പരിശുദ്ധ അമ്മയിലൂടെ പരിശുദ്ധാത്മാവിലേക്ക്
സൗമ്യ ജോസഫ്

'ഒരു സൃഷ്ടിയും അവളുടെ ആത്മാവില്‍ പതിഞ്ഞിരുന്നില്ല. ഒരു സൃഷ്ടിയും അവളെ ആകര്‍ഷിച്ചിരുന്നില്ല. പരിശുദ്ധാത്മാവാണ് അവളെ നയിച്ചിരുന്നത്'. വി.യോഹന്നാന്‍ മാനവരക്ഷയ്ക്കുവേണ്ടിയുള്ള പദ്ധതിയില്‍ തന്റെ പുത്രന്റെ അമ്മയാകാന്‍ ഒരു ഇസ്രായേല്‍ സ്ത്രീയെ, ഗലീലിയിലെ നസ്രത്തില്‍ നിന്നുള്ള യഹൂദ യുവതിയെ, ദാവീദിന്റെ ഗോത്രത്തില്‍പ്പെട്ട ജോസഫ് എന്നയാളുമായി വിവാഹവാഗ്ദാനം ചെയ്തിരുന്ന ഒരു കന്യകയെ ദൈവം അനാദിയിലെ തിരഞ്ഞെടുത്തിരുന്നു. അവളുടെ പേരായിരുന്നു മറിയം. മറിയം തന്റെ ഉത്ഭവത്തിന്റെ ആദ്യനിമിഷം മുതല്‍ കളങ്കരഹിതയും പ്രസാദവരപൂരിതയും പിതാവിന്റെ സ്‌നേഹത്തിന് അങ്ങേയറ്റം പാത്രവുമായിരുന്നു. ദൈവത്തിന്റെ ആത്മാവ് അവളില്‍ വസിച്ചിരുന്നു.

'ദൈവകൃപനിറഞ്ഞവളേ സ്വസ്തി, കര്‍ത്താവ് നിന്നോടു കൂടെ' (ലൂക്കാ 1:28)  എന്ന ഗബ്രിയേല്‍ മാലാഖയുടെ അഭിവാദനം തികച്ചും ഉചിതമാണ്. ദൈവത്വത്തിന്റെ പൂര്‍ണ്ണത മുഴുവന്‍ ആരില്‍ വസിക്കുന്നുവോ അവനെ ഗര്‍ഭം ധരിക്കാനാണ് മറിയം ക്ഷണിക്കപ്പെട്ടിരുന്നത്. 'ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ?' (ലൂക്ക 1:34) എന്ന അവളുടെ ചോദ്യത്തിന് 'പരിശുദ്ധാത്മാവ് നിന്റെ മേല്‍വരും അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും' (ലൂക്കാ 1:35) എന്നായിരുന്നു ദൈവികമറുപടി. കന്യാമറിയത്തിന്റെ ഉദരത്തെ പവിത്രീകരിക്കാനും ദൈവപുത്രനെ ഗര്‍ഭം ധരിക്കാനായി അവളെ സജ്ജീകരിക്കാനും അങ്ങനെ ദൈവീകമായി ഗര്‍ഭധാരണം സാധ്യമാക്കുവാനുമാണ് പരിശുദ്ധാത്മാവ് അയയ്ക്കപ്പെട്ടത്. മത്തായി 1:20 വചനത്തില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് ജോസഫിനോട് പറഞ്ഞു. 'മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ട. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ്'. ഈ പരിശുദ്ധാത്മാവിന്റെ ദാനമായ ജ്ഞാനത്താല്‍ നിറഞ്ഞവളായതുകൊണ്ടാണ് 'ഇതാ കര്‍ത്താവിന്റെ ദാസി നിന്റെ വചനം പോലെ എന്നിലാകട്ടെ' എന്നു പറഞ്ഞുകൊണ്ട് ദൈവത്തിന് തന്നെ പൂര്‍ണ്ണമായും സമര്‍പ്പിക്കാന്‍ മറിയത്തിന് സാധിച്ചത്. അങ്ങനെ പരിശുദ്ധാത്മാവിന്റെ ശക്തിയാലും തന്റെ വിശ്വാസത്താലും മറിയം രക്ഷകനായ യേശുവിനെ ഉദരത്തില്‍ വഹിച്ചു.

ദൈവാത്മാവിന്റെ കൃപാവരങ്ങളാല്‍ പൂരിതയായിരുന്ന മറിയം കവിഞ്ഞൊഴുകിയ നീര്‍ച്ചാലിന് സമമാണ്. അവളോടു ചേര്‍ന്നു നിന്നവര്‍ക്കെല്ലാം ദൈവികജീവന്‍ പകര്‍ന്നുകിട്ടിയിരുന്നു. ബൈബിളില്‍ ഇതിനൊരു ഉത്തമ ഉദാഹരണമാണ് മറിയത്തിന്റെ ചാര്‍ച്ചക്കാരിയും സ്‌നാപകയോഹന്നാന്റെ അമ്മയുമായ എലിസബത്ത്. 'മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി' (ലൂക്കാ 1:41). അവള്‍ ആത്മാവില്‍ പ്രചോദിതമായി 'എന്റെ കര്‍ത്താവിന്റെ അമ്മ' എന്ന് മറിയത്തെ പ്രകീര്‍ത്തിച്ചു. മറിയമാകട്ടെ ദൈവപുത്രനെ ഉദരത്തില്‍ സംവഹിച്ചുകൊണ്ട് പരിശുദ്ധാത്മാവില്‍ പിതാവിങ്കലേയ്ക്ക് തന്റെ സ്‌തോത്രഗീതം, മുഴുവന്‍ മാനവജനതയുടെയും കൃതജ്ഞതയായി അര്‍പ്പിച്ചു. ക്രിസ്തുവിന്റെ ജനനസമയത്തും ദൈവാനുഗ്രഹത്താല്‍ കന്യകാത്വം സംരക്ഷിക്കപ്പെട്ട മാതാവിനെ ഇന്ന് നിത്യകന്യകയായി സഭ വണങ്ങുന്നു (രരര 499). 

മനുഷ്യരെ പിതാവുമായുള്ള ഐക്യത്തിലേയ്ക്ക് കൊണ്ടുവരുവാന്‍ മറിയത്തിലൂടെ പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നതാണ് പിന്നീട് നാം കാണുന്നത്. വിനീതരാണ് ആദ്യം അവിടുത്തെ അറിയുക. ആട്ടിടയന്‍മാരും ജ്ഞാനികളും പുല്‍ക്കൂട്ടില്‍ ശിശുവിനെ, അമ്മയായ മറിയത്തോടു കൂടി കാണുകയും അവനെ കുമ്പിട്ടാരാധിക്കുകയും ചെയ്തു (മത്തായി 2:11). ജറുസലേമിലെ ദേവാലയത്തില്‍ വെച്ച് യേശുവിനെ കര്‍ത്താവിനു സമര്‍പ്പിക്കുന്ന അവസരത്തില്‍ പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി ശിമയോന്‍ മറിയത്തോട് പ്രവചിക്കുന്നു; 'നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും' (ലൂക്ക 2:35). മറിയത്തോടു പ്രവചിക്കപ്പെട്ട ദുഃഖത്തിന്റെ വാള്‍ ക്രിസ്തുവിന്റെ കുരിശിലെ രക്ഷാകരബലിയയാണ്. ഈ പ്രവചനത്തെ മനസ്സില്‍ സംഗ്രഹിക്കുവാന്‍ ജ്ഞാനത്താല്‍ മറിയത്തിനു സാധിച്ചു.

വി. യോഹന്നാന്റെ സുവിശേഷത്തില്‍ മാതാവിന്റെ മാദ്ധ്യസ്ഥത്താല്‍ യേശു ചെയ്ത ഒരത്ഭുതം വിവരിക്കുന്നുണ്ട്. കാനായിലെ വിവാഹവിരുന്നിലെ ആ അത്ഭുതം, യേശു ദൈവപുത്രനാണെന്നുള്ള പരിശുദ്ധാത്മാവിന്റെ വെളിപ്പെടുത്തലായിരുന്നു. അതിന് ദൈവം നിയോഗിച്ചത് മറിയത്തേയും. പരിശുദ്ധമറിയം തന്റെ പുത്രനുമായുളള  ഐക്യം അവന്റെ കുരിശുമരണം വരെ വിശ്വസ്തയോടെ കാത്തു സൂക്ഷിച്ചു. തന്റെ ഏകജാതന്റെ ബലിയ്ക്കായി സ്‌നേഹപൂര്‍വ്വം സമ്മതിച്ചുകൊണ്ട് അവിടുത്തെ സഹനത്തില്‍ പൂര്‍ണ്ണമായും പങ്കാളിയായി. അങ്ങനെ പരിശുദ്ധാത്മാവിന്റെ ഈ ദൗത്യത്തിന്റെ അവസാനത്തില്‍, മറിയം എല്ലാ മനുഷ്യരുടേയും അമ്മയായിത്തീര്‍ന്നു. 'യേശു അവനോടു പറഞ്ഞു ഇതാ നിന്റെ അമ്മ' (യോഹ 19:27). സ്വര്‍ഗ്ഗാരോഹണത്തിന് മുമ്പ് തന്റെ മഹത്വീകരണത്തിന്റെ സമയം വന്നപ്പോള്‍ മാത്രമാണ് യേശു പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്തത്. ' നിങ്ങള്‍ ഏറെ താമസിയാതെ പരിശുദ്ധാത്മാവിനാല്‍ സ്‌നാനം ഏല്‍ക്കും. പരിശുദ്ധാത്മാവ് നിങ്ങളുടെ ഇടയില്‍ വന്നു കഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും'. 

യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം മറിയം തന്റെ പ്രാര്‍ത്ഥനകള്‍ കൊണ്ട് സഭയുടെ ആരംഭത്തെ സഹായിച്ചു. മംഗലവാര്‍ത്തയുടെ സമയത്ത് തന്റെമേല്‍ നിറഞ്ഞിരുന്ന പരിശുദ്ധാത്മാവിന്റെ ദാനത്തിനായി ശിഷ്യന്‍മാരോടുകൂടെ മാതാവും ഏകമനസ്സോടെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. പെന്തക്കുസ്തായില്‍ പരിശുദ്ധാത്മാവിന്റെ ആഗമനത്തോടെ  സഭ രൂപപ്പെട്ടു. മാതാവിന്റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷവും മാതാവിന്റെ രക്ഷാകരദൗത്യം തുടര്‍ന്നുകൊണ്ടേയിരുന്നു. മാതാവിനോടു ചേര്‍ന്നുനില്‍ക്കുന്നവരില്‍ പരിശുദ്ധാത്മാവിനെ വര്‍ഷിച്ചുകൊണ്ട് അവരെ പിതാവിനോടും പുത്രനോടുമുള്ള ഐക്യത്തില്‍ രൂപപ്പെടുത്തുന്നു.

കന്യാമറിയം പിതാവിന്റെ ഹിതത്തിനും അവിടുത്തെ പുത്രന്റെ രക്ഷാകരപദ്ധതിക്കും പരിശുദ്ധാത്മാവിന്റെ ഓരോ പ്രചോദനത്തിനും തികച്ചും വിധേയയായി നിന്നുകൊണ്ട്  മാനവകുലത്തിന് വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റേയും മാതൃകയും പ്രതീകവുമായി മാറി. ആത്മാവിനാല്‍ പൂരിതയായ മാതാവിന്റെ ജീവിതം നമുക്ക് നിത്യജീവനിലേക്കുള്ള പ്രത്യാശനല്‍കുന്നു. അതിനായി നമ്മുടെ ജീവിതത്തില്‍ രണ്ട് സുപ്രധാന നിമിഷങ്ങളില്‍ മാതാവിന്റെ മാദ്ധ്യസ്ഥം നമുക്കുറപ്പിക്കാം; 'ഇപ്പോഴും .... മരണസമയത്തും'.

499 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 140899