരു ചിന്ത വീണ്ടും. 2016 ല്‍ ഞാന്‍ എന്തെങ്കിലും എക്‌സിറ്റ് വിട്ടുപോയോ?

ആഹാ ചിന്തിക്കും തോറും സംഗതി കളറാകുന്നുണ്ട്. ശരിയാ ഒത്തിരി  എക്‌സിറ്റ് കള്‍ വിട്ടുപോയിട്ടുണ്ട്. 2016 ലെ ചില കാലമൊക്കെ ഇതുപോലെ ഒത്തിരി കഷ്ടപ്പെടേണ്ടിയും കറങ്ങേണ്ടിയും വന്നിട്ടുണ്ട്. തീര്‍ച്ചയായും അത് ദൈവത്തിന്റെ കുറ്റമല്ല. ദൈവം കാണിച്ചു തന്ന എക്‌സിറ്റ് കള്‍ എടുക്കാതിരുന്നതുകൊണ്ടാണ്. എന്നാലും വിഷമിക്കേണ്ട. യൂ ടേണുകളും വേറെ വഴികളും ഒക്കെയായി ഈ യാത്ര  എത്ര സുന്ദരമായാണ് ഒരുക്കിയിരിക്കുന്നത്. 

ഓരോ യാത്രയ്ക്കും ഒരു ലക്ഷ്യമുണ്ട്. അതുകൊണ്ടൊക്കെയായിരിക്കും വിവരമുള്ളവര്‍ പറഞ്ഞുവെയ്ക്കുന്നത് ജീവിതയാത്ര എന്നൊക്കെ. മരിച്ചവരെ അടക്കുന്നതിനു മുമ്പുള്ള പ്രാര്‍ത്ഥനയിലുമുണ്ട്, 'ഞാന്‍ എന്റെ ഓട്ടം പൂര്‍ത്തിയാക്കി'എന്ന്. 

എന്റെ ഓട്ടം നടുറോഡിലായിരുന്നു. 20 കിലോമീറ്റര്‍ കൂടെ പോകണം. യൂ ടേണ്‍  വരാന്‍. സത്യത്തില്‍ എന്തുകൊണ്ടായിരിക്കും ആ എക്‌സിറ്റ് തെറ്റിയത്?

ഇന്‍വെസ്റ്റിഗേഷന്‍ ചാനനലിലെപോലെ വിചിന്തനം ആരംഭിച്ചു. എന്തൊക്കെയാണ് വഴി തെറ്റിക്കുന്നത്. 

പാഠം 1. വഴി നടത്തുന്നു എന്നു പറഞ്ഞു കൂടെ ഇരുന്നു വഴി പറഞ്ഞുതരുന്ന ജി.പി.എസ് ചേച്ചി വഴി തെറ്റിക്കും. ചേച്ചിക്കു പറഞ്ഞുകൊണ്ടേയിരുന്നാല്‍മതി. സമയവും കാലവും പെട്രോളും തീരുന്നത് നമ്മുടെയാണ്. നമ്മുടെ കാലം കഴിഞ്ഞാലും വഴി തെറ്റിയ ആള്‍ക്ക് വേറെ ആളെ കിട്ടും. അതുകൊണ്ടാണ് വിവേകം എന്ന സാധനം ഫിറ്റ് ചെയ്യണം എന്നു പറയുന്നത്. അപ്പോള്‍ ഒരു ജി.പി.എസിനും വഴി തെറ്റിക്കാന്‍ പറ്റില്ല.

പാഠം .2. ടി.വി. , സിനിമ, എഫ്. എം. ഒക്കെ പലതും പറയുന്നു ഇന്ന്. നാളെ വേറെയും പറയും. രണ്ടും വിപരീതമായിരിക്കും. അതില്‍ പറയുന്നത് കേട്ട് പലരും എക്‌സിറ്റ്  മാറിയെടുക്കാറുണ്ട്.

ഇതുവരെ ഈ എഴുത്തിനു 10 ലൈക്കും 20 ഷെയറും കിട്ടി. ഇന്നു വൈകുന്നേരം കഞ്ഞി കുടിക്കുമ്പോള്‍ ഇതു മതിയാവുമോ ചമ്മന്തിയരയ്ക്കാന്‍. ലൈക്കിനും ഷെയറിനും വേണ്ടി 150 ദിര്‍ഹത്തിന്റെ ഡ്രസ്സും വാങ്ങി ഫോട്ടോ എടുത്തിടുന്നവരുടെ ശ്രദ്ധയ്ക്ക് 50 ദിര്‍ഹം കൊടുത്താല്‍ 10000 ലൈക്ക് തരുന്ന ഒരു സോഫ്റ്റ് വെയര്‍ കിട്ടും ഇന്റര്‍നെറ്റില്‍. സേവിങ്‌സ് നൂറ് ദിര്‍ഹം.

യാത്ര ഓരോരുത്തര്‍ക്കും നിര്‍ബന്ധമാണ്. അത് ഒരിടത്ത് തീരുക തന്നെ ചെയ്യും. ചിലപ്പോള്‍ തെറ്റിയ എക്‌സിറ്റില്‍ നമുക്കു നല്ലതിനായിരിക്കും. ഈ മണ്ടത്തരങ്ങള്‍ എഴുതാന്‍ തോന്നിയപോലത്തെ സംഭവങ്ങള്‍ നടക്കും അപ്പോള്‍.

മണ്ടത്തരത്തെക്കുറിച്ചു പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓര്‍ത്തത്. എല്ലാ രാജ്യങ്ങളിലും യാത്രയിലെ തെറ്റുകള്‍ക്കും, നിയമലംഘനങ്ങള്‍ക്കും പിഴയായും കറുത്ത കുത്തുകള്‍ ലേഖനം ചെയ്യുന്നുണ്ട്. 

എന്നാല്‍, ജീവിത യാത്രയിലെ ലംഘനങ്ങള്‍ക്ക് സ്വന്തം മകനെ വിട്ടു പിഴ മുഴുവന്‍ നേരത്തെ ഏറ്റുവാങ്ങിയ ഒരേ ഒരു ഭാവമേ ഉള്ളൂ. ഒരേ ഒരു സ്‌നേഹമേ ഉളളൂ. അതാണു ദൈവം.

ഓരോ എക്‌സിറ്റുകള്‍ അടുക്കുമ്പോഴും നമ്മളോടു ഓര്‍മ്മപ്പെടുത്തലുമായി നില്‍ക്കുന്ന കാവല്‍മാലാഖയെ ഓര്‍മ്മിച്ചെടുക്കാം.

അതുപോലെതന്നെ നമ്മെ വഴി നടത്തേണ്ട സുഹൃത്തുക്കളോ ബന്ധുക്കളോ ഗുരുഭൂതരോ വഴിതെറ്റിക്കാന്‍ പറഞ്ഞാലും വിവേകം ഉപയോഗിച്ച് വിവേചിച്ചറിയാന്‍ പറ്റണം. പരിശുദ്ധാത്മാവിനെ കൂടെ കൊണ്ടുപോകുന്നിടത്തെല്ലാം കൂടുതല്‍ വിവേകം നമക്കു ലഭിക്കും.

എക്‌സിറ്റ് എടുക്കാന്‍ പറഞ്ഞ അമ്മയേയും അപ്പനേയും ഓര്‍മ്മിച്ചെടുക്കാം സഹോദരനേയും സഹോദരിയേയും ഓര്‍മ്മിച്ചെടുക്കാം. വൈദീകരേയും ധ്യാനവചസ്സുകളേയും ഓര്‍മ്മിച്ചെടുക്കാം.

എന്നിട്ടു നിങ്ങള്‍ ജീവിതത്തില്‍ അലഞ്ഞുതിരിയുകയാണെങ്കില്‍ നിനക്കുവേണ്ടി, നീ എക്‌സിറ്റുകള്‍ വിട്ട് തന്നിഷ്ടം പോലെ പോയി ദുരിതം അനുഭവിക്കുമ്പോള്‍ പിഴ കൂടി വരാതിരിക്കാന്‍ സ്വന്തം ചോരകൊണ്ട് പിഴയടച്ച നമ്മുടെ സഹോദരനെ ഓര്‍മ്മിച്ചെടുക്കാം. 

ആരൊക്കെ നിന്നെ കളിയാക്കിയാലും പരിഹസിച്ചാലും വേണ്ടെന്ന് വെച്ചാലും അവന്റെ ഉള്ളം കയ്യില്‍ നിന്റെ പേരെഴുതി വെച്ചേക്കുന്നതു കാണിച്ചു തന്നിട്ടു പറയും 'എനിക്കു നിന്നെ മനസ്സിലാകും. സാരമില്ല. പോട്ടെ എന്ന്' അപ്പോഴും പിഴയായി കൊടുത്ത ചോര നെഞ്ചില്‍ നിന്നും ഇറ്റു വീഴുന്നുണ്ടാകും. 

അയ്യോ 27 കിലോമീറ്റര്‍ കഴിഞ്ഞു. എന്റെ യൂ ടേണ്‍ ആയി. അപ്പോ ശരി, എക്‌സിറ്റ്  തെറ്റിയാല്‍ വീണ്ടും കാണാം. ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, പെട്രോള്‍ തീര്‍ന്നാല്‍ എഞ്ചിന്‍ കേടായാല്‍, വഴിയില്‍ കിടക്കേണ്ടിവരും. ഓര്‍ക്കുക,റീ റൂട്ട് ചെയ്യാന്‍ ജീ.പി. എസ് മിടുക്കിയാണ്. ശുഭയാത്ര . . 

321 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141691