പരിശുദ്ധാത്മാവിന്റെ വരങ്ങള്‍ പ്രായോഗിക ജീവിതത്തില്‍
സേവ്യര്‍

മനുഷ്യരെല്ലാവരും വ്യത്യസ്ഥമായ കഴിവുള്ളവരാണ്. പാട്ടുപാടുവാന്‍, വരയ്ക്കുവാന്‍, പ്രസംഗിക്കുവാന്‍, പഠിപ്പിക്കുവാന്‍, സംഘടിപ്പിക്കുവാന്‍, രോഗങ്ങള്‍ നിര്‍ണ്ണയിക്കുവാന്‍, ശുശ്രൂഷിക്കുവാന്‍, നന്നായി സംസാരിക്കുവാന്‍, പാചകംചെയ്യുവാന്‍.... എല്ലാകഴിവുകളും നല്‍കുന്നത് ദൈവമാണ്. ഓരോ കഴിവുകളും ദൈവം ഓരോരുത്തര്‍ക്കു നല്‍കുന്നത് അവയെ ദൈവമഹത്വത്തിനായി ഉപയോഗിക്കണമെന്ന ലക്ഷ്യത്തോടെയാണ്. ഈ നൈസര്‍ഗ്ഗികമായ കഴിവുകളെ ദൈവമഹത്വത്തിനായി ഉപയോഗിക്കുവാനായി, ദൈവകരങ്ങളില്‍ സമര്‍പ്പിക്കുവാന്‍ തയ്യാറായി, പരിശുദ്ധാത്മാവിന്റെ കൃപാപൂര്‍ണ്ണമായ ഇടപെടലുകള്‍ക്കായി പ്രാര്‍ത്ഥിച്ചാല്‍ പരിശുദ്ധാത്മാവ് ഈ കഴിവുകളെ ഒരു വരമാക്കി മാറ്റും. ഒരു വ്യക്തിയില്‍ ഇല്ലാത്ത കഴിവുകള്‍ക്കും, വരങ്ങള്‍ക്കും വേണ്ടി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതിനുമുന്‍പായി തനിക്കുള്ള കഴിവുകളെ അവ എത്രനിസ്സാരമാണെന്നു തോന്നിയാല്‍പ്പോലും അവ തിരിച്ചറിഞ്ഞ് പരിശുദ്ധാത്മാവിന്റെ ഇടപെടലിനായി സമര്‍പ്പിക്കുവാന്‍ തയ്യാറായാല്‍ അവ ദൈവമഹത്വത്തിനായി, പരിശുദ്ധാത്മാവിന്റെ വരമായി ഉപയോഗിക്കുവാന്‍ സാധിക്കും. ദാവീദിനുണ്ടായിരുന്ന പാടാനുള്ള കഴിവും, സംഗീതോപകരണങ്ങള്‍ ഉപയോഗിക്കാനുള്ള കഴിവും ദൈവമഹത്വത്തിനായി ഉപയോഗിക്കുവാന്‍ തയ്യാറായപ്പോള്‍, സാവൂള്‍ രാജാവിനുണ്ടായിരുന്ന തിന്മയെ അകറ്റാനും അവനെ ദൈവകൃപയാല്‍ നിറയ്ക്കാനും അത് ഒരു വരമായതായി നമുക്ക് കാണാന്‍ കഴിയും. അതുപോലെതന്നെ ദാവീദിന്റെ ജീവതോപാധിയുടെ ഭാഗമായി ഉപയോഗിച്ചിരുന്ന കവണയു കല്ലും ദൈവമഹത്വത്തിനായി ഉപയോഗിക്കുവാന്‍ തയ്യാറായപ്പോള്‍, അത് തിന്മയ്‌ക്കെതിരായ ഒരു വരമായി ഉപയോഗിക്കുന്നതായി കാണുവാന്‍ സാധിക്കും. ആടിനെ മേയ്ക്കാന്‍ മോശ ഉപയോഗിച്ചിരുന്ന വടി, ദൈവകരങ്ങളില്‍ സമര്‍പ്പിക്കപ്പെട്ടപ്പോള്‍ അത് ദൈവജനത്തിനുവേണ്ടി ദൈവമഹത്വം പ്രകടമാക്കപ്പെട്ട് വടി ഒരു വരമായി മാറ്റപ്പെട്ടത് പുറപ്പാടിന്റെ പുസ്തകത്തില്‍ നാം കാണുന്നു. സുവിശേഷം കേള്‍ക്കാന്‍ യേശുവിന്റെ അടുത്ത് വന്ന ജനത്തിന്റെ വിശപ്പ് മാറ്റാന്‍ യേശു ഉപയോഗിച്ചത് തന്റെ കൈയ്യില്‍ ഉണ്ടായിരുന്ന അഞ്ചപ്പവും രണ്ടു മീനും ആയിരുന്നു. ദൈവമഹത്വത്തിനായി നല്‍കപ്പെട്ട അഞ്ചപ്പവും രണ്ടു മീനും യേശു ഒരുവരമാക്കി മാറ്റുന്നതാണ് നാം കാണുക. അതിസ്വഭാവികമായ വരങ്ങള്‍ക്കായി നാം ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതിനു മുമ്പായി നമ്മളില്‍ സ്വാഭാവികമായി ദൈവം നിക്ഷേപിച്ചിരിക്കുന്ന പലകഴിവുകളും ദൈവമഹത്വത്തിനായി നാം സമര്‍പ്പിക്കുവാന്‍ തയ്യാറായാല്‍ ആ കഴിവുകളെ ദൈവം ഒരു വരമായി അഭിഷേകം ചെയ്യും. ഒരു വ്യക്തിക്ക് ദൈവം വരങ്ങള്‍ കൊടുക്കുന്നത് സഭയുടെ വളര്‍ച്ചക്കും ദൈവമഹത്വത്തിനുമായിട്ടാണ് (എഫേ 4:11-12). അങ്ങനെയാണെങ്കില്‍ നമ്മളില്‍ ദൈവം നിക്ഷേപിച്ചിരിക്കുന്ന കഴിവുകളെ കണ്ടെത്തി ദൈവമഹത്വത്തിനായി ഉപയോഗിക്കുവാന്‍ തയ്യാറായാല്‍, അതിലൂടെ നമുക്ക് സഭയെ പണിതുയര്‍ത്തുവാന്‍ സാധിക്കും. ഇന്ന് സഭയ്ക്കാവശ്യം വിശ്വാസമുള്ള, വിശുദ്ധിയുള്ള, സ്‌നേഹമുള്ള വ്യക്തികളെയും കുടുംബങ്ങളെയുമാണ്. അതിനായി നാം ആദ്യം ചെയ്യേണ്ടത്, ഞാന്‍ അഭിഷേകമുള്ള ഒരു വ്യക്തിയായി മാറുകയെന്നാണ്. ഞാന്‍ അഭിഷേകമുള്ള വ്യക്തിയായി മാറിക്കഴിഞ്ഞാല്‍ ഞാന്‍ എന്റെ കുടുംബത്തിന് ഒരു വരമായി മാറും. ഞാന്‍ വരമുള്ള ഒരു മകനോ, മകളോ, സഹോദരനോ, അപ്പനോ, അമ്മയോ ഒക്കെയായി മാറിക്കഴിഞ്ഞാല്‍ അതുവഴി എന്റെ കുടുംബം മുഴുവന്‍ വിശ്വാസത്തിലേയ്ക്ക് കടന്നുവരുവാന്‍ ഇടയാകും (അപ്പ പ്രവ.16:31). എന്റെ കുടുംബം വിശ്വാസത്തിലേക്ക് വന്നാല്‍, എന്റെ ബന്ധുമിത്രാദികളും, ഇടവകാ ജനങ്ങളും, വിശ്വാസത്തിലേയ്ക്ക് കടന്നുവരുവാന്‍ കാരണമാകും. അങ്ങനെ കുടുംബം ഒരു വരമായി മാറും. ദൈവം അനുവദിച്ച സഹനങ്ങളെപ്പോലും വരമായി മാറ്റിയപ്പോള്‍ വി. അല്‍ഫോന്‍സാമ്മ സഭയ്ക്ക് ഒരു വരമായി മാറി. പ്രാര്‍ത്ഥിക്കാനുള്ള താത്പര്യം ദൈവമഹത്വത്തിനായി വി.എവുപ്രാസ്യാമ്മ ഉപയോഗിച്ചപ്പോള്‍ അവര്‍ സഭയ്ക്ക് മറ്റൊരു വരമായി മാറി. വരങ്ങള്‍ക്കായി ആഗ്രഹിക്കുന്നതിനുമുന്‍പ് ആത്മീയഫലങ്ങള്‍ നാം ആഗ്രഹിക്കുകയും, സ്വീകരിക്കുകയും വേണം. ആത്മീയഫലങ്ങള്‍ ദൈവീകസ്വഭാവമാണ്. വരങ്ങളിലൂടെ പ്രകടമാകുന്നത് ദൈവീകശക്തിയുമാണ്. ദൈവീകസ്വഭാവത്തിലൂടെ മാത്രമേ ദൈവീകശക്തി പ്രകടിപ്പിക്കാവൂ. ദൈവീകസ്വഭാവമില്ലാതെ ദൈവീകശക്തിപ്രകടിപ്പിക്കുവാന്‍ ശ്രമിച്ചാല്‍ വിപരീതഫലങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. പരിശുദ്ധാത്മാഫലങ്ങളും വരങ്ങളും കൊണ്ട് ഒരു വ്യക്തി നിറയുമ്പോഴാണ് ആ വ്യക്തിയില്‍ ദൈവീകദാനങ്ങള്‍ പ്രകടമാകുന്നത്. ദൈവീകദാനങ്ങള്‍ ഒരു വ്യക്തിയുടെ ആന്തരികവ്യക്തിത്വത്തിന്റെ ശക്തിയുടെ അടയാളമാണ്. ദൈവീകദാനങ്ങളായ ജ്ഞാനം, ബുദ്ധി, ആലോചന, ആത്മശക്തി, അറിവ്, ഭക്തി, ദൈവഭയം ഇവ അതിശ്രേഷ്ഠമാണ്.

വരങ്ങളെ പൊതുവായി മൂന്നായി തിരിക്കാം. 

1.വ്യക്തിവരം - നാവിന്റെ വരം - ഭാഷാവരം, വ്യാഖ്യാനവരം, പ്രഘോഷണവരം.....

2.സേവനവരം - കഴിവിന്റെ വരം - വിശ്വാസം, അത്ഭുതം, രോഗശാന്തി.....

3.രക്ഷാവരം - വെളിപാടിന്റെ വരം - ജ്ഞാനം, വിജ്ഞാനം, വിവേചനവരം.

അതിസ്വാഭാവീകമായ വരങ്ങള്‍ ലഭിക്കുവാന്‍ പ്രധാനമായും മൂന്നു കാര്യങ്ങളാണ് വേണ്ടത്.

1.യേശുവിലുള്ള വിശ്വാസം. 

2.പഴയജീവിതശൈലി ഉപേക്ഷിക്കുക.

3.തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുക.

ആത്മീയവരങ്ങള്‍ ലക്ഷ്യമിടുന്നത് മൂന്ന് കാര്യങ്ങള്‍ തന്നെയാണ്.

1.ഭാവിയില്‍ വരുവാന്‍ പോകുന്ന കാര്യങ്ങള്‍ പ്രവചിക്കുക.

2.ദൈവഹിതം  വെളിപ്പെടുത്തുക.

3.തിന്മകള്‍ ചൂണ്ടിക്കാണിക്കുക.

നേരത്തെ മനസ്സിലാക്കിയതുപോലെ വരങ്ങള്‍ ഉപയോഗിക്കുന്നതും മൂന്നു കാര്യങ്ങള്‍ക്കായാണ്.

1.ദൈവമഹത്വം.

2.ആത്മാക്കളുടെ രക്ഷ.

3.ദൈവരാജ്യ (സഭ) വളര്‍ച്ച.

ദൈവികമല്ലാത്ത വരങ്ങളും പ്രവചനങ്ങളും തിരിച്ചറിയുവാന്‍ ചുവടെ പറയുന്നവ നമ്മെ സഹായിക്കുന്നു.

  • ദൈവവചനത്തിന് എതിരായിവ.
  • സഭയുടെ പഠനത്തിന് എതിരായിവ.
  • പരസ്പരവിരുദ്ധമായവ
  • ദുഃസൂചന നല്‍കുന്നവ/ മനോരോഗങ്ങള്‍ നല്‍കുന്ന ദുഃസൂചന
  • ജീവതസാക്ഷ്യമില്ലാത്തവരുടെ പ്രവചനങ്ങള്‍/വരങ്ങള്‍.
  • സഭയോടും, സഭാധികാരികളോടും അനുസരണമില്ലാത്തവരുടെ പ്രവചനങ്ങള്‍/വരങ്ങള്‍.
  • ദുഷ്ടരുടെ പ്രവചനം (കയ്യാഫാസ്).

802 Viewers

ജോസ് | April 20, 2018

പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ഒരു ലേഖനം വായിക്കാൻ കഴിയുന്നതു തന്നെ ശക്തമായ അഭിഷേകത്തിന്റെ തെളിവാണ്. നന്ദി ബ്രദർ സേവ്യർ '

P J Sebastian | August 21, 2017

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 140896