'നിങ്ങള്‍ ആ ഭവനത്തില്‍ പ്രവേശിക്കുമ്പോള്‍ സമാധാനം ആശംസിക്കണം.ആ ഭവനം അര്ഹതയുള്ളതാണെങ്കില് നിങ്ങളുടെ സമാധാനം അതില്‍ വസിക്കട്ടെ. അര്‍ഹതയില്ലാത്തതാണെങ്കില്‍ നിങ്ങളുടെ സമാധാനം നിങ്ങളിലേക്കുതന്നെ മടങ്ങട്ടെ.' (മത്താ 10:12-13) ഈശോ തന്റെ സുവിശേഷം അറിയിക്കാന്‍ ശിഷ്യന്മാരെ നിയോഗിച്ചുകൊണ്ട് അവരോടുപറയുന്ന വി.ഗ്രന്ഥഭാഗമാണിത്. 'അധര്‍മ്മം വര്‍ധിക്കുന്നതിനാല്‍ പലരുടേയും സ്നേഹം തണുത്തുപോകും' (മത്താ 24:12). അധര്‍മ്മം എന്നത് സമാധാനം ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കുന്നു. സ്നേഹം നമ്മുടെ ജീവിതത്തില്‍ അനുഭവിക്കാത്ത സാഹചര്യത്തില്‍ അവിടെ അധര്‍മ്മം നമ്മുടെ ജീവിതത്തില്‍ മുളപൊട്ടുന്നു. ഇതാണ് വി.മത്തായി ഈ ഗ്രന്ഥഭാഗങ്ങളില്ക്കൂടി നമ്മെ അറിയിക്കുന്നത്.
കാല്‍വരിയിലെ വിശുദ്ധ കുരിശില്‍ പീഢാനു'വത്തിന്റെ കാതലായ മനുഷ്യസ്നേഹം, സൃഷ്ടാവായ ദൈവത്തിന്റെ കാരുണ്യമായി മാറുന്നു. സ്നേഹം അത് സംലഭ്യമായ പൂര്ണ്ണാവസ്ഥയില് ലഭിക്കുമ്പോള്‍ നാം സമാധാനത്തില്‍ നീന്തിത്തുടിക്കുന്ന അവസ്ഥ ഉണ്ടാകുന്നു. പരിശുദ്ധാരൂപിയുടെ ഫലമായ ഈ സമാധാനം, ആദ്യഫലമായ സ്നേഹത്തില്‍ പൂര്‍ണ്ണമാകുന്നു. പരിശുദ്ധാത്മാവിലുള്ള ആനന്ദമാണല്ലോ അതിന്റെ മൂര്‍ദ്ധന്യമായ അവസ്ഥ.
തന്റെ മരണശേഷം ഉയിര്‍ത്തെഴുന്നേറ്റ ഈശോ ശിഷ്യന്മാര്ക്കു പ്രത്യക്ഷനാകുമ്പോള്‍ അവരെ ആനയിക്കുന്നതും ഈ സമാധാനത്തിലേക്കാണ്. (യോഹന്നാന് 20:21). യേശു തന്റെ ജനനം മുതല്‍ മരണം വരെ ഈ സമാധാനമാര്ഗ്ഗത്തിലേക്കാണ് മാനവരാശിയെ നയിച്ചത്. തന്റെ ഇഹലോകവാസത്തിനും സ്വര്‍ഗ്ഗാരോഹണത്തിനും ശേഷം പരിശുദ്ധാത്മാവിനാല്‍ തന്റെ സമാധാനദൗത്യം തുടര്‍ന്നുകൊണ്ടുപോകുന്നു.
തിരുകുടുംബത്തില്‍ സ്നേഹത്തില്‍ അധിഷ്ഠിതമായ സമാധാനം തിരതല്ലി നിന്നിരുന്നത് നാം കാണുന്നു. അവിടെ ഐക്യത്തിനു നിദാനമായ സമാധാനത്തെയാണ് കാണുന്നത്. അത് കാലിത്തൊഴുത്തുമുതല്‍ കാല്‍വരിവരെ പിന്തുടരുന്നു. പ്രതിസന്ധികളിലും സമാധാനരാജാവായ യേശുവിനോടുചേര്ന്നുള്ള ജീവിതയാത്ര.
ദേവാലയനിര്മ്മാണത്തിനായ് പുറപ്പെട്ട ദാവീദിനെ ദൈവം തടഞ്ഞ് അവന് ജനിക്കാന്‍ പോകുന്ന സോളമന് എന്ന പുത്രനിലൂടെ വരാന്‍പോകുന്ന സമാധാനദിനങ്ങളെക്കുറിച്ചു ദൈവം വാചാലനാകുന്നു (1ദിനവൃത്താന്തം 22). യേശുവിന്റെ ജനനസമയത്ത് മാലാഖവൃന്ദം ഭൂമിയിലെ ദൈവകൃപ ലഭിച്ചവര്‍ക്കുള്ള സമാധാനം ഉദ്ഘോഷിക്കുന്നു. സ്വര്ഗ്ഗീയസമാധാനം ഭൂമിയിലേക്കുചൊരിയപ്പെട്ട ദിനമായിരുന്നു അത്.
യേശുവിന്റെ കൂടെ ചരിക്കുന്നവരില്‍ യേശുവിന്റെ സമാധാനം ഉണ്ടാകും. അങ്ങനെയുള്ളവര്‍ വസിക്കുന്നിടങ്ങളിലും ഈ സമാധാനം ഉണ്ടാകും. യേശുവില്‍ നിന്ന് നമുക്കിത് പകര്‍ന്നുകിട്ടിയതാണ്. വി.കുര്‍ബാന മദ്ധ്യേ നാമിത് പുതുക്കുന്നുണ്ട്; പരസ്പ്പരം സമാധാനം ആശംസിക്കുന്നിടത്ത്. നമുക്കു പരസ്പ്പരം സമാധാനത്തില്‍ വര്ത്തിക്കുന്നവരാകാം. പരസ്പ്പരം സ്നേഹിക്കുന്നതിലൂടെ നമ്മിലും സമാധാനത്തിന്റെ മുളകള്‍ പൊട്ടട്ടെ. അക്രമങ്ങള്‍ വെടിഞ്ഞ് സമാധാനദാതാവായ യേശുവിന്റെ യഥാര്‍ഥ ശിഷ്യരായി നമുക്കു മാറാം. കര്‍ത്താവായ യേശുവിന്റെ സ്വര്‍ഗീയ സമാധാനം നാമെല്ലാവരിലും എപ്പോഴും ഉണ്ടായിരിക്കട്ടെ.
239 Viewers