ദണ്ഢവിമോചനം
ലിജു ജോസഫ്‌

കരുണയുടെ ഈ വര്‍ഷത്തില്‍ ദണ്ഢവിമോചനത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ദണ്ഢവിമോചനം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് നാം ചെയ്യുന്ന ഒരു പാപത്തിന്റെ കാലികശിക്ഷയില്‍ നിന്നുമുള്ള വിടുതലെന്നാണ്. ദൈവകരുണ മനുഷ്യന് ഏറ്റവും ആവശ്യമുള്ളത്  മനുഷ്യന്റെ പാപമോചനത്തിന്റെ  മേഖലയിലാണ്. കാരണം അത് ദൈവത്തിന് മാത്രം ചെയ്യുവാന്‍ കഴിവുള്ള കാര്യമാണ്. പാപിയെ തേടി വരികയും, പാപിയെ അവനായിരിക്കുന്ന അവസ്ഥയില്‍ മനസ്സിലാക്കുകയും ചെയ്യുന്ന ദൈവം, പാപമോചനത്തിന്റെ മേഖലയിലാണ്  ഏറ്റവും വലിയ കാരുണ്യം വര്‍ഷിക്കുന്നത്. സ്‌നാപകയോഹന്നാന്‍ ഈശോയെ ലോകത്തിന് പരിചയപ്പെടുത്തുന്നതു തന്നെ 'ഇതാ ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്'  (യോഹ 1:29). എന്ന് പറഞ്ഞാണ്. എന്റെ പാപം ഇല്ലാതാക്കിയവന്‍ - അതാണ് ഈശോയുമായുളള എന്റെ ബന്ധത്തിന്റെ തുടക്കമെന്ന സത്യം നാം തിരിച്ചറിയണം. ഒരു വ്യക്തിക്ക് ദൈവവുമായുളള ബന്ധം ആരംഭിക്കുന്നത് പാപമോചന അനുഭവത്തില്‍ നിന്നാണ്.

ഒരു വ്യക്തി പാപം ചെയ്യുമ്പോള്‍ അവന്‍ നിത്യശിക്ഷയ്ക്കും കാലികശിക്ഷയ്ക്കും     അര്‍ഹനാകുന്നു. പാപിയെ കാത്തിരിക്കുന്നത് നിത്യശിക്ഷയായ നരകമാണ്. ഒരു തിന്മ ചെയ്യുന്ന വ്യക്തി നരകത്തില്‍പ്പോകാന്‍ അതിനാല്‍ത്തന്നെ അര്‍ഹനാണ്. ഓരോ മാരകപാപത്തിലും നരകം ഉള്‍ചേര്‍ന്നിരിക്കും-വിഷത്തില്‍ മരണം പോലെ. 

നാം ചെയ്ത മാരകപാപം നമ്മിലുളവാക്കിയ നരകശിക്ഷ ഇല്ലാതാക്കാന്‍ വിശുദ്ധ കുമ്പസാരത്തിലൂടെ മാത്രമേ കഴിയൂ. അതിനാല്‍ കുമ്പസാരത്തിലൂടെ നമുക്ക് നിത്യശിക്ഷയില്‍നിന്നും വിടുതല്‍ ലഭിക്കും. അതേസമയം കാലിക ശിക്ഷ ശേഷിക്കുന്നു. കാലിക ശിക്ഷയില്‍ നിന്നുമുളള മോചനം - ദണ്ഢവിമോചനമാണ് ശുദ്ധീകരണസ്ഥലത്തിലെ നമ്മുടെ കാലാവധി നിശ്ചയിക്കുന്നത്. നാം ചെയ്ത പാപം മൂലം മറ്റുളളവര്‍ക്കുണ്ടായ നഷ്ടങ്ങളും പ്രതിസന്ധികളും പരിഹരിക്കാന്‍ പറ്റുന്നിടത്തോളം നാം പരിഹരിക്കണം. എന്നാല്‍ പരിഹരിക്കാന്‍ പറ്റാത്ത ഗര്‍ഭച്ഛിദ്രം, കൊലപാതകം തുടങ്ങിയ പാപങ്ങള്‍ക്ക് പരിഹാരം ശുദ്ധീകരണസ്ഥലത്തിലെ അനുഭവങ്ങളിലൂടെ കടന്നുപോവുകയെന്നതാണ്; അവ വളരെ കഠിനമാണ്. അതിലേക്ക് ചെന്നെത്താതിരിക്കാന്‍ വേണ്ടി ദൈവം തന്റെ കരുണയാല്‍ തിരുസഭയില്‍ നമുക്ക് ദണ്ഢവിമോചനങ്ങള്‍ക്കായി അവസരങ്ങള്‍ നല്കുന്നു. അതുകൊണ്ടാണ് മാര്‍പാപ്പ ഈ കരുണയുടെ വര്‍ഷത്തില്‍ ദണ്ഢവിമോചനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്കുന്നത്. 

കുമ്പസാരമെന്ന കൂദാശയുടെ ഭാഗമായിട്ടാണ്  ദണ്ഢവിമോചനത്തെ നാം മനസ്സിലാക്കേണ്ടത്. കാരണം, കുമ്പസാരത്തിനു ശേഷം വൈദികന്‍ പ്രായശ്ചിത്തം കല്‍പിക്കും. ഈ പ്രായശ്ചിത്തം ഒരു സൂചനയാണ്. നാം ചെയ്ത പാപങ്ങള്‍ക്ക് ദൈവപുത്രന്‍ പരിഹാരം ചെയ്തു. ആ ദൈവപുത്രന്റെ പരിഹാരത്തോട് ചേര്‍ന്ന് നമ്മളാലാവുന്ന പരിഹാരം ചെയ്യേണ്ടതുണ്ട് എന്നതിന്റെ സൂചന. ആദിമ സഭയില്‍ ഇപ്രകാരം നിശ്ചയിക്കപ്പെട്ട പ്രായശ്ചിത്തങ്ങളുടെ ഭാഗമായിട്ടാണ്  ദണ്ഢവിമോചനം ആരംഭിച്ചത്. 

ദണ്ഢവിമോചനം തന്നെ 'പൂര്‍ണ്ണ ദണ്ഢവിമോചനം', 'ഭാഗിക ദണ്ഢവിമോചനം' എന്നിങ്ങനെ രണ്ടായി തരംതിരിക്കപ്പെടുന്നുണ്ട്. ഒരു പാപത്തിന്റെ കാലികിക്ഷയില്‍നിന്നുമുള്ള പൂര്‍ണ്ണമായ വിടുതലാണ് പൂര്‍ണ്ണ ദണ്ഢവിമോചനം. എന്നാല്‍ പൂര്‍ണ്ണമായും വിടുതല്‍ ലഭിക്കുന്നില്ലെങ്കില്‍ ഭാഗിക ദണ്ഢവിമോചനം മാത്രമാകുന്നു. ഇവിടെ നാം ചെയ്ത എല്ലാ  പാപങ്ങളുടേയും വിടുതലല്ല  ഒരു ദണ്ഢവിമോചനം എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഒരു ദണ്ഢവിമോചനം ഒരു  പാപത്തിന്റെ കാലിക ശിക്ഷയില്‍നിന്നുമുള്ള മോചനം മാത്രമാണ്. ഭാഗിക ദണ്ഢവിമോചനം നാം ചെയ്യുന്ന ചെറുതും വലുതുമായ പുണ്യപ്രവൃത്തികളിലൂടെ നമുക്ക് ലഭിക്കുന്നു. ഏതെങ്കിലും നിയോഗം വച്ചാണ് പുണ്യപ്രവൃത്തികള്‍ ചെയ്യേണ്ടതെങ്കിലും, പിന്നീടായാലും നിയോഗം ചെയ്ത പുണ്യപ്രവൃത്തിയോട് ചേര്‍ത്ത് വയ്ക്കാമെന്ന് വി. അക്വീനാസ് നമ്മെ പഠിപ്പിക്കുന്നു. പാപാവസരത്തിലാണ് നാം ഈ പുണ്യപ്രവര്‍ത്തികള്‍ ചെയ്യുന്നതെങ്കില്‍ അതിന്റെ ഫലം ലഭിക്കുന്നത് കുമ്പസാരത്തിലൂെടയാണ്. ചുരുക്കത്തില്‍ എപ്പോള്‍ നമുക്ക് വരപ്രസാദം ലഭിക്കുന്നുവോ അപ്പോള്‍ നാം മുന്‍പ് ചെയ്ത സല്‍പ്രവര്‍ത്തികളുടെ പുണ്യം നമുക്ക് കൈവരുന്നു. കരുണയുടെ ഈ വര്‍ഷത്തില്‍ ദണ്ഢവിമോചനങ്ങള്‍ പ്രാപിക്കാന്‍ സഭ കൂടുതല്‍ കൂടുതല്‍ അവസരങ്ങള്‍ നമുക്കായ് ഒരുക്കിയിട്ടുണ്ട്. സഭ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രായശ്ചിത്തപ്രവൃത്തികള്‍ ചെയ്തു കരുണയുടെ വാതിലിലൂടെ ദേവാലയത്തില്‍ പ്രവേശിക്കുമ്പോള്‍ ദണ്ഢവിമോചനം പ്രാപിക്കുന്നു. റോമില്‍  നിശ്ചയിച്ചിട്ടുളളതുപോലെ, മെത്രാന്‍മാരും ചില ദേവാലയങ്ങളും, വാതിലുകളും നിശ്ചയിച്ചിട്ടുണ്ട്. കരുണയുടെ വാതിലിലൂടെ ദേവാലയത്തില്‍ പ്രവേശിച്ച് അവിടെ വച്ച് ചെയ്യുന്ന ഓരോ ഭക്തകൃത്യങ്ങളും നമുക്ക് ദണ്ഢവിമോചനങ്ങള്‍  നേടിത്തരുന്നു. ഇത് ഈ കരുണയുടെ വര്‍ഷത്തില്‍ മാത്രം ലഭിക്കുന്ന അവസരങ്ങളാണ്.

വി. ത്രീത്വത്തിന്റെ എലിസബത്ത് എന്ന വിശുദ്ധ പറയുന്നു, ശുദ്ധീകരണസ്ഥലത്തില്‍ നാം അനുഭവിക്കാന്‍ പോകുന്ന വേദനകളും സഹനങ്ങളും എന്തെന്ന് നാം മനസ്സിലാക്കിയിരുന്നെങ്കില്‍ തിരുസഭ നമുക്ക് നല്കുന്ന ദണ്ഢവിമോചനങ്ങള്‍  പ്രാപിക്കാന്‍ ജീവിതം മുഴുവന്‍ നാം  പരിശ്രമിക്കുമായിരുന്നു.

സോദരരേ, ശുദ്ധീകരണസ്ഥലത്തിലെ വേദനകളില്‍നിന്നും ആശ്വാസം ലഭിക്കുവാന്‍ മുന്നില്‍ തുറന്ന് കിടക്കുന്ന എല്ലാ അവസരങ്ങളും ദണ്ഢവിമോചനങ്ങള്‍ക്കായി നമുക്ക് പ്രയോജനപ്പെടുത്താം.

308 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141691