കര്‍ത്താവിന്റെ ഹിതത്തിന് ആമ്മേന്‍
ജെറിന്‍ രാജ് കുളത്തിനാലന്‍

'ഇതാ കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ'. (ലൂക്ക. 1:38)  മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ച് പുതു ഇസ്രായേലായ നമ്മെ സംബന്ധിച്ചിടത്തോളം, നമ്മുടെ നിലനില്‍പ്പിനും വിടുതലിനും പ്രത്യേകിച്ച് ക്രിസ്ത്യാനി എന്ന നാമധേയത്തിനും കാരണഭൂതമായ ഒരു പ്രഖ്യാപനമായിരുന്നു മേല്‍പ്പറഞ്ഞ വാക്കുകളിലൂടെ തന്നെത്തന്നെ ദൈവഹിതത്തിനു വിട്ടുകൊടുത്തുകൊണ്ട് പരിശുദ്ധ കന്യകാമറിയം അന്നവിടെ പ്രഘോഷിച്ചത്. നാട്ടുകാരുടേയും ബന്ധുജനങ്ങളുടേയും അവഗണന, മറ്റുള്ളവരുടെ മുമ്പില്‍ പരിഹാസപാത്രമാക്കപ്പെട്ടേക്കാവുന്ന നിമിഷങ്ങള്‍, വിവാഹനിശ്ചയം മുടങ്ങാനുള്ള സാധ്യത, എല്ലാവരാലും ഒറ്റപ്പെടാന്‍ പോകുന്ന അവസ്ഥ, ഒരുപക്ഷേ കല്ലേറാല്‍ കൊല്ലപ്പെട്ടേക്കാവുന്ന ഒരു സാഹചര്യം. ഇവയെല്ലാം വിവാഹത്തിനു മുമ്പ് താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞാല്‍ തനിക്കു വന്നു ചേര്‍ന്നേക്കാവുന്ന വലിയ വിപത്തുകളാവുമെന്ന പൂര്‍ണ്ണ അറിവോടുകൂടെ തന്നെയാണ് മറിയം അന്ന് താന്‍ ദൈവഹിതത്തിനു ഉത്തരം അരുളുന്നു എന്നു പറഞ്ഞത്. എന്നാല്‍, എല്ലാ പ്രതിസന്ധികള്‍ക്കുമുപരി അവള്‍ കണ്ടത്, കൈവിടാത്തവനാണ് തന്റെ കര്‍ത്താവെന്ന പൂര്‍ണ്ണ വിശ്വാസമാണ്. ആ വിശ്വാസത്തിലാണ് കര്‍ത്താവിന്റെ ഇഷ്ടത്തിനവള്‍ ആമേന്‍ പറഞ്ഞത്. മാത്രമല്ല, ദൈവഹിതത്തിന് തലകുനിക്കുക വഴി, പ്രവാചകരിലൂടെ എഴുതപ്പെട്ട യഹോവയാം ദൈവത്തിന്റെ ഉടമ്പടി തന്നിലൂടെ പൂര്‍ത്തീകരിക്കപ്പെടുവാന്‍, ദൈവകുമാരനമ്മയാകുവാന്‍ അവള്‍ക്കു ഭാഗ്യം ലഭിച്ചു. അന്ന് അവള്‍ പറഞ്ഞ ആ ആമേന്‍ ആണ് ഇന്ന് മനുഷ്യകുലത്തിന്റെ രക്ഷയ്ക്കാധാരം.

മറിച്ചായിരുന്നില്ല നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ജീവിതവും. തന്റെ ജീവിതമൊട്ടാകെ പിതാവായ ദൈവത്തിന്റെ ഹിതത്തിന്റെ പൂര്‍ത്തീകരണമായിരുന്നു യേശു. അവിടുത്തെ ഓരോ ചെയ്തികളും വാക്കുകളും പിതാവിന്റെ ഹിതത്തോടുള്ള ആമേന്‍ പറച്ചിലായിരുന്നുവെന്ന് അവിടുത്തെ തിരുപ്പിറവി മുതല്‍ കുരിശുമരണവും, ഉയിര്‍പ്പും സ്വര്‍ഗ്ഗാരോഹണവും വരെ വ്യക്തമാക്കിത്തരുന്നു. അവിടുന്നു പറയുന്നു, 'പിതാവേ, എന്റെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടം എന്നില്‍ നിറവേറട്ടെ' (മത്താ. 26:39) തിരുവചനത്തില്‍ അനേകം പ്രാവശ്യം 'പിതാവേ അങ്ങയുടെ ഇഷ്ടം', 'അങ്ങയും ഹിതം'എന്ന് പ്രതിവചിക്കുന്നതായി കാണാം. തന്റെ സ്വജീവിതം മനുഷ്യനന്മയ്ക്കായ് പിതാവിന് സമര്‍പ്പിക്കുക വഴി കുരിശുമരണത്തിലൂടെ (ലൂക്ക. 23:36) ദൈവഹിതത്തിനു ആമേന്‍ പാടുവാനുള്ളതാണ് തന്റെ ജീവിതമെന്ന് യേശു ഉറപ്പിച്ചു. ആ വിശുദ്ധ ബലിക്ക് യേശുവിന് ലഭിച്ച പ്രതിഫലമോ എത്ര വിശിഷ്ടവും.

വിശുദ്ധ ലിഖിതത്തിന്റെ ഏടുകള്‍ പരിശോധിച്ചാല്‍ ദൈവഹിതത്തിനു ആമേന്‍ പറഞ്ഞവരുടെ ഒരു നീണ്ട നിരതന്നെ കാണാം. തന്റെ ഏകജാതനെ ബലിനല്കാന്‍ ഒരുങ്ങിയ അബ്രാഹത്തില്‍ തുടങ്ങുന്നു ആ ആമേന്‍. പിന്നീട് അതേ ആമേന്‍ ഏറ്റുപറഞ്ഞ് ഒട്ടേറെ പ്രവാചകന്മാരും രാജാക്കന്മാരും ദൈവദാസന്മാരും ആ വഴിയെ കടന്നുപോയി. രാജ്യം നഷ്ടപ്പെട്ട രാജാക്കന്മാരും, ഉള്ളതെല്ലാം നഷ്ടപ്പെട്ട ദൈവതോഴരും, ഏഴു മക്കളെയും നരഹത്യയ്ക്ക് വിട്ടുകൊടുത്തിട്ട് സ്വയം ദൈവത്തിനായ് ബലിയായ് ഒരമ്മയും, തനിക്കുള്ളതെല്ലാം നഷ്ടപ്പെടുത്തി സ്വന്തം ഭാര്യയെപ്പോലും മരണം കവര്‍ന്നെടുത്തപ്പോള്‍ തളരാതെ ദൈവത്തിനു സ്തുതി പാടിയ ജോബും, കര്‍ത്താവിന്റെ നാമത്താല്‍ പീഢയേല്ക്കുകയും മരണമേറ്റുവാങ്ങുകയും ചെയ്ത രക്തസാക്ഷികളും വിശുദ്ധരും അങ്ങനെ എത്രയോ പേര്‍ . . . എത്രയോ മിഷണറിമാരാണ്, എത്രയോ അല്മായ പ്രേഷിതരാണ് ഇന്നും പ്രേഷിതവേലയ്ക്കായ് തങ്ങളുടെ ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്നത്. അവര്‍ക്കൊക്കെ പ്രചോദനമാകുന്നത് കര്‍ത്താവിന്റെ ഈ വാക്കുകളാണ്. 'നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും' (മത്താ.6:33)

2016 ക്രിസ്തുമസ് രാവും കടന്നുപോയി. ഒരുപാട് ആഘോഷങ്ങളോടും ആരവങ്ങളോടും കൂടെ. എങ്ങും കൊട്ടിപ്പാട്ടുകളും കൊടിത്തോരണങ്ങളും മാത്രം. മറ്റേതു ആഘോഷങ്ങളെയും പോലെ വെറുമൊരു ആഘോഷം മാത്രമായോ ക്രിസ്ത്യാനിക്കിന്ന് ക്രിസ്മസ്?  ഈ അവസരത്തിലാണ് ഒരമ്മയുടെയും മകന്റെയും പിതാവിന്റെ ഇഷ്ടത്തോടുള്ള ആമേനു പ്രശസ്തിയേറുന്നത്. നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തായിരിക്കും കര്‍ത്താവിനു നമ്മുടെ ജീവിതാഭിലാഷമെന്ന്? അവിടുത്തെ ആഗ്രഹത്തിനു നാം എപ്പോഴെങ്കിലും ചെവികൊടുത്തിട്ടുണ്ടോ? ദൈവഹിതമെന്തെന്നറിയാന്‍ നാം എന്താണ് ചെയ്യേണ്ടത്? പരിശുദ്ധ അമ്മ അതിനുള്ള ഉത്തരം നല്കുന്നു- ജീവിത വിശുദ്ധിയിലായിരിക്കുക, നിരന്തരം പ്രാര്‍ത്ഥിക്കുക, ദൈവത്തിനു നമ്മെത്തന്നെ സമര്‍പ്പിക്കുക. അപ്പോള്‍ ഗബ്രിയേല്‍ ദൂതനിലൂടെ മറിയത്തോടെന്നപ്പോലെ ദൈവം നമ്മോടും മന്ത്രിക്കും, എന്താണ് ഞാന്‍ എന്റെ ജീവിതം കൊണ്ട്  കര്‍ത്താവിനു കാഴ്ച്ച നല്‌കേണ്ടതെന്ന്.

2017 ജനിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ക്രിസ്ത്യാനി എന്ന് അഭിമാനം കൊള്ളുന്ന നമുക്ക് ആരാണ് തനിക്കു പ്രിയപ്പെട്ടവന്‍ എന്ന് യേശു പറയുന്നത് കേള്‍ക്കാം. 'സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും'   (മത്താ.12:50) അതെ, അവരാണ് അക്ഷരാര്‍ത്ഥത്തില്‍ ദൈവമക്കള്‍, ക്രിസ്ത്യാനികള്‍. സഹോദരരെ, നമുക്കും ഒന്ന് തീവ്രമായ് ആഗ്രഹിച്ചാലോ കര്‍ത്താവേ, അങ്ങയുടെ ഇഷ്ടങ്ങള്‍ എനിക്കു വെളിവാക്കിത്തരണമേയെന്ന്. നമ്മുടെ ഒരു വിളിയ്ക്കായ്, ഒരു തിരിഞ്ഞുനോട്ടത്തിനായ് നമ്മുടെ ഹൃദയത്തിന്റെ പടിവാതില്‍ക്കല്‍ കാത്തുനില്‍പ്പുണ്ട് നമ്മുടെ നാഥന്‍. ആ സ്‌നേഹനിധിയായ പൊന്നുതമ്പുരാനോട് നമുക്ക് ചോദിക്കാം. പിതാവേ, അങ്ങയുടെ തിരുഹിതം എനിക്കു വെളിപ്പെടുത്തിത്തരണമേ. ഒരുപക്ഷെ, ആ ഹിതത്തിനു ആമേന്‍ പറയാന്‍ നമുക്ക് ഒഴുക്കിനെതിരെ നീന്തേണ്ടിവരാം, ഒരുപാട് എതിര്‍പ്പുകള്‍ നേരിടാം. ഒരുപക്ഷെ പലതും പലരും നമുക്ക് നഷ്ടമാകാം. പക്ഷെ അവയെല്ലാം എന്റെ ദൈവം എനിക്ക് ഇരട്ടിയായ് നല്കുമെന്ന് ജോബിനെപ്പോലെ വിശ്വസിച്ചാല്‍, നഷ്ടപ്പെടുന്നതൊക്കെയും എന്റെ ദൈവമെനിക്ക് കരുതിവച്ചിരിക്കുന്ന നിത്യസമ്മാനത്തിനുമുന്നില്‍ എത്രയോ ചെറുതാണെന്ന് നിനച്ചാല്‍ രക്ഷകന് ആമേന്‍ പറയാന്‍ നമുക്കാവും. പറുദീസയിലെ അതിരറ്റ ആനന്ദവും നിത്യജീവന്റെ തുടിപ്പുകളും നമ്മുടെ മനസ്സിനെ കുളിര്‍മ്മയണിയ്ക്കട്ടെ. അതിനായ് പരിശുദ്ധ അമ്മയെപ്പോലെ, അവിടുത്തെ പ്രിയ പുത്രനോടൊപ്പം നമുക്കും ഏറ്റുചൊല്ലാം 'പിതാവേ, ഇതാ അങ്ങയുടെ ദാസന്‍ / ദാസി... നിന്റെ ഇഷ്ടം എന്നില്‍ നിറവേറട്ടെ.

 

452 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 131523