വിശുദ്ധ കുര്‍ബ്ബാന സ്വീകരണം
റിനോ ഫ്രാന്‍സീസ്

ക്രിസ്തുവില്‍ പ്രിയപ്പെട്ട സഹോദരരേ, നമ്മുടെ ക്രിസ്തീയ ജീവിതത്തില്‍ വളരെയേറെ പ്രധാനപ്പെട്ട ഒരു കാലമാണല്ലോ നോമ്പു കാലം, യേശുവിന്റെ ജീവിതത്തിലെ 40 ദിവസം- ഉപവാസവും പീഡാസഹനത്തിന്റെ നാളുകളേയും ഒരുമിച്ച് നമ്മള്‍ അനുസ്മരിക്കുന്ന സമയമാണല്ലോ അത്. ഈയൊരു നിമിഷത്തില്‍  ഈ കഴിഞ്ഞു പോയ നോമ്പുകാലം നമ്മുടെ  ജീവിതത്തില്‍ എന്ത് മാറ്റമാണ് വരുത്തിയതെന്ന് നമുക്ക് ചിന്തിച്ച് നോക്കാം. നോമ്പുകാലത്തിന് മുമ്പും, നോമ്പുകാലത്തിന് ശേഷവുമുള്ള എന്റെ ആത്മീയ ജീവിതത്തില്‍  എന്തെങ്കിലും മാറ്റം വരുത്തുവാന്‍ എനിക്ക് കഴിഞ്ഞോ?  യേശു വിന്റെ അനന്തമായ സ്‌നേഹം എന്റെ ഹൃദയത്തില്‍ എന്നെന്നും കുടികൊള്ളുവാന്‍  ഏതെല്ലാം തിന്മയുടെ മേഖലകളെയാണ് എനിക്ക് പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കഴിഞ്ഞത്. 

പഴയ നിയമത്തില്‍ കര്‍ത്താവ് ജെറെമിയായോട് പറയുന്ന ഒരു ഭാഗമുണ്ട്. യൂദാ ജനത്തോട് വിളംമ്പരം ചെയ്യുക, നിങ്ങള്‍ മോഷ്ടിക്കുകയും, കൊല്ലുകയും, വ്യഭിചാരം ചെയ്യു കയും, കള്ളസാക്ഷി പറയുകയും, ബാല്‍ ദേവന് ധൂപമര്‍പ്പിക്കുകയും, നിങ്ങള്‍ അറിഞ്ഞിട്ടി ല്ലാത്ത ദേവന്‍മാരെ പിന്‍ചെല്ലുകയും ചെയ്തിട്ട്, എന്റെ നാമത്തിലുള്ള ഈ ആലയത്തില്‍ എന്റെ സന്നിധില്‍ വന്നു നിന്ന് ഞങ്ങള്‍ സുരക്ഷിതരാണെന്ന് പറയുന്നു. പ്രീയപ്പെട്ടവരേ, ഈ ചോദ്യം  നമ്മളോട് തന്നെ നമുക്ക് ചോദിക്കാം. ദേവാലയത്തിന്റെ പുറത്ത് ഈ ലോക ത്തിന്റെ രീതിയിലുള്ള ജീവിത ചെയ്തികളി ലേര്‍പ്പെട്ട് വെള്ളിയാഴ്ചകളില്‍ വിശുദ്ധ കുര്‍ബ്ബാന കാണാനെന്ന് പറഞ്ഞ് പള്ളിയില്‍  പോകുന്ന നമ്മുടെ മനോഭാവമല്ലെ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് ?!!

പുതിയ നിയമത്തില്‍  ഈശോ ഇങ്ങനെയാണ് പറയുന്നത്,  'നീ ബലിപീഠത്തില്‍ കാഴ്ച്ചയര്‍പ്പിക്കാന്‍ വരുമ്പോള്‍ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന്  നീ ഓര്‍ക്കുന്നെങ്കില്‍, ബലിവസ്തു അവിടെ വച്ച്, പോയി സഹോദരനുമായി രമ്യതപ്പെടുക.പിന്നെ തിരിച്ച് വന്ന് കാഴ്ച്ചയര്‍പ്പിക്കുക'( മത്താ. 5:2324). അപ്പോള്‍ മാത്രമാണ് നമ്മുടെ കാഴ്ച്ചയര്‍പ്പണം ദൈവത്തിന് സ്വീകാര്യമാകുന്നത്. അല്ലെങ്കില്‍ നമ്മുടെ ബലിയും, പഴയ നിയമത്തിലെ കായേന്റെ ബലിപോലെ ആയിത്തീരും. ഈ ഒരവസ്ഥ യില്‍നിന്ന്  രക്ഷനേടാനാണ് കുമ്പസാരം എന്ന കൂദാശ തിരുസ്സഭ വഴിയായി നമുക്ക് ലഭിച്ചിരിക്കുന്നത്. കുമ്പസാരത്തിലൂടെ വീണ്ടും ദൈവവരപ്രസാദത്തിന്റെ അവസ്ഥയിലേക്ക് തിരികെ വരാന്‍ നമുക്കവസരം ലഭിക്കുകയാണ്ചെ യ്യുന്നത്. അതിന്  നന്നായി ഒരുങ്ങി കുമ്പസാരം നടത്തേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ഹൃദയത്തില്‍ നിന്നുമുയരുന്ന പൂര്‍ണ്ണമായ പശ്ചാത്താപത്തോടെയുളള പാപങ്ങളുടെ ഏറ്റു പറച്ചിലാണ്  കുമ്പസാരത്തിലൂടെ ദൈവസന്നിധിയില്‍ എത്തിച്ചേരുന്നത്, അപ്പോഴാണ് നമുക്ക് പാപമോചനം ലഭിക്കുന്നതും, നമ്മുടെ ഹൃദയം പൂര്‍ണ്ണമായും സന്തോഷത്തിന്റെ അവസ്ഥയിലേക്ക്  തിരികെ വരുന്നതും .അതുകൊണ്ട് പകുതി പാപങ്ങള്‍ മാത്രം ഏറ്റു പറഞ്ഞ് കുമ്പസാരിക്കുന്നത് കൊണ്ട് പൂര്‍ണ്ണമായ സന്തോഷം, സ്വാതന്ത്ര്യം നമ്മുടെ ഹൃദയത്തിന് ലഭിക്കുന്നില്ല. പൂര്‍ണ്ണമായ സന്തോഷത്താല്‍ നിര്‍മ്മലമായ ഹൃദയത്തോടെ വി. കുര്‍ബ്ബാന അര്‍പ്പിക്കുമ്പോഴാണ് ആ ബലി സ്വീകാര്യമാകുന്നത്.

വിശുദ്ധമായ ജീവിതം നയിക്കുവാനും, പാപകരമായ അവസ്ഥയില്‍നിന്ന്  മോചനം തരുന്ന തിനും വേണ്ടിയാണല്ലോ ക്രിസ്തു വിശുദ്ധ കുര്‍ബ്ബാന സ്ഥാപിച്ചത്. വി. കുര്‍ബ്ബാനയിലൂടെ തന്റെ  ശരീരവും രക്തവും ക്രിസ്തു നമ്മുക്ക് പകര്‍ന്നു  തരുകയാണ്ചെയ്യുന്നത്. ആ വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നത്  വരപ്രസാദകരമായ അവസ്ഥയിലല്ലെങ്കില്‍ നമ്മള്‍ യേശുവിന്റെ  ശരീരത്തിനും, രക്തത്തിനും എതിരായി തെറ്റു ചെയ്യുകയല്ലെ ചെയ്യുന്നത് ? 'എന്റെ ശരീരം ഭക്ഷിക്കുകയും, എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു' എന്ന് കഫര്‍ണാമിലെ സിനഗോഗില്‍ വച്ച് യേശു പഠിപ്പിക്കുന്നത് യോഹന്നാന്റെ സുവിശേഷത്തിലൂടെ നാം വായിച്ചറിയുന്നുണ്ടല്ലോ. അപ്പോള്‍ ഓരോ വിശുദ്ധ കുര്‍ബ്ബാന സ്വീകരണത്തിലൂടേയും, ദൈവം നമ്മില്‍ ജീവിക്കുവാനായി ഇറങ്ങി വരികയാണ് ചെയ്യുന്നത്.      ജീവനുള്ള  ദൈവം നമ്മുടെയുള്ളില്‍ വസിക്കുമ്പോള്‍ നമുക്ക് എങ്ങനെയാണ് മറ്റുള്ളവരോട് ദേഷ്യപ്പെടാനോ, മോശമായി പെരുമാറാനോ, കുറ്റം വിധിക്കാനോ സാധിക്കുന്നത് ?!!

ഈ കാലഘട്ടത്തില്‍, വി. കുര്‍ബ്ബാന ഒരു ചടങ്ങായി മാറുന്ന കാഴ്ച്ചയാണ്     കണ്ടുവരുന്നത്. മറ്റ് പലരേയും ബോധ്യപ്പെടുത്താനായി അല്ലെങ്കില്‍ തിരുസ്സഭയുടെ അഞ്ച് കല്പനകളില്‍ പെട്ടതുകൊണ്ട് വിശുദ്ധ കുര്‍ബ്ബാന 'കാണാനായി' പള്ളിയില്‍ പോകുന്ന ആളുകളുടെ എണ്ണവും നമ്മുടെ ഇടയില്‍ കൂടി വരുകയാണ്. സത്യത്തില്‍ വിശുദ്ധ കുര്‍ബ്ബാന കാണുവാന്‍ എന്നല്ല, വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ പോകണം എന്നാണ് തിരുസ്സഭയുടെ കല്പനയില്‍ പറഞ്ഞിട്ടുള്ളത്. 'വി.കുര്‍ബ്ബാന കാണലും അര്‍പ്പിക്കലും' തമ്മില്‍ വളരെ യേറെ വ്യത്യാസമുണ്ട്. വിശുദ്ധ കുര്‍ബ്ബാന കാണാന്‍ പോകുന്നവര്‍ നാടകവും സിനിമയും കാണാന്‍ പോകുന്നപോലെയാണ് പള്ളിയില്‍ പോകുന്നത്. ആത്മീയമായി ഒരുങ്ങി പള്ളിയില്‍ പോകുന്നതിന് പകരം, ശാരീരികമായി അണിഞ്ഞൊരുങ്ങി കുര്‍ബ്ബാന തുടങ്ങിയതിനുശേഷം ചെല്ലുകയും, പകുതി കുര്‍ബ്ബാന കഴിയുമ്പോഴേക്കും, ഇറങ്ങിപോകുകയും ചെയ്യുന്നു; പക്ഷെ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുക അല്ലെങ്കില്‍ പങ്കുകൊള്ളുക  എന്നു പറയുന്നത്, കുര്‍ബ്ബാനയുടെ ആദ്യം മുതല്‍ അവസാനം വരെ പങ്കെടുക്കുകയും, വി. കുര്‍ബ്ബാന സ്വീകരണത്തിലൂടെ യേശുവിനെ നമ്മുടെ ഹൃദയത്തില്‍ സ്വീകരിക്കുകയും ചെയ്യലാണ്.

അതുപോലെ തന്നെ വിശുദ്ധ കുര്‍ബ്ബാന കഴിഞ്ഞ് പുറത്തിറങ്ങുന്ന നാം എപ്പോഴും ഓര്‍ക്കണമെന്ന് യേശു പറഞ്ഞു തന്നത് നിര്‍ദ്ദയനായ ഭൃത്യന്റെ ഉപമയാണ്. അതില്‍ സ്വര്‍ഗ്ഗരാജ്യം തന്റെ സേവകരുടെ കണക്ക് തീര്‍ക്കാന്‍ ആഗ്രഹിച്ച രാജാവിന് സദൃശ്യമാണ്. ആ രാജാവിന്റെ കയ്യില്‍നിന്നും പതിനായിരം താലന്ത് ഇളവ് കിട്ടിയിട്ട് പുറത്തിറങ്ങുന്ന നാം നൂറ് താലന്ത് മാത്രം തരാനുളളവരെ കാണുമ്പോള്‍ കഴുത്തിന് പിടിച്ച് തരാനാവശ്യപ്പെടുകയല്ല വേണ്ടത്. നമ്മുടെ മനോഭാവത്തെയാണ് ദൈവം ഇവിടെ തുറന്ന് കാണിക്കുന്നത്. മറ്റുളളവരോട് ക്ഷമിക്കാനോ അവരെ സഹായിക്കാന്‍ ഒരു ചെറുവിരല്‍ അനക്കാനോ മുതിരാത്ത നാം ദൈവത്തില്‍ നിന്ന് എന്തുമാത്രം വലിയ കരുണയാണ് ചോദിക്കുന്നതെന്ന് ഒരു നിമിഷം മറക്കാതിരുന്നാല്‍ നന്നായിരുന്നു.

576 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141691