മഞ്ഞുപെയ്തിറങ്ങുന്ന രാത്രി, കൊടുംതണുപ്പിനാല് മനുഷ്യരാരും വീടുവിട്ടു പുറത്തിറങ്ങാന്‍ തയ്യാറാകാത്ത രാത്രി സുഖമായി എല്ലാവരും മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന സമയത്ത് മഞ്ഞോ, തണുപ്പോ വകവയ്ക്കാതെ കഠിനമായ പ്രസവവേദനയില്‍ പുളയുന്ന മറിയത്തിന് ഒരിടം തയ്യാറാക്കാന്‍ കുതിക്കുകയാണ് യൗസേപ്പ് എന്ന യുവാവ്. തങ്ങളും ഒരുപാട് പേരെ സഹായിച്ചിരുന്നതിനാലും, പാവങ്ങള്‍ക്ക് അത്താണിയായിരുന്നതിനാലും തിരിച്ചൊരു സഹായം, ഒരു കരുണ ആരെങ്കിലും തങ്ങളോട് കാണിക്കുമെന്ന് യൗസേപ്പും മറിയവും പ്രതീക്ഷിച്ചിട്ടുണ്ടാവും. ഓരോ വാതിലുകള്‍ മുട്ടുമ്പോഴും പ്രതീക്ഷകള്‍ ഒന്നൊന്നായി തീര്‍ന്നപ്പോഴും മനുഷ്യ സഹായത്തില്‍ ആശ്രയിച്ച് നിരാശരാകാത്ത രണ്ട് വ്യക്തിത്വങ്ങള്‍. ദൈവം കൈവിടില്ലെന്ന് ഉറച്ചു വിശ്വസിച്ച ആ വ്യക്തിത്വങ്ങള്‍ക്ക് പ്രത്യാശ പകര്‍ന്നത് ഒരു കാലിത്തൊഴുത്തായിരുന്നു. ഒരു പക്ഷേ, ആ കാലിത്തൊഴുത്തിന്റെയും കാലികളുടെയും ഉടമ യൗസേപ്പിനും മറിയത്തിനും നേരെ ആര്‍ദ്രതയില്ലാതെ വാതിലുകള്‍ കൊട്ടിയടച്ചിരിക്കണം. എന്നിട്ടും പ്രതീക്ഷ കൈവിടാതെ തിരസ്കരണത്തില്‍ നിന്നും തിരിഞ്ഞു നടന്നപ്പോഴാണ് ഇനിയൊരു വാതിലിലും മുട്ടാതെ ഈ കാലികള്‍ക്കിടയില്‍, കാലിത്തൊഴുത്തില്‍ ദൈവപുത്രനു ജന്മം കൊടുക്കുവാന്‍ ഉള്ള സ്ഥലം ജോസഫ് തിരഞ്ഞെടുത്തത്. കാലിത്തൊഴുത്തില്‍ ഇടം കിട്ടാതിരിക്കുവാന്‍, ഇവിടെ സ്ഥലമില്ല, സൗകര്യമില്ല എന്നു പറയാനുള്ള മനുഷ്യബുദ്ധി കന്നുകാലികള്‍ക്ക് ഇല്ലാതെ വന്നതിനാലാണല്ലോ ദൈവകുമാരന് ഈ തൊഴുത്തിലെങ്കിലും ഇടം കിട്ടിയത് എന്ന് യൗസേപ്പ് ഒരുവേള ചിന്തിച്ചിട്ടുണ്ടാകും. ഇതാ കര്‍ത്താവിന്റെ ദാസി എന്ന് പറഞ്ഞ് ദൈവതിരുമനസ്സിന് പരിപൂര്‍ണ്ണമായി വിധേയപ്പെട്ട പരിശുദ്ധ മറിയത്തിന്റെ ആഹ്ലാദഭരിതമായ ഒരു ജീവിത മുഹൂര്‍ത്തമായിരുന്നു ദൈവകുമാരന് ജന്മം കൊടുത്ത പുണ്യനിമിഷം.
ഇത്രയും നേരം അനുഭവിച്ച തിരസ്ക്കരണത്തിന്റെ വേദനയോ, പ്രസവവേദനയോ ഒന്നും തന്നെ മറിയത്തെ അലട്ടിയില്ല. മറ്റാരെങ്കിലും തന്റെയീയവസ്ഥയില്വന്ന് തന്നോട് ഒരു സഹായം അഭ്യര്ത്ഥിച്ചിരുന്നുവെങ്കില്, എത്ര സ്നേഹത്തോടെ അവരെ താന്‍ ശുശ്രൂഷിക്കുമെന്നും പരിശുദ്ധ മാതാവിന്റെ ഓര്‍മ്മയില്‍ തെളിയുമ്പോഴും ഉണ്ണിയേശുവിന്റെ മുഖത്തെ പ്രകാശം മാതാവിന്റെ ഉള്ളു നിറച്ചിരുന്നു. ദൈവസ്തുതികള്‍ ഉള്ളില്‍ നിന്നും അലയടിച്ചുയരുമ്പോള്‍ സന്തോഷാശ്രുക്കളാല്‍ യൗസേപ്പ് പിതാവ് പരിശുദ്ധമറിയത്തേയും ചേര്‍ത്തുപിടിച്ചു. അവര്‍ ഉണ്ണിയേശുവിനെ കണ്‍കുളിര്‍ക്കെ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ദൈവകുമാരന്റെ ജനനവാര്‍ത്തയറിഞ്ഞ് ആട്ടിടയന്മാര് ഓടിവന്നത്. ദൈവദൂതന് അറിയിച്ചതനുസരിച്ചാണ് നക്ഷത്രത്തെ പിന്തുടര്ന്ന് അവര്‍ കാലിത്തൊഴുത്തിലെത്തിയത്. യൗസേപ്പ് പിതാവിനും, മാതാവിനും ശേഷം ദൈവകുമാരനെ ആദ്യമായി കുവിശ്വസിച്ചവരാണ്, വണങ്ങിയവരാണ് ഇടയന്മാര്. ദൈവദൂതന്റെ ദര്‍ശനം കിട്ടിയപ്പോള്‍ നോക്കിക്കൊണ്ടിരുന്ന ആടുകളെപോലും ഓര്‍ക്കാതെ ഓടിപോന്നവരാണ് അവര്‍. ആട്ടിടയന്മാര് അത്ഭുതത്തോടെ ദൈവകുമാരനെ നോക്കി കാണുമ്പോള്‍, ഇവര്‍ എങ്ങനെ ഈ വാര്ത്തയറിഞ്ഞുവെന്ന മട്ടില്‍ മാതാവും യൗസേപ്പ് പിതാവും ആശ്ചര്യപൂര്‍വ്വം പരസ്പരം നോക്കിയിട്ടുണ്ടാവും. ദൈവദൂതന്റെ പ്രവര്‍ത്തനങ്ങള്‍ ആട്ടിടയന്മാരില്‍നിന്ന് മനസ്സിലാക്കിയ മാതാവും യൗസേപ്പ് പിതാവും രാജാക്കന്മാര് വന്നപ്പോള്‍ അത്രയധികം അതിശയപ്പെട്ടുകാണുകയില്ല. മീറയും കുന്തിരിക്കവുമായി വന്ന രാജാക്കന്മാരും ദൈവകുമാരനെ സ്തുതിക്കുന്നത് അത്യന്തം ആത്മ നിര്‍വൃതിയോടെ അനുഭവിച്ച ആ നിമിഷത്തില്‍ ദൈവസ്തുതിയും മഹത്വവും ആ കാലിത്തൊഴുത്തിനെ രാജകീയ സിംഹാസനമാക്കി മാറ്റിയിരുന്നു. ഈ ക്രിസ്തുമസ് ദിനത്തില്‍ ഉണ്ണുയേശുവിന് വാസം ചെയ്യാനുള്ള കാലിത്തൊഴുത്തുകളാകുവാന് നമുക്കും ദൈവത്തോട് പ്രാര്‍ത്ഥിക്കാം.
239 Viewers