യേശുവിന്‍ യുവാക്കളെ.... കരുണയില്‍ മുന്നേറാം...
മനോജ്‌

തിരക്കിട്ട ജീവിതയാത്രയിലാണ് നാമോരോരുത്തരും. ഇന്നലെകളെ ഇന്നുമായി താരതമ്മ്യപ്പെടുത്തി നോക്കുമ്പോള്‍ എവിടെയൊക്കെയോ സമയക്കുറവ് അനുഭവപ്പെടുന്നു. തൃപ്തിയില്ലാത്ത ജീവിതം, മത്സരം, വ്യഗ്രത, എല്ലാം കൈമുതലാക്കണം, എന്തൊക്കയോ നേടണം, എവിടെയൊക്കെയോ എത്തിപ്പെടണം എന്ന ചിന്തയോടുള്ള ഓട്ടത്തില്‍ നഷ്ടമാകുന്ന ചിലത്. മറക്കപ്പെടുന്നതും അറ്റുപോകുന്നതുമായ ബന്ധങ്ങള്‍, ഗതിമാറിയുള്ള ഓട്ടം... അതങ്ങനെ നീളുന്നു. ഇതിനിടയില്‍ കരുണ, സ്‌നേഹം, ദയ, അലിവ്, പാവപ്പെട്ടവന്‍ എന്നീ പദങ്ങള്‍ക്കൊന്നും ജീവിതത്തില്‍ ഒരു സ്ഥാനവുമില്ലാതെ പോകുന്നു. ഇവിടെയാണ് വേദപുസ്തകത്തിന്റെ പ്രസ്‌കതി നാം മനസ്സിലാക്കുന്നത്.

'ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ  നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു. ആകയാല്‍ ഇപ്പോള്‍ അവന്റെ രക്തത്താല്‍ നീതീകരിക്കപ്പെട്ട നാം അവന്‍മൂലം ക്രോധത്തില്‍നിന്നും രക്ഷിക്കപ്പെടുമെന്നത് തീര്‍ച്ചയാണല്ലോ.'(റോമ. 5:8,9) ഇവിടെ ദൈവത്തിന്റെ തിരഞ്ഞെടുപ്പ് , കരുണ, സ്‌നേഹം എന്നിവടെ കാണാന്‍ കഴിയും.

നാം വിദ്യാസമ്പന്നരേയും സമൂഹത്തില്‍ ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്തുന്നവരേയുമൊക്കെ തിരഞ്ഞെടുക്കുകയും അവര്‍ക്കൊപ്പം മാത്രം സഹവര്‍ത്തിത്വം അവലംബിക്കുകയും ചെയ്യുമ്പോള്‍ ഈ പദവിയിലൊന്നും ഇല്ലാത്തവരെ മറന്നുപോകുന്നു. അഥവാ കണ്ടില്ലെന്നു നടിക്കുന്നു. അങ്ങനെ മനുഷ്യന്റെ മൂല്യചുതി സംഭവിക്കുന്നു. 1 കൊറി. 1:27ല്‍ വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ ഭോഷന്മാരെ ദൈവം തിരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാന്‍ അശക്തമായവയെയും. ഇവിടെയും ദൈവത്തിന്റെ തിരഞ്ഞെടുപ്പിന്റേയും അതിന്റെ മഹത്ത്വത്തേയും നമ്മോടുള്ള ദൈവകരുണയുടെ ആഴവും വെളിവാക്കുന്നു.

ജീവന്റെ സൃഷ്ടാവ് ദൈവമാണ്. മനുഷ്യന്റേതുമാത്രമല്ല; സകല ജീവജാലങ്ങളുടേയും ജീവന്റെ ആധാരം ദൈവമാണ്. എന്നാല്‍ മനുഷ്യന്‍ മാത്രമാണ് ദൈവീകച്ഛായയോടും സാദൃശ്യത്തോടുംകൂടി സൃഷ്ടിക്കപ്പെട്ടത്. അവനില്‍ പകര്‍ന്നിരിക്കുന്ന ജീവാത്മാവ് ദൈവമാണ്. അതിനാലാണ് മനുഷ്യജീവിതം ഏറ്റവും മേല്‍ത്തരം എന്നുപറയുന്നത്. മനുഷ്യരായി പിറക്കുന്ന ആരേയും വിലകുറച്ചു കാണാന്‍ നമുക്കു അവകാശമില്ല. ദേശം, കുലം, ജാതി, നിറം, ഭാഷ എന്നീ വ്യത്യാസങ്ങളില്ലാതെ എല്ലാവരേയും സ്‌നേഹിക്കുവാന്‍ നമുക്കു കഴിയട്ടെ.

പുറപ്പാട് 4:11 ല്‍ കര്‍ത്താവ് മോശയോട് പറയുന്നു, 'ആരാണ് മനുഷ്യനു സംസാരശേഷി നല്കിയത്? ആരാണ് അവനെ മൂകനോ, ബധിരനോ, കാഴ്ച്ചയുള്ളവനോ, കുരുടനോ ആക്കുന്നത്? കര്‍ത്താവായ ഞാനല്ലേ? അപ്പോള്‍ സൃഷ്ടാവായ ദൈവം സൃഷ്ടിച്ചതില്‍ ഒന്നിനേയും വിലകുറഞ്ഞതായോ, നികൃഷ്ടമായോ കാണരുത്.'

ഒരിക്കല്‍ ഒരു നിയമജ്ഞന്‍ യേശുവിനോട് 'ആരാണ് എന്റെ അയല്‍ക്കാരന്‍' എന്നു ചോദിച്ചതിന്റെ മറുപടിയായിട്ടാണ് യേശു നല്ല സമരിയാക്കാരന്റെ ഉപമ പറയുന്നത്. (ലൂക്ക. 10:30-37). അര്‍ദ്ധപ്രാണനായി കിടക്കുന്ന മനുഷ്യനെ കണ്ടിട്ട് ആ സമരിയാക്കാരനും മറ്റുള്ളവരെപ്പോലെ ഒരു ദൈവസൃഷ്ടിയാണ്. അവനോട് കരുണ ചെയ്യണം എന്ന ദൈവീക ചിന്തയാണ് അര്‍ദ്ധപ്രാണനായവന്റെ പ്രാണന്‍ തിരികെ കൊടുത്തത്.

ഇതുപോലെ പാപത്താല്‍ മുറിവേറ്റവരാണ് സകല മനുഷ്യരും. ഈ പാപത്തെ നീക്കി രക്ഷയാകുന്ന നിത്യജീവനെ മടക്കിത്തരുവാനാണ് കരുണയുള്ള പിതാവ് പുത്രനായ യേശുവിനെ കാല്‍വരിയില്‍ ഏല്‍പ്പിച്ചത്. പാപമാകുന്ന എന്റെ മുറിവ് ഉണക്കാനാണ്, മരണവിധി കാത്തുകിടന്ന എന്നെ നിത്യജീവനിലേക്കു പ്രവേശിപ്പിക്കാനാണ് യേശു ക്രൂശിതനായതെന്ന് ഹൃദയംകൊണ്ട് വിശ്വസിക്കുമ്പോഴാണ് സൗജന്യമായി ഈ രക്ഷ കൈവരുന്നത്. ഇത്രയും വലിയ രക്ഷ കരുണയാല്‍ നമുക്ക്  ദാനം ചെയ്ത യേശുവിന്റെ മുമ്പില്‍ നമുക്കെന്നും നന്ദിയോടെയായിരിക്കാം. 

ജീസസ് യൂത്തായ നാമോരോരുത്തരും യേശുവിന്റെ കരുണ പ്രദര്‍ശിപ്പിക്കുന്നതില്‍ മുന്നിട്ടു നില്‍ക്കണം. കരുണയെക്കുറിച്ചുള്ള നിരവധി ക്ലാസ്സുകള്‍ കേട്ടതുകൊണ്ടോ, കരുണകൊന്ത ചൊല്ലിയതുകൊണ്ടോ മാത്രം നാമൊരു യഥാര്‍ത്ഥ ക്രിസ്തുശിഷ്യനാകുന്നില്ല. മറിച്ച്, നമുക്കു കിട്ടുന്ന ക്രിസ്തീയബോധ്യങ്ങളും നമ്മുടെ പ്രാര്‍ത്ഥനകളും നമ്മെ കരുണയുടെ വക്താക്കളാക്കി മാറ്റട്ടെ. 

'ഉണരുവിന്‍ യുവാക്കളെ..... 

ക്രൂശിതന്റെ പാതയില്‍  

കരുണയുള്ള ഹൃദയവും 

കരുണയോടെ കൈകളും 

കരുണയോടെ ഏകിടാം 

കരുണാമയനെ വാഴ്ത്തീടാം.......' 

392 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 131524