നന്ദി ചൊല്ലി തീര്‍ക്കുവാനീ ജീവിതം പോരാ
ജോബിന്‍ അഗസ്റ്റ്യന്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യാനികള്‍ തങ്ങളുടെ വിശ്വാസത്തെപ്രതി ക്രൂരമായ പീഡനം ഏറ്റുവാങ്ങികൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. മനുഷ്യമന:സാക്ഷി മരവിച്ച് പോകുന്ന രീതിയിലുള്ള പീഡനമാണ് ക്രിസ്ത്യാനികള്‍ നേരിടുന്നത്. എന്നിരുന്നാലും പീഡനം നടക്കുന്ന ഒരിടത്തും തിരിച്ചുള്ള അക്രമമോ ചെറുത്തുനില്‍പ്പോ കാണാന്‍ കഴിയുന്നില്ല. ലോക ജനസംഖ്യയില്‍ മുന്‍പില്‍ നില്‍ക്കുന്ന ക്രിസ്തീയ സമൂഹത്തെക്കുറിച്ച് ആരും തന്നെ മോശമായ രീതിയില്‍ സംസാരിക്കുന്നില്ല എന്നതാണ് നമ്മുടെ ഈ സ്‌നേഹത്തിനും സഹിഷ്ണുതയ്ക്കും കാരണം. എന്ത് സവിശേഷതയാണ് മറ്റ് സമൂഹങ്ങളില്‍ നിന്ന് നമ്മെ വ്യത്യസ്തരാക്കുന്നത്.

കാരണങ്ങള്‍ തേടി അലയണ്ട, നസ്രത്തിലെ ചെറുപ്പകാരനായ ആ തച്ചന്‍ തന്നെ! മനുഷ്യ വംശത്തെ ദൈവപുത്രസമരാക്കുക എന്ന തന്റെ പിതാവിന്റെ ദൗത്യവും പേറി വന്ന ഈശോയ്ക്ക്, രാജകുമാരനായ് പിറന്ന് മനുഷ്യരക്ഷ സാധ്യമാക്കാമായിരുന്നു. എന്നിട്ടോ കാലിത്തൊഴുത്തില്‍ പിറന്ന് കച്ചയില്‍ ഉറങ്ങി കൂലിവേലചെയ്ത് ജീവിച്ച് ഒടുവില്‍ കാല്‍വരി കുരിശില്‍ തൂങ്ങി തന്റെ അവസാനതുള്ളി ചോരയും നമുക്ക് തന്ന് സ്‌നേഹത്തിന്റെയും സഹനത്തിന്റെയും എളിമയുടേയും മാതൃക അവിടുന്ന് കാണിച്ച് തന്നു. ആ ക്രിസ്തുവിന്റെ അനുയായികളായ നമുക്ക് എങ്ങനെ മറ്റുള്ളവരെ ദ്വേഷിക്കാന്‍ കഴിയും. ഈ സവിശേഷതയാണ് മറ്റുള്ളവരുടെ മുന്‍പില്‍ നമ്മെ ബഹുമാനിതരാക്കുന്നതും.

ഇത്രമേല്‍ നമ്മെ സ്‌നേഹിക്കുന്ന നാഥന്  നാം എന്താണ് പകരം നല്കിയത്? നാം ധ്യാനം കൂടിയും  പ്രാര്‍ത്ഥിച്ചും നേടിയെടുത്തു എന്ന് കരുതുന്നതെല്ലാം അവിടുത്തെ അനന്തകാരുണ്യത്തിന്റെ ഫലമല്ലെ? നാം അഹങ്കാരത്തോടെ പറയുന്ന നമ്മുടെ ജോലിയും കഴിവുകളും നമ്മുടെ കുടുംബവും അങ്ങനെ എല്ലാമെല്ലാം അവിടുത്തെ ദാനമല്ലെ. ഇതിനൊക്കെ എന്താണ് നാം അവിടുത്തേക്ക് പകരം നല്കുക. മെഴുകുതിരി വില്‍ക്കുന്നവന്റെ ദയനീയത മുതലാക്കി അവനോട് വിലപേശി വാങ്ങി കത്തിച്ച ഒരു കൂട്ടം മെഴുകുതിരികളോ? പേഴ്‌സിലെ അറകര്‍ മാറി മാറി തിരഞ്ഞ് കണ്ടെത്തിയ ഒരു പിടി ചില്ലറ തുട്ടുകളോ? നാം പോലും പങ്കെടുക്കാത്ത കുര്‍ബ്ബാനയ്ക്ക് പണം കെട്ടിയ കുറേ രസീതുകളോ? ഇതൊക്കെയാണോ നാം നാഥന് പകരം നല്കിയത്? ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഈശോ നമ്മോട് പറയുന്നു, 'എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത്. (മത്തായി 25:40). പ്രിയമുള്ളവരെ, ഇതു തന്നെയാണ് നാഥന്‍ നമ്മില്‍ നിന്ന് പ്രതീക്ഷിക്കുന്ന ബലിയും. നമ്മുടെ അനുദിന ജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന അനേകരുണ്ട്. അവരില്‍ ചിലര്‍ക്കെങ്കിലും ചെറിയ സഹായമെങ്കിലും ചെയ്തുകൊടുക്കാന്‍ നമുക്ക് കഴിഞ്ഞെന്ന് വരും. എന്നിട്ടും അവരില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി വലിയ പ്രാര്‍ത്ഥനക്കാരാണെന്ന് സ്വയം കരുതി നടക്കുന്നു. പ്രവര്‍ത്തികൂടാതെയുള്ള പ്രാര്‍ത്ഥന അതില്‍തന്നെ നിര്‍ജ്ജീവമാണ് എന്ന് നമുക്കറിയാം. അതിനാല്‍ നമ്മുടെ പ്രാര്‍ത്ഥനകളെ ജീവിതമാകുന്ന പ്രവര്‍ത്തിപഥത്തില്‍ എത്തിക്കാം. ഈശോ നമ്മോട് പറയുന്നു, നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക.  അയല്‍ക്കാരന്റെ ജാതിയോ, മതമോ, വര്‍ഗ്ഗമോ, വര്‍ണ്ണമോ നോക്കാന്‍ അവിടുന്ന് പറഞ്ഞില്ല, പക്ഷെ നമ്മുടെ അയല്‍പക്ക സ്‌നേഹം ഇതൊക്കെ നോക്കിയാണ്. ഇതുപോലെ തന്നെ സോഷ്യല്‍ മീഡിയ വഴി ആളുകളെ സഹായിക്കാന്‍ നമുക്ക് വലിയ താത്പര്യമാണ്. മറ്റുള്ളവരുടെ ഫോട്ടോകള്‍ ദയനീയത തുളുമ്പുന്ന അടിക്കുറിപ്പുകളോടെ പ്രദര്‍ശിപ്പിക്കുക, അതിന് കിട്ടുന്ന ലൈക്കും, ഷെയറും കണ്ട് സന്തോഷിക്കുക. യഥാര്‍ത്ഥത്തില്‍ നമ്മുടെ സ്‌നേഹമാകുന്ന ലൈക്കും ദൈവം ദാനമായി തന്ന സമ്പത്തിന്റെ ഷെയറുമല്ലെ നാം ചെയ്യേണ്ടത്. എന്നാലല്ലെ നാം ദൈവത്തി ന്റെ ദാനത്തിന് ജീവിതം കൊണ്ട് നന്ദി പറയുന്ന യഥാര്‍ത്ഥ  ക്രിസ്യാനിയാകൂ.

കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍   ഡേവിസ് ചിറമ്മല്‍ അച്ചനോട് ഒരമ്മ പറഞ്ഞു, ' ഞങ്ങള്‍ക്ക് അച്ചനേ വലിയ ഇഷ്ടമാണ്. അച്ചനോട് സംസാരിക്കണം എന്നൊക്കയുണ്ട്. എന്നാലും ഉള്ളില്‍ ഒരു പേടി. അച്ചനോട് സംസാരിച്ച് വരുമ്പോള്‍ അച്ചന്‍ എന്റെ  കിഡ്‌നി യെങ്ങാനും ചോദിച്ചാലോ. അച്ചനല്ലേ തരില്ല എന്ന് പറയാനും വയ്യ.' ഇതുകേട്ട അച്ചന്‍ പറഞ്ഞു, 'എന്റെ  അമ്മാമ്മേ, കിഡ്‌നി ഒന്നും ആര്‍ക്കും കൊടുക്കേണ്ട, കുഞ്ഞുപിള്ളേര് തോറ്റ് പോകുന്ന മോണകാട്ടിയുള്ള ഈ ചിരിയുണ്ടല്ലോ, അത് കൊടുത്താല്‍ മതി മറ്റുള്ളവര്‍ക്ക്. '

കേള്‍ക്കുമ്പോള്‍ നമുക്കൊരു തമാശയായി തോന്നാം. പക്ഷേ സ്‌നേഹത്തോടുകൂടിയുള്ള ഒരു ചിരി മറ്റുള്ളവരില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയെന്ന് വരാം. ദിവസവും നമ്മെ അഭിവാദ്യം ചെയ്യുന്ന നമ്മുടെ ഓഫീസിലെ അല്ലെങ്കില്‍ ഫ്‌ളാറ്റിലെ സെക്യൂരിറ്റിമാരോട് ദൈവസ്‌നേഹത്തിന്റെ ഒരു ചിരി സമ്മാനിച്ചു  പ്രത്യാഭിവാദനം ചെയ്തു നോക്കൂ. ഏതാനും ദിവസം കഴിയുമ്പോള്‍ അയാള്‍ക്ക് നമ്മോടുള്ള പെരുമാറ്റത്തിന്റെ മാറ്റം നമുക്ക് മനസിലാകും.അതിനര്‍ത്ഥം നമ്മിലെ ദൈവസ്‌നേഹം നാം മറ്റുള്ളവരിലേക്ക് പകര്‍ന്നു എന്ന് തന്നെയാണ്. ഇങ്ങനെയുളള ചെറിയ കാര്യങ്ങള്‍ വഴി ഈശോയുടെ സ്‌നേഹത്തിന്റെ സുവിശേഷത്തിന്റെ പ്രഘോഷകരായി മാറാന്‍ നമുക്ക് സാധിക്കും. അങ്ങനെ ജീവിതം കൊണ്ട് ദൈവിക ദാനങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ച്  നാഥനോടുളള നന്ദിയാല്‍ സ്വയം എരിഞ്ഞ് സ്‌നേഹത്തിന്റെ പ്രകാശം പരത്തുന്ന മെഴുകുതിരിയായി നമുക്ക് മാറാം.ദൈവകരുണയുടെ ഈ വര്‍ഷത്തില്‍ കാരുണ്യപ്രവര്‍ത്തകള്‍ ചെയ്തുകൊണ്ട് മറ്റുള്ളവര്‍ക്ക് വേണ്ടി മധ്യസ്ഥ പ്രാര്‍ത്ഥന നടത്തി സ്വന്തം ജീവിതംകൊണ്ട്  ഈശോയ്ക്ക് നന്ദി പറഞ്ഞ് യഥാര്‍ത്ഥ ക്രിസ്ത്യാനിയായി നമുക്ക് മാറാം. അപ്പോള്‍ ദൈവിക ദാനത്തിന്റെ   നീര്‍ച്ചാലുകള്‍ നമ്മുടെ ജീവിതത്തിലേയ്ക്ക് ഇനിയും ഒഴുകും. അപ്പോള്‍ നമ്മളും പറയും, 'നന്ദി ചൊല്ലി തീര്‍ക്കുവാനീ ജീവിതം പോരാ നാഥാ….'.

314 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 131523