ഒക്‌ടോബര്‍ മാസവും ജപമാലയും
റോസ് ഡെലീമ ജേക്കബ്ബ്

മനുഷ്യനോടുള്ള ദൈവസ്‌നേഹത്തിന്റെ പാരമ്യത്തില്‍ ആദിമാതാപിതാക്കളോടു ചെയ്ത ശപഥമനുസരിച്ച് ലോകരക്ഷകനെ നല്കുവാന്‍ ദൈവം കണ്ടെത്തിയ വാഗ്ദാനപേടകമാണ് മറിയം. ആ ലോകമാതാവിന്റെ മടിയിലിരുന്ന് ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികള്‍ ലോകരക്ഷകന്റെ മുഖം ധ്യാനിക്കുന്ന പുണ്യമാസമാണ് ഒക്‌ടോബര്‍. തന്റെ മുന്തിരിത്തോപ്പില്‍ പൂത്തുലഞ്ഞു നില്ക്കുന്ന പുണ്യാത്മാക്കളെ സഭാമക്കള്‍ ഓര്‍മ്മിച്ചെടുത്ത് അവരെ അനുകരിക്കുകയും അവരുടെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തമാസം. സഹനവഴികളിലൂടെ സ്വര്‍ഗ്ഗം പ്രാപിച്ച വിശുദ്ധ അല്‍ഫോന്‍സാമ്മയും, എല്ലാം    നഷ്ടപ്പെടുത്തി സ്വര്‍ഗ്ഗം നേടിയ വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയും ചെറിയ കാര്യങ്ങളിലൂടെ തമ്പുരാനെ പ്രീതിപ്പെടുത്തിയ വിശുദ്ധ കൊച്ചുത്രേസ്യായും, ഒന്നുമില്ലാത്തവന്റെ എല്ലാമായ തേവര്‍പറമ്പില്‍ കുഞ്ഞച്ചനും, ദൈവസാന്നിദ്ധ്യം ജീവിതത്തില്‍ എപ്പോഴും ധ്യാനിച്ച്, ആ സാന്നിദ്ധ്യത്തില്‍ വലയം പ്രാപിച്ച വിശുദ്ധ അമ്മത്രേസ്യയുമൊക്കെ ചേര്‍ന്ന് സ്വര്‍ഗ്ഗം നേടാനുള്ള കുറുക്കുവഴികള്‍ നമുക്ക് കാണിച്ചുതന്ന മാസം.

ഓരോ ജപമാല  ചൊല്ലുമ്പോഴും നാം നമ്മെത്തന്നെ സമര്‍പ്പിക്കുന്നതോടൊപ്പം ഇന്നത്തെ കാലഘട്ടത്തില്‍ നൃത്തമാടിക്കൊണ്ട് വലവീശിപ്പിടിക്കുന്ന യുവജനങ്ങളെയും, കുട്ടികളെയും അമ്മയുടെ ദയയുള്ള ഹൃദയത്തില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാം. മാധ്യമങ്ങളിലൂടെയും മറ്റും ഓരോ പ്രഭാതത്തില്‍ നാം അറിയുന്ന, ഞെട്ടിക്കുന്ന പല വാര്‍ത്തകളും വളരെ വേദനാജനകമായ പ്രശ്‌നങ്ങളും സംഭവങ്ങളുമാണ് യുവജനങ്ങളെക്കുറിച്ച് കേള്‍ക്കുന്നത്. ദൈവത്തോട് അടുക്കുവാന്‍ ശ്രമിക്കുമ്പോഴും അതിശക്തമായി വലവീശുകയാണ് സാത്താന്‍. നിഷ്‌കളങ്കതയെ മുതലെടുത്ത് കുട്ടികളെ തിന്മയിലേയ്ക്കു മാടിവിളിക്കുകയാണവന്‍. രക്ഷയ്ക്കായുള്ള ആയുധമൊന്നുമാത്രമാണ് ജപമാല.

'അമ്മ' എന്ന പദം എല്ലാവര്‍ക്കും പ്രിയങ്കരമായ ഒരു നാമമാണ്. വേദനയോ, പേടിയോ വിഷമതയോ ഉണ്ടാകുമ്പോള്‍ കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവര്‍പോലും അമ്മയെ വിളിക്കുക സാധാരണമാണ്. അത് നമുക്ക് ആശ്വാസം പകര്‍ന്നുതരുന്നു. 

നമുക്കു ജന്മം നല്കിയ നമ്മുടെ അമ്മ നമുക്കുവേണ്ടി എന്തു ത്യാഗവും സഹിക്കുവാന്‍ തയ്യാറാകുന്നു. അതെ, നമ്മുടെ അമ്മയുടെ സ്‌നേഹത്തിന് അളവില്ല, അതിരില്ല. എന്നാല്‍, ഇതിലും ഉപരിയായി നമ്മെ സ്‌നേഹിക്കുന്ന ഒരമ്മയും നമുക്കുണ്ട്. ആ അമ്മയാണ്  'പരിശുദ്ധ മറിയം'. അവിടുന്ന് യേശുവിന്റെ അമ്മയാണ്. നമ്മുടെ രക്ഷകനായ യേശു, മറിയം വഴിയാണ് ഈ ലോകത്തില്‍ അവതരിച്ചത്. യേശു നമ്മുടെ രക്ഷയ്ക്കായി കുരിശില്‍ മരണം വരിച്ചു. അവിടുന്ന് മൂന്നാണികളില്‍ കുരിശില്‍ തൂങ്ങിക്കിടന്നു. മരണവേദന അനുഭവിക്കുമ്പോള്‍ കുരിശിന്‍ചുവട്ടില്‍ നിന്നിരുന്ന പ്രിയപ്പെട്ട ശിഷ്യന്‍, യോഹന്നാനെ കാണിച്ചുകൊണ്ട് മാതാവിനോട് 'ഇതാ നിന്റെ മകന്‍' എന്നും, യോഹന്നാനോട് 'ഇതാ നിന്റെ അമ്മ' എന്നും യേശു പറഞ്ഞു. യോഹന്നാന്‍ നമ്മുടെയെല്ലാം പ്രതിനിധിയായിട്ടാണ് കുരിശിന്‍ചുവട്ടില്‍ നിന്നിരുന്നത്. ആകയാല്‍ അന്നുമുതല്‍ യേശുവിന്റെ അമ്മ നമ്മുടേയും അമ്മയായിത്തീര്‍ന്നു.

നമ്മുടെ അമ്മയായ പരിശുദ്ധ കന്യാമറിയം സ്വര്‍ഗ്ഗത്തില്‍ തന്റെ പ്രിയപുത്രന്റെ അടുത്തിരുന്നുകൊണ്ട്  നമുക്കോരോരുത്തര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. നമ്മുടെ സ്വന്തം അമ്മ എത്രതന്നെ ആഗ്രഹിച്ചാലും പരിശ്രമിച്ചാലും നമ്മുടെ എല്ലാ ആവശ്യങ്ങളും നിര്‍വ്വഹിച്ചുതരുവാന്‍ കഴിവുണ്ടാവുകയില്ല. എന്നാല്‍, നമ്മുടെ സ്വര്‍ഗ്ഗീയ അമ്മയായ പരിശുദ്ധ കന്യാമറിയത്തിന്റെ മദ്ധ്യസ്ഥതയാല്‍ അസാധ്യമായ ഒന്നുമില്ല. കാരണം, അമ്മയുടെ പുത്രനായ യേശു സര്‍വ്വശക്തനായ ദൈവമാണല്ലോ.


കരുണയുടെ അമ്മ

കരുണാസാഗരം നീന്തി

ജീവിതവിശുദ്ധി തേടി നീ

വിശ്വാസപാതയില്‍ നടന്നു

ജനകോടികളുടെ അമ്മയായി നീ

 

   എന്നും വണങ്ങാനായി

   മനതാരില്‍ ചെറുപുഞ്ചിരിയായി

   കൈകളില്‍ താരാട്ടിന്‍ ഈണവുമായി

   എന്‍ അമ്മതെരേസയായി നീ

 

മക്കള്‍ക്കായി വിശക്കും നിന്‍സ്‌നേഹം

നാഥന്‍ ഏകിയ ദിവ്യമാം സമ്മാനം 

വാഴ്ത്തുന്നു മക്കളാം ഞങ്ങള്‍

നിന്‍ വിശുദ്ധിയെന്നും എപ്പോഴും

ജോണ്‍സണ്‍ ജോര്‍ജ്

422 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 131527