കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍ നിങ്ങള്‍ക്ക് കരുണ ലഭിക്കും
ജോബിന്‍ അഗസ്റ്റ്യന്‍

ദൈവകരുണാസാഗരത്തില്‍ നീന്തിത്തുടിച്ച് അതിന്റെ ആഴവും പരപ്പും മനസ്സിലാക്കിയ ഒരു വര്‍ഷത്തിലൂടെയാണല്ലോ നാം കടന്നുപോയത്. ദൈവത്തിന് തന്റെ മക്കളോടുള്ള അനന്തസ്‌നേഹം മൂലം നമ്മുടെ പാപക്കറകള്‍ കഴുകികളയുന്നതിന് തന്റെ അനന്തകാരുണ്യത്തിന്റെ വാതിലുകള്‍ തന്റെ പ്രിയ ശിഷ്യ ശ്രേഷ്ഠന്റെ പിന്‍ഗാമിയായ മാര്‍പാപ്പ വഴി നമുക്ക് തുറന്നുതന്നു. നാം എല്ലാവരും ഈ കാരുണ്യവര്‍ഷത്തില്‍ കാരുണ്യപ്രവര്‍ത്തികള്‍  ചെയ്തും പ്രത്യേകമായി പ്രാര്‍ത്ഥിച്ചും, തീര്‍ത്ഥാടനങ്ങള്‍ നടത്തിയും, വിശുദ്ധകുര്‍ബാനയില്‍ പങ്കുകൊണ്ടും ദൈവകാരുണ്യം ആവോളം ആസ്വദിക്കുകയും ചെയ്തു. നാം ആചരിക്കുന്ന ഈ കാരുണ്യവര്‍ഷം കേവലം ഈ ഒരു വര്‍ഷംകൊണ്ട് അവസാനിക്കേണ്ടതാണോ? നാം ദൈവത്തില്‍ നിന്ന് സ്വീകരിച്ച കരുണയുടെ ഫലങ്ങള്‍ നമ്മുടെ സഹോദരരുമായി പങ്കുവെയ്ക്കുന്നതില്‍ നാം എത്രത്തോളം വിജയിച്ചു?

വിശുദ്ധ മത്തായിയുടെ സുവിശേഷം 18:21 ല്‍ ഈശോ, നിര്‍ദയനായ ഭൃത്യന്റെ ഉപമ നമ്മെ പഠിപ്പിക്കുന്നുണ്ട്. തന്റെ യജമാനന്റെ കാരുണ്യം നിമിത്തം തന്റെ കടങ്ങള്‍ ഇളച്ചുകിട്ടി യജമാനസന്നിധിയില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ അവനോട് നൂറ് ദനാറ മാത്രം കടപ്പെട്ടിരുന്ന തന്റെ സഹോദരനോട് അവന്‍ കാരുണ്യം കാണിച്ചില്ല. ഫലമോ ജീവിതാവസാനംവരെ കാരാഗൃഹത്തിന്റെ ഇരുളില്‍ അവന് കഴിയേണ്ടിവന്നു. പ്രിയപ്പെട്ടവരെ, നമ്മളില്‍ പലരും ഈ ഭൃത്യന്റെ മനോഭാവത്തില്‍ ജീവിക്കുന്നവരാണ്. ദൈവത്തില്‍നിന്ന് നമുക്ക് ദാനമായി കിട്ടിയ അനുഗ്രഹങ്ങള്‍, ദൈവകരുണയുടെ ഫലമാണെന്ന് നാം വീമ്പുപറയുന്നു. ഇങ്ങനെയുള്ളവരോട് ദൈവം അരുളിചെയ്യുന്നു, 'കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍ നിങ്ങള്‍ക്ക് കരുണ ലഭിക്കും.' ഇനിയെങ്കിലും നമ്മുടെ കാരുണ്യത്തിന്റെ കരങ്ങള്‍ സഹജീവികളുടെ നേരെ നീണ്ടില്ലെങ്കില്‍ അന്ത്യവിധിദിനത്തില്‍ ദൈവകരുണയുടെ കണ്ണുകള്‍ നമ്മുടെ നേരെയും അടയും. നാം നിത്യാന്ധകാരത്തിലേയ്ക്ക് തള്ളപ്പെടും.

നമ്മളില്‍ ഒട്ടുമിക്ക ആളുകള്‍ക്കും വിശുദ്ധ സ്ഥലങ്ങളിലേക്ക് തീര്‍ത്ഥാടനം നടത്താന്‍ വളരെയധികം താല്‍പര്യമുള്ളവരാണ്. നമ്മുടെ കത്തോലിക്കാവിശ്വാസം അനുസരിച്ച് വിശുദ്ധസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതും അവിടെ ദിവ്യബലികളില്‍ സംബന്ധിക്കുന്നതും സമ്പൂര്‍ണ്ണ ദണ്ഡവിമോചനം ഉള്‍പ്പെടെയുളള ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനുള്ള വഴിയാണുതാനും. പക്ഷെ, നമ്മളില്‍ പലരും വിശുദ്ധ തീര്‍ത്ഥാടനത്തെ ഏതു മനോഭാവത്തോടുകൂടിയാണ് സമീപിക്കുന്നത്. വേണ്ടത്ര ഒരുക്കത്തോടെയും ഭക്തിയോടെയുമാണോ വിശുദ്ധ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കുന്നത്? ഒരു ടൂര്‍ പോകുന്ന മനോഭാവമാണോ നമുക്കുള്ളത്? ഈ ആധുനികലോകത്ത് എന്തും വിലകൊടുത്ത് വാങ്ങാനാണ് നമുക്ക് താല്‍പര്യം. പള്ളികള്‍തോറും തീര്‍ത്ഥാടനം നടത്തി നേര്‍ച്ചകൗണ്ടറുകളില്‍ പണമടച്ച് ദൈവകരുണ വിലയ്ക്ക് വാങ്ങാമെന്ന് നമ്മളില്‍ പലരും കരുതുന്നു. 

ഈ നമ്മോട് ദൈവം ചോദിക്കുന്നു. മകനെ, മകളെ നിന്റെ അയല്‍ക്കാരന്റെ വീട്ടില്‍ നീ സന്ദര്‍ശനം നടത്തിയിട്ട് ആശുപത്രിയിലുള്ള നിന്റെ സഹോദരനെ നീ കണ്ടിട്ട്,കാരാഗൃഹത്തിലുള്ളവനെ സന്ദര്‍ശിച്ചിട്ട്, വിശക്കുന്നവനെ ഊട്ടിയിട്ട്, ദരിദ്രനെ സഹായിച്ചിട്ട്, പാപന്ധകാരത്തില്‍ കഴിയുന്നവനോട് ദൈവസ്‌നേഹത്തെപ്പറ്റി പറഞ്ഞിട്ട് എത്ര നാളുകളായി? നമുക്കു കിട്ടിയ ദൈവസ്‌നേഹം മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നില്ലങ്കില്‍ എങ്ങനെയാണ് നാം ദൈവമക്കളെന്ന് വിളിക്കപ്പെടുക.ആഗോളതലത്തില്‍ തന്നെ വേരോട്ടമുള്ള ജീസസ് യൂത്തിന്റെ സജീവ പ്രവര്‍ത്തകരായ നമ്മെ സംബന്ധിച്ചിടത്തോളം ഈ കാരുണ്യവര്‍ഷം ഈ നവംബര്‍ 20 കൊണ്ട് അവസാനിക്കേണ്ട ഒന്നല്ല. ദൈവസന്നിധിയില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രസ്ഥാനമാണ് ജീസസ് യൂത്ത്. ഇതുകൊണ്ടാണ് നാം മറ്റുള്ളവരില്‍നിന്ന് വ്യത്യസ്ഥരാകുന്നതും, ദൈവം നമുക്ക് ധാരാളമായി അനുഗ്രഹങ്ങള്‍ ചൊരിയുന്നതും. ലോകമെങ്ങും പ്രേഷിതപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീസസ് യൂത്തിന് നമ്മെക്കൊണ്ട് ഒരുപാടു കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്. ദൈവകരുണയുടെ ഫലങ്ങളാല്‍ മുടിചൂടി നില്‍ക്കുന്ന നമുക്ക് ഈയവസരത്തില്‍ ചില നല്ല തീരുമാനങ്ങള്‍ എടുക്കാം. ദൈവം നമുക്ക് ദാനമായി നല്‍കിയിരിക്കുന്ന സമ്പത്തിന്റെ ഒരു ഓഹരി കാരുണ്യപ്രവര്‍ത്തനത്തിനായി നമുക്ക് മാറ്റിവയ്ക്കാം. നമ്മുടെയിടയില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്കിടയിലേക്ക്  ദൈവദൂതനായി നമുക്ക് കടന്നുചെല്ലാം. ദൈവത്തെ അറിഞ്ഞിട്ടില്ലാത്ത മക്കള്‍ക്കിടയില്‍ ദൈവസ്‌നേഹത്താല്‍ സ്വയമെരിയുന്ന ദീപങ്ങളായി അവര്‍ക്ക് വഴികാട്ടാം.

നമുക്ക് ലഭിക്കുന്ന വാര്‍ഷിക അവധികളില്‍ രണ്ടുമൂന്നു ദിവസമെങ്കിലും ഔട്ട് റീച്ച് മിനിസ്ട്രിയോട് ചേര്‍ന്ന്  പ്രവര്‍ത്തിക്കാം.  അങ്ങനെ നാഥന്‍ നമുക്കു നല്‍കിയ സ്‌നേഹവും കരുണയും മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുത്തുകൊണ്ട് ഈ കാരുണ്യവര്‍ഷം നമ്മുടെ ജീവിതാവസാനം വരെ തുടരുവാന്‍ നമുക്കു കഴിയട്ടെ. അങ്ങനെ അന്ത്യവിധിയില്‍ അവന്റെ വലതുഭാഗത്തുള്ള ആടുകളുടെ ഒപ്പം എണ്ണപ്പെടുവാനും ഒരു നല്ല ജീസസ് യൂത്തായി ജീവിക്കുവാനും ദൈവം അനുഗ്രഹിക്കട്ടെ. 

463 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141690