കരുണയുടെ ഉടയോന്‍
ജിസ ഷൈജു

2015 ഡിസംബര്‍ 8 മുതല്‍ 2016 നവംബര്‍ 20 വരെ കരുണയുടെ മഹാജൂബിലി വര്‍ഷമായി ആചരിക്കുകയാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാമല്ലോ? നമ്മുടെ പ്രിയപ്പട്ട ഫ്രാന്‍സീസ് മാര്‍പാപ്പ ഒരുപാട് സന്ദേശങ്ങളും നിര്‍ദ്ദേശങ്ങളും നമുക്ക് നല്കിയിട്ടുണ്ട്. സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ കരുണയുടെ മുഖമാണ് ഈശോ. വിശക്കുന്നവര്‍ക്കു ഭക്ഷണം കൊടുത്തുകൊണ്ടും, ദുഃഖിതരെ ആശ്വസിപ്പിച്ചും, പാപികളെ സ്‌നേഹിച്ചും, രോഗികളെ സുഖപ്പെടുത്തിയുമൊക്കെ ഈശോ കരുണയുടെ മുഖമായി മാറി.

ഈ അവസരത്തില്‍ കരുണയുടെ സുവിശേഷമായ ലൂക്ക 6:36 നമുക്കൊന്നു ശ്രദ്ധിക്കാം. 'നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍' . എങ്ങനെയാണ് പിതാവായ ദൈവം നമ്മോട് കരുണ കാണിച്ചത്?'എന്തെന്നാല്‍ അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു' (യോഹ. 3:16). അതെ, ഇതായിരുന്നു ദൈവം പാപികളായ നമ്മോടു കാണിച്ച ഏറ്റവും വലിയ കരുണ. പാപികളായ നമുക്കുവേണ്ടി പാപമില്ലാത്തവന്‍ നമ്മുടെ പാപങ്ങളേറ്റെടുത്തു. അര്‍ഹതയില്ലാതിരുന്നിട്ടും പിതാവായ ദൈവം നമ്മോടു കാണിക്കുന്ന സ്‌നേഹത്തിന്റെ ബാഹ്യമായ പ്രകടനമാണ് ദൈവകരുണ. ദൈവം നമ്മളോരോരുത്തരോടും കാണിച്ച മറ്റൊരു കരുണയാണ് ദിവ്യകാരുണ്യം. കരുണയുടെ വറ്റാത്ത ഉറവിടമാണത്. തന്നെത്തന്നെ മുറിച്ചു പങ്കിടുന്ന കരുണ. 'ഇത് നിങ്ങള്‍ക്കായ് മുറിക്കപ്പെടുന്ന എന്റെ ശരീരമാണ്'(മത്താ. 26:26) എന്നു പറഞ്ഞുകൊണ്ട് ഈശോ ദിവ്യകാരുണ്യമായി നാമോരോരുത്തരിലും അലിഞ്ഞുചേരുന്നു. അങ്ങനെ ഈശോയും നാമും ഒന്നാകുന്നു. 

കരുണയുടെ സുവിശേഷത്തില്‍ ധാരാളം ഉപമകളിലൂടെ ഈശോ ദൈവകരുണ യുടെ വിവിധമുഖങ്ങള്‍ നമ്മെ പരിചയപ്പെടുത്തുന്നു. നല്ല സമരിയാക്കാരന്റെയും, ധൂര്‍ത്തപുത്രന്റെയും, കാണാതായ ആടിന്റെയും ഉപമകളെല്ലാം നമുക്കേറെ പരിചിതമാണ്. നല്ല സമരിയാക്കാരന്റെ ഉപമയില്‍ കവര്‍ച്ചക്കാരന്റെ കയ്യിലകപ്പെട്ട ആ വ്യക്തി സമരിയാക്കാരന് അപരിചിതനായിരുന്നു. എന്നിരുന്നാലും സമരിയാക്കാരന്‍ അയാളെ സ്വന്തം സഹോദരനെപ്പോലെ പരിചരിക്കുകയും അവനോടു കരുണ കാണിക്കുകയും ചെയ്യുന്നു. ഈ ഉപമകളിലൂടെ 'നിന്റെ  സഹോദരനെ നിന്നെപ്പോലെ സ്‌നേഹിക്കണം'  (ലൂക്ക 10:2) എന്ന് വ്യക്തമാക്കുന്നു. ധൂര്‍ത്തപുത്രന്റെ ഉപമയില്‍ നമ്മെത്തന്നെയാണ് നാം കാണുന്നത്. പിതാവിന്റെ സ്വത്തെല്ലാം ധൂര്‍ത്തടിച്ച് പാപത്തില്‍ വീണ് തിരിച്ചു ചെന്നിട്ടും അവന്‍ മനസ്സലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചുവെന്ന് വചനം പറയുന്നു (ലൂക്കാ. 15:20). പിതാവായ ദൈവത്തിന്റെ സ്‌നേഹത്തിനും വാത്സല്യത്തിനും കരുണയ്ക്കും അതിര്‍വരമ്പുകളില്ലെന്ന് ഈശോ നമുക്കു കാണിച്ചു തരുന്നു. കൂടാതെ, പാപബോധവും പശ്ചാത്താപവും നിറഞ്ഞ പാപിനിയായ സ്ത്രീയ്ക്ക് പാപബോധവും പ്രത്യാശയും നല്കിക്കൊണ്ട് പാപികളെ സ്‌നേഹിക്കുന്ന അവരെ മാറോടണയ്ക്കുന്ന ദൈവസ്‌നേഹം ഈശോ തന്റെ പ്രവൃത്തികളിലൂടെ നമുക്കു കാണിച്ചുതരുന്നു. ഈ ലോകത്തെ സുഖസന്തോഷങ്ങളേക്കാള്‍  നിത്യജീവന്‍ ആയിരിക്കണം നമ്മുടെ യഥാര്‍ത്ഥ ലക്ഷ്യം. അതാണ് ദൈവത്തിന്റെ ആഗ്രഹവും.

'കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ അവര്‍ക്കു കരുണ ലഭിക്കും' (മത്താ.5:7).സുവി ശേഷഭാഗ്യങ്ങളില്‍ ഒന്നാണിത്. നമുക്ക് ഈശോ തന്ന കരുണ മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കുവാന്‍ നാം ബാദ്ധ്യസ്ഥരാണ്. പരിശുദ്ധാത്മാവ് നിറഞ്ഞ വ്യക്തികള്‍ക്കേ മറ്റുള്ളവരോടു അനുകമ്പയുണ്ടാകൂ. നാമെല്ലാം പ്രാര്‍ത്ഥനാജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. പ്രാര്‍ത്ഥന കൂടുതല്‍ അനുഭവവേദ്യമാകണമെങ്കില്‍ നാം മറ്റുള്ളവരോട് കരുണയുള്ളവരായിരിക്കണം. ഒരു വ്യക്തി മറ്റുള്ളവരോട് എത്രമാത്രം കരുണ കാണിക്കുന്നുവോ അതേ അളവില്‍ ദൈവം തിരിച്ചും കാണിക്കും. 'കരുണ്യം കാണിക്കാത്തവന്റെമേല്‍ കാരുണ്യരഹിതമായ വിധിയുണ്ടാ കും' (യാക്കോ. 2:13) എന്നും വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

നാ മറ്റുള്ളവരോട് കരുണയുള്ളവരായിരിക്കണം എന്ന് തിരുസ്സഭ നമ്മെ പഠിപ്പിക്കുന്നുണ്ട്. ആദ്ധ്യാത്മികവും ശാരീരികവുമായ പതിനാലു കാരുണ്യ പ്രവൃര്‍ത്തികള്‍ പഠിപ്പിച്ചുകൊണ്ട് സഭ അതു വ്യക്തമാക്കുന്നു. എന്നാല്‍, ശരിയായ അര്‍ത്ഥത്തിലാണോ നാം മറ്റുള്ളവരോടു കരുണ കാണിക്കുന്നതെന്ന് നമുക്കൊന്നു ചിന്തിക്കാം. ഒരിക്കല്‍ ഒരു വീട്ടില്‍ ഒരു വിവാഹം നടന്നു. ഗംഭീരമായ സദ്യ തന്നെ അവരൊരുക്കി. ഒരുപാട് ആളുകള്‍ ക്ഷണിക്കപ്പെട്ട ഒരു വിരുന്നായിരുന്നു അത്. എന്നാല്‍, എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിയാത്തതുകൊണ്ട് ധാരാളം ഭക്ഷണസാധനങ്ങള്‍ ബാക്കി വന്നു.  അവ കളയണ്ട എന്നു കരുതി അവര്‍ അത് തൊട്ടടുത്ത ഒരു വൃദ്ധ സദനത്തിലേക്കു കൊടുത്തു. ഇതാണോ ദൈവം ആഗ്രഹിക്കുന്ന കരുണ? ഒരിക്കലുമല്ല. നമുക്കു ആവശ്യമില്ലാത്തതും ഉപയോഗിക്കുവാന്‍ സാധിക്കാത്തതുമായ സാധനങ്ങള്‍ മറ്റുള്ളവര്‍ക്കു കൊടുക്കുന്നതല്ല കരുണ. നമ്മുടെ ജീവിതത്തില്‍ നാം എവിടെയെങ്കിലുമൊക്കെ വിജയിച്ചതായി തോന്നുന്നുണ്ടെങ്കില്‍ അതെല്ലാം ദൈവത്തിന്റെ ദയ ഒന്നുകൊണ്ടു മാത്രമാണെന്ന് നാം തിരിച്ചറിയണം.

അവിടുന്നു പറയുന്നു, 'ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍'(മത്താ.10:8). നമ്മുടെ ആരോഗ്യവും, കുടുംബവും, ജീവനും, ജീവിതവുമെല്ലാം ദൈവത്തിന്റെ കരുണയാണ്. നാം ഇന്ന് എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ അത് ദൈവത്തിന്റെ പരിപാലന ഒന്നുകൊണ്ടു മാത്രമാണ്. അതു കൊണ്ടു തന്നെ ദൈവം നമുക്ക് തന്നതെല്ലാം പങ്കുവെയ്ക്കാന്‍ നാം ബാദ്ധ്യസ്ഥരാണ്. കരം നീട്ടി കരുണ സ്വീകരിച്ചവര്‍ക്കു മാത്രമേ കരുണ കൊടുക്കുവാനും കഴിയൂ. കരുണ കൊടുക്കുവാനുള്ളതാണ്. അത് ആപേക്ഷികമായ ഒന്നല്ല. മൗലികമായ അവകാശമാണ്. ഈ സത്യം മനസ്സിലാക്കി നമുക്കുള്ളതെല്ലാം മറ്റുള്ളവരുമായി പങ്കുവെയ്ക്കാന്‍ നമുക്കു ശ്രമിക്കാം. നമുക്ക് ആവശ്യമില്ലാത്തവ കൊടുക്കുന്നതിനേക്കാള്‍ നമുക്ക് ആവശ്യമുള്ളവ മുറിച്ചുപങ്കുവെയ്ക്കാന്‍ നമുക്കു ശ്രമിക്കാം.

ദൈവത്തിന്റെ കരുണയെക്കുറിച്ചറിയാനും നാം മറ്റുള്ളവരോട് എപ്രകാരമാണ് കരുണ കാണിക്കേണ്ടത് എന്നതിനെക്കുറിച്ചെല്ലാം ചിന്തിക്കാനും മനസ്സിലാക്കാനും അതിനായി പരിശ്രമിക്കാനുമൊക്കെയായുള്ള നല്ലൊരവസരമായി ഈ കരുണയുടെ വര്‍ഷത്തെ കരുതാം. അതോടൊപ്പം ഈശോ കാണിച്ചുതന്ന കരുണയുടെ ജീവിതമാതൃക നമുക്കും പിന്തുടരാന്‍ ശ്രമിക്കാം.

504 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 140896