കരുണയുടെ വര്‍ഷത്തില്‍ കരുണയുള്ള വ്യക്തിത്വം
ജെന്‍സി ജോബി

കരുണയുടെ  ഏറ്റവും നല്ല മാതൃകയാണ് യേശുക്രിസ്തു. ഈശോയുടെ സാക്ഷികളാണ്, അവനെ വിശ്വസിക്കുന്ന ഓരോരുത്തരുമാണ് നമ്മളെങ്കില്‍  ഈശോ കാട്ടിത്തന്ന ഓരോ പാഠങ്ങളും അനുവര്‍ത്തിക്കേണ്ട കടമ നമ്മില്‍ നിക്ഷിപ്തമാണ്.

അവിടുന്ന് പറയുന്നു'എന്റെ പിതാവിനെപ്പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍' എന്ന്'

എത്രയെത്ര ഉപമകളിലൂടെയും സ്വയം ചെയ്തും സ്വന്തം പുത്രനെ ഈ ലോകത്തിലേയ്ക്ക് മാനവകുലത്തിന്റെ പാപങ്ങളുടെ പരിഹാരത്തിനായ് ബലി നല്‍കിയ ആ ദൈവസ്‌നേഹം എത്രയോ മഹത്തരമാണ്. ഇന്ന് ഒരമ്മയ്ക്ക് കഴിയുമോ സ്വന്തം മകനെ ലോകത്തിന് നല്‍കാന്‍, അതില്‍ തന്നെ നമ്മുടെ സ്വാര്‍ഥത വ്യക്തമാണ്. ഈ സ്വാര്‍ത്ഥത നാം വെടിയുമ്പോള്‍  നമുക്ക് ഓരോരുത്തര്‍ക്കും കരുണയുള്ള ഹൃദയവുമായ് മുമ്പോട്ടു നീങ്ങാന്‍ സാധിക്കും.

ബൈബിളില്‍ ഇപ്രകാരം പറയുന്നു.

'അവിടുന്ന് ശിഷ്ടരുടെയും ദുഷ്ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്‍മാരുടെയും നീതിരഹിതരുടെയും മേല്‍ മഴപെയ്യിക്കുകയും ചെയ്യുന്നു'.'

നാം സ്വയം ചിന്തിക്കുക. ഈശോ ഇന്ന് വന്ന് നമ്മോട് ചോദിക്കുന്നു നിന്നെ ഞാന്‍ ഭൂമിയിലേക്ക് അയച്ചു, ഞാന്‍ നിനക്ക് ഇത്രയേറെ മാതൃകകള്‍ നല്‍കി എന്നിട്ട് എന്ത് കാരുണ്യപ്രവര്‍ത്തിയാണ് നീ മറ്റുള്ളവര്‍ക്കായ് ചെയ്തിട്ടുള്ളത്?. ഈ ഒരു ചോദ്യം നമ്മള്‍ ഓരോരുത്തരും സ്വയം ചോദിക്കുക, അപ്പോള്‍  പറയാന്‍ ഒരു കാരുണ്യത്തിന്റെ അടയാളമെങ്കിലും മതി.

ഈശോ നമ്മോട് പറയുന്നു, നാം മറ്റുള്ളവരോട് കരുണ കാണിച്ചാല്‍  ദൈവം ഏഴിരട്ടിയായി നമ്മോടും കരുണ കാണിക്കും. നമുക്ക് നമ്മുടെ ശത്രുക്കളെ സ്‌നേഹിക്കാന്‍ കഴിയുന്നുണ്ടോ?, അവരെ കാണുമ്പോള്‍  വേറൊരു വഴിയായ് പോകുന്നതല്ലാതെ ഇന്നീ ലോകത്ത്    കരുണയുടെ അംശം തെല്ലും ഇല്ല എന്നു വേണമെങ്കില്‍ പറയാം.

നമുക്ക് നമ്മുടെ മുമ്പില്‍ ഒരുപാട് നന്മകള്‍ ചെയ്യാന്‍ കാണും. പക്ഷേ നമ്മള്‍ അതിനോട് എങ്ങനെ സമീപിക്കുന്നു എന്നതിലാണ് ദൈവത്തോടുള്ള സ്‌നേഹം പ്രകടമാകുന്നത്. രോഗികളെ സന്ദര്‍ശിക്കുവാനും അഗതികളും അശരണരുമായവരോട് ആശ്വാസ വാക്കുകള്‍ പറയുവാനും, ഒരു നേരത്തെ ആഹാരത്തിനുവേണ്ടികൈനീട്ടുന്നവരുടെ ആവശ്യങ്ങള്‍ നാം കണ്ടില്ലെന്ന് നടിക്കാതെ, എല്ലാവരോടും കരുണയോടെ വര്‍ത്തിക്കുവാനും കരുണയുടെ മക്കളായ നമുക്ക് സാധിക്കണം.

ആരെങ്കിലും ഒരാള്‍ കരുണയുമായ് മുമ്പോട്ടിറങ്ങിയാല്‍ ഒരു കൂട്ടം ആളുകള്‍ നമ്മുടെ സഹായത്തിനായ് മുമ്പോട്ടു വരും.'ആര് ആദ്യം?' എന്ന ചോദ്യമാണ് നമ്മുടെ ഇടയിലുള്ളത്.

അനേക മാതൃകകള്‍ കാട്ടിത്തന്ന മദര്‍തെരേസയെപ്പോലെ, അതുപോലെയുള്ള അനേക വ്യക്തികളെപ്പോലെ ആകാന്‍ നാം എന്തുകൊണ്ട് പരിശ്രമിക്കുന്നില്ല?. നമ്മുടെ കുടുംബം, നമ്മുടെ മക്കള്‍ എന്ന ചിന്ത മാത്രം നമ്മുടെ ഇടയില്‍ ഉണ്ടാകാതെ നാം കാണുന്ന ഓരോ വ്യക്തികളും നമ്മുടെ കുടുംബത്തിലെ അംഗങ്ങളാണെന്നു ചിന്തിച്ചാല്‍  നമുക്ക് ഓരോരുത്തര്‍ക്കും കരുണയുടെ മക്കളായ് തീരാന്‍ സാധിക്കും.

നമ്മള്‍ നമ്മുടെ കുടുംബത്തിനും മക്കള്‍ക്കും സമൂഹത്തിനും മാതൃകയായാല്‍ മാത്രമേ വളര്‍ന്നുവരുന്ന തലമുറയും ഒരല്‍പ്പമെങ്കിലും കാരുണ്യം കാണിക്കുകയുള്ളൂ.

നമ്മള്‍ പത്ത് കാരുണ്യപ്രവര്‍ത്തികള്‍ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുത്താല്‍, വരുന്ന തലമുറ അതില്‍ ഒന്നാവും ചെയ്യാന്‍ പോവുക, അതാണല്ലോ നാം ഓരോ ദിവസവും കണ്ടുവരുന്നത്.

ഒരു ചെകിട്ടത്തടിക്കുന്നവനോട് മറ്റേ ചെകിടും കൂടി കാണിച്ചു കൊടുക്കാന്‍ നമ്മള്‍ ഓരോരുത്തരും സന്നദ്ധരായാല്‍ മാത്രമേ കരുണയുടെ നീര്‍ച്ചാല്‍ വറ്റാതെ ഇരിക്കുകയുള്ളൂ. നമ്മോടു ഓരോ ദിവസവും ഇടപെടുന്നവരോട്, കാണുന്നവരോട് നാം സ്‌നേഹത്തോടെ അല്പമെങ്കിലും ക്ഷമയോടെ വര്‍ത്തിക്കണം.

വിശുദ്ധ അല്‍ഫോന്‍സാമ്മ, താന്‍ മറ്റുള്ളവര്‍ക്ക് ഓരോ നന്മകള്‍ ചെയ്യുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന ആ സന്തോഷത്തില്‍ സ്വയം ആത്മസംതൃപ്തി നേടിയിരുന്നു. അങ്ങനെ അനേക വിശുദ്ധരും നല്ലവരായ പേരുകേട്ട ഒരു തലമുറയും മണ്‍മറഞ്ഞു പോയി. അവരുടെ പേരും പ്രസക്തിയും ഇന്നും നിലനില്‍ക്കുന്നു. നാം സ്വയം ചിന്തിക്കുക, അവരെപ്പോലെ നമ്മുടെ തലമുറയില്‍ ആരെങ്കിലും ഉണ്ടോ എന്ന് ഇല്ലെങ്കില്‍  നാം സ്വയം മുന്നിട്ടിറങ്ങുകയും അങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.

പരിശുദ്ധപിതാവ് 2016 കരുണയുടെ വര്‍ഷമായ് പ്രഖ്യാപിച്ചു. ഇനിയും വിരലിലെണ്ണാന്‍ മാത്രമേ ഈ കാരുണ്യവര്‍ഷത്തില്‍ ദിവസങ്ങള്‍ ശേഷിക്കുന്നുള്ളൂ. നമുക്ക് സ്വയം ചിന്തിക്കാം ഈ ഒരു വര്‍ഷം എന്തുമാറ്റമാണ് നമ്മുടെ ജീവിതത്തില്‍ സൃഷ്ടിച്ചതെന്ന്.

മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് ചിന്തിക്കാതെ ഞാനെന്ന അഹംഭാവം മറന്ന് മുന്നിട്ടിറങ്ങുവാന്‍ ഓരോരുത്തര്‍ക്കും സാധിക്കണം.. നമ്മുടെ മുമ്പില്‍ കാണുന്ന ഓരോ വഴികളും നാം കാരുണ്യത്തിന്റെ വഴിയായി കാണുകയും പാപത്തിന്റെ അവസ്ഥകളില്‍ നിന്നും മാറി സ്വയം പുതുസൃഷ്ടി ആവുക എന്നതാണ് പരമപ്രധാനം ഈ വാക്യം നമ്മുടെ ഹൃദയത്തില്‍ സംഗ്രഹിക്കുകയും ചെയ്യാം

അങ്ങനെ വരും വര്‍ഷങ്ങളില്‍ കാരുണ്യത്തിന്റെ മാതൃകയായി, സ്വയം ഇല്ലാതായിക്കൊണ്ട് മറ്റുള്ളവര്‍ക്കായ് ജീവിക്കുവാന്‍, ഇന്ന് ദൈവം നമ്മെ വിളിക്കുന്നുവെങ്കില്‍ ആ വിളിയെ സ്വീകരിച്ചുകൊണ്ട് പരിശുദ്ധാത്മാവിന്റെ നിറവില്‍ ജീവിക്കുകയും, ഈ ജീവിതത്തിനൊടുവില്‍ ഈശോയെ ദര്‍ശിക്കുവാനും അവിടുത്തെ ദൈവദൂതന്‍മാരായും തീരുന്നതിനായ് നമുക്ക് പരിശ്രമിക്കാം. അതിനായ് ദൈവം നമ്മെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ. ആമ്മേന്‍

 

344 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 131527