രണ്ടുള്ളവന്‍ ഒന്നില്ലാത്തവന് കൊടുക്കട്ടെ
സോണി ബേബി

ഈ നൂറ്റാണ്ടില്‍ വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു ചിന്തയാണിത്. രണ്ടുള്ളവന്‍ ഒന്നില്ലാത്തവനുമായി പങ്കുവയ്ക്കട്ടെയെന്ന് കേള്‍ക്കുമ്പോള്‍ പലരുടെയും മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത് ഇത് ഒരു കമ്യൂണിസ്റ്റ് ചിന്താഗതി അല്ലേയെന്നാണ്. അങ്ങനെ ചോദിക്കുന്നവരോട് വി. ജറോമിന്റെ വാക്കുകള്‍ മാത്രമേ പറയുവാനുള്ളൂ. 'വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ചുള്ള അജ്ഞത ക്രിസ്തുവിനെക്കുറിച്ചുള്ള അജ്ഞതയാണ് '. കിട്ടുന്നതെല്ലാം സ്വന്തമായിക്കരുതി വലിയൊരു സമൂഹത്തെ പട്ടിണിയിലാക്കുന്ന ഈ കാലഘട്ടത്തിന്റെ ഒരത്യാവശ്യമായി മാറിയിരിക്കുന്ന ഒരു കാര്യമാണ് 'മറ്റുള്ളവരെ സഹായിക്കുക' എന്നുള്ളത്. അതുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നമ്മളോട് ഇങ്ങനെ ആഹ്വാനം ചെയ്യുന്നതും- 'നമ്മുടെ നാഥന്‍ നമ്മെ പഠിപ്പിച്ചതുപോലെ നമ്മളും നമ്മുടെ സഹജീവികളോട് സ്‌നേഹത്തോടെ പെരുമാറണം'. എന്താണ് ക്രിസ്തീയ സ്‌നേഹം? അതിരുകളും, തിരികെ ലഭിക്കുമെന്ന പ്രതീക്ഷകളും, പ്രതിഫലമോഹങ്ങളും ഇല്ലാത്ത സ്‌നേഹം. നമ്മള്‍ ഇന്ന് മെച്ചപ്പെട്ട ജീവിതരീതിയില്‍ ജീവിക്കുന്നുണ്ടെങ്കില്‍ അത് നമ്മുടെ പൂര്‍വ്വികര്‍ നമ്മോടു കാണിച്ച സ്‌നേഹത്തിന്റെ ഫലമാണ്. ദൈവം നമ്മോടു പറയുന്നു, 'നിങ്ങളുടെ പിതാവ് കരുണയുള്ള വനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍'(ലൂക്ക 6:36). കുറച്ചുകൂടി വ്യക്തമായി അവിടുന്ന് നമ്മോടു പറയുന്നു, തിരിച്ചു കിട്ടുമെന്നു പ്രതീക്ഷിച്ച് എന്തെങ്കിലും ചെയ്യാതെ ഒന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവര്‍ക്ക് നന്‍മ ചെയ്യുകയും വായ്പ കൊടുക്കുകയും ചെയ്യുവിന്‍.

എല്ലാം ദാനമായിക്കിട്ടിയതാണ്. ചില മുതിര്‍ന്ന വ്യക്തികളും ചോരത്തിളപ്പുള്ള ഒത്തിരി യുവാക്കളും ചിലപ്പോഴൊക്കെ പറയാറുണ്ട്, ഈ കാണുന്നതെല്ലാം എന്റെ സമ്പാദ്യമാണ്, ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കിയതാണ്, എന്റെ വിയര്‍പ്പാണിത്, ഇതില്‍ തൊട്ടാല്‍ കളിമാറും, എന്നൊക്കെ. നിസ്സാരപ്രശ്‌നങ്ങളില്‍ തുടങ്ങിയ അതിര്‍ത്തിതര്‍ക്കങ്ങള്‍ രൂക്ഷമായി സഹോദരങ്ങളുടെ കൊലപാതകങ്ങളില്‍ കലാശിച്ച ഏറെ സംഭവങ്ങള്‍ നമ്മുടെ നാടിനു പറയുവാനുണ്ട്. ആ നമ്മെ നോക്കി ദൈവം ചോദിക്കുന്നു. എല്ലാം ദാനമാണെന്നിരിക്കെ, മനുഷ്യാ നീ എന്തിനു അഹങ്കരിക്കുന്നു? ഇപ്പോഴത്തെ തലമുറയ്ക്കു വന്ന വലിയൊരു ദുരന്തമാണ് ആര്‍ക്കും ഒന്നും മറ്റുള്ളവനുമായി പങ്കുവയ്ക്കാന്‍ അറിയില്ലയെന്നുള്ളത്. അവര്‍ ജനിക്കുന്ന നാള്‍ മുതല്‍ അവരുടെ വിദ്യാഭ്യാസത്തിനും, അഭിലാഷങ്ങള്‍ സാധിച്ചുകൊടുക്കാനും പരക്കം പായുകയാണ് ഇന്നത്തെ മാതാപിതാക്കള്‍. മക്കള്‍ക്ക് ഒരു ടെന്‍ഷനുമില്ല. ഒന്നോ രണ്ടോ മക്കള്‍ മാത്രമുള്ള ഇന്നത്തെ പല വീടുകളിലും കുറഞ്ഞതൊരു ആറു മക്കള്‍ക്കെങ്കിലും സുഭിക്ഷമായി ജീവിക്കുവാനുള്ള സ്വത്തുണ്ടാകും. അതുകൊണ്ടുതന്നെ ആ രണ്ടു മക്കളും അതെല്ലാം ധൂര്‍ത്തടിച്ച് വളരെ ആര്‍ഭാടമായി ജീവിക്കും. മറ്റുള്ളവരിലേക്ക്, പാവപ്പെട്ടവനിലേക്ക് നോക്കി അവനെ സഹായിക്കാന്‍ ആരും അവരെ പഠിപ്പിക്കുന്നില്ല.

ദൈവം നമുക്ക് ദാനമായി തന്ന സമ്പത്തില്‍നിന്നും നാം പറ്റുന്ന രീതിയില്‍ ദാനം ചെയ്യണം. സമ്പത്ത് മാത്രമല്ല; നമ്മുടെ സമയം, ആരോഗ്യം, അറിവ്, സ്‌നേഹം, കഴിവുകള്‍ തുടങ്ങിയവയെല്ലാം മറ്റുള്ളവര്‍ക്ക് പങ്കുവച്ചു കൊടുക്കുമ്പോള്‍ സ്വര്‍ഗ്ഗത്തിലെ നമ്മുടെ നിക്ഷേപം വര്‍ദ്ധിക്കും. പക്ഷെ അതൊരിക്കലും സമൂഹത്തിലെ നിന്റെ വിലകൂടാനുള്ള ഉദ്ദേശത്തോടുകൂടിയാകരുത്; നിറഞ്ഞ സന്തോഷത്തോടെ, വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്ന മനോഭാവത്തോടെ, എല്ലാ മഹത്വവും ദൈവത്തിനര്‍പ്പിച്ച് നമുക്ക് പങ്കുവച്ചു തുടങ്ങാം...

419 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 140897