ദൈവം നമ്മോടുകൂടെ ക്രിസ്തുമസിന്റെ തിരിച്ചറിവ്
സന്തോഷ് സൈമണ്‍

കര്‍ത്താവ് അരുള്‍ ചെയ്തു, ഈ ജനം വാക്കുകൊണ്ടുമാത്രം എന്നെ സമീപിക്കുകയും അധരം കൊണ്ടുമാത്രം എന്നെ ആരാധിക്കുകയും ചെയ്യുന്നു. ഇവരുടെ ഹൃദയം എന്നില്‍ നിന്ന് അകന്നിരിക്കുന്നു. എന്റെ നേര്‍ക്കുള്ള ഇവരുടെ ഭക്തി മനഃപാഠമാക്കിയ നിയമമാണിത്. (ഏശയ്യ. 29:13). ലോകം മുഴുവന്‍ ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍, യാഥാര്‍ത്ഥത്തില്‍ തിരുപ്പിറവിയിലൂടെ നമുക്കു ലഭിക്കേണ്ട സന്ദേശം ദൈവവചനത്തിന്റെയും നമ്മുടെ നിത്യജീവിതത്തിന്റെയും അടിസ്ഥാനത്തില്‍ നമുക്ക് അല്പം ധ്യാനിക്കാം. 'ഇതാ സകലജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായ് ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു' (ലൂക്ക.2:10-11).  ക്രിസ്തുവില്‍ പ്രിയെര, ഈശോയാകുന്ന ലോകരക്ഷകന്‍ തരുന്ന ഈ രക്ഷ നമ്മുടെ ജീവിതത്തില്‍ നാം സ്വീകരിക്കുവാനായ് ഒരുങ്ങാം. 

ഒരിക്കല്‍ ഒരു ഭ്രാന്തന്‍ നഗരമധ്യത്തില്‍നിന്ന് ഇങ്ങനെ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു, നാളെ സൂര്യന്‍ ഉദിക്കുകയില്ല. ഇതുകേട്ട കുറെപേര്‍ പരിഹസിച്ചു പറഞ്ഞു, ഇയാള്‍ ഭ്രാന്തു പറയുന്നു എന്നിട്ട് അവര്‍ കടന്നുപോയി, മറ്റുചിലര്‍ ഇതു കേട്ടിട്ടും കേള്‍ക്കാത്തപ്പോലെ കടന്നുപോയി. എന്നാല്‍, പിറ്റെ ദിവസം പതിവുപോലെ സൂര്യന്‍ ഉദിച്ചു. എന്നാല്‍ ഭ്രാന്തന് അത് ഒട്ടും അംഗീകരിക്കാന്‍ പറ്റുന്നതായിരുന്നില്ല. അവന്‍ ഓടിപ്പോയി മുറി അടച്ചു. മുറി നിറയെ അന്ധകാരംകൊണ്ടു നിറഞ്ഞു. അപ്പോഴാണ് അവന്‍ ശ്രദ്ധിച്ചത് മുറിയുടെ താക്കോല്‍ പഴുതിലൂടെ പ്രകാശം ഉള്ളിലേയ്ക്കു കടന്നുവരുന്നു. അവന്‍ ഉടനെതന്നെ അവന്റെ കുപ്പായം വലിച്ചുകീറി താക്കോല്‍ പഴുത് അടച്ചു. മുറി മുഴുവന്‍ അന്ധകാരംകൊണ്ട് നിറഞ്ഞു. ആ ഭ്രാന്തന്‍ ഉറക്കെ വിളിച്ചുപറയാന്‍ തുടങ്ങി സൂര്യന്‍ ഉദിച്ചിട്ടില്ല... സൂര്യന്‍ ഉദിച്ചിട്ടില്ല.. 

പ്രിയപ്പെട്ടവരെ, നമ്മളും പലപ്പോഴും ഇങ്ങനെത്തന്നെ അല്ലേ? ക്രിസ്തുവിലൂടെ നമുക്ക് രക്ഷ കൈവന്നു കഴിഞ്ഞു. പക്ഷെ നമുക്ക് അത് സ്വീകരിക്കാന്‍ സാധിക്കുന്നില്ല. മനുഷ്യര്‍ ഇപ്പോഴും രക്ഷ തേടി നടക്കുന്നു. ഈ ലോകത്തിന്റെ ദേവന്‍ അവിശ്വാസികളായ അവരുടെ മനസ്സിനെ അന്ധമാക്കിയിരുന്നു. തന്നിമിത്തം ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്കു ദൃശ്യമല്ല. (2 കൊറി. 4:4)

മനുഷ്യന്‍ എപ്പോഴും അപൂര്‍ണ്ണനാണ്. അവന്‍ ദൈവത്തില്‍ ആശ്രയിക്കുമ്പോഴാണ് പൂര്‍ണ്ണനാകുന്നത്. അഥവ രക്ഷ പ്രാപിക്കുന്നത്. ഉദാഹരണം പറയുകയാണെങ്കില്‍, പലരാലും അവഗണിക്കപ്പെടുകയും സ്‌നേഹം ലഭിക്കാതെ മനസ്സില്‍ മുറിവുമായി നടക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണെങ്കില്‍ അവന്‍ പാപങ്ങളെക്കുറിച്ച് അനുതപിച്ച് ദൈവത്തില്‍ ആശ്രയിച്ചാല്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവ് അവനില്‍ നിറയുകയും ദൈവസ്‌നേഹത്താല്‍ നിറയുകയും ചെയ്യും. അതോടെ അവനിലെ ആന്തരികമുറിവ് അഥവ സ്‌നേഹക്കുറവിന്റെ മുറിവ് ഉണങ്ങുകയും ചെയ്യും. അവന്‍ രക്ഷ പ്രാപിക്കുകയും ചെയ്യും. വിശുദ്ധ ജോണ്‍ മരിയ വിയാനി (1786-1859) ഇങ്ങനെ പറഞ്ഞു, ' ഭൂമിയില്‍ ഒന്നിനും തൃപ്തിപ്പെടുത്താനാവാത്തവിധം അത്ര വലിയവനാണ് മനുഷ്യന്‍ അവന്‍ ദൈവത്തിങ്കലേയ്ക്ക് തിരിയുമ്പോള്‍ മാത്രമാണ് തൃപ്തനാകുന്നത്. ' 

അങ്ങനെ നമുക്ക് കൈവന്ന ഈ രക്ഷയെ മുറുകെപ്പിടിക്കാം. പാപങ്ങളെയും പാപസാഹചര്യങ്ങളേയും വെറുത്ത് ഉപേക്ഷിക്കാം. നമ്മുടെ പാപങ്ങളെ ഓര്‍ത്ത് മനസ്തപിക്കാം. അങ്ങനെ വിശുദ്ധിയില്‍ വ്യാപരിക്കാം. ഉണ്ണി ഈശോ നമ്മെ എല്ലാവരേയും അനുഗ്രഹിക്കട്ടെ.

271 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137103