ആത്മീയ അത്തിഫലങ്ങള്‍
സെബി ജോസഫ്

നമ്മള്‍ ജീസസ് യൂത്ത്, ക്രിസ്തുവിന്റെ യഥാര്‍ത്ഥ ശിഷ്യന്മാരാണോ...?

തിരക്കുപിടിച്ച ഈ  ജീവിതത്തിനിടയില്‍ ഒരുനിമിഷം ഈ ഒരു ചിന്ത നമുക്കുണ്ടായിരിക്കേണ്ടത് നല്ലതല്ലേ, കാരണം ബലഹീനരും പാപികളുമായ ആ പന്ത്രണ്ടു ശിഷ്യന്മാരെ തന്റെ സുവിശേഷ പ്രഘോഷണ ദൗത്യത്തിനുവേണ്ടി ക്രിസ്തു തെരഞ്ഞെടുത്തതുപോലെ ജലത്താലുള്ള മാമ്മോദീസയിലൂടെ ജീസസ് യൂത്തായ നമ്മെ ഓരോരുത്തരെയും ആത്മീയഫലം കായ്ക്കാന്‍ കാലമോ, സമയമോ ആവശ്യമില്ലാത്ത പിതാവിന്റെ മനോഹരമായ ഈ ലോകമാകുന്ന തോട്ടത്തില്‍ നട്ടു. ശിഷ്യന്മാരെ വളരാന്‍ സഹായിച്ച അതെ സ്‌നേഹത്താലും, വചനത്താലും അവര്‍ നമ്മെയും ആ തോട്ടത്തില്‍ വളര്‍ത്തി, അങ്ങനെ ആ തോട്ടത്തിലെ ആത്മീയഫലങ്ങള്‍ പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്ന മറ്റു മരങ്ങള്‍ക്കൊപ്പം നമ്മളും വളര്‍ന്നു പന്തലിച്ചു. ഒരു ദിവസം തോട്ടത്തിന്റെ ഉടമസ്ഥനായ പിതാവ് തന്റെ പുത്രന്‍ നട്ടുവളര്‍ത്തിയ നമ്മളാകുന്ന അത്തിവൃക്ഷത്തില്‍ നിന്ന് ആത്മീയഫലം ശേഖരിക്കാനായി വന്നു, എന്നാല്‍ വളരാന്‍ മാത്രം പഠിച്ചുകൊണ്ടിരിക്കുന്ന നമ്മള്‍ ആത്മീയഫലം പുറപ്പെടുവിക്കുന്ന കാര്യത്തെപ്പറ്റി ചിന്തിച്ചിട്ടില്ലായിരുന്നു, ആത്മീയഫലം പുറപ്പെടുവിക്കാത്ത നമ്മളെ പിതാവ് തന്റെ തോട്ടത്തില്‍ നിന്ന് വെട്ടിക്കളയാന്‍ തന്റെ പുത്രനോട് പറഞ്ഞപ്പോള്‍, ആ നല്ല തോട്ടക്കാരനായ പുത്രന്‍ തന്റെ പിതാവിനോട് ആത്മീയഫലം പുറപ്പെടുവിക്കാന്‍ കുറച്ചുകൂടി സമയം നമുക്കുവേണ്ടി ചോദിച്ചു. കാരുണ്യവാനായ ആ പിതാവ് തന്റെ പുത്രന്റെ ആവശ്യം അനുവദിച്ചു കൊടുത്തു. കാരണം, ആ പിതാവാണ് സ്വന്തം പുത്രനെ ഈ ലോകമെന്ന തോട്ടത്തിലേക്കയച്ചത്.

അതുകൊണ്ട് ആ പുത്രന്‍ നമ്മളിലെ ആത്മീയഫലം പുറപ്പെടുവിക്കാന്‍ തടസമായി വളര്‍ന്നു വലുതായി കൊണ്ടിരിക്കുന്ന ലോകത്തിന്റേതായ ആസ്‌കതികളുടെ ഉയര്‍ന്ന പല ശാഖകളും നമ്മുടെ ജീവിതത്തില്‍ നിന്ന് വെട്ടിമാറ്റി ആ വേദന നമ്മള്‍ അനുഭവിക്കാതിരിക്കാന്‍  വെട്ടിമാറ്റിയ ശാഖകളാല്‍ ആ പുത്രന്‍ അവനുവേണ്ടി സ്വയം കുരിശുണ്ടാക്കി ആ വേദനകള്‍ സ്വയം ഏറ്റുവാങ്ങി. നമ്മളിലെ പാപത്തെ ചുവടുകിളച്ചു പുറത്തേക്കുമാറ്റി. എന്നിട്ടവന്‍ അവിടെ തന്റെ ചുടുചോരയും, കണ്ണീരും ആകുന്ന  വളം നിറച്ചുകൊണ്ടു ഒരിക്കല്‍ക്കൂടി ഫലം പുറപ്പെടുവിക്കാനായി നമ്മെ നട്ടുവളര്‍ത്തുന്നു.

ഇത്രയധികം സ്‌നേഹിക്കുന്ന ആ പുത്രനുവേണ്ടി  ആത്മീയഫലം പുറപ്പെടുവിക്കുമ്പോളല്ലേ നാമോരോരുത്തരും അവന്റെ യഥാര്‍ത്ഥ ശിഷ്യന്മാരാകുന്നത്. പുത്രന്‍ തന്റെ ചുടുരക്തത്താലും, ശരീര പീഢകളാലും കഴുകി നനച്ചു ആത്മീയഫലം പുറപ്പെടുവിക്കാന്‍ തക്കവിധം വളര്‍ത്തിയ ആ അത്തിവൃക്ഷമല്ലേ നാം ഓരോരുത്തരും. എന്നാല്‍ നാം വീണ്ടും നല്ലഫലം പുറപ്പെടുവിക്കാതെയാകുമ്പോള്‍ ആ  കരുണാമയനായ പുത്രന്റെ ഹൃദയം വീണ്ടുംവീണ്ടും നമ്മള്‍  മുറിവേല്‍പ്പിക്കുന്നു. അതെ സഹോദരരെ, കരുണാമയനായ ആ രാജകുമാരന്‍ തന്റെ പിതാവിനെപ്പോലെ അതിരുകളില്ലാതെ ഈ ലോകത്തെ സ്‌നേഹിക്കുന്നു. അതുകൊണ്ടല്ലേ ഈ ലോകത്തെ അവന്‍ തന്റെ പീഢകളാല്‍ വീണ്ടും നട്ടുവളര്‍ത്താന്‍ തയ്യാറായത്. അവന്റെ ക്രൂശിലെ ചുടുചോരയില്‍ അവന്‍ നട്ടു വളര്‍ത്തിയ അത്തിവൃക്ഷങ്ങളായ നമ്മള്‍ അവനുവേണ്ട ആത്മീയഫലം  പുറപ്പെടുവിക്കുന്നുണ്ടോ? അതോ നമ്മുക്ക് സൗകര്യപ്രദമായ സാഹചര്യങ്ങളില്‍ വളര്‍ന്നു പന്തലിക്കുന്ന   ഒരു വലിയ ക്രിസ്തുവിശ്വാസ സമൂഹത്തിന്റെ മുമ്പില്‍ അല്ലെങ്കില്‍ നാം കൂടുതല്‍ സ്‌നേഹിക്കുന്ന വ്യക്തികളുടെ ഇടയില്‍ അതുമല്ലെങ്കില്‍ പുരോഹിതന്മാര്‍ പങ്കെടുക്കുന്ന സമൂഹത്തില്‍ പുറം കാഴ്ച്ചയില്‍ വളരെയധികം ഇലകളോടുകൂടി നില്‍ക്കുന്ന ഭൗതിക  അത്തിവൃക്ഷങ്ങളാണോ നമ്മള്‍? അതോ ഏതു കാലമോ ഏതു സമയമോ ആവശ്യമില്ലാതെ അവന്റെ പീഢകളിലും, ചോരയിലും വളര്‍ന്നു അവനുവേണ്ടി ആത്മീയഫലം പുറപ്പെടുവിക്കാന്‍ തയ്യാറായി നില്‍ക്കുന്ന മറ്റു ആത്മീയ അത്തിവൃക്ഷങ്ങളെ പോലെയാണോ നമ്മള്‍. അങ്ങനെയെങ്കില്‍ അവനു വിശക്കുമ്പോള്‍ തന്റെ പിതാവിന്റെ ഫലഭൂയിഷ്ഠമായ തോട്ടത്തിലേക്ക് അത്തിപ്പഴങ്ങളുടെ കാലമല്ലെങ്കില്‍പോലും അവന്‍ നമ്മെ സമീപിച്ചാല്‍ ആ വിശപ്പകറ്റാന്‍  നമ്മള്‍ കടപ്പെട്ടവരല്ലേ? അല്ലാത്തപക്ഷം തന്റെ പുത്രന്റെ വിശപ്പകറ്റാന്‍ കഴിയാതെ വളര്‍ന്നു പന്തലിച്ചു ഫലം പുറപ്പെടുവിക്കാതെ ഇലകള്‍ മാത്രമായി നിന്നിരുന്ന അത്തിവൃക്ഷത്തെ ആ പിതാവ്  ഉണക്കിക്കളഞ്ഞത് (മത്തായി 21:19) നമ്മുക്കോരോരുത്തര്‍ക്കുമുള്ള മുന്നറിയിപ്പല്ലേ?. തന്റെ പുത്രനായ ക്രിസ്തുവിനു എപ്പോള്‍വേണമെങ്കിലും വിശക്കാം അതു ചിലപ്പോള്‍ മറ്റുള്ളവരോടുള്ള കരുണയ്ക്കു വേണ്ടിയാകാം, പാപികളെ സ്‌നേഹിക്കുന്നതിനു വേണ്ടിയാകാം, ദരിദ്രരോടു സുവിശേഷം പ്രസംഗിക്കാന്‍ വേണ്ടിയാകാം, പാവപ്പെട്ടവനെ സഹായിക്കാനാകാം, സഹോദരനോട്, ഭാര്യയോട്, ഭര്‍ത്താവിനോട് അല്ലെങ്കില്‍ മക്കളോട് ക്ഷമിക്കാനാകാം, മാതാപിതാക്കളെ സ്‌നേഹികനാകാം  എന്നതുപോലുള്ള  പലതരത്തിലുള്ള വിശപ്പുകൊണ്ടാവാം അവന്‍ നമ്മെ സമീപിക്കുന്നത്. അപ്പോള്‍ അവനു കൊടുക്കാന്‍ നമ്മില്‍ ആത്മീയഫലം ഇല്ലെങ്കില്‍ ഫലം പുറപ്പെടുവിക്കാതെ ഇലകള്‍ മാത്രമായി നിന്നിരുന്ന അത്തിവൃക്ഷത്തിനു സംഭവിച്ചതുതന്നെ നമ്മുക്കും സംഭവിക്കില്ലേ?. ഒരുവന്റെ ആത്മീയ വളര്‍ച്ചക്ക് നമ്മുടെ ആത്മീയഫലം കൊടുത്തുകൊണ്ട് അവന്റെ  വിശപ്പകറ്റാന്‍ നമ്മുക്കു സാധിക്കുന്നുണ്ടോ? അങ്ങനെ കഴിയുന്നുണ്ടെങ്കില്‍ മാത്രമല്ലേ നമ്മളും ആത്മീയഫലം പുറപെടുവിക്കുന്നവരാകു?.

ഒന്നു ചിന്തിച്ചുനോക്കൂ, വളരാന്‍ ഇത്രമാത്രം ഫലഭൂയിഷ്ഠായ തോട്ടവും, കരുണാമയനായ തോട്ടക്കാരനുമുള്ള നമ്മള്‍, ജീസസ് യൂത്തുക്കാര്‍ക്ക് ആത്മീയഫലം പുറപ്പെടുവിക്കാന്‍ നമുക്കു ഇനിയും സമയം വേണോ? അങ്ങനെയെങ്കില്‍  'ഇതാ ഞാന്‍ വേഗം വരുന്നു. എന്റെ സമ്മാനവും ഞാന്‍ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തര്‍ക്കും സ്വന്തം പ്രവൃത്തികള്‍ക്കനുസൃതം പ്രതിഫലം നല്‍കാനാണ് ഞാന്‍ വരുന്നത്' (വെളിപാട് 22:12). നമുക്ക് ഇനിയും സമയം വേണമെങ്കില്‍ പുത്രന്‍ തന്റെ രണ്ടാം വരവിന്റെ സമയത്തു ഇലകള്‍ മാത്രമായി ഫലം പുറപ്പെടുവിക്കാതെ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന എല്ലാ അത്തിവൃക്ഷങ്ങളും അവന്‍ ഉണക്കിക്കളയുകതന്നെ ചെയ്യും. അതല്ലേ അവര്‍ക്കുള്ള പ്രതിഫലം. പക്ഷെ ആ പുത്രന്‍ ഇപ്പോഴും ഈ ലോകത്തെ കളങ്കമില്ലാതെ സ്‌നേഹിക്കുന്നു. തന്റെ തോട്ടത്തിലെ ഒന്നുപോലും നശിച്ചു പോകാന്‍ ആഗ്രഹിക്കാത്തതുകൊണ്ടല്ലേ 'നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍, വിശ്വസിച്ചു സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും' (മാര്‍ക്കോസ് 16:15-16). ഒരു അപ്പന്‍ തന്റെ അവസാനവാക്കു നിറവേറ്റാന്‍ തന്റെ മക്കളോട് പറയുന്നതുപോലെ ഈശോ സ്വര്‍ഗ്ഗാരോഹണത്തിനു മുമ്പ് നമ്മള്‍ ഓരോരുത്തര്‍ക്കായി ശിഷ്യഗണത്തോടു പറഞ്ഞത്. അതുകൊണ്ടു നശ്വരമായ അപ്പത്തിനുവേണ്ടി ക്രിസ്തുവിനെ അറിയാതെ പാപമാര്‍ഗ്ഗത്തില്‍ ലോകത്തിന്റെ അധമവികാരങ്ങള്‍ക്കു വിശന്നു ജീവിക്കുന്നവര്‍ക്കല്ലേ നമ്മള്‍ ആത്മീയഫലം പുറപ്പെടുവിക്കുന്ന അത്തിവൃക്ഷങ്ങളായി മാറേണ്ടത്. ദൈവം ഈ ലോകത്തിലെ ജനങ്ങളെ ശിക്ഷിക്കാനല്ല മറിച്ചു തന്റെ കരുണയുടെ രാജകുമാരനായ യേശു ക്രിസ്തുവിന്റെ മേലുള്ള ശിക്ഷയിലൂടെ പാപികളെ രക്ഷിക്കാനാണ് ആഗ്രഹിച്ചത്. അതുകൊണ്ടു കരുണയുടെ  സുവിശേഷം പ്രഘോഷിക്കുക, അതിലൂടെ പാപികളായ എല്ലാ ജനങ്ങള്‍ക്കും രക്ഷലഭിക്കാന്‍ ക്രിസ്തുവിനുവേണ്ടി ജീവിതാവസാനം വരെ ആത്മീയഫലം പുറപ്പെടുവിക്കുക എന്നതല്ലേ കരുണയുടെ രാജകുമാരന്റെ തോട്ടത്തില്‍ വളരുന്ന ജീസസ് യൂത്തായ നാം ചെയ്യേണ്ടത്. ആയതുകൊണ്ട് നമ്മള്‍ വെറുതെ വളര്‍ന്നു പന്തലിച്ചു നില്‍ക്കാതെ, പുത്രനെ അറിയാതെ വിശന്നു വലയുന്ന മറ്റുള്ളവരുടെ വിശപ്പകറ്റാന്‍ തക്കവിധത്തിലുള്ള  ആത്മീയഫലം പുറപ്പെടുവിക്കുന്ന അത്തി വൃക്ഷങ്ങളാകാന്‍ ജീസസ് യൂത്തായ എനിക്കും നിങ്ങള്‍ക്കും സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് നിറുത്തുന്നു.

405 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 131528