ഹൃദയം തുറക്കാം
അനീഷ് മാത്യു

കുമ്പസാരം എന്ന കൂദാശയുടെ സ്ഥാനം

'ഡാമിയന്‍ ഓഫ് മെളോക്കൊ' എന്ന ചലച്ചിത്രം കണ്ടിട്ടുള്ളവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു രംഗം അതിലുണ്ട്. ഫാദര്‍ ഡാമിയന്‍, കുഷ്ഠരോഗികള്‍ മാത്രമുള്ള മെളോക്കൊ എന്ന ദ്വീപില്‍ നിന്ന് തന്റെ അധികാരികള്‍ക്കും, സഹപുരോഹിതര്‍ക്കുമായി അയയ്ക്കുന്ന കത്തുകളിലെല്ലാം എന്ന് തനിക്ക് കുമ്പസാരിക്കുവാന്‍ കഴിയമെന്ന്  ചോദിക്കുന്നു. കുഷ്ഠരോഗികള്‍ക്കിടയില്‍ കഴിയുന്ന അദ്ദേഹത്തെ സ്പര്‍ശിക്കുവാനോ അടുത്തുവരുവാനോ നിര്‍ഭാഗ്യവശാല്‍ ആരും തയ്യാറാകാത്തതിനാല്‍ ഇതറിഞ്ഞ ബിഷപ്പ് നേരിട്ട് കപ്പലില്‍ ദ്വീപിലേക്ക് വരുകയും, ഒരു ചെറിയ വഞ്ചിയില്‍ നിന്നുകൊണ്ട് ഫാദര്‍ ഡാമിയന്‍ ഒരു നിലവിളിപോലെ അദ്ദേഹത്തോട് കുമ്പസാരിക്കുകയും ചെയ്യുന്നു. ഹൃദയഭേദകമായ ഒരു രംഗം.

ക്രിസ്തുവിന്റെ, കുരിശിലേക്കുള്ള യാത്രയും, കുരിശുമരണവും, ഉത്ഥാനവും ധ്യാനിക്കുന്ന ഈ മഹത്തായ നോമ്പുകാലത്തില്‍; ക്രിസ്തു തന്റെ തിരുരക്തത്താല്‍ നമുക്കു നേടിത്തന്ന, രക്ഷയുടെ ഏറ്റവും വലിയ ദാനങ്ങളാണ് കൂദാശകള്‍ എന്ന തിരിച്ചറിവ് നമ്മിലുണ്ടാവണം. ഇതില്‍ കുമ്പസാരം എന്ന കൂദാശക്ക് നമ്മുടെ ആത്മീയവും, ഭൗതീകവുമായ ജീവിതത്തില്‍ എവിടെയാണ് സ്ഥാനം? മറ്റനേകം ആചാരാനുഷ്ഠാനങ്ങളുടെ പട്ടികയിലൊന്നു മാത്രമാണോ കുമ്പസാരം? പൂര്‍ണ്ണമായി തുറന്ന ഒരു ഹൃദയത്തില്‍നിന്ന് കുരിശിലേക്ക് ഉയരുന്ന ഒരു നിലവിളിയുടെ സ്ഥാനമല്ലേ നമ്മുടെ ജീവിതത്തില്‍ കുമ്പസാരത്തിന് ഉണ്ടാവേണ്ടത്? 'ദാവീദിന്റെ പുത്രനായ യേശുവേ, പാപിയായ എന്നില്‍ കനിയേണമേ' എന്ന ഹൃദയഭേദകമായ ഒരു നിലവിളി. അതായിരിക്കട്ടെ ഈ നോമ്പില്‍ കുമ്പസാരക്കൂട്ടില്‍ മുട്ടുകുത്തി നില്‍ക്കുന്ന നമ്മുടെ ഓരോരുത്തരുടെയും ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന.

ഏറ്റുപറയാം . . .

പൂര്‍ണ്ണമായ ഏറ്റുപറച്ചില്‍, പൂര്‍ണ്ണമായ വിടുതലിലേക്ക് നയിക്കുന്നു. സുവിശേഷത്തിലുടനീളം നമുക്കിതു കാണാം. കര്‍ത്താവ് തന്റെ വീട്ടില്‍ വരുവാനുള്ള യോഗ്യത തനിക്കില്ലെന്ന് ഏറ്റു പറഞ്ഞ ശതാധിപന്‍, കുരിശിലെ പീഢനത്തിന് തികച്ചും യോഗ്യനായ പാപിയാണ് താനെന്ന് ഏറ്റു പറഞ്ഞ നല്ല കള്ളന്‍, ദൈവത്തോട് തന്റെ അയോഗ്യതകള്‍ ഏറ്റു പറഞ്ഞവര്‍ക്ക് അവിടുന്ന് എന്താണ് പ്രതിഫലം നല്‍കിയതെന്ന് സുവിശേഷത്തിലുടനീളം നാം കാണുന്നു.

കുഴിമാടത്തിന് വീണ്ടും വീണ്ടും വെള്ളയടിക്കുന്ന ആവര്‍ത്തനപ്രക്രിയയാണോ നമ്മുടെ ഓരോ കുമ്പസാരങ്ങളും? അതോ പാപങ്ങളോടൊപ്പം, പാപസ്വഭാവങ്ങളേയും, പാപസാഹചര്യങ്ങളേയും ഏറ്റു പറയാറുണ്ടോ ? ഉദാഹരണത്തിന് ഞാന്‍ ഭാര്യയോട് കോപിച്ചു എന്നു പറയുന്നതോടൊപ്പം, മുന്‍കോപം എന്ന സ്വഭാവം എനിക്കുണ്ട് എന്ന് നാം വൈദീകനോട് ഏറ്റു പറയാറുണ്ടോ? 

പരിപൂര്‍ണ്ണമായ ഏറ്റു പറച്ചില്‍, വലിയ വിടുതലിലേക്ക് നമ്മെ നയിക്കും. അങ്ങനെ നാം ക്രിസ്തുവില്‍ പുതിയ സൃഷ്ടിയായി മാറും. ആവര്‍ത്തനവിരസമായ ജല്പ്പനങ്ങളായി നമ്മുടെ കുമ്പസാരങ്ങള്‍ പരിണമിക്കുമ്പോള്‍, മറ്റു  കൂദാശാനുഷ്ഠാനങ്ങളും അപൂര്‍ണ്ണമാകുന്നു. പൂര്‍ണ്ണമായ രക്ഷ പൂര്‍ണ്ണമായ പാപമോചനത്തിലൂടെയാണ്. സമ്പൂര്‍ണ്ണ ലേപനം എന്നത് പൂര്‍ണ്ണമായ ഏറ്റുപറച്ചിലും. 

ക്രൂശിതനായ ക്രിസ്തുവിനോടുള്ള പൂര്‍ണ്ണമായ ഏറ്റുപറച്ചിലും അവിടുത്തെ മുറിവുകളുടെ യോഗ്യതകളാല്‍ പാപമോചനവുമാണ് കുമ്പസാരക്കൂട്ടില്‍ നാം കാണുന്നതെന്ന പൂര്‍ണ്ണമായ ബോധ്യത്തോടെ യും തുറന്ന ഹൃദയത്തോടെയും ആയിരിക്കട്ടെ നമ്മുടെ ഇനിയുള്ള കുമ്പസാരങ്ങളോരോന്നും.

'നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേല്‍ പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നല്‍കി; അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു' (ഏശയ്യ 53:5).

 

294 Viewers

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109417