ഹൃദയം തുറന്നൊരു പങ്കുവെയ്ക്കല്‍
ജോര്‍ജ്ജ് മാത്യു

നാളുകള്‍ക്കുമുമ്പ് അടിയുറച്ച കത്തോലിക്കാ വിശ്വാസിയായിരുന്ന ഒരു എഞ്ചിനീയര്‍ ഒരു ഗ്രാമത്തിലൂടെ ടെലി്രഗാഫ് കേബിളുകള്‍ വലിക്കുന്ന ജോലിക്ക് നേതൃത്വം നല്കുകയായിരുന്നു. അപ്പോള്‍ ഈ ജോലി കൗതുകത്തോടെ നോക്കിനിന്ന ഒരു യുവാവിനോട് അല്പം അഹങ്കാരത്തോടു കൂടിത്തന്നെ ഈ എഞ്ചിനീയര്‍ പറഞ്ഞു, 'നിനക്കറിയാമോ ഈ ജോലി
പൂര്‍ത്തിയായാല്‍ ഇവിടെനിന്നും 200 മൈല്‍ അകലത്തേക്ക് അയയ്ക്കുന്ന ഒരു സന്ദേശത്തിന്  ഒരു മണിക്കൂറിനുള്ളില്‍ മറുപടി ലഭിക്കും' അപ്പോള്‍ ആ യുവാവ് മറുപടി പറഞ്ഞു. 'ഓ അതു വല്ല്യകാര്യമൊന്നുമല്ല'. ആ എഞ്ചിനീയര്‍ ചോദിച്ചു, 'ഇതിലും വേഗത്തില്‍ മറുപടി കിട്ടുന്ന എന്തെങ്കിലും നിനക്കറിയാമോ?'.  ആ യുവാവ് പറഞ്ഞു, 'ചോദിക്കുന്നതിന് മുമ്പേ എന്റെ ദൈവം എനിക്ക്  മറുപടി നല്കിയിട്ടുള്ള  അനേകം അവസരങ്ങളുണ്ട് എന്റെ ജീവിതത്തില്‍..'
 
സംശയത്തോടെ നിന്ന ആ എഞ്ചിനീയറോട് യുവാവ് ഒരനുഭവം പങ്കുവച്ചു. 'തന്റേത് വളരെ പാവപ്പെട്ട ഒരു  കുടുംബമായിരുന്നെന്നും, മാസാന്ത്യകടങ്ങള്‍ വീട്ടാനുള്ള തുകയാണ് പിതാവ് ജോലി സ്ഥലത്തുനിന്ന് ബാങ്കിലേക്ക് എല്ലാ മാസവും അയക്കാറുണ്ടാ യിരുന്നതെന്നും. ഒരു ദിനം ബാങ്കില്‍നിന്നും ആ മാസത്തെ തുക മുഴുവനും എടുത്തുകൊണ്ടുവന്നപ്പോള്‍ പണസഞ്ചി എവിടെയോ നഷ്ടപ്പെട്ടു.  വീട്ടിലാണെങ്കില്‍ ഈ പണം എത്തിയിട്ടു വേണം കടയിലും മറ്റും പണം കൊടുക്കാന്‍. പിന്നെ തന്റെ മുമ്പില്‍ ഒറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ, താന്‍ വിശ്വസിക്കുന്ന തന്റെ ദൈവത്തെ വിളിക്കുക. തന്റെ വീട്ടിലേക്കുളള യാത്രയില്‍ മുഴുവന്‍ ഇയൊരു കാര്യം പറഞ്ഞ്  പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. 'ഞാനെന്റെ ആകുലതകള്‍ പള്ളിയില്‍ ചെന്നിരുന്ന് ഏകാന്തതയില്‍ എന്റെ കര്‍ത്താവിനോട് പങ്ക് വച്ചു. ഞാന്‍ വീട്ടില്‍ ചെല്ലുമ്പോള്‍ കാണുന്നത് അമ്മയ്ക്ക് മണി ഓര്‍ഡര്‍ കൈമാറുന്ന പോസ്റ്റ്മാനെയാണ്. അതില്‍ ഇത്രമാത്രം എഴുതിയിരുന്നു'  "An unknown friend”

'തന്റെ മക്കളുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടി അറിയുകയും അവരുടെ നിലവിളി കേള്‍ക്കുന്നവനുമാണ് എന്റെ ദൈവം.' 
ഇത്രയും പറഞ്ഞ് ദൂരേക്ക് നടന്നുനീങ്ങിയ ആ യുവാവിനെ നോക്കിനിന്നപ്പോള്‍ ആ എഞ്ചിനീയര്‍ ഇങ്ങനെ ചിന്തിച്ചു 'എന്തേ എനിക്ക് ഇത്തരത്തിലുളള ഉത്തരം ലഭിക്കാത്തത്'. ഒരുപക്ഷെ ഇതേ അവസ്ഥയില്‍ തന്നെയല്ലെ നാമും?  എന്തേ നമ്മുടെ
പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നില്ല, എന്ന് നാമും ചിന്തിക്കാറില്ലേ? എന്തേ നാമോരോരുത്തരും ജീവിതപ്രതിസന്ധികളുണ്ടാകുമ്പോള്‍ സ്വന്തം ദൈവത്തിലും,  പ്രാര്‍ത്ഥനയിലും ആശ്രയിക്കാതെ മറ്റു പലരേയും തേടി പോകുന്നു?.
ഈ കഥയില്‍ ആ യുവാവിന്റെ മനോഭാവം ഒരുപക്ഷേ ആവശ്യങ്ങള്‍ ഉന്നയിക്കുക എന്നതു മാത്രമായിരുന്നില്ല. ആ യുവാവ് ദൈവത്തോട് പ്രാര്‍ത്ഥിച്ചിരുന്നത്. ആ യുവാവ് പറയുന്ന ഒരു കാര്യമുണ്ട്. 'താന്‍ തന്റെ ആകുലതകള്‍ ദൈവത്തോട് പങ്കുവെയ്ക്കുകയായിരുന്നു.'

ഒരുപക്ഷെ നമുക്കില്ലാത്തതും ഈ മനോഭാവമാണ്, പലപ്പോഴും ചൊല്ലുന്ന ജപങ്ങളുടെ എണ്ണത്തിലും, ഉപവാസങ്ങള്‍ക്കും, കാണുന്ന കുര്‍ബ്ബാനകള്‍ക്കും. എണ്ണം വച്ചുകൊണ്ട് വലിയ മധ്യസ്ഥ പ്രാര്‍ത്ഥനകളുടെ പിന്‍ബലം എടുക്കുന്ന നമുക്ക് എന്തുകൊണ്ടാണ്. ദൈവവുമായി ഈ ഒരു പങ്കുവെയ്ക്കലിന്റെ കുറവ് ഉണ്ടാകുന്നത് ?

പലപ്പോഴും നമ്മുടെ ആവശ്യങ്ങളും, ദുഃഖങ്ങള്‍ പറയുക എന്നതിനുമപ്പുറത്തേക്ക്, ദൈവവുമായി നാം സംസാരിക്കാന്‍ ശ്രമിക്കാറുണ്ടോ? ദൈവത്തിനു നമ്മോട് എന്താണ് പറയുവാനുള്ളതെന്ന് നാം ചിന്തിക്കാറുണ്ടോ? പ്രാര്‍ത്ഥന എന്നാല്‍ ദൈവവുമായുള്ള സംസാരം എന്നാണ്.

പക്ഷെ, നാം നമ്മുടെ നാഥനെ സംസാരിക്കാന്‍ അനുവദിക്കാറില്ല എന്നതാണോ സത്യം? എങ്കില്‍ ഇനിയെങ്കിലും നമുക്ക് വലിയ ഒച്ചപ്പാടുകളില്‍നിന്നുംമാറി ഏകനായി ഇരുന്നുകൊണ്ട് ദൈവത്തോട് സംസാരിക്കുവാനും ആ യുവാവിനെ പ്പോലെ ദൈവവുമായി എല്ലാം
പങ്കുവെയ്ക്കുന്നവരുമാകാന്‍ ശ്രമിക്കാം. അവിടുത്തോട് എല്ലാകാര്യങ്ങളിലും ആലോചന ചോദിക്കുന്നവരുമാകാം...

അതോടൊപ്പം ആ യുവാവിന്റെ വിശ്വാസവും നമുക്ക് മാതൃകയാക്കാം. 'നാം ചോദിക്കുന്നത് ദൈവം നല്കുമെന്ന അടിയുറച്ച വിശ്വാസം'. ആ യുവാവ്
പ്രതിസന്ധികള്‍ വന്നപ്പോള്‍ സ്വയം ദൈവത്തിന്റെ ചാരത്തേയ്ക്കാണ് നടന്നത്, ദൈവത്തോട് എല്ലാം പങ്കുവെയ്ക്കാന്‍.
പലപ്പോഴും പ്രതിസന്ധികള്‍ വരുമ്പോള്‍ നാം മറ്റുപലരുടേയും അടുത്തേക്കോടുന്നു. പ്രവചനങ്ങള്‍ നടത്തുന്നവരിലേക്ക്; അത്ഭുതങ്ങള്‍ നടത്തുന്നവരിലേക്ക്.  ഇനി ഓടുന്നതിനുമുമ്പ് നമുക്കൊരു നിമിഷം ചിന്തിക്കാം.

'വിളിക്കും മുമ്പേ ഞാന്‍ അവര്‍ക്ക് ഉത്തരമരുളും, പ്രാര്‍ത്ഥിച്ചുതീരും മുമ്പേ ഞാനതു കേള്‍ക്കും.'
(ഏശയ്യ 65:24)

368 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141691