ക്രിസ്തുമസ് ദിനത്തിലെ മണിനാദം
റോസ് ഡെലിമ ജേക്കബ്

പണ്ടുപണ്ടൊരിടത്ത്, ഒരു മലമുകളില്‍ അംബരചുംബിയായ ഒരു ദേവാലയമുണ്ടായിരുന്നു. ഒട്ടേറെ തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും നിത്യവും ആകര്‍ഷിച്ചിരുന്ന മനോഹരമായ ദേവാലയമായിരുന്നു അത്. 

ഈ ദേവാലയത്തിന്റെ പിന്‍ഭാഗത്തായി ഇതിനോടു ചേര്‍ന്ന് ഒരു മണിഗോപുരം ഉണ്ടായിരുന്നു. ഈ ഗോപുരത്തെ സംബന്ധിച്ച് ഒരു ഐതിഹ്യം ഉണ്ട്. ചില പ്രത്യേക അവസരങ്ങളില്‍ ഈ ഗോപുരത്തിലെ മണികള്‍ ഒരേ ശ്രുതിയില്‍ സ്വയം നാദം മുഴക്കുമത്രേ! ലോകത്തില്‍ മറ്റൊരിടത്തും കേട്ടിട്ടില്ലാത്തവിധം അത്ര വിശേഷമാണ് ഈ മണിനാദം! മാലാഖമാരാണത്രെ ഈ മണികള്‍ അടിക്കുന്നത്!

മണികളെക്കുറിച്ചുള്ള ഈ ഐതിഹ്യം വളരെ പ്രസിദ്ധമായിരുന്നെങ്കിലും ഈ മണികള്‍ അടിച്ചുകേട്ടവര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. എങ്കിലും ക്രിസ്മസ് ദിവസം ഉണ്ണിയേശുവിന് ഏറ്റവും പ്രീതികരമായ കാഴ്ച്ച ലഭിക്കുന്ന അവസരത്തില്‍ ഈ മണികള്‍ വീണ്ടും സ്വയം മുഴങ്ങുമെന്ന് ആളുകള്‍ വിശ്വസിച്ചിരുന്നു.

അങ്ങനെയിരിക്കെ ഒരു ക്രിസ്മസ് രാത്രിയില്‍ സഹോദരന്മാരായ രണ്ട് അനാഥബാലന്മാര്‍ ഈ ദേവാലയത്തിലെ പാതിരാകുര്‍ബാനയില്‍ സംബന്ധിക്കുവാന്‍ പോവുകയായിരുന്നു. അവരുടെ യാത്രക്കിടയില്‍ വഴിയരികില്‍ ഒരു പാവപ്പെട്ട സ്ത്രീ തണുത്തുവിറച്ചു കിടക്കുന്നത് അവര്‍ കാണാനിടയായി. സഹോദരന്മാരില്‍ മൂത്തവനായ പേദ്രോ ഓടിച്ചെന്ന് ആ സ്ത്രീയുടെ കാര്യം തിരക്കി. പക്ഷേ ബോധരഹിതയായി കിടക്കുകയായിരുന്നു അവര്‍. പേദ്രോയും അവന്റെ കുഞ്ഞനുജനും കൂടി ഏറെ നേരം ശ്രമിച്ചിട്ടും ആ സ്ത്രീയുടെ ബോധം തെളിഞ്ഞില്ല.

സഹായത്തിനായി അവര്‍ ചുറ്റും നോക്കി, അടുത്തെങ്ങും ആരുമില്ലായിരുന്നു. എല്ലാവരും പാതിരാകുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ പോയിരിക്കുകയായിരുന്നു. ആരെയും ഉടനെയെങ്ങും സഹായത്തിനുകിട്ടുകയില്ലെന്നു ബോധ്യമായപ്പോള്‍ പേദ്രോ തന്റെ കുഞ്ഞനുജനോടു പറഞ്ഞു. 'നീ ഇവിടെ നില്‌ക്കേണ്ട, വേഗം പോയി കുര്‍ബാനയില്‍ സംബന്ധിച്ചുകൊള്ളൂ'അനുജന്‍ ചോദിച്ചു; 'ചേട്ടന്‍ വരുന്നില്ലെ?'  'ഞാന്‍ പോന്നാല്‍ ഈ സ്ത്രീ തണുത്തു മരവിച്ചു മരിച്ചു പോകും. നീ പള്ളിയില്‍ പോയി കുര്‍ബാനയില്‍ പങ്കെടുത്ത് ആരെയെങ്കിലും സഹായത്തിനായി വിളിച്ചുകൊണ്ടുവരണം' ചേട്ടന്റെ മറുപടി കേട്ട അനുജന്‍ പറഞ്ഞു 'ഞാനും ഇവിടെ നിന്നു സഹായിക്കാം, അതാണ് നല്ലത്.' എന്നാല്‍ പേദ്രോ പറഞ്ഞു, 'നമ്മള്‍ രണ്ടുപേരും കുര്‍ബാന മുടക്കിയിട്ടു കാര്യമില്ല. നീ പള്ളിയില്‍ പോയി കുര്‍ബാനയില്‍ പങ്കെടുക്കുമ്പോള്‍ എനിക്കുവേണ്ടിക്കൂടി പങ്കെടുക്കണം. അതുപോലെ പ്രസംഗം കേള്‍ക്കുമ്പോള്‍ എനിക്കുവേണ്ടി  കൂടി കേള്‍ക്കണം. എന്നിട്ട് എത്രയും വേഗം സഹായത്തിനായി ആരെയെങ്കിലും കൂട്ടിക്കൊണ്ടു വരണം.' പേദ്രോയുടെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ അവന്റെ അനുജന്‍ പള്ളിയിലേക്ക് തനിച്ചു പോകുവാന്‍ സമ്മതിച്ചു. വീണ്ടും പേദ്രോ പറഞ്ഞു, 'ഉണ്ണീശോയെ അങ്ങയെ ആരാധിക്കാന്‍ എനിക്കും മോഹമുണ്ട്, അത് അവിടുത്തേക്ക് അറിയാം' പിന്നീട് ഒരു നാണയത്തുട്ട് അനുജന്റെ കൈവശം കൊടുത്തുകൊണ്ടു പേദ്രോ പറഞ്ഞു, 'ആരും കാണാതെ നീ ഇത് ഉണ്ണീശോക്ക് നേര്‍ച്ചയിടണം.'

ജേഷ്ഠന്‍ കൊടുത്ത നാണയത്തുട്ടും വാങ്ങി അനുജന്‍ വേഗം ദേവാലയത്തിലെത്തി. അപ്പോള്‍ പാതിരാകുര്‍ബാന നടന്നുകൊണ്ടിരിക്കുകയായിരുന്നു. കുര്‍ബാന കഴിഞ്ഞയുടനെ ആളുകള്‍ ഉണ്ണീശോയ്ക്ക് കാഴ്ച്ചയര്‍പ്പിക്കുവാന്‍ തിരക്കുകൂട്ടി. ആ രാജ്യത്തെ രാജാവ് ഉള്‍പ്പെടെ പ്രസിദ്ധരായ പലരും ഉണ്ണീശോയ്ക്ക് കാഴ്ച്ചയര്‍പ്പിക്കുവാന്‍ അവിടെ എത്തിയിട്ടുണ്ടായിരുന്നു. രാജാവ് സ്വന്തം കിരീടമാണ് ഉണ്ണീശോയ്ക്ക് കാഴ്ച്ചയായി നല്‍കിയത്. അദ്ദേഹം കാഴ്ച്ച സമര്‍പ്പിക്കുന്നത് കണ്ടപ്പോള്‍ ആളുകള്‍ പരസ്പ്പരം പറഞ്ഞു. 'ഇപ്പോള്‍ തീര്‍ച്ചയായും മണിഗോപുരത്തിലെ മണികള്‍ ഗാനാലാപം നടത്തും.' പക്ഷേ രാജാവ് കാഴ്ച്ചയര്‍പ്പിച്ചപ്പോഴും മണിനാദം മുഴങ്ങിയില്ല.രാജാവും പരിവാരങ്ങളും കാഴ്ച്ചയര്‍പ്പിച്ചു മടങ്ങിയപ്പോള്‍ പേദ്രോയുടെ അനുജന്‍ വേഗം ഉണ്ണീശോയുടെ അള്‍ത്താരയുടെ അരികിലെത്തി, ആരും കാണാതെ ജേഷ്ഠന്‍ തന്ന നാണയത്തുട്ട് കാഴ്ചയായി നല്‍കി. ആ നിമിഷം  മണിഗോപുരത്തിലെ മണികള്‍ ശ്രുതിമധുരമായി മുഴങ്ങുവാന്‍ തുടങ്ങി. ഉടനെ രാജാവ് ഉള്‍പ്പെടെയുള്ളവര്‍ അള്‍ത്താരയിലേയ്ക്കു നോക്കി. പേദ്രോയുടെ അനുജന്‍ മാത്രമേ ഉണ്ണീശോയുടെ അള്‍ത്താരയുടെ സമീപം നില്‍ക്കുന്നുണ്ടായിരുന്നുള്ളൂ. വഴിയരികില്‍ തണുത്തുവിറങ്ങലിച്ചു മരിക്കാറായി കിടന്ന സ്ത്രീയെ സഹായിച്ച കാരുണ്യപ്രവര്‍ത്തിയായിരുന്നു ആ ക്രിസ്തുമസ് രാത്രിയില്‍ ഉണ്ണീശോയ്ക്ക് ഏറ്റവും പ്രീതികരമായ സമ്മാനം. അതുകൊണ്ടാണ് പേദ്രോയുടെ നാണയത്തുട്ട് കാഴ്ച്ചയായി അള്‍ത്താരയില്‍ വന്ന നിമിഷം ആ ദേവാലയത്തിലെ മണികള്‍ അത്ഭുതകരമായി സ്വയം മുഴങ്ങിയത്.റെയ്മണ്‍ഡ് ആള്‍ഡന്‍ എന്ന അമേരിക്കന്‍ സാഹിത്യകാരന്റെ ഭാവനാസൃഷ്ടിയായ ഈ കഥ ക്രിസ്തുമസിന്റെ യഥാര്‍ത്ഥ ചൈതന്യത്തിലേയ്ക്കു നമ്മെ നയിക്കുന്നു.

രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മണിമന്ദിരങ്ങളുണ്ടായിരുന്നിട്ടും പിറക്കാനായി കാലിത്തൊഴുത്തും, ശയിക്കാനായി പിള്ളക്കച്ചയും, മഞ്ഞുമൂടിയ ഇരുണ്ട രാത്രിയിലെ അരണ്ട വെളിച്ചത്തില്‍ കണ്ടെത്തിയ, ഈ മണ്ണില്‍ ഇടമില്ലാത്തതിന്റെ വേദന മുഴുവന്‍ ഉള്‍ക്കൊണ്ട ഒരു മനുഷ്യജന്മത്തിന്റെ മഹനീയതയും വിളിച്ചു പറയുന്ന സുന്ദരസുദിനമാണ് ക്രിസ്തുമസ്. കാലത്തെ രണ്ടായി പകുത്ത ചരിത്രമുഹൂര്‍ത്തമാണ് ക്രിസ്തുമസ്.

കടിഞ്ഞൂല്‍ പുത്രന് ജന്മം കൊടുക്കുവാന്‍ പ്രപഞ്ചവേദിയില്‍ മാന്യമായൊരു സ്ഥലം കിട്ടാത്തതിന്റെ പരിഭവം ആ മാതാപിതാക്കള്‍ക്ക് ഇല്ലായിരുന്നു. ഒരമ്മയായതിന്റെ, പിതാവായതിന്റെ സംതൃപ്തിയും സന്തോഷവുമാണ് ആ മുഖങ്ങളില്‍ കളിയാടിയത്. പിറക്കാനിടമില്ലാതെ പിള്ളക്കച്ചയില്‍ കിടന്ന ദിവ്യശിശു മണ്ണിലല്ല, മനുഷ്യഹൃദയങ്ങളില്‍ ഇടം തേടാനാണ് വന്നത്. മണ്ണിനുവേണ്ടിയുള്ള മാരത്തോണ്‍ മത്സരം തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ നൂറ്റാണ്ടിന്റെ ശൈശവദശയിലും മനുഷ്യഹൃദയങ്ങളില്‍ ഇടം നേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവന്‍ ചിന്തിക്കുന്നില്ല. തെരുവില്‍ വസിക്കുന്നവരെ കുടിയൊഴിപ്പിച്ചും കാടിന്റെ മക്കളെ പുറത്താക്കിയും കാടും, നാടും സംരക്ഷിക്കാന്‍ തുനിയുമ്പോള്‍ അവര്‍ക്കൊക്കെ ഹൃദയകോണുകളിലെങ്കിലും ഒരല്പ്പം ഇടം കൊടുക്കാനായാല്‍ ഈ വിശാലമായ ഭൂമിയില്‍ ഇനിയും സ്ഥലം ബാക്കിയാണെന്ന് മനസിലാക്കാന്‍ സാധിക്കും. ഹൃദയങ്ങളിലിടമുണ്ടാകുമ്പോള്‍ മണ്ണിലിടമുണ്ടാകും. ഭൂമിയില്‍ സമാധാനവും.

സത്രത്തില്‍ സ്ഥലമില്ലയെന്ന മുറവിളി ഇന്നു നമ്മുടെ കര്‍ണ്ണപുടങ്ങളില്‍ അലയടിക്കുകയാണ്. ഇവിടെ പിറക്കാനിടമില്ലാത്തതുകൊണ്ട് പിള്ളത്തൊട്ടിലില്‍ത്തന്നെ ബലിയാകേണ്ടിവരുന്ന പൈതങ്ങളുടെ രോദനം കേള്‍ക്കാന്‍ കാതുകളുണ്ടാകണം നമുക്ക്. തലചായ്ക്കാനിടമില്ലാതെ തെരുവിലലയുന്ന കുഞ്ഞുങ്ങളുടെ വിളറിവെളുത്ത മുഖം കാണാന്‍ കണ്ണുകളുണ്ടാകണം. അനാഥത്വത്തിന്റെ വേദനയും സമൂഹത്തിന്റെ അവഗണനയും മൂലം ഹൃദയശൂന്യത കൈമുതലായി സാമൂഹ്യവിരുദ്ധരായി മാറുന്നവരെ മനസ്സിലാക്കാനുള്ള ഹൃദയമുണ്ടാകണം നമുക്ക്. സത്രത്തില്‍ സ്ഥലം തരാത്തവരോട് പകരം വീട്ടാനല്ല, തെരുവിന്റെ സംസ്‌കാരത്തില്‍ നിന്നും ഹൃദയഗുണങ്ങള്‍ പ്രകടമാകുന്ന നൂതനസംസ്‌കാരത്തിന്റെ നക്ഷത്രമാകാനാണ് അവിടുന്നു ജനിച്ചത്. എല്ലാവരെയും ഉള്‍ക്കൊള്ളുവാനുള്ള ഹൃദയവിശാലത അവിടത്തേക്കുണ്ടായിരുന്നു. പ്രപഞ്ചത്തെ മുഴുവനും ഉള്‍ക്കൊള്ളുവാനുള്ള ഒരു ഹൃദയം ഈ ക്രിസ്തുമസ്സ് ദിനത്തില്‍ നമുക്ക് ഒരുക്കാം.

ക്രിസ്തുമസ്സ്: സ്വര്‍ഗ്ഗം ഭൂമിയിലേക്കിറങ്ങിവന്ന് മണ്ണിനെ വിണ്ണോളമുയര്‍ത്തിയ അനര്‍ഘസുന്ദര നിമിഷം! തമസ്സിന്റെ യാമങ്ങള്‍ക്കുമേല്‍ പുല്‍ക്കൊടി പാറിച്ച ദിവ്യതേജസ്സ്! പൂക്കളും പുല്‍ക്കൊടികളും പൂമരങ്ങളും നറുനിലാവും പൂര്‍ണ്ണചന്ദ്രനും നക്ഷത്രങ്ങളും മാലാഖമാരോടൊപ്പം പാടുന്നു:

'അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി

ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം.'

883 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141690