നാം ഈ കാലഘട്ടത്തിന്റെ പ്രവാചകര്‍
മാത്യു ജോസഫ്

'വ്യക്തമായി എഴുതപ്പെട്ട നാടക സ്‌ക്രിപ്റ്റ് പോലെയല്ല, നമ്മുടെ ജീവിതം. മറിച്ച് അതൊരു യാത്രയാണ്, നടപ്പാണ്, പ്രവൃത്തിയാണ്, അന്വേഷണമാണ്, കാഴ്ച്ചയാണ്.' (പോപ്പ് ഫ്രാന്‍സിസ്)

ശരിയല്ലേ? നമ്മുടെ ജീവിതത്തിലേക്ക് ഒന്ന് പിന്തിരിഞ്ഞ് നോക്കിയാല്‍, ഞാന്‍ എഴുതിയുണ്ടാക്കിയ തിരക്കഥയ്ക്ക് അനുസരിച്ചാണോ എന്റെ ജീവിതം മുമ്പോട്ട് പോയത്? ഒരിക്കലുമല്ല! നമ്മള്‍ പ്രതീക്ഷിക്കാത്ത ചില വളവുകളും, തിരിവുകളും, വീഴ്ച്ചകളും നമ്മുടെ ജീവിതയാത്രയില്‍ ഉണ്ടായില്ലേ? പ്രിയപ്പെട്ടവരെ,ഇവിടെനിന്ന് മുമ്പോട്ടുള്ള യാത്രയിലും നമ്മെ കാത്തിരുപ്പുണ്ട് ചില 'ഹെയര്‍ പിന്‍' വളവുകളും, കുത്തനെയുള്ള കയറ്റങ്ങളും, ഇറക്കങ്ങളും.

പലപ്പോഴും ഈ ജീവിതയാത്രയില്‍ നാം തളര്‍ന്ന് പോകാറുണ്ട്. മുമ്പോട്ട് പോകാനാകാത്തവിധം വഴിയരികില്‍ തളര്‍ന്നിരിക്കുമ്പോള്‍ ദൈവം ചില ഇടപെടലുകള്‍ നടത്തും. അത് ഒരു വ്യക്തി വഴിയാകാം; ഒരു സമൂഹം വഴിയാകാം, അതുമല്ലെങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തിലേക്ക് യാത്ര ചെയ്യുന്ന ഒരു മുന്നേറ്റത്തിന്റെ ഭാഗമാക്കുന്നതിലൂടെയുമാകാം. ഈ കാലഘട്ടത്തില്‍ തളര്‍ന്നവന് ബലം നല്‍കുവാനും, പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക് പ്രത്യാശ നല്‍കുവാനുമായി ദൈവം ഒരുക്കിയ മുന്നേറ്റങ്ങളില്‍ ഒന്നാണ് 'ജീസസ്സ് യൂത്ത്'

1960-കളില്‍ അമേരിക്കയില്‍ ആരംഭിച്ച കരിസ്മാറ്റിക് പ്രാര്‍ത്ഥനാരീതികള്‍, ആഗോളസഭയില്‍ വിശിഷ്യാ, പലരുടെയും വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയെന്നത് ഒരു സത്യമാണ്. ഈ സ്വര്‍ഗ്ഗീയ മന്ദമാരുതന്‍ കേരളക്കരയി ലേക്ക് വീശിയപ്പോള്‍ ഇതില്‍നിന്നും വിരിഞ്ഞ ഒരു പുഷ്പമാണ് ജീസസ്സ് യൂത്ത്. 1985 -ല്‍ തുടങ്ങിയ ഈ മുന്നേറ്റത്തിന്റെ കൈപിടിച്ച് ധാരാളം യുവജനങ്ങള്‍ തങ്ങളുടെ ആത്മീയ ജീവിതയാത്ര ചെയ്തു കൊണ്ടിരിക്കുന്നു. അതോടൊപ്പം അവര്‍ മനസ്സിലാക്കിയ ഈ ദൈവസ്‌നേഹത്തെ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുത്തുകൊണ്ട് ക്രിസ്തുവിന്റെ കൈയ്യിലെ ഉപകരണമായിത്തീരുവാനും ശ്രമിക്കുന്നു. '..സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തു കൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തു തന്നത്.' (മത്തായി 25:40). പലരീതിയിലാണ് ഈ ദൈവസ്‌നേഹത്തെ മനസ്സിലാക്കുന്നതും മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്നതും.

എന്റെ ദൈവം സഹിഷ്ണുതയുടെ ദൈവമാണ് നമ്മള്‍ ഈയടുത്തകാലത്തായി നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ഒരു പദമാണ് അസഹിഷ്ണുത. ക്രിസ്തു എല്ലാ വിഭാഗത്തില്‍പ്പെട്ടവരെയും സഹിഷ്ണുതയോടെ ഒരുമിച്ചു കൊണ്ടുപോയവനാണ്. വ്യത്യസ്തസാഹചര്യങ്ങളില്‍നിന്നും വന്ന അപ്പസ്‌തോലസമൂഹം തന്നെ വളരെ നല്ല ഒരു ഉദാഹരണമാണ്. ഇരു കൈകളും വിരിച്ച് നില്‍ക്കുന്ന ക്രിസ്തുവിനെയാണ് നമുക്ക് പരിചിതം; മറിച്ച് കൈകെട്ടി നില്‍ക്കുന്ന ക്രിസ്തുവിനെയല്ല. ക്രിസ്തുവിനെ അറിയാന്‍ വരുന്ന ഏവരെയും, അവന്റെ വംശമോ, കുലമഹിമയോ, വിദ്യാഭ്യാസ യോഗ്യതകളോ നോക്കാതെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നതിനാണ് Welcome Ministryഎന്ന വിഭാഗമുള്ളത്.

'പത്രോസ് അവരോടു സംസാരിച്ചു തുടങ്ങി: സത്യമായും ദൈവത്തിനു പക്ഷപാത മില്ലെന്നും അവിടുത്തെ ഭയപ്പെടുകയും നീതി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആരും, ഏതു ജനതയില്‍പ്പെട്ടവനായാലും, അവിടുത്തേക്കു സ്വീകാര്യനാണെന്നും ഞാന്‍ സത്യമായി അറിയുന്നു.' (അപ്പ. 10:34-35)

ക്രിസ്തു പ്രാര്‍ത്ഥനയുടെ രാജകുമാരന്‍ 

പുതിയനിയമത്തിലുടനീളം കാണാം ക്രിസ്തു നിരന്തരം പ്രാര്‍ത്ഥിക്കുവാനായി പോകുന്നത്. അതിരാവിലെ ഉണര്‍ന്ന് വിജനസ്ഥലത്തേയ്ക്ക് പോകുന്ന ക്രിസ്തു-(മര്‍ക്കോസ് 1:35). ഒലിവുമലയില്‍ പ്രാര്‍ത്ഥിക്കുന്ന ക്രിസ്തു- (ലൂക്കാ 22:39-42). തന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചൊരുങ്ങുന്ന ദൈവത്തെ വേദപുസ്തകത്തില്‍ നമ്മള്‍ കണ്ടു മുട്ടുന്നു. അതുപോലെ തന്റെ സമൂഹത്തിനുവേണ്ടിയും ലോകത്തിനുവേണ്ടിയും മാദ്ധ്യസ്ഥം യാചിക്കുന്ന തമ്പുരാന്‍. Intercession Ministry യും ഈയൊരു ലക്ഷ്യവുമായാണ് നമ്മുടെ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നത്. 

എന്റെ ദൈവം ഒരു കലാകാരന്‍

ക്രിസ്തു ദൈവരാജ്യത്തെക്കുറിച്ച് പലപ്പോഴും പറഞ്ഞു കൊടുത്തിരുന്നത് ഉപമകളിലൂടെയാണ്. കേട്ടുകൊണ്ടിരിക്കുന്നവര്‍ക്ക് കഥകളിലൂടെ ഓരോ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കുന്നു. ധൂര്‍ത്തപുത്രന്റെ ഉപമയിലൂടെയൊക്കെ എത്രമനോഹരമായാണ് നാം ദൈവസ്‌നേഹത്തെ മനസ്സിലാക്കുന്നത്. ഇങ്ങനെ ദൈവസ്‌നേഹത്തെ കഥാപാത്രങ്ങളിലുടെ പറഞ്ഞുകൊടുക്കുന്നതിനാണ് നമുക്ക് Audio Visual Ministry ഉള്ളത്.  അതുപോലെ തന്നെയാണ് Music Ministry യും കിന്നരം വായിക്കുമ്പോള്‍ ദുരാത്മാക്കള്‍ വിട്ടുപോകുന്ന സൂചനകള്‍ (1 സാമുവേല്‍ 16:23) നമ്മുടെ സമൂഹത്തിലേക്ക് കടന്നു വരുന്ന സഹോദരങ്ങള്‍ക്ക് എത്രമാത്രം ആശ്വാസം പകരുന്നതാണ് ഈ വിഭാഗം എന്ന് മനസ്സിലാക്കിത്തരുന്നു.

രോഗികളുടെയും അനാഥരുടെയും ദൈവം

വചനത്തില്‍ വളരെ വ്യക്തമായി കാണുന്ന സന്ദേശമാണ് 'ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെ ആവശ്യം.' (ലൂക്കാ. 5:31)രോഗികള്‍ക്ക് ആശ്വാസവും, ഉള്ളില്‍ അനാഥത്വം അനുഭവിക്കുന്നവര്‍ക്ക് ദൈവസ്‌നേഹവും പകര്‍ന്നുകൊടുക്കുന്നതിനായി തങ്ങളുടെ അതിരുകള്‍ വിസ്തൃതമാക്കിക്കൊണ്ട്  പുറത്തേയ്ക്ക് പോകുന്ന ഒരു സമൂഹം. അതാണ് നമ്മുടെ Out reach Ministry.

പ്രഘോഷകനും ജ്ഞാനിയുമായ ദൈവം

പുതിയനിയമത്തിലെ ഫരിസേയര്‍ യേശുവിന്റെ ശിഷ്യന്മാര്‍ സാബത്തു ദിനത്തില്‍ കതിരുകള്‍ പറിച്ചു തിന്നതിനെ ചോദ്യം ചെയ്യുമ്പോള്‍ പഴയനിയമഗ്രന്ഥഭാഗങ്ങള്‍ പരാമര്‍ശിച്ച് ക്രിസ്തു അവരോട് സംസാരിക്കുന്നു. നല്ല പുസ്തകങ്ങള്‍ വായിക്കുവാനുള്ള ഒരു ശീലം എപ്പോഴും നമുക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും. അതുപോലെ തന്നെ ക്രിസ്തുവിന്റെ ഈ ഭൂമിയിലെ അവസാന മൊഴികളായ 'നിങ്ങള്‍ ലോകമെങ്ങുംപോയി സുവിശേഷം പ്രഘോഷിക്കുവിന്‍', എന്ന ആഹ്വാനത്തെ സാധിക്കുന്ന രീതിയില്‍ ഏറ്റെടുത്ത് ചെയ്യുന്നവരാണ് Literature and Media Ministry.

അങ്ങനെ നമ്മുടെ ഉള്ളിലെ ദൈവത്തെ തിരിച്ചറിയുമ്പോള്‍ ഓര്‍ക്കുക, നാം ഈ കാലഘട്ടത്തിന്റെ പ്രവാചകര്‍.

388 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141691