വിശുദ്ധര്‍
ഫാ. സെബാസ്റ്റ്യന്‍ കറിപ്ലാക്കല്‍

പരിശുദ്ധ പിതാവിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷം മാധ്യമങ്ങള്‍ ആഘോഷമാക്കിയ വാര്‍ത്ത 'എന്‍.ബി.സി. (NBC) യും, ബിഷപ്പും നേര്‍ക്കുനേര്‍'  എന്നതായിരുന്നു. സഭയുടെ പ്രവര്‍ത്തനശൈലികളെ ഇകഴ്ത്തിക്കെട്ടുക എന്ന ലക്ഷ്യത്തോടെ സഭയിലെ പൗരോഹിത്യ അധികാരശ്രേണിയെപ്പറ്റി ചോദ്യമുന്നയിച്ച NBCയുടെ പ്രതിനിധിയായ ക്രിസ് മാത്യൂസിന് ലോസ് ആഞ്ചല്‍സ് അതിരൂപതയുടെ സഹായമെത്രാനായ ബിഷപ്പ് റോബര്‍ട്ട് ബാരന്‍ നല്‍കിയ മറുപടി ചോദ്യകര്‍ത്താക്കളെപ്പോലും അത്ഭുതപ്പെടുത്തി. 'സഭയില്‍ ശ്രേഷ്ഠതയുടെ അളവുകോല്‍ അധികാരമല്ല, വിശുദ്ധിയാണ്' എന്നതായിരുന്നു അത്.

ശ്രേഷ്ഠതയാര്‍ന്ന ഒരു മരണാനന്തരജീവിത മുണ്ടെന്നും, അതിന്റെ ഉന്നതശ്രേണിയാണ് വിശുദ്ധപദവിയെന്നും ലോകത്തോട് വിളിച്ചുപറയുന്നതായിരുന്നു ബിഷപ്പ് ബാരന്റെ ഈ വാക്കുകള്‍. ദൈവത്തിന്റെ സ്‌നേഹഭാജനങ്ങളും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവരുമാണ് എല്ലാ ക്രൈസ്തവരുമെന്ന് (റോമാ 1:7; 1 കോറി. 1:1-2) പൗലോസ് ശ്ലീഹായുടെ പ്രബോധനം ലോകത്തെ ഒന്നുകൂടി അനുസ്മരിപ്പിക്കുകയായിരുന്നു ബിഷപ്പ് ബാരന്‍. അധികാരത്തിന്റെ ഉന്നതങ്ങളില്‍ വ്യാപരിച്ചതിനുശേഷം മണ്‍മറഞ്ഞുപോയ, സഭയിലെ പല മഹദ്‌വ്യക്തികളും വിസ്മരിക്കപ്പെട്ടപ്പോള്‍ ഒരു കാലത്ത് യൂറോപ്പി ലും, ഇന്ന് കേരളക്കരയിലും ആരാലും അധികം ശ്രദ്ധിക്കപ്പെടാതെയും അറിയപ്പെടാതെയും, ദര്‍ശനങ്ങളോ, ഭാഷാവരങ്ങളോ, പ്രഘോഷണപരമ്പരകളോ ഇല്ലാതെ എളിയ ഭവനാന്തരീക്ഷങ്ങളിലും ആശ്രമവൃത്തിക്കുള്ളിലും മാത്രം കഴിച്ചു കൂട്ടിയ വിശുദ്ധജീവിതങ്ങള്‍ സഭയുടെ അള്‍ത്താരകളില്‍ അനുസ്മരിക്കപ്പെടുമ്പോള്‍, അത് വിഗ്രഹാരാധനയെന്ന് അധിക്ഷേപിക്കുന്നവര്‍ക്കും (അവര്‍ ഇത് വായിച്ചിട്ടുണ്ടെങ്കില്‍) ഉള്ള ഒരു മറുപടി കൂടിയാണിത്.

സഭ എപ്പോഴും വിശുദ്ധരുടെ സമൂഹമാണ്; അങ്ങനെയായിരിക്കേണ്ടതാണ്. മാമ്മോദീസായിലൂടെ സഭയില്‍ അംഗമാകുന്നതോടുകൂടി ഓരോ ക്രൈസ്തവനും ഈ വിശുദ്ധഗണത്തിലേക്കു പ്രവേശിക്കുകയാണ്. സഭയിലെ ഓരോ കൂദാശകളുടെയും സ്വീകരണം വിശുദ്ധിയുടെ പൂര്‍ണ്ണതയിലേക്ക് നമ്മെ നയിക്കുകയും മരണത്തോടുകൂടി അത് പൂര്‍ത്തികരിക്കപ്പെടുകയും വേണം.

ഈ ഭൂമിയിലെ ജീവിതകാലത്ത് ഈശോയോട് ചേര്‍ന്നുനിന്നവരാണ് വിശുദ്ധര്‍. ലോകത്തോടുള്ള മൈത്രിയും ദൈവത്തോടുള്ള മൈത്രിയും ഒരുമിച്ചു കൊണ്ടുപോകാന്‍ സാധിക്കുകയില്ലെന്ന് തിരിച്ചറിഞ്ഞവര്‍, ഈലോകജീവിതകാലത്ത് ദൈവത്തോടു ചേര്‍ന്നുനിന്നാലെ  മരണത്തിനുശേഷം ദൈവത്തോടൊപ്പമായിരിക്കുവാന്‍ സാധിക്കൂ എന്ന്  മനസ്സിലാക്കിയവര്‍. അതിനായി ഈ ലോകത്തിലെ എല്ലാ വെല്ലുവിളികളെയും പ്രതിസന്ധികളെയും വിശ്വാസനിറവില്‍ ധീരമായി നേരിട്ടവര്‍, ദൈവം ദാനമായി നല്‍കിയ ജീവിതകാലം സഹോദരരുടെ നന്മയ്ക്കും, സഭാസമൂഹത്തിന്റെ വളര്‍ച്ചയ്ക്കുമായി മാറ്റിവച്ചവര്‍, സുവിശേഷമൂല്യങ്ങളുടെ സാക്ഷ്യത്തിനായി ഈലോകത്തിലെ പ്രതിസന്ധികള്‍ക്കു നടുവില്‍ ധീരമായി നിലകൊണ്ടവര്‍, മരണത്തിനുശേഷവും ഈലോകത്തിലെ സഹോദരങ്ങളെ സഹായിക്കുവാന്‍ ഈശോയുടെ മുമ്പില്‍ മാധ്യസ്ഥം വഹിക്കുന്നവര്‍, ഇപ്രകാരം ഈ ലോകജീവിതകാലത്ത് വിശുദ്ധിയുടെ നിറകുടങ്ങളായി പ്രശോഭിച്ചവര്‍, മരണത്തിനുശേഷവും വിശുദ്ധിയുടെ മാതൃകകളായി തുടരുന്നതിനാലാണ് സഭ അവരെ അള്‍ത്താരകളില്‍ അനുസ്മരിക്കുന്നത്. 'സ്വര്‍ഗ്ഗത്തിലെത്തിയിരിക്കുന്നവര്‍ ക്രിസ്തുവുമായി കൂടുതല്‍ ഐക്യം പ്രാപിച്ചിരിക്കുന്നതിനാല്‍ അവര്‍ സഭ മുഴുവനെയും വിശുദ്ധിയില്‍ കൂടുതല്‍ ഉറപ്പിക്കുകയും വിവിധമാര്‍ഗ്ഗങ്ങളില്‍ അതിന്റെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു (11 വത്തിക്കാന്‍ കൗണ്‍സില്‍ തിരുസഭ)'.

ഈ ലോകത്തില്‍ സവിശേഷമാംവിധം ജീവിച്ചു മരിച്ചവരെ വിശുദ്ധ പദവിയിലേക്കുയര്‍ത്തുമ്പോള്‍ അവര്‍ ഈ ലോകത്ത് എത്രമാത്രം വിശ്വസജീവിതം നയിച്ചുവെന്നും, സുവിശേഷമൂല്യങ്ങള്‍ക്കനുസരിച്ച് ജീവിച്ച് നന്മചെയ്യുവാന്‍ അവര്‍ എത്രമാത്രം മറ്റുള്ളവരെ പഠിപ്പിച്ചുവെന്നും, അവരിലൂടെ മറ്റുള്ളവര്‍ക്ക് ലഭിച്ച ദൈവകൃപകള്‍ എന്തെന്നും,  അവരുടെ മാധ്യസ്ഥം അപേക്ഷിച്ചപ്പോള്‍ അത്ഭുതകരമായി ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ ഏവയെന്നും, അവരുടെ ജീവിതവിശുദ്ധിയുടെ ശക്തി എത്രമാത്രം ലോകത്തിനു ബോധ്യപ്പെട്ടിരിക്കുന്നുവെന്നുമുള്ള കാര്യങ്ങളായിരിക്കും അടിസ്ഥാനപരമായി പരിഗണിക്കുക. ദൈവത്തിന്റെ പ്രവാചകര്‍ക്കായി സ്മാരകങ്ങളും ദേവാലയങ്ങളും പണിയുന്നരീതി യഹൂദമതത്തിലുമുണ്ടായിരുന്നു. കത്തോലിക്കാസഭയിലും വിശ്വാസത്തിനുവേണ്ടി മരിച്ചവരെ ഓര്‍ക്കുകയും അവരുടെ മാധ്യസ്ഥം യാചിക്കുകയും ചെയ്യുന്ന രീതി AD 100-ാടുകൂടി ആരംഭിച്ചു. ഭൂമിയില്‍ നന്മചെയ്തു ജീവിച്ചവര്‍ക്ക് മരണശേഷമുള്ള അവരുടെ സ്വര്‍ഗ്ഗീയവാസവും, ഭൂമിയിലെ സഹോദരങ്ങള്‍ക്ക് നന്മ ചെയ്യുവാനുളളതാണെന്ന് വിശുദ്ധരുടെ ജീവിതങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. വിശുദ്ധരോട് മാധ്യസ്ഥം യാചിക്കുമ്പോള്‍ 'ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ' എന്നും കര്‍ത്താവായ ദൈവത്തോട് യാചിക്കുമ്പോള്‍ 'കര്‍ത്താവേ ഞങ്ങളുടെ മേല്‍ കൃപയുണ്ടാകണമേ' എന്നും പ്രാര്‍ത്ഥിക്കുന്നത് വിശുദ്ധരോടുള്ള ബഹുമാനം വിഗ്രഹാരാധനയല്ലെന്നും മറിച്ച് ജീവിതമാതൃക സ്വീകരിക്കുകയും മാധ്യസ്ഥസഹായം അപേക്ഷിക്കുകയും ആണ് ചെയ്യുന്നതെന്നും സഭ നമ്മെ പഠിപ്പിക്കുന്നു.

റഫറന്‍സ്
1 രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍, പ്രമാണരേഖകള്‍, ധര്‍മ്മരാം കോളേജ്, ബാംഗ്ലൂര്‍
2 ബൈബിള്‍ ശബ്ദകോശം, പോന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റൂട്ട്. ആലുവ
3 കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, POC കൊച്ചി.
4 വഴിതെറ്റുന്ന വിശ്വാസം, SH ലീഗ്, ആലുവ.

652 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141691