ദാനധര്‍മ്മം 10 കല്പനകള്‍
മോബിന ബേബി

ഒരുവന്‍ തനിക്ക് ദൈവപ്രസാദമായി ലഭിച്ചിട്ടുള്ള സമൃദ്ധിയില്‍ നിന്നും തന്റെ സഹജീവിയുടെ ഇല്ലായ്മയിലേക്ക് ചൊരിയുന്ന അനുഗ്രഹമാണ് ദാനധര്‍മ്മം. സ്‌നേഹത്തില്‍  നിന്നും കരുണയില്‍ നിന്നും ഉദ്ഭവിക്കുന്ന കര്‍ത്തവ്യബോധത്തിന്റെ ഉയര്‍ന്നതലമാണത്. അനാഥരോടും  ദരിദ്രരോടും രോഗികളോടുമുള്ള കരുതല്‍ കൊടുക്കുന്നവന്റെ ഔദാര്യമോ, സ്വീകരിക്കുന്നവന്റെ അവകാശമോ അല്ല, മറിച്ച് മാനുഷികമൂല്യങ്ങളെ മുറുകെപിടിക്കലും സൃഷ്ടാവിനോടുള്ള നമ്മുടെ നന്ദിപ്രകാശനവും - സമൂഹത്തോടുള്ള നമ്മുടെ പ്രതിബദ്ധതയുമാണ്. ദാനധര്‍മ്മം ദൈവികമാക്കുവാനുള്ള   പത്തുപ്രമാണങ്ങളെക്കുറിച്ച് നമുക്കൊന്നു ചിന്തിക്കാം.

*ഏറ്റവും മികച്ചതിനെ ദാനമായി നല്‍കുക

ദൈവസന്നിധിയില്‍ സമര്‍പ്പിക്കുന്ന ദിവ്യബലിക്കു സമാനമാണ് സഹോദരസമക്ഷം നല്‍കപ്പെടുന്ന ദാനധര്‍മ്മവും. പണമായാലും വസ്ത്രമായാലും ഭക്ഷണമായാലും നമ്മുടെ ഒരു ചെറുപുഞ്ചിരിയായാലും മറ്റുള്ളവര്‍ക്കു നല്‍കുമ്പോള്‍ പ്രയോജനപ്രദവും പുതുമയുള്ളതുമാകാന്‍ നാം പരിശ്രമിക്കുക. നമുക്ക് ആവശ്യമില്ലാത്തതും ഉപയോഗശൂന്യമായതും വലിച്ചെറിയാനുള്ള ചവറ്റുകൊട്ടയായി ദാനധര്‍മ്മത്തെ കാണരുത്.

*ഇല്ലായ്മയില്‍ നിന്നുള്ള ദാനം മഹത്വമേറിയത്

ധനികരുടെ കിലുങ്ങുന്ന പണക്കിഴികളേക്കാളും വിധവയുടെ ചില്ലിക്കാശിനെ മാനിച്ച നീതിമാനായ ദൈവത്തിന്റെ മുമ്പില്‍ - നമുക്കെല്ലാം തികഞ്ഞിട്ട്-ധാരാളം ലഭിച്ചിട്ട്-ദാനം ചെയ്യാന്‍ കാത്തിരിക്കുന്നത് വ്യര്‍ത്ഥമാണ്. നമ്മുടെ വറുതികളില്‍ നിന്നും സ്വരുക്കൂട്ടുന്നതു മറ്റുള്ളവര്‍ക്കു നല്‍കാന്‍ മനസുകാണിച്ചാല്‍ - ക്ഷാമകാലത്ത് അവശേഷിച്ച എണ്ണയും മാവും ഏലിയാവിനു പങ്കു വച്ച സാറേഫാത്തിലെ വിധവയെപ്പോലെ നമുക്കുമുമ്പില്‍ ദൈവാനുഗ്രഹത്തിന്റെ എണ്ണ വറ്റാതെ അവശേഷിക്കും.

*അര്‍ഹരായവരെ കണ്ടെത്തി സഹായിക്കുക

നമുക്കു മുമ്പില്‍  കൈ നീട്ടി യാചിച്ചാല്‍, കരഞ്ഞു കാലുപിടിച്ചാല്‍ - കേണപേക്ഷിച്ചാല്‍ സഹായിക്കാം എന്ന ചിന്ത അഹങ്കാരത്തില്‍ നിന്നുളവാകുന്നതാണ്. നമുക്കു ചുറ്റും ആവശ്യക്കാരേറെയുണ്ട്. അവരും നമ്മളെപ്പോലെ മജ്ജയും മാംസവുമുള്ള, അന്തസും അഭിമാനവുമുള്ള മനുഷ്യരാണ്. അവരുടെ അവസ്ഥ നമുക്കു വരാതിരിക്കുന്നത് ദൈവകരുണയാലാണ് എന്ന ബോധത്താല്‍ സഹായഹസ്തം നീട്ടുക.

*രഹസ്യമായി ദാനം ചെയ്യുക

'മറ്റുള്ളവരില്‍നിന്നു പ്രശംസ ലഭിക്കാന്‍ കപടനാട്യക്കാര്‍ സിനഗോഗുകളിലും തെരുവീഥികളിലും ചെയ്യുന്നതുപോലെ, നീ ഭിക്ഷകൊടുക്കുമ്പോള്‍ നിന്റെ മുമ്പില്‍ കാഹളം മുഴക്കരുത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു. നീ ധര്‍മദാനം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വലത്തുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ. രഹസ്യങ്ങള്‍ അറിയുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നല്‍കും' (വി. മത്തായി 6:2-4).

*പ്രതിഫലം ഇച്ഛിക്കാതെ ദാനം ചെയ്യുക

നാം സഹായിച്ച ആള്‍ - നമ്മെ ബഹുമാനിക്കണമെന്നോ എന്നും കടപ്പെട്ടവനായിരിക്കണമെന്നോ - പുകഴ്ത്തിപ്പറയണമെന്നോ പ്രതീക്ഷിക്കരുത്. കാരണം നമ്മുടെ പ്രതിഫലം സ്വര്‍ഗ്ഗത്തില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നു.

'സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ഏറ്റവും എളിയവരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്യാതിരുന്നപ്പോള്‍ എനിക്കു തന്നെയാണു ചെയ്യാതിരുന്നത്' (വി.മത്തായി 25:45). 

*ദാനധര്‍മ്മത്തില്‍ ഉപേക്ഷ അരുത്

ധനവാന്റെയും ലാസറിന്റെയും ഉപമയില്‍ ധനവാന്‍ ചെയ്ത തെറ്റ് - തന്റെ പടിവാതില്‍ക്കല്‍ വ്രണബാധിതനായി - തന്റെ മേശയില്‍നിന്നു വീഴുന്ന അപ്പക്കഷ്ണങ്ങള്‍ കാത്തു കിടന്ന ലാസറെ - നിഷ്‌ക്കരുണം അവഗണിച്ചു എന്നതാണ്. ആകയാല്‍ നമുക്കു മുമ്പില്‍  കാണുന്ന നിരാലംബരെ സഹായിക്കുന്നതില്‍ മടി വിചാരിക്കരുത്. ദാനധര്‍മ്മത്തില്‍ ഉപേക്ഷ കാണിക്കരുത്.

*ആവശ്യമുള്ളതു ദാനം ചെയ്യുക 

വിശന്നിരിക്കുന്നവനോടു വിജ്ഞാനം വിളമ്പിയിട്ടോ - രോഗശയ്യയില്‍ ഉള്ളവനു സദ്യ നല്‍കിയിട്ടോ-ദു:ഖിച്ചിരിക്കുന്നവനു പണം കൊടുത്തിട്ടോ പ്രയോജനമില്ല. തന്റെ ചുറ്റുമുള്ളവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന കാര്യം ആവശ്യമുള്ള സമയത്ത് ദാനമായി നല്‍കുമ്പോഴുള്ള വില പതിന്മടങ്ങാണ്.

*അധ്വാനിച്ചു നേടിയത് മാത്രം ദാനം നല്‍കുക

മോഷണവസ്തുക്കളോ മറ്റുള്ളവരില്‍ നിന്നും തട്ടിയെടുത്തതോ ആയ സമ്പാദ്യത്തില്‍ ഒരംശം ദാനം ചെയ്താല്‍ താന്‍ ചെയ്ത പാപം മോചിക്കപ്പെടുമെന്നുള്ളത് തെറ്റായ ധാരണയാണ്. സഖേവൂസ് ചെയ്തതുപോലെ വല്ലതും ചതിവായി വാങ്ങിയിട്ടുണ്ടെങ്കില്‍  നാലുമടങ്ങ് മടക്കിക്കൊടുക്കേണ്ടതാകുന്നു. 

*ദാനധര്‍മ്മം അപരനെ തിന്മയിലേക്ക് നയിക്കരുത്

തൊഴില്‍രഹിതനു പണം ദാനം നല്‍കിയാല്‍ അതവനെ അലസതയിലേക്കു നയിക്കും.പകരം ഉപജീവനത്തിനുള്ള ഉപാധിക്കായി സഹായിക്കാം. വിദ്യാഭ്യാസ സഹായം ആവശ്യമുള്ളവര്‍ക്ക് പണത്തിനു പകരം പുസ്തകങ്ങളും പഠനോപകരണങ്ങളും നല്‍കുന്നതും ദുര്‍വിനിയോഗം തടയും.

*സ്‌നേഹത്തില്‍  ദാനം ചെയ്യുക 

ദാനധര്‍മ്മം സങ്കടത്താലുമരുത്, നിര്‍ബന്ധത്താലുമരുത് സന്തോഷത്തോടെ നല്‍കുന്നവനെ ദൈവം കടാക്ഷിക്കും. എന്തെന്നാല്‍  നിങ്ങള്‍ ചെയ്യുന്നതെല്ലാം സ്‌നേഹത്തില്‍ ചെയ്‌വിന്‍. അന്ത്യവിധിനാളില്‍ ന്യായാസനത്തില്‍ ഉപവിഷ്ടനാകുന്ന കര്‍ത്താവ് നമ്മളോടു ഇപ്രകാരം പറയാന്‍ ഇടയാകട്ടെ.

'എന്തെന്നാല്‍ എനിക്കു വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു. ഞാന്‍ നഗ്‌നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്റെയടുത്തു വന്നു. അപ്പോള്‍ നീതിമാന്‍മാര്‍ ഇങ്ങനെ മറുപടി പറയും: കര്‍ത്താവേ, നിന്നെ വിശക്കുന്നവനായിക്കണ്ട് ഞങ്ങള്‍ ആഹാരം നല്‍കിയതും ദാഹിക്കുന്നവനായികണ്ട് കുടിക്കാന്‍ നല്‍കിയതും എപ്പോള്‍? നിന്നെ പരദേശിയായിക്കണ്ട് സ്വീകരിച്ചതും നഗ്നനായിക്കണ്ട് ഉടുപ്പിച്ചതും എപ്പോള്‍? നിന്നെ ഞങ്ങള്‍ രോഗാവസ്ഥയിലോ കാരാഗൃഹത്തിലോകണ്ടു സന്ദര്‍ശിച്ചത് എപ്പോള്‍? രാജാവു മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത്'  (മത്തായി 25:35-40)

5245 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137915