വ്യക്തിത്വത്തിന്‍ തിരിച്ചറിവ്
സന്തോഷ് സൈമണ്‍

തഴക്കദോഷം. യേശുക്രിസ്തുവിനെയറിഞ്ഞ് രക്ഷയുടെ അനുഭവത്തിലേക്ക് വന്നതിനുശേഷവും അനേകര്‍ അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് 'തഴക്കദോഷങ്ങള്‍';  ചില പാപങ്ങള്‍ വിടാതെ പിടിമുറുക്കുന്ന അവസ്ഥ. വര്‍ഷങ്ങളായി പ്രാര്‍ത്ഥിച്ചിട്ടും പല പ്രാവശ്യം കുമ്പസാരമെന്ന കൂദാശ സ്വീകരിച്ചിട്ടും ആ പാപങ്ങള്‍ വിട്ടുമാറാത്ത അവസ്ഥ അല്ലെങ്കില്‍ അതില്‍നിന്നും പൂര്‍ണ്ണ വിടുതല്‍ കിട്ടാത്ത അവസ്ഥ. എന്നാല്‍, ബൈബിള്‍ പറയുന്നു, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെ നമുക്കു സ്വാതന്ത്ര്യം ഉണ്ട്.

തഴക്കദോഷങ്ങളില്‍നിന്നും എങ്ങനെ പൂര്‍ണ്ണ വിടുതല്‍ പ്രാപിക്കുവാന്‍ സാധിക്കുമെന്ന് ദൈവവചനത്തിന്റെ അടിസ്ഥാനത്തില്‍ നമുക്ക് ചിന്തിക്കാം. 

എന്താണ് തഴക്കദോഷം?

പാരമ്പര്യമായിട്ടോ, സാഹചര്യങ്ങളിലൂടെയോ വളരെ കുഞ്ഞുനാളിലോ മാതാപിതാക്കളിലൂടെയോ മറ്റു വ്യക്തികളിലൂടെയോ നമ്മിലേക്കു വരുന്ന പാപം; വീണ്ടും ആവര്‍ത്തിക്കപ്പെടുമ്പോള്‍ ആ പാപത്തിന്റെ പുറകിലുള്ള തിന്മ അഥവാ പൈശാചിക ശക്തി നമ്മില്‍ ആധിപത്യം ഉറപ്പിക്കുകയും നമുക്ക് പാപത്തില്‍നിന്നും പിന്നെയൊരിക്കലും നമ്മുടെ സ്വന്തം ശക്തിയാല്‍ മോചനം നേടാന്‍ കഴിയാതെവരുകയും ചെയ്യുന്ന അവസ്ഥയാണ് തഴക്കദോഷം.

എങ്ങനെ നമുക്ക് തഴക്കദോഷത്തില്‍നിന്നും പൂര്‍ണ്ണ വിടുതല്‍ പ്രാപിക്കാന്‍ സാധിക്കും? സങ്കീ. 119:9 ഇപ്രകാരം പറയുന്നു, 'യുവാവ് തന്റെ മാര്‍ഗ്ഗം എങ്ങനെ നിര്‍മ്മലമായി സൂക്ഷിക്കും? അങ്ങയുടെ വചനമനുസരിച്ച് വ്യാപരിച്ചു കൊണ്ട'്'.

ആദ്യമായി നമ്മെയലട്ടുന്ന ഈ തഴക്കദോഷത്തെയും ഈ പാപത്തിന്റെ പുറകിലുള്ള പൈശാചിക സുഖത്തെയും വെറുത്തുപേക്ഷിക്കുവാന്‍ ആത്മാര്‍ത്ഥമായി നാം തീരുമാനം എടുക്കണം. അതുപോലെത്തന്നെ പാപസാഹചര്യങ്ങളെ ഒഴിവാക്കുവാന്‍ മന:പൂര്‍വ്വം ശ്രമിക്കണം. 

രണ്ടാമതായി, നമ്മുടെ ചിന്തകളെ നിയന്ത്രിക്കണം. പലപ്പോഴും നാം ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് ചിന്തകളെ നിയന്ത്രിക്കുകയെന്നത്. പിശാച് ഒരു മ്ലേച്ഛതയുടെയോ, അഹങ്കാരത്തിന്റെയോ, വെറുപ്പിന്റെയോ വിഷചിന്ത നമുക്ക് തന്നുകഴിഞ്ഞാല്‍ അപ്പോള്‍ത്തന്നെ അതിനെ നിയന്ത്രിച്ചില്ലെങ്കില്‍ നാം തീര്‍ച്ചയായും ആ പാപത്തില്‍ വീണുപോകും.

മൂന്നാമതായി, നമ്മില്‍ ഈശോയാകുന്ന വചനത്തെ നിറയ്ക്കണം. ആദിയില്‍ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടുകൂടെയായിരുന്നു. വചനം ദൈവമായിരുന്നു. 

(വി.യോഹന്നാന്‍ 1:1)

എങ്ങനെ ഈശോയാകുന്ന വചനമനുസരിച്ച് വ്യാപരിക്കാമെന്ന് ദൈവവചനത്തിലൂടെ നമുക്കു നോക്കി കാണാം.ഉദാഹരണം പറയുകയാണെങ്കില്‍, ഏതെങ്കിലുമൊരു മേഖലയില്‍ അഹങ്കാരത്തിനടിമയായ അല്ലെങ്കില്‍, എത്ര ശ്രമിച്ചിട്ടും മറ്റുള്ളവരെ അംഗീകരിക്കുവാന്‍ പറ്റാത്ത അവസ്ഥയിലടിമപ്പെട്ട വ്യക്തിയാണെങ്കില്‍ നിനക്ക് എന്തു പ്രത്യേക മാഹാത്മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്? എല്ലാം ദാനമായിരിക്കെ, ദാനമല്ല എന്ന മട്ടില്‍ എന്തിനു നീ അഹങ്കരിക്കുന്നു?  (1കൊരി.4:7) എന്ന വചനം പല പ്രാവശ്യം വായിക്കുകയും, ധ്യാനിക്കുകയും, പരിശുദ്ധ അമ്മയെപ്പോലെ ഹൃദയത്തില്‍ സംഗ്രഹിക്കുകയും ചെയ്താല്‍, വചനം നമ്മെ ശുദ്ധീകരിക്കുകയും ദൈവസാന്നിദ്ധ്യംകൊണ്ട് നമ്മെ നിറയ്ക്കുകയും ഈ തഴക്കദോഷങ്ങളില്‍നിന്നു പൂര്‍ണ്ണ വിടുതല്‍ നേടിത്തരുകയും ചെയ്യുന്നു. 'ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്ധിയുള്ളവരായിരിക്കുന്നു'. (യോഹ.15:3) 'ആത്മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്ക്കുകയും ചെയ്യുന്നവനെയാണ് ഞാന്‍ കടാക്ഷിക്കുക.' (ഏശയ്യ. 66:2)

അതുപോലെത്തന്നെ നമ്മുടെയെല്ലാ തഴക്കദോഷങ്ങളുടേയും പ്രശ്‌നങ്ങളുടേയും പൂര്‍ണ്ണ പരിഹാരമാണ് വിശുദ്ധ ബൈബിള്‍. നമ്മെയേതു തഴക്കദോഷ മാണോ അലട്ടുന്നത് അതിന്റെ വിടുതലിനുവേണ്ടിയുള്ള വചനം ബൈബിളില്‍നിന്നു കണ്ടെത്തുകയും വായിക്കുകയും ധ്യാനിക്കുകയും ആ വചനത്തില്‍ വ്യാപരിക്കുകയും ചെയ്താല്‍ ആ തഴക്കദോഷത്തില്‍നിന്നും പൂര്‍ണ്ണ വിടുതല്‍ നേടാനാകുമെന്നു വിശുദ്ധ ബൈബിള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. യേശുവാകുന്ന വചനത്തെ മുറുകെപ്പിടിച്ചു കൊണ്ട് എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിച്ച് വിശുദ്ധിയില്‍ ചരിച്ച് നിത്യജീവനുവേണ്ടി മുന്നേറാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. 

462 Viewers

മദ്ധ്യപാനം നിർത്താൻ എത്ര ആഗ്രഹിച്ചട്ടും നടക്കുന്നില്ല

manu | March 7, 2018

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141690