ജറുസലേമില്‍ നിന്നും ദമാസ്‌ക്കസിലേക്ക്.....
അനീഷ് മാത്യു

ജറുസലേമില്‍ നിന്നും ദമാസ്‌ക്കസിലേക്ക്..... സാക്ഷികള്‍ തങ്ങളുടെ വസ്ത്രങ്ങള്‍ സാവൂള്‍ എന്ന യുവാവിന്റെ കാല്‍ക്കല്‍ അഴിച്ചുവച്ചു...

സാവൂള്‍ ഈ വധത്തെ അനുകൂലിച്ചു (സ്‌തെഫാനോസിന്റെ വധം)

...സാവൂള്‍ സഭയെ നശിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു...

...സാവൂള്‍ അപ്പോഴും കര്‍ത്താവിന്റെ ശിഷ്യരുടെ നേരെ വധഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു...

...ക്രിസ്തുമതം സ്വീകരിച്ച ആരെകണ്ടാലും ബദ്ധനസ്ഥനാക്കി കൊണ്ടിരുന്നു...

താമസിയാതെ സാവൂള്‍ യേശു ദൈവപുത്രനാണെന്ന് സിനഗോഗുകളില്‍ പ്രസംഗിക്കാന്‍ തുടങ്ങി. അതു കേട്ടവരെല്ലാം വിസ്മയ ഭരിതരായി പറഞ്ഞു, ജറുസലേമില്‍ ഈ നാമം വിളിച്ചപേക്ഷിച്ചിരുന്നവരെ പീഡിപ്പിച്ചിരുന്നത് ഇവനല്ലെ? സഭയെ പീഢിപ്പിക്കാന്‍ എത്രമാത്രം തീക്ഷണതയോടെ പ്രവര്‍ത്തിച്ചോ അതിലും എത്രയോ മടങ്ങ് തീക്ഷണതയോടെ യേശു തന്നെയാണ് ക്രിസ്തു എന്ന് പ്രഘോഷിച്ചത്. സാവൂളിന്റെ ജീവിതത്തിലെ ഈ വൈരുദ്ധ്യം അനേകരെ യേശുവിലേക്ക് അടുപ്പിച്ചു.

ജറുസലേമില്‍ നിന്ന് ദമാസ്‌കസിലേക്കുള്ള യാത്ര, സാവൂള്‍, സാവൂള്‍ എന്ന യേശുക്രിസ്തുവിന്റെ ഹൃദയം മുറിയുന്ന ആ വിളി അവന്റെ ജീവിത വ്യഗ്രതയെ കീഴിന്‍മേല്‍ മറിച്ചു. അങ്ങനെ വിജാതിയരുടെ അപ്പസ്‌തോലന്‍ എന്ന് അറിയപ്പെടുന്ന പൗലോസ് ജനിച്ചു.

യേശുവിന്റെ സഭയെ ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ എത്തിക്കുന്നതില്‍ പൗലോസിനോളം  തീക്ഷണമതിയായ മറ്റൊരു സുവിശേഷപ്രസംഗകന്‍ ചരിത്രത്തിലെങ്ങും കാണില്ല. പൗലോസ് രചിച്ച പുതിയ നിയമത്തിലെ ഇരുപത്തിയേഴില്‍ പതിമൂന്നു സുവിശേഷങ്ങള്‍ ക്രൈസ്തവ സഭയുടെ വിശ്വാസ പാരമ്പര്യത്തിന്റെ നെടുംതൂണുകളാണ്. യഹൂദമത നിയമങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഡിത്യം ലേഖനങ്ങളില്‍ ഉടനീളം പ്രതിബിംബിക്കുന്നു. ക്രിസ്തുവിനോടുള്ള തീക്ഷണതയുടെ പര്യായമായിരുന്നു പൗലോസ്. അത് അദ്ദേഹത്തിന്റെ യാത്രകളില്‍ ഉടനീളം കാണാം. ചരിത്രപരമായ പഠനങ്ങള്‍ പറയുന്നു ഏകദേശം ഇരുപതിനായിരം കിലോമീറ്റര്‍ ഈ മനുഷ്യന്‍ കാല്‍നടയായി ഏഷ്യയിലും യൂറോപ്പിലും സഞ്ചരിച്ചിട്ടുണ്ട്. മരണഭയത്തിനോ, കാരാഗൃഹവാസങ്ങള്‍ക്കോ, യാത്രക്കിടയിലുണ്ടായ അപകടങ്ങള്‍ക്കോ, നഗ്നതയ്‌ക്കോ, വിശപ്പിനോ, ദാഹത്തിനോ, ശാരീരിക പീഡനങ്ങള്‍ക്കോ ഒന്നിനും തന്നെ യേശുവിനെ പ്രഘോഷിക്കുന്നതിന് ഒരു തടസ്സമായി മാറിയില്ല. അദ്ദേഹം പറയുന്നു, 'ക്രിസ്തുവിന്റെ ശക്തി എന്റെമേല്‍ ആവസിക്കേണ്ടതിനാല്‍ ഞാന്‍ പൂര്‍വാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ചു പ്രശംസിക്കും,അതുകൊണ്ട് ബലഹീനതകളിലും ആക്ഷേപങ്ങളിലും, ഞെരുക്കങ്ങളിലും പീഡനങ്ങളിലും അത്യാഹിതങ്ങളിലും ഞാന്‍ ക്രിസ്തുവിനെപ്രതി സന്തുഷ്ടനാണ്.'(2 കൊറി 12:910). ആ തീക്ഷണത ജ്വലിപ്പിച്ച രക്ഷയുടെ സുവിശേഷം അതിവേഗം എല്ലാ രാജ്യക്കാരുടെയും ഭാഷക്കാരുടെയും ഇടയില്‍ പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ കത്തിപടര്‍ന്നു.

ലോകം ഇന്നേവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉത്കൃഷ്ടമായ രചനകളില്‍ ഒന്നായി  1 കോറിന്തോസ് പതിമൂന്നാം അദ്ധ്യായത്തെ അക്രൈസ്തവര്‍ പോലും വിലയിരുത്തുന്നു. ഒരോ ക്രൈസ്തവനും ക്രിസ്തുവുമായുള്ള ബന്ധം എങ്ങിനെ ആയിരിക്കണമെന്ന്, സമൂഹത്തില്‍ അവന്റെ ജീവിതശൈലി എങ്ങിനെയുള്ളതായിരിക്കണമെന്ന് പൗലോസ് അപ്പസ്‌തോലനിലൂടെയാണ് പരിശുദ്ധാത്മാവ് ലോകത്തെ പഠിപ്പിച്ചത്. ഒരു അപ്പസ്‌തോലന്‍ എന്നുള്ളതില്‍നിന്നു മാറിനിന്നു ചിന്തിച്ചാല്‍ പോലും ലോകത്തിന് ഒരു വലിയ അതിശയം തെയാണ് ഈ വ്യക്തിത്വം. അദ്ദേഹത്തിലുടെ പരിശുദ്ധാത്മാവ് ലോകത്തെ പഠിപ്പിച്ച അനേക കാര്യങ്ങള്‍ തന്നെ ഈ അതിശയത്തെ ബലപ്പെടുത്തുന്നു.

334 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141690