മനുഷ്യജീവിതത്തിന്റെ മഹത്വം
M.J.തോമസ്

ദൈവമായ കര്‍ത്താവ് മനുഷ്യനെ സൃഷ്ടിച്ചത് തന്റെ തന്നെ ഛായയിലും സാദൃശ്യത്തിലുമാണ്. അവിടുന്ന് ഈ ഭൂമിയില്‍ ദൈവമഹത്വം പ്രഘോഷിക്കപ്പെടേണ്ടതിന് തന്റെതന്നെ ശക്തിയ്ക്ക് സദൃശ്യമായ ശക്തി മനുഷ്യന് നല്‍കി. 'അവിടുന്ന് അവര്‍ക്ക് തന്റെ ശക്തിക്ക് സദൃശ്യമായ ശക്തി നല്‍കുകയും തന്റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു' (പ്രഭാ. 17 : 3). 'അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ' (മത്താ. 5 : 16 ). കേവലം മണ്ണില്‍ നിന്ന് മെനഞ്ഞൊരു സൃഷ്ടിയെ, ദൈവം ഇത്ര അധികമായി സ്‌നേഹിക്കാന്‍ എന്തായിരിക്കും കാരണം? മനുഷ്യസൃഷ്ടിയുടെ ആദ്യനാളുകള്‍ മുതലേ ദൈവം മനുഷ്യനില്‍ നിറച്ച ദൈവികമഹത്വം അവനില്‍നിന്നും ഒരുനാളും മാറ്റപ്പെടാതിരിയ്ക്കാന്‍ അവിടുന്നാഗ്രഹിച്ചു. എന്നാല്‍  മനുഷ്യന്‍ എന്ന് പാപം ചെയ്യാന്‍ തുടങ്ങിയോ അന്ന് മുതല്‍ അവനിലുണ്ടായിരുന്ന ദൈവീകമഹത്വം അവനു നഷ്ടപ്പെട്ടു തുടങ്ങി. എന്നാല്‍  പാപിയായ മനുഷ്യന്റെ സ്വപ്നങ്ങള്‍ക്കും ചിന്തകള്‍ക്കും അപ്പുറത്ത്, തന്റെ സൃഷ്ടിയില്‍ ഏറ്റവും ഉത്കൃഷ്ടമായ മനുഷ്യനെ പാപത്തില്‍  നിന്നും വീണ്ടെടുക്കുന്നതിനും അവനില്‍ വീണ്ടും തന്റെ ജീവന്റെ മഹത്വം പ്രകാശിതമാകാനും അവിടുന്ന് തന്റെ ഏകജാതനെ മനുഷ്യന്റെ സാദൃശ്യത്തില്‍   ഭൂമിയിലേക്കയച്ചു. അങ്ങനെ മനുഷ്യന്‍ സൗഭാഗ്യപൂര്‍ണ്ണനായി ഈ ഭൂമിയില്‍ ജീവിക്കേണ്ടതിന് അവന്റെ ജീവന് ദൈവം അത്രത്തോളം വില നല്‍കി. 'നമുക്ക് സംഭവിക്കുന്ന എല്ലാ കാര്യങ്ങളും നമ്മുടെ ബുദ്ധി കൊണ്ട് ഗ്രഹിക്കാവുന്നതോ, ഇച്ഛാശക്തികൊണ്ട് കീഴടക്കാവുന്നതോ അല്ല. അവ നമ്മുടെ വിശ്വാസത്തിന് സ്വീകരിക്കാവുന്നതും ഇച്ഛകൊണ്ട് കീഴടക്കാവുന്നതുമാണ്'         (ഫ്രാന്‍സിസ് മാര്‍പാപ്പ).

ഒന്നാലോചിച്ചുനോക്കിയാല്‍ ദൈവം സൃഷ്ടിച്ച മനുഷ്യരെല്ലാം കാഴ്ച്ചയില്‍തന്നെ വിവിധ രൂപത്തിലും, ഭാവത്തിലും, സ്വഭാവത്തിലും, കഴിവുകളിലും വിഭിന്നരല്ലേ ?എങ്ങനെയാണു മനുഷ്യജീവനില്‍ ദൈവം നിക്ഷേപിച്ചിരിക്കുന്ന ഈ ദൈവീകമഹത്വം നമുക്ക് വിവേചിച്ചറിയാനാവുക? ദൈവം എല്ലാ മനുഷ്യര്‍ക്കും വിവേകവും, നന്മയേത് തിന്മയേത് എന്ന് വിവേചിച്ചറിയാനുള്ള ജ്ഞാനവും നല്‍കി (പ്രഭാ. 17 : 7). ദൈവം മനുഷ്യരെ പല കഴിവുകളും കൊടുത്തു സമ്പന്നരാക്കി. അവിടുന്നവരെ തന്റെ ദാനങ്ങളാല്‍ മഹത്വമണിയിച്ചു. കേവലം മണ്ണില്‍ നിന്നും മെനഞ്ഞെടുത്ത മനുഷ്യനെ ഭൂമിയിലെ തന്റെ സകല സൃഷ്ടിജാലങ്ങളുടെയും അധിപനാക്കി. ഇത് മനുഷ്യരെല്ലാവരും തങ്ങളുടെ ജീവിതകാലത്ത് ദൈവത്തിനു പ്രീതികരമായ രീതിയില്‍ ജീവിച്ചു അവസാനം അവിടുത്തോട് ചേരുന്നതിനു വേണ്ടിയത്രെ!!!

പരിശുദ്ധാത്മാവിന്റെ സഹായത്താല്‍, നമുക്ക് നമ്മുടെ പരിമിതികള്‍ക്കപ്പുറം നമ്മിലുള്ള ദൈവീകമഹത്വം നമ്മുടെ അയല്‍ക്കാരോടുള്ള, സഹോദരങ്ങളോടുള്ള, പ്രകൃതിയോടും അതിലെ വിഭവങ്ങളോടുമുള്ള നമ്മുടെ കടമ നിര്‍വഹിയ്ക്കാന്‍ നമ്മെ സഹായിക്കും. നമ്മിലുള്ള ജീവന്റെ മാഹാത്മ്യം ദൈവഹിതത്തിനനുസൃതമായി ഉപയോഗിയ്ക്കുവാന്‍ നാം പരിശ്രമിയ്ക്കണം.

കുരിശില്‍ കിടക്കുന്ന യേശുക്രിസ്തു അവന്റെ വിരിക്കപ്പെട്ട കൈകള്‍ മടക്കുന്നില്ല. അവ തുറന്നിരിക്കണം, കാരണം, ഓരോ മനുഷ്യനും അവന്റെ തുറന്ന കൈയില്‍ അവിടുത്തെ സ്‌നേഹം കണ്ടെത്തണം. ക്രിസ്തുവിന്റെ കരങ്ങള്‍ എന്നും തുറന്നിരിക്കും. അവയ്ക്ക് ഒരു നാളും അടയാന്‍ കഴിയുകയില്ല. (വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, ക്രാക്കോ).

ഈ ഭൂമിയില്‍ ദൈവം നമുക്ക് നല്‍കിയിരിക്കുന്ന ചെറിയ കാലയളവില്‍ നാം മഹത്വവത്കരിക്കപ്പെടേണ്ടതിന,് നമ്മെ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നമുക്ക് ചെയ്തുതീര്‍ക്കാം. മനുഷ്യജീവന്റെ മഹത്വം അര്‍ത്ഥവത്താകുന്നത് സഹോദരങ്ങളോടുള്ള നമ്മുടെ സമീപനത്തില്‍  ഒരു ദൈവീകത നാം ദര്‍ശിക്കുമ്പോളാണ്. ഒരു ദൈവസൃഷ്ടി എന്ന നിലയില്‍ മറ്റൊരാളില്‍ തന്നെക്കാള്‍ കുറവായി അയാളില്‍ ഒന്നുമില്ല എന്ന വിശാലമായ ഒരു കാഴ്ച്ചപ്പാടില്‍ വേണം നാം മുന്നോട്ടു പോകുവാന്‍.തീര്‍ച്ചയായും നമ്മളോരോരുത്തരുടേയും ജീവന്റെ മഹത്വം, അഥവാ നമ്മിലുള്ള ദൈവീകമഹത്വം അണയാതെ കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം നമുക്ക് മറക്കാതിരിയ്ക്കാം. ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തു വഴി നമുക്കാവശ്യമുള്ളതെല്ലാം നല്‍കട്ടെ. 

386 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 131523