ശൂന്യതയുടെ മഹത്വം
ബിജു ബെര്‍ണാഡ്

സൃഷ്ടിയുടെ ആരംഭത്തില്‍ത്തന്നെ ശൂന്യത അനുഗ്രഹത്തിന്റെ ആദ്യപടിയായി നമുക്കു കാണാം. ''ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനു മുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു'' (ഉല്‍പത്തി 1:2). രൂപരഹിതവും ശൂന്യവുമായിരുന്ന ഭൂമിയെ പിന്നീട് അനുഗ്രഹത്തിന്റെ നിറവുകൊണ്ട് സമ്പന്നമാക്കുന്ന ദൈവത്തെയും അവിടുത്തെ പ്രവര്‍ത്തികളെയുമാണ് ദൈവവചനത്തിന്റെ ഉള്‍ക്കാമ്പുകളിലുടനീളം നാം ദര്‍ശിക്കുന്നത്.

മരുഭൂമിയില്‍ മരുപച്ച തേടി വന്നിരിക്കുന്ന നമ്മുടെ ജീവിതവും അനേകം ശൂന്യത നിറഞ്ഞ വഴികളിലൂടെ കടന്നുപോയിട്ടുണ്ട്; അല്ലെങ്കില്‍ കടന്നുപോകുന്നുണ്ട്. ഒന്നുമില്ലായ്മ അഥവാ പ്രതീക്ഷയ്ക്ക് തെല്ലും വകയില്ലാത്ത നിശ്ചലാവസ്ഥയെ നമുക്ക് 'ശൂന്യത' എന്നു വിശേഷിപ്പിക്കാം. എന്നാല്‍ ദൈവമക്കളുടെ ജീവിതത്തില്‍ 'ശൂന്യത' ഒരു ആത്മസമര്‍പ്പണത്തിനും ആഴമായ ഒരു അടിയറവിനും കാരണമാകുന്നു. മനുഷ്യന്റെ എല്ലാ സാധ്യതകളും ഈ ശൂന്യതവരെയൊള്ളുതാനും. ഇവിടെയാണ് നമ്മുടെ സാധ്യതകള്‍ - നിത്യശിലയായ ദൈവത്തിലേക്ക് സര്‍വ്വവും സമര്‍പ്പിക്കുക. അവിടെ നിന്ന് - രക്ഷാശിലയായ ദൈവത്തില്‍നിന്ന് അനുഗ്രഹവും അഭിഷേകവും നിര്‍ഗ്ഗളിക്കുന്നു. ഈ ശൂന്യതയിലൂടെ കടന്നുപോയ നാം തമ്പുരാന്റെ അനുഗ്രഹത്തിനു പാത്രീഭൂതരാകുന്നു. എന്നാല്‍ കഴിഞ്ഞുപോയ ഈ ദൈവാനുഗ്രഹങ്ങളുടെയേടുകള്‍ നാമെന്നെങ്കിലും മറിച്ചു നോക്കിയിട്ടുണ്ടോ? ഇല്ല തീര്‍ച്ചയായുമുണ്ടാവില്ല - കണ്ണാടിയില്‍ മുഖം നോക്കി നമ്മുടെ മുഖം മറന്നുപോകുന്നതുപോലെ നമ്മളെന്നെയതെല്ലാം മറന്നു കഴിഞ്ഞു.

ശൂന്യത അനുഗ്രഹമായി മാറിയ പല ജീവിതങ്ങളെയും വിശുദ്ധ ഗ്രന്ഥത്തില്‍ നമുക്ക് ദൃശ്യമാണ്. പ്രായാധിക്യത്തിന്റെ കാലയളവാകുന്ന ശൂന്യതയിലൂടെ കടന്നുപോയ വൃദ്ധദമ്പതികളാണ് സാറയും അബ്രാഹമും. അവരുടെ ജീവിതത്തിലെ ശൂന്യതയ്ക്കു മുകളില്‍ ദൈവത്തിന്റെയനുഗ്രഹപ്രവാഹമായി ഇസഹാക്ക് ജനിക്കുന്നു. കാത്തിരുന്നും, പരസ്പരം അശ്വസിപ്പിച്ചും; ഇടയ്ക്ക് താലോലിക്കാന്‍ ഒരു കുഞ്ഞില്ലാത്തതിന്റെ മരവിപ്പും, ഇടയ്ക്ക് ജീവിതംതന്നെ മടുത്ത ഒരു ശൂന്യതയും, ഇവരുടെ ജീവിതത്തിലൂടെ കടന്നുപോയി. കണ്ണീരുകൊണ്ട് അവര്‍ ദൈവത്തിന് പ്രാര്‍ത്ഥനാതീര്‍ഥമൊരുക്കി കാത്തിരുന്നു. ഇവരുടെ ശൂന്യതയെ അവിടുന്ന് ആകാശത്തിലെ നക്ഷത്രം പോലെയും, കടല്‍ത്തീരത്തെ മണല്‍ത്തരി പോലെയും അളവുകളില്ലാത്ത അനുഗ്രഹമാക്കി മാറ്റുന്നു. ഇവിടെ 'ശൂന്യത' ഒരു കാത്തിരിപ്പും, അതിനുശേഷം വരുന്ന അനുഗ്രഹമാണെന്നുമുള്ള വലിയപാഠം നല്‍കിക്കൊണ്ട് വിശ്വസത്തിന്റെ പിതാവായ അബ്രഹാമും സാറായും സ്വര്‍ഗ്ഗത്തിലേക്ക് കടന്നു പോയി.

ഈജിപ്തിന്റെ അടിമത്വത്തില്‍നിന്നും ശൂന്യതയിലൂടെയും നിലവിളിയുടെയും മദ്ധ്യത്തിലൂടെ കടന്നുപോകുന്ന ദൈവത്തിന്റെ കരം- മോശയിലൂടെ ചെങ്കടല്‍ വരെ എത്തിയപ്പോള്‍ വീണ്ടും കടല്‍പോലെ അവരുടെ ശൂന്യത പരന്നു. ഇവിടെ കടല്‍ രണ്ടായി വിഭജിക്കപ്പെട്ട് വിശ്വാസത്തിന്റെ പാതയിലൂടെ കടന്നുപോകുന്നു. ഇവിടെ ദൈവകരത്തിന്റെ ശക്തി പ്രകടമാകേണ്ട വേദിയായി ഇസ്രായേല്‍ ജനത്തി ന്റെ ശൂന്യത മാറുന്നു. ദൈവം പിന്നെയും മനുഷ്യാവസ്ഥയുടെ അപ്രാപ്യമായ ശൂന്യതയെ സര്‍വശക്തനായ ദൈവത്തിന്റെ മഹത്വവേദിയാക്കി മാറ്റുന്നു. 

ദൈവനിയോഗത്തിനായി പോകേണ്ട യോനാ തന്റെ ഇഷ്ടങ്ങളുടെ വഴിയേ പോകുമ്പോള്‍ മത്സ്യത്തിന്റെ വായിലൂടെ അത്യഗാധ ഗര്‍ത്തത്തിന്റെ - അന്ധകാരത്തിന്റെ അടിത്തട്ടിലേക്ക് പതിയ്ക്കുന്നു. ശൂന്യത കോട്ടകെട്ടി പ്രവാചകനെ ആവരണം ചെയ്യുന്നു. അവിടെ നിന്ന് യോനായുടെ നിലവിളി രോദനങ്ങളായി, അണപൊട്ടിയൊഴുകുന്ന പ്രാര്‍ത്ഥനകളായി മാറുന്നു. ദൈവത്തിന്റെ രക്ഷയുടെ കരം യോനായെ സ്പര്‍ശിക്കുന്നു. മല്‍സ്യം യോനായെ ദൈവേച്ഛയുടെ തീരത്തിലേക്ക് ഛര്‍ദ്ദിച്ചിടുന്നു. ഇവിടെ ശൂന്യതയെ ദൈവം - തന്റെ ഇഷ്ടങ്ങളുടെ വഴിയേ നീങ്ങാനുള്ള വരമാക്കി മാറ്റുന്നു.

നല്ല കള്ളന്‍ സര്‍വ്വപ്രത്യാശയും നഷ്ടപ്പെട്ട് ശൂന്യത മാത്രം പേറി മരണത്തെ മുന്നില്‍ക്കാണുമ്പോള്‍ ആശ്രയവും അഭയവുമായവന്റെ വക്ഷസിലേക്ക് തല ചായിച്ചുകൊണ്ട് അപേക്ഷിക്കുന്നു, 'അങ്ങ് പറുദീസയിലായിരിക്കുമ്പോള്‍ എന്നേക്കൂടി ഓര്‍ക്കേണമേ'. ശൂന്യതയെ ഇവിടെ അവസാനരക്ഷയും മാര്‍ഗ്ഗവുമാക്കി വിജയകിരീടത്തിലേക്ക് നയിക്കുന്നു. 'നീ ഇന്ന് എന്നോടു കൂടെ പറുദീസയിലായിരിക്കും.'

എല്ലാ ശൂന്യതയേയും ഉള്‍ക്കൊണ്ടുകൊണ്ട് ദൈവപുത്രനായ യേശുതന്നെ ഭൂമിയിലേക്ക് രക്ഷാകര ദൗത്യം നിര്‍വ്വഹിക്കുവാന്‍ ഇറങ്ങി വരുന്നു. അവന്‍ ദൈവമായിരുന്നിട്ടും ദൈവത്തോടുള്ള സമാനത നിലനിര്‍ത്തേണ്ട കാര്യമായി പരിഗണിക്കാതെ തന്നെത്തന്നെ ശൂന്യനാക്കി രൂപത്തില്‍ മനുഷ്യനെപ്പോലെ ഭൂമിയിലേക്ക് കടന്നുവരാന്‍ ദൈവം ശൂന്യതയെ തിരഞ്ഞെടുക്കുന്നു. ശൂന്യത പിന്നെയും വിജയം വരിച്ച് മുന്നേറിക്കൊണ്ടിരിക്കുന്നു.

നമ്മുടെ ജീവിതത്തിലൂടെ ശൂന്യതകള്‍ കടന്നു പോകുമ്പോള്‍ ഒരു പക്ഷെ വ്യക്തിപരമായിരിക്കാം-കുടുംബപരമായിരിക്കാം-സാമ്പത്തിക ഞെരുക്കമായിരിക്കാം-ജോലി നഷ്ടമായിരിക്കാം; എന്തു ശൂന്യവിശേഷവുമായിരുന്നാലും ഭയപ്പെടേണ്ട, ശൂന്യതയെ പേറി ശൂന്യതയെ മഹത്വമാക്കിമാറ്റിയ യേശു നാഥന്‍ നമ്മോടു പറയുന്നു- 'ഭയപ്പെടേണ്ട ഞാന്‍ നിന്നോടു കൂടെയുണ്ട്'-  നിന്റെ ശൂന്യതകളെ എന്നേ ഞാന്‍ നിനക്കുവേണ്ടി മഹത്വമാക്കി മാറ്റിയിരിക്കുന്നു. ഇനി നമുക്ക് ഒരുമിച്ച് ദൈവത്തെ സ്തുതിച്ചുകൊണ്ട് ഒറ്റ സ്വരത്തില്‍ പറയാം.  ശൂന്യതകളെ നന്ദി. 

ദൈവമേ മഹത്വം

399 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141691