മുന്തിരിത്തോട്ടത്തില്‍ നട്ട അത്തിവൃക്ഷം
ബ്രദര്‍ ഫ്രാന്‍സ്സിസ്സ്

'അവന്‍ ഈ ഉപമ പറഞ്ഞു: ഒരുവന്‍ മുന്തിരിത്തോട്ടത്തില്‍ ഒരു അത്തിവൃക്ഷം നട്ടുപിടിപ്പിച്ചു. ....കൃഷിക്കാരന്‍ അവനോടു പറഞ്ഞു: യജമാനനേ, ഈ വര്‍ഷംകൂടെ അതു നില്‍ക്കട്ടെ. ഞാന്‍ അതിന്റെ ചുവടു കിളച്ചു വളമിടാം. മേലില്‍ അതു ഫലം നല്‍കിയേക്കാം. ഇല്ലെങ്കില്‍ നീ അതു വെട്ടിക്കളഞ്ഞുകൊള്ളുക.' (വി. ലൂക്ക 13:06-09). 

എന്താ ഇങ്ങനെ ഒരു പേര് എന്ന് സംശയം തോന്നിയേക്കാം. ഒന്നുമില്ല സുഹൃത്തേ, ആമുഖത്തിന് ഒരു പേര് മുകളില്‍ എഴുതിയ വചന ഭാഗത്തുനിന്നും കിട്ടിയതാ. അത്തിവൃക്ഷം ആരുമാകാം, അത് സഹോദരാ നീയാകാം, ഞാനാകാം. പക്ഷെ അതിലല്ല കാര്യം. ഈ വൃക്ഷത്തിന് എല്ലാം കൃപയോടു കൂടി തുടങ്ങാന്‍, പ്രാര്‍ത്ഥനാപൂര്‍വ്വം ആരംഭിക്കുവാന്‍ ദൈവം ഒരവസരംകൂടിത്തരുന്നു എന്നുള്ളതാ. പുതുവര്‍ഷാരംഭത്തിന്റെ പടിവാതിലില്‍ നില്‍ക്കുമ്പോള്‍ ധ്യാനപൂര്‍വ്വം ഒന്നു വായിക്കണം. വി.ലൂക്കാ എഴുതിയ സുവിശേഷം 13:6-9 വരെ; ദൈവത്തിന്റെ കാരുണ്യത്തിന്റെയും പ്രതീക്ഷയുടെയും ഉറവ കാണാം നമുക്ക്. പക്ഷെ സങ്കടമതല്ല നമ്മള്‍ ദൈവത്തിന്റെ സ്‌നേഹത്തിന്റെ ആഴമറിയുന്നില്ല എന്നതാണ്. ഈ വര്‍ഷത്തിന്റെ അവസാന നിമിഷങ്ങള്‍ ദിവ്യകാരുണ്യ സന്നിധിയില്‍ നില്‍ക്കുമ്പോള്‍ ഒത്തിരി നിരാശയിലാണ് നമ്മളിലേറെ ദുഃഖിതരും. ഒരോ വര്‍ഷാവസാനവും എത്തി നില്‍ക്കുന്നത്, അതേ വര്‍ഷത്തിന്റെ ജനുവരി എന്ന മാസത്തിന്റെ ഒന്നാം തിയതി നമ്മള്‍ എഴുതിയ ഡയറിയുടെ താളില്‍ത്തന്നെ. ഒത്തിരി പ്രതീക്ഷയോടെ എടുത്ത തീരുമാനങ്ങള്‍, കുറേക്കൂടി നല്ല ഒരു മനുഷ്യന്‍, എളിമപ്പെട്ടുള്ള ജീവിതം, ജോലി മേഖലയില്‍ കുറേക്കൂടി കഠിനമായ പരിശ്രമം, ഏവരോടും സ്‌നേഹപൂര്‍വ്വം ഇടപെടണം, പിന്നെ ഈ മുന്‍കോപം, ജഡികാസക്തികള്‍, ദുഃശീലങ്ങള്‍ ആരുമറിയാതെ ഒളിപ്പിച്ചുവച്ച പാപവഴികള്‍ എല്ലാമൊന്നു നേരെയാക്കണം. അങ്ങനെയെത്ര തീരുമാനങ്ങള്‍. ആയുസ്സിന്റെ പുസ്തകത്തില്‍ നിന്ന് 365 ദിവസങ്ങള്‍ കഴിയുമ്പോള്‍ അതുപോലൊരു ദിവസത്തിന്റെ ഓര്‍മ്മയില്‍ച്ചെന്ന് നില്‍ക്കുമ്പോള്‍ ഒത്തിരി നിരാശതോന്നാം. അപ്പോള്‍ ഈ വചനം ഒന്നു ധ്യാനിക്കണം. ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തണം 'കഴിഞ്ഞകാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ പരിഗണിക്കുകയോ വേണ്ടാ. ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. അതു മുളയെടുക്കു ന്നതു നിങ്ങള്‍ അറിയുന്നില്ലേ? ഞാന്‍ വിജനദേശത്ത് ഒരു പാതയും മരു മിയില്‍ നദികളും ഉണ്ടാക്കും' (ഏശയ്യാ 43:18-19).

പ്രിയ ദൈവമക്കളെ, കഴിഞ്ഞകാലങ്ങള്‍ കൃപാപൂര്‍വ്വം നമുക്ക് മറക്കാം. ദൈവത്തിന്റെ ഈ വാഗ്ദാനത്തില്‍ നമുക്ക് ചേര്‍ന്നു നില്‍ക്കാം എന്തു കൊണ്ടെന്നാല്‍ അവിടുന്ന വചനത്തിലൂടെ നമ്മോടു പറയുന്നു. 'മകനേ, മകളേ ഒരോ പ്രഭാതത്തിലും എനിക്ക് നിന്നോടുള്ള സ്‌നേഹം പുതിയതാണെന്ന്.(വിലാ.3:22:23) കഴിഞ്ഞ കാലത്തിന്റെ പിഴവഴികളുടെ, ജീവിത തകര്‍ച്ചയുടെ, പരാജയത്തിന്റെ, ആഗ്രഹിച്ചപോ ലെ ജീവിക്കുവാന്‍ സാധിക്കാതെപോയ നിമിഷങ്ങളെയൊര്‍ത്ത് ദുഃഖഭാരത്തോടെ നിരാശയോടെ ആരും ഈ പുതുവര്‍ഷത്തിലേയ്ക്ക് പ്രവേശിക്കരുത് .രോഗവും, ദാരിദ്ര്യവും, കുടുംബസമാധാനമില്ലായ്മയും, ഒറ്റപ്പെടലും, എല്ലാംകൂടി നിന്റെ സന്തോഷം കെടുത്തിക്കളഞ്ഞ വര്‍ഷമായിരിക്കാം ദീര്‍ഘശ്വാസം വലിക്കുന്നത്. പക്ഷേ പ്രിയസുഹൃത്തേ, കാരുണ്യപൂര്‍വ്വം കഴിഞ്ഞവര്‍ഷത്തോട് നമുക്ക് ക്ഷമിക്കാം. എന്നിട്ട് ഒരു പുഞ്ചിരിയോടെ, പ്രത്യാശയോടെ, പുത്തനുണര്‍വ്വോടെ, സന്തോഷത്തോടെ ഈ പുതുവര്‍ഷത്തിലേക്ക് നമുക്ക് കടക്കാം. എന്‍. പി. ഗിരീഷ് എന്ന സഹോദരന്റെ 'യേശുവിന്റെ കാലൊച്ച' എന്ന കവിത വായിക്കുവാന്‍ ഇടയായി. അതിലെ നാലുവരികള്‍ ഇങ്ങനെയാണ്,

 കഷ്ടനഷ്ടങ്ങള്‍, കല്ലുകള്‍, മുള്ളുകള്‍,

 കടമ്പ നിറച്ച ജീവിതയാത്രയില്‍ തളരാതെ,

 കൈ പിടിച്ചെന്നെ നടത്തിയോനെ,

 കരുണതന്‍ പങ്കായമായവനെ......

തളരുമ്പോള്‍, തകരുമ്പോള്‍ കൈപിടിച്ചു കൂടെ നടക്കുവാന്‍ ഒരു ദൈവം ഉണ്ട് നമുക്ക്. മുന്തിരിത്തോട്ടത്തില്‍ നട്ട അത്തിവൃക്ഷംപോലെ അവന്‍ നമ്മെയൊത്തിരി സ്‌നേഹിക്കുന്നുണ്ട്. വചനം നമ്മോട് പറയുന്നു 'എനിക്ക് നിന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ട്, നിന്റെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതി.' (ജറെ. 29:11).  നിനക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി. അതുകൊണ്ടാണ് യേശുപിതാവില്‍ നിന്നും ഒരു ഊഴം കൂടി വാങ്ങി നമുക്ക് നല്കുന്നത്. റോമ 8:28 ല്‍ വചനം നമ്മോട് പറയുന്നു 'ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് എല്ലാം നന്മക്കായി പരിണമിപ്പിക്കുന്നു.' എന്ന്. പ്രിയപ്പെട്ടവരെ ഈ ജീവന്റെ വചനങ്ങളെ, മാംസം ധരിച്ച ഈ അനുഗ്രഹവചനങ്ങളെ ഹൃദയത്തോട് ചേര്‍ത്തു വയ്ക്കാം. നമുക്കായി നല്ല പദ്ധതികള്‍ രൂപപ്പെടുത്തുന്ന, എല്ലാം നന്മക്കായി പരിണമിപ്പിക്കുന്ന ദൈവത്തിന്റെ അനന്ത സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റേയും കരങ്ങളിലേയ്ക്ക് നമ്മെ സമര്‍പ്പിക്കാം. 

റോമന്‍ ദേവനായ ജാനസില്‍നിന്നാണ് ജാനുവരി എന്ന മാസത്തിന് ആ പേരു ലഭിച്ചതുപോലും!!!. ജാനസ് ദേവന്റെ പ്രത്യേകത, മുന്നോട്ടും പിന്നോട്ടും നോക്കുന്ന രണ്ടു ശിരസ്സുകള്‍ ആയിരുന്നു. നമുക്കും വേണം പ്രിയപ്പെട്ടവരെ ഇതുപോലെ രണ്ടു ശിരസ്സുകള്‍. പിന്നിലോട്ടും മുന്നിലോട്ടും നോക്കാന്‍. വന്നവഴികളിലെ ഇടര്‍ച്ചകളെയും പരാജയങ്ങളെയും നോക്കാനല്ല, ദൈവം തന്ന അനുഗ്രഹത്തിന്റെ നിറവ് കാണാന്‍.അതുപോലെ ഭാവിയെക്കുറിച്ചുള്ള ദിവാസ്വപ്നങ്ങള്‍ കാണാതെ, ബാബേല്‍ ഗോപുരങ്ങള്‍ പണിയാനല്ല, ഓരോ പ്രഭാതത്തിലും പുതിയ സ്‌നേഹത്താല്‍ നിറയ്ക്കുന്ന ദൈവത്തിന്റെ കാരുണ്യം കാണാന്‍. എല്ലാം ദൈവകരങ്ങളില്‍ സമര്‍പ്പിച്ചുകൊണ്ട് വി.ഇഗ്നേഷ്യസ് ലെയോളയോട് ചേര്‍ന്ന് നമുക്കും പ്രാര്‍ത്ഥിക്കാം. 'നാഥാ എന്നെ സ്വീകരിച്ചാലും, എനിക്ക് ഉള്ളതു മുഴുവന്‍, അങ്ങുതന്നതും, എന്റെ സ്വന്തമെന്നു ഞാന്‍ കരുതുന്നതും അങ്ങ് എടുത്തുകൊള്ളുക എന്നിട്ട് അങ്ങയുടെ സ്‌നേഹവും കാരുണ്യവും മാത്രം എനിക്ക് തിരികെ തരിക. എനിക്ക് അതുമാത്രം മതി.' 

എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

611 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141691