നിരവധിയാളുകള്‍ ഇന്ന് പരിശുദ്ധാത്മാവിനെപ്പറ്റി ആശയക്കുഴപ്പത്തിലാണ്. ആരാണ് പരിശുദ്ധാത്മാവ്? പരിശുദ്ധാത്മാവിന് നമ്മുടെ ജീവിതത്തില്‍ എന്താണ് സ്ഥാനം എന്നൊക്കെ. എന്നാല്‍, നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ പരിശുദ്ധാത്മാവ് എങ്ങനെ ഇടപെടുന്നു, പരിശുദ്ധാത്മാവിന് നമ്മുടെ ജീവിതത്തില്‍ എന്ത് മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും? ഈ മാറ്റങ്ങള്‍ വരുത്താന്‍ നാം ഓരോരുത്തരും എന്താണ് ചെയ്യേണ്ടത്? എന്നിവയെപ്പറ്റി ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.
തിരുവെഴുത്തുകളില്‍ പരിശുദ്ധാത്മാവ് ദൈവത്തിന്റെ ദാനമാണെന്ന് നമ്മെ പഠിപ്പിക്കുന്നു. ത്രിതൈ്വകദൈവത്തിലെ മൂന്നാമത്തെ ആളാണ് പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവ് നമ്മുടെ സംരക്ഷകനാണ്, സഹായകനാണ്, ദൈവമാണ്, ഒരു വ്യക്തിയാണ്, സ്വര്‍ഗ്ഗത്തിലേയ്ക്ക് കൊണ്ടുപോകാനുള്ള വഴികാട്ടിയാണ്. 'പത്രോസ് പറഞ്ഞു: നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍,
പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും' (അപ്പ. പ്രവ. 2:38). ജ്ഞാനസ്നാനം എന്ന കൂദാശയിലൂടെ പരിശുദ്ധാത്മാവ് നമ്മില്‍ വന്നു നിറയുമ്പോള്‍ നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നു. ദൈവത്തിന് നമ്മെപ്പറ്റിയുള്ള പദ്ധതികള്‍ പരിശുദ്ധാത്മാവിലൂടെ നമ്മുടെ ജീവിതത്തില്‍ നിറവേറ്റപ്പെടുകയും ചെയ്യുന്നു. വി.യോഹന്നാന് നമ്മെ ഇപ്രകാരം പഠിപ്പിക്കുന്നു; 'ഈ സത്യാത്മാവിനെ സ്വീകരിക്കാന്‍ ലോകത്തിനു സാധിക്കുകയില്ല. കാരണം, അത് അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാല്‍, നിങ്ങള്‍ അവനെ അറിയുന്നു. കാരണം, അവന് നിങ്ങളോടൊത്തു വസിക്കുന്നു; നിങ്ങളില്‍ ആയിരിക്കുകയും ചെയ്യും' (യോഹ. 14:17).
നമ്മോടൊത്തു വസിക്കുന്ന, നമ്മുടെ കൂടെയായിരിക്കുന്ന ദൈവത്തിന്റെ ഈ ആത്മാവാണ് 'പരിശുദ്ധാത്മാവ്'. ഈ ആത്മാവ് നമ്മെ ബലഹീനതകളിലൊ, പ്രലോഭനങ്ങളിലൊ ഉള്‍പ്പെടാതിരിക്കാന്‍ സഹായിക്കുന്നു. നമ്മുടെ സന്തതസഹചാരിയായ പരിശുദ്ധാത്മാവിന്റെ ഉപദേശങ്ങളെ നാം അവഗണിക്കരുത്. നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തിന് കരുത്തും ഉന്മേഷവും തരുന്നത് പരിശുദ്ധാത്മാവിന്റ സാന്നിദ്ധ്യമാണ്. പരിശുദ്ധാത്മാവിന്റെ ഉപദേശങ്ങളെ എപ്പോഴും ജീവിതത്തില്‍ അന്വേഷിക്കുന്നതും, പരിശുദ്ധാത്മാവിനോട് ആലോചന ചോദിക്കുന്നതും,പരിശുദ്ധാത്മാവിനോട് സംസാരിക്കുന്നതും, പരിശുദ്ധാത്മാവിന്റെകൂടെ നടക്കുന്നതും നമ്മുടെ ആദ്ധ്യാത്മിക വളര്‍ച്ചയ്ക്ക് വളരെയേറെ അനുഗ്രഹ്രപദമായ ഒരു ജീവിത രീതിയാണ്. ഈ ലോകജീവിതത്തിന്റെ വ്യഗ്രതകള്‍ക്കിടയില്‍ നമുക്ക് നമ്മെത്തന്നെ ഒന്ന് ആത്മശോധനചെയ്യാം. നാമെത്രമാത്രം പരിശുദ്ധാത്മാവിനെ ശ്രവിച്ചിട്ടുണ്ട്, അനുസരിച്ചിട്ടുണ്ടെന്ന്. ഓരോ ദൈവപൈതലിനും, അവന്റെ വിപത്ഘട്ടങ്ങളില്‍ അവനെ ഉപദേശിക്കാന്‍, അവനെ ശക്തിപ്പെടുത്താന്‍, അവനെ വഴിനടത്താന്‍ ദൈവത്തിന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവിന് സാധിക്കുമെന്നത് പലപ്പോഴും നാം വിസ്മരിച്ചു പോകാറുണ്ട്. നിഷ്കളങ്കമായി പരിശുദ്ധാത്മാവിനോട് ചോദിച്ചാല്‍, പരിശുദ്ധാത്മാവ് കൃത്യമായി ഉത്തരം നല്‍കുക മാത്രമല്ല, അത് നടപ്പിലാക്കാനുളള ശക്തിയും പരിശുദ്ധാത്മാവ് തന്നെ നല്‍കും. അനുദിന ജീവിതത്തിലെ പാപസാഹചര്യങ്ങളില്‍, അവയെ നിര്‍വീര്യമാക്കി വിശുദ്ധി കാത്തുസൂക്ഷിക്കുവാനുളള ശക്തി നമ്മുക്ക് പരിശുദ്ധാത്മാവ് നല്‍കും. നമ്മുടെ ഉള്ളില്‍ വസിച്ചുകൊണ്ട്, നമ്മെ ഉപദേശിക്കുന്ന, നമ്മെ ശക്തിപ്പെടുന്ന പരിശുദ്ധാത്മാവിനോട് ആലോചന ചോദിക്കാതിരുന്നത്, പരിശുദ്ധാത്മാവിനെ അവഗണിച്ചത്, ഈ ആത്മാവിനോട് സംസാരിക്കാതിരുന്നത്, ഇവയൊക്കെ നമ്മുടെ ആത്മീയ ജീവിതത്തിന്റെ അടിത്തറ ഇളകാന്‍ കാരണമാകുമെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇന്ന് നമ്മുടെ ബലഹീനതയുടെയും ദുഖഃത്തിന്റെയുമൊക്കെ കാരണം, പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം ജീവിതത്തില്‍ നാം തിരിച്ചറിയാത്തതാണ്. ദൈവവചനത്തിനായും, പരിശുദ്ധാത്മാ വിന്റെ കൃപാവരങ്ങള്‍ പ്രാപിച്ച് ഫലങ്ങള്‍
പുറപ്പെടുവിക്കുവാനുള്ള ഒരു വലിയ ദാഹം നമ്മില്‍ ഉണ്ടാകണം. പരിശുദ്ധാത്മശക്തി നിറഞ്ഞ്കഴിയുമ്പോള്, നമ്മുടെ പ്രാര്‍ത്ഥനകളിലും അത്ഭുതങ്ങള്‍ സംഭവിക്കുന്നത് നമുക്ക് കാണുവാന്‍ സാധിക്കും.
പരിശുദ്ധാത്മാവ് ഹൃദ്യമായി ഇടപെടുന്ന, ഉചിതമായി ഉത്തരം നല്കുന്ന, വ്യക്തമായി കാഴ്ച്ചപ്പാടുകള്‍ നല്കുന്ന, ദൈവത്തിന്റെ ആത്മാവാണ്. ഈ ആത്മാവിന്റെ സാന്നിദ്ധ്യത്തെ വിലമതിച്ചാല്‍, എന്നും, എപ്പോഴും പരിശുദ്ധാത്മാവ് നമ്മുടെ കൂടെയുണ്ടാകും. ഒരു കൊച്ചു കുഞ്ഞിനെയെന്ന പോലെ പരിശുദ്ധാത്മാവ് നമ്മെ കൈ പിടിച്ച് ദൈവത്തിന്റെ വഴികളിലൂടെ നടത്തുക തന്നെ ചെയ്യും.
248 Viewers