ക്ഷമിക്കുന്ന സ്‌നേഹം
ജേക്കബ്

'ഒരാള്‍ക്കു മറ്റൊരാളോടു പരിഭവമുണ്ടാ യാല്‍ പരസ്പരം ക്ഷമിച്ചു സഹിഷ്ണുത യോടെ വര്‍ത്തിക്കുവിന്‍. കര്‍ത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെതന്നെ നിങ്ങളും ക്ഷമിക്കണം' (കൊളോ 3:13).

സ്വാഭാവികമായി മനുഷ്യരായ നാമെല്ലാവരും നേരിടുന്ന ഒരു പ്രശ്‌നമാണ് ചെറിയ കാര്യങ്ങള്‍ക്കുപോലും മറ്റുള്ളവരോടു തോന്നുന്ന വെറുപ്പും വൈരാഗ്യവും. പ്രത്യേകിച്ച് കാരണമൊന്നും വേണമെന്നില്ല. ഒരു തരം ഇഷ്ടമില്ലായ്മ, ദേഷ്യം, എന്തോ ഒരുതരം വിദ്വേഷസ്വഭാവം. ഒരു പരിധിവരെ നമുക്കറിയാം ഇത് തെറ്റാണെന്ന്. കാര്യം നിസ്സാരം; പക്ഷെ പ്രശ്‌നം ഗുരുതരമാക്കാന്‍ ഈ കോപം മതി. എന്നാല്‍ എല്ലാ അറിവും നമ്മുടെ വേദനയോ, വെറുപ്പോ എടുത്തു മാറ്റുന്നുമില്ല.

മാനുഷികമായി നാം ചിന്തിക്കുന്നതിലും വളരെ ഗൗരവമായ അപകടകാരിയാണ് ഈ വെറുപ്പ്. നാം വെറുക്കുന്ന വ്യക്തിയേക്കാള്‍ അത് നാശം വരുത്തിവയ്ക്കുന്നത് നമുക്കു തന്നെയാണ്. അത് പലപ്പോഴും നാം മനസ്സിലാക്കാറില്ല. വെറുപ്പ് നിറഞ്ഞ ദേഷ്യത്തോടുകൂടിയുള്ള നമ്മുടെ സംസാരം മറ്റൊരാളെ കൊലചെയ്യുന്നതിനു തുല്യമാണ്.

ഓരോ കുടുംബവും ഇന്ന് ഒരു യുദ്ധഭൂമി പോലെയല്ലേ? രണ്ടുവിധത്തിലാണ് ഈ യുദ്ധം നടക്കുന്നതെന്നുമാത്രം. വാക്കുകളാലും പ്രവൃത്തികളാലും നടത്തുന്ന യുദ്ധമൊന്ന്. മറ്റൊന്ന് ഒന്നിനോടുമുള്ള പ്രതികാരം പുറമേ കാട്ടാതെയുള്ള മൗനയുദ്ധം. ഇതിലേതു തരക്കാരാണ് നമ്മള്‍? വി. പൗലോസ് എഫേസോസുകാര്‍ക്കെഴുതിയ ലേഖനത്തില്‍പ്പറയുന്നു, 'ദൈവം ക്രിസ്തു വഴി നിങ്ങളോട് ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണ കാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാറുവിന്‍' (എഫേ. 4:32).

പ്രിയപ്പെട്ടവരെ, നിങ്ങളുടെ ജീവിതത്തില്‍ മറ്റുള്ളവരാല്‍ മുറിവ് സംഭവിച്ചിട്ടുണ്ടോ? ഭാര്യയായ നീ ഭര്‍ത്താവിനാല്‍ എന്തുമാത്രം മുറിവനുഭവിച്ചിരിക്കുന്നു? ഭര്‍ത്താവായ നീ ഭാര്യയില്‍ നിന്നനുഭവിച്ച തിക്താനുഭവങ്ങള്‍. സ്‌നേഹമില്ലാതെ പരസ്പരം വേദനിപ്പിച്ച് ജീവിക്കുന്ന കുടുംബജീവിതം; മക്കളാല്‍ വേദനിക്കുന്ന മാതാപിതാക്കള്‍, മാതാപിതാക്കളാല്‍ വേദനിക്കുന്ന മക്കള്‍, മക്കളില്ലാത്തതിന്റെ പേരില്‍ പരസ്പരം പഴിച്ചു ജീവിക്കുന്ന ദമ്പതികള്‍, പ്രണയം തകര്‍ത്ത യുവത്വങ്ങള്‍, വേദനകളുടെ കയ്പ് നിറഞ്ഞ ഓര്‍മ്മകളിങ്ങനെ നീളുന്നു... വേദനിപ്പിക്കുന്ന സംഭവങ്ങളാല്‍ മുറിവ് ഇന്നും പച്ചയായിരിക്കുകയാണ് ഇതുവരെ കരിഞ്ഞിട്ടില്ല.

ഈ ഭൂമിയിലുള്ള ഓരോ ജീവജാലങ്ങളും ഏതെങ്കിലുമൊരുതരത്തില്‍ മുറിവേല്‍ക്കപ്പെട്ടവരാണ്. മനുഷ്യരായ നമുക്കാണ് ദൈവം ബുദ്ധിയും, വിവേകവും തന്നിരിക്കുന്നത്. ആ നമ്മള്‍ മൃഗത്തെപ്പോലെ പെരുമാറിയാലുള്ള അവസ്ഥ!!! ഓര്‍ക്കുക, നമ്മെ സൃഷ്ടിച്ച ആ സൃഷ്ടാവ് എത്രമാത്രം വേദനിക്കുന്നുവെന്ന് ആരും ചിന്തിക്കുന്നില്ല. ഏറിയാല്‍ 70-80 വര്‍ഷം ആയുസ്സുള്ള മനുഷ്യന്‍, ഇന്ന് പകയും വെറുപ്പും ഉള്ളില്‍ക്കൊണ്ടുനടന്ന് എന്തെല്ലാമോ വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയിലാണ്. ഇതിനിടയില്‍ ആരോട് എങ്ങനെ ക്ഷമിക്കണം, സ്‌നേഹിക്കണം എന്ന് ചിന്തിക്കാന്‍ പോലും സമയം കിട്ടുന്നില്ല എന്നതാണവസ്ഥ.

ക്ഷമിക്കുന്നില്ലായെങ്കില്‍, വാസ്തവത്തില്‍ എന്നും നഷ്ടം സഹിക്കേണ്ടത്, വേദനയനുഭവിക്കേണ്ടത് നീയാണ്. ക്ഷമിക്കാതെ വെറുപ്പിലും വൈരാഗ്യത്തിലും ജീവിക്കുമ്പോള്‍ സമയം നീങ്ങുന്നതോടൊപ്പം നിങ്ങളുടെ സ്വഭാവവും, ഇടപെടലും എന്തിന് മുഖഭാവംപോലും വ്യത്യാസപ്പെടുന്നു. ഏതു വ്യക്തിയെ നീ വെറുക്കുന്നുവോ അവനെപ്പോലെ നീയും ആയിത്തീരുന്നു. പ്രശ്‌നങ്ങളില്ലാത്ത മനുഷ്യരില്ല, കുടുംബജീവിതവുമില്ല. പരസ്പരം ക്ഷമിക്കുക, സഹിക്കുക, കരുണയോടെ പെരുമാറുക, നിനക്ക് നല്‍കിയിട്ടുള്ള സഹനങ്ങള്‍ എന്തു തന്നെയായാലും ഈശോയോടു ചേര്‍ന്നു നിന്ന് അത് സഹിക്കാന്‍ ശ്രമിക്കുക. നിന്റെ ജീവിതം സ്വര്‍ഗ്ഗതുല്യമാകും. പൂന്തോട്ടത്തിലെ പൂമ്പാറ്റകളെപ്പോലെ നിനക്കും പാറിനടക്കാനാകും. ചെടികളിലെ മുള്ളുകളൊന്നും നിന്നെ മുറിവേല്‍പ്പിക്കില്ല. പൂര്‍ണ്ണമായും ക്ഷമിച്ചെങ്കില്‍ മാത്രമേ ഈ സന്തോഷം നമുക്ക് ലഭിക്കുകയുള്ളൂ. ക്ഷമിക്കുന്നുവെങ്കില്‍ നിനക്ക് മോചനമുണ്ട്. ക്ഷമിക്കുക - വിട്ടുകളയുക - സ്വാതന്ത്ര്യം പ്രാപിക്കുക.  

മറക്കുന്നത്, ഒഴിവുകഴിവ് പറയുന്നത്, പ്രശ്‌നം ഗൗരവമല്ല എന്നു നടിക്കുന്നത്, മറ്റുള്ളവരെ അംഗീകരിക്കാത്തത്, സഹിച്ചു കഴിഞ്ഞുകൂടുന്നത്, മറ്റുള്ളവരില്‍ കുറ്റം അടിച്ചേല്‍പ്പിക്കുന്നത്, സ്വയം കുറ്റം ഏറ്റെടുക്കുന്നത്, ഒന്നും ചെയ്യാതിരിക്കുന്നത്.... ഈ പറഞ്ഞതൊന്നും ക്ഷമയല്ലെന്നോര്‍ക്കുക. താത്ക്കാലിക ആശ്വാസത്തിനുവേണ്ടി ഒരു പ്രശ്‌നവുമില്ല എന്ന് മറ്റുള്ളവരെ ബോധിപ്പിക്കാന്‍വേണ്ടി നമ്മള്‍ സ്വീകരിക്കുന്ന കുറുക്കുവഴികളാണിവയെല്ലാം. ക്ഷമിക്കാനുള്ള ഹൃദയം എങ്ങനെ കെട്ടിപ്പണിയാം? 

ദൈവം നമ്മുടെ പാപങ്ങള്‍ ക്ഷമിച്ചതുപോലെ നാം മറ്റുള്ളവരോടും ക്ഷമിക്കുക. അനുദിനജീവിതത്തില്‍ നമുക്കും ക്ഷമയുടെ ആവശ്യമുണ്ടെന്ന് മനസ്സിലാക്കുക. അപ്പോള്‍ ക്ഷമിക്കാനുള്ള ഹൃദയം കെട്ടിപ്പണിയുവാന്‍ നമുക്കു സാധിക്കും..

950 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141691