ദൈവത്തിന്റെ കണ്ണുകള്‍
പ്രിയ

ഈ ക്രിസ്തുമസ് എനിക്ക് എങ്ങിനെയായിരിക്കും? പഴയ ക്രിസ്തുമസ് പോലെതന്നെ കടന്നുപോകുമോ? അല്ല; യേശു എന്റെ ഹൃദയത്തില്‍ കടന്നുവരുമോ? അഥവാ അവനെന്റെ ഹൃദയത്തില്‍ വന്നുപിറക്കുമോ? ഇത്തവണ യേശുവെന്റെ ഹൃദയത്തില്‍ വന്നുപിറക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ തന്റെ ഹൃദയം അവനായി ഒരുക്കണം. നമ്മുടെ ഹൃദയം കുറ്റമറ്റതാണോ? അഥവാ ഒരു ഫരിസേയന്റെ മനോഭാവമാണോ എനിക്കുള്ളത്? ഹൃദയപരമാര്‍ത്ഥതയുള്ള, പശ്ചാത്താപമുള്ള ഹൃദയത്തിലേയ്ക്കാണ് യേശു കടന്നുവരുന്നത്. ഇന്ന് പലരിലും കണ്ടുവരുന്നത് ഒരു 'ശിമയോന്‍' മനോഭാവമാണ്. ശിമയോന്‍ ഒരു ഘോരപാപിയായിരുന്നില്ല. അതിനാല്‍ രക്ഷിക്കപ്പെടണം എന്ന ആഗ്രഹം അവനില്‍ ഉണ്ടായിരുന്നില്ല. കാരണം 'തിരുത്ത്' വേണമെന്നവന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. നമ്മില്‍ പലരും ഈ ഗണത്തില്‍പ്പെടും. ഈ ഗണത്തിന്റെ പ്രത്യേകത അവര്‍ക്ക് മറ്റുള്ളവരുടെ തെറ്റുകള്‍ കണ്ടുപിടിക്കാന്‍ വളരെ ശ്രദ്ധയായിരിക്കും. അവരുടെ തെറ്റുകള്‍ അവരൊരിക്കലും കണ്ടുപിടിക്കുകയോ, ശ്രദ്ധിക്കുകയോ പോലുമില്ല. ഇക്കൂട്ടരുടെ മറ്റൊരു പ്രത്യേകത ഇവര്‍ക്ക് മറ്റുള്ളവരുടെ യാതൊരു നന്മയും കാണാന്‍ കഴിയില്ലെന്നുള്ളതാണ്. ഉദാ-: അമ്മായിയമ്മയ്ക്ക് 'ശിമയോന്‍' മനോഭാവമാണെങ്കില്‍ അവര്‍ മരുമകളുടെ യാതൊരു നന്മയും കണ്ടെത്തില്ല; മറിച്ച് ധാരാളം കുറ്റങ്ങള്‍ കണ്ടെത്തും. ഇത് വളരെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഈ നോമ്പുകാലം ഓരോ ജീസസ്സ് യൂത്തും ചിന്തിക്കുകയും ആത്മശോധന ചെയ്യുകയും വേണം. മേല്‍പ്പറഞ്ഞ തരത്തിലുളള ഹൃദയമാണോ എന്റേത്? അങ്ങനെയെങ്കില്‍ ചിന്തിക്കുക; ക്രിസ്തു എന്റെ ഹൃദയത്തില്‍ പിറക്കേണ്ടതിന് ആത്മശുദ്ധി നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
 
ഇനിയടുത്തതായി, യേശുവെന്റെ ഹൃദയത്തില്‍ ജനിക്കണമെങ്കില്‍ ഞാന്‍ പരിശോധിക്കണം എന്റെ ഹൃദയത്തില്‍ 'ക്ഷമ' എന്ന പുണ്യമുണ്ടോയെന്ന്. കാരണം ഹൃദയത്തില്‍ പിറക്കുന്നവന്‍ യേശുവും, ക്ഷമയുടെ മതമാണ് ക്രിസ്തീയതയെന്നു പലരും പറഞ്ഞു കേള്‍ക്കാറുള്ള കാര്യമാണ്. എന്നോടു തെറ്റു ചെയ്തവരോട് ഞാന്‍ പൊറുത്തുവെന്നത്. എന്നാലും ഇടയ്‌ക്കെങ്കിലും അത് ഒരു നീറിപ്പടരുന്ന ഓര്‍മ്മയായി നിങ്ങളിലുണ്ടെങ്കില്‍ നിങ്ങള്‍ വെറും മനുഷ്യനാണ്. ക്രിസ്തുവിനെ ഹൃദയത്തില്‍ സ്വീകരിക്കുവാന്‍ വിസമ്മതിക്കുന്ന മനുഷ്യന്‍. കാരണം ക്രിസ്തു ഹൃദയത്തില്‍ വന്നുപിറക്കണം എന്നാഗ്രഹിക്കുന്നവന്‍പോലും പൂര്‍ണ്ണമായി ക്ഷമിക്കും; പിന്നീട് ഓര്‍മ്മകളിലേയ്ക്കുപോലും അവന്റെ തെറ്റു കടന്നുവരാതെ പൂര്‍ണ്ണമായി മറക്കും. അങ്ങനെ ചെയ്യാന്‍ നിനക്കു സാധിക്കുന്നുണ്ടെങ്കില്‍ നിശ്ചയം, ക്രിസ്തു നിന്റെ ഹൃദയത്തില്‍  പിറക്കുക തന്നെ ചെയ്യും. പറ്റുന്നില്ലായെങ്കില്‍ എവിടെയാണ് എനിക്ക് ഇടറിയിരിക്കുന്നത് എന്ന് കണ്ടുപിടിച്ച് ക്ഷമിക്കുവാനുള്ള ഒരുക്കം തുടങ്ങുക.

അടുത്തതായി, യേശുവിന് പിറക്കാനുള്ള ഹൃദയത്തില്‍ 'സ്‌നേഹത്തിന്റ ചാലുകള്‍' ഉണ്ടാകും. ഹൃദയത്തില്‍ സ്‌നേഹമുള്ളവന്‍ ദൈവത്തിന്റ കണ്ണുകള്‍ക്കൊണ്ടാകും ലോകത്തെ നോക്കുക. അവന്‍ ഒരു പാപിയേപ്പോലും കാണുന്നത് ദൈവമകനോ, മകളോ ആയിട്ടായിരിക്കും. യേശു മഗ്ദലനാമറിയത്തെ കണ്ടത് ദൈവപിതാവിന്റെ മകളായിട്ടാണ്. എന്നാല്‍ കല്ലെറിയാന്‍ നിന്ന ജനം കണ്ടത് അവളെ ഒരു വ്യഭിചാരിണിയായിട്ടും. ഞാന്‍ മനുഷ്യഹൃദയവുമായി ജീവിക്കുകയാണെങ്കില്‍ അവിടെ സ്‌നേഹം തുലോം കുറവായിരിക്കും. എനിക്ക് വിശാലമായ കാഴ്ച്ചപ്പാട് കുറവായിരിക്കും. ഇങ്ങനെയുള്ളൊരുഹൃദയത്തില്‍ യേശുവെങ്ങനെ ജനിക്കും? ഒരു പുണ്യവാനായ മനുഷ്യന്‍ പാപിയെ നോക്കുമ്പോള്‍ നാളെ പുണ്യവാനായേക്കാവുന്ന മനുഷ്യനെയാണ് കണ്ടെത്തുക. ഇങ്ങനെയൊക്കെ ചിന്തിക്കാനെങ്കിലും നമുക്ക് കഴിയുന്നുണ്ടോ? ഇങ്ങനെയൊക്കെയൊന്ന് ചിന്തിക്കുവാനെങ്കിലും ആഗ്രഹിക്കുന്നവരുടെ ഹൃദയത്തില്‍ വന്നുപിറക്കാനാകും യേശു ആഗ്രഹിക്കുന്നത്. തന്റെ കൂടെ നടക്കുന്നവനെ തള്ളിക്കളയാതെ ചേര്‍ത്തു പിടിക്കുന്നവനാണ് യേശു. ആ യേശു നമ്മുടെ ഹൃദയത്തില്‍ വന്നു പിറക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ പറയണം,

'യേശുവേ അങ്ങെന്റെ ഹൃദയത്തില്‍ വന്നു പിറക്കുവാനുള്ള വരം എനിക്ക് തരണമേ, മാലിന്യങ്ങള്‍ കഴുകണമെ.'
 ആമ്മേന്‍.

338 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141690