ഇന്നു ഞാന്‍, നാളെ നീ...
റെമിന്‍ മാത്യു സഖറിയ

'ഞങ്ങളുടെ ആയുഷ്‌കാലം എഴുപതു വര്‍ഷമാണ്; ഏറിയാല്‍ എണ്‍പത്; എന്നിട്ടും അക്കാലമത്രയും അധ്വാനവും ദുരിതവു മാണ്; അവ പെട്ടെന്നു തീര്‍ന്നു ഞങ്ങള്‍ കടന്നുപോകും.' (സങ്കീ 90:10).

വല്യപ്പച്ചന്റെ മരണാനന്തരകര്‍മ്മങ്ങളില്‍ ചൊല്ലിക്കൊണ്ടിരുന്ന സങ്കീര്‍ത്തന ഭാഗങ്ങളില്‍ എന്നെ ഏറെ സ്പര്‍ശിച്ച വചനഭാഗമാണിത്. മരണം മൂലം നമ്മളില്‍ നിന്ന് വേര്‍പിരിഞ്ഞുപോയവരെ നാം അനുസ്മരിക്കുകയും അവര്‍ക്കു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന മാസമാണല്ലോ നവംബര്‍.  ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം മരണം ജീവിതത്തിന്റെ അന്ത്യമല്ല; എന്നാല്‍ നിത്യജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള കവാടമാണ്. ജീവിച്ചിരിക്കുന്ന വിശ്വാസികള്‍ മരണം മൂലം വേര്‍പ്പെട്ടുപോയവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും, ബലിയര്‍പ്പിക്കു കയും, ദാനധര്‍മ്മങ്ങളും, ത്യാഗങ്ങളും വഴി സ്വര്‍ഗ്ഗീയാനന്ദത്തിലെത്തിച്ചേരാന്‍ മരിച്ചവരെ സഹായിക്കുകയും ചെയ്യുന്നുവെന്നതാണ് സഭയുടെ കാലാകാലങ്ങളായ വിശ്വാസം.

മരണാനന്തരം എന്തുസംഭവിക്കുന്നു?
'മനുഷ്യന്‍ ഒരു പ്രാവശ്യം മരിക്കണം; അതി നുശേഷം വിധി എന്ന് നിശ്ചയിക്കപ്പെട്ടിരി ക്കുന്നു…' (ഹെബ്രാ.9:27,28). മനുഷ്യജീവിതത്തില്‍ ഏറ്റവും സുനിശ്ചിതവും എന്നാല്‍ ഏറ്റവും അനിശ്ചിതമായതുമായ യാഥാര്‍ത്ഥ്യമാണ് മരണം. ഈ ലോകം വിട്ടു പോകുന്നവര്‍ അഭിമുഖീകരിക്കേണ്ടത് രണ്ടു തരം വിധികളാണ്; തനതുവിധിയും, പൊതുവിധിയും, ഒരോ വ്യക്തിയും മരണം കഴിഞ്ഞ ഉടനെ തന്റെ പ്രവൃത്തികള്‍ക്കും വിശ്വാസത്തിനും അനുസൃതമായി പ്രതിഫലം സ്വീകരിക്കുന്നു. ഇതാണ് തനതുവിധിയില്‍ നടക്കുന്നത്. ദരിദ്രനായ ലാസറിന്റെ ഉപമയിലൂടെ ക്രിസ്തു ഇത് വെളിവാക്കുന്നുണ്ട്. ഇതുപോലെ തന്നെ നല്ല കള്ളനോട് യേശു ചെയ്ത വാഗ്ദാനവും തനതുവിധിയെ സൂചിപ്പിക്കുന്നു. എന്നാല്‍, പൊതുവിധി (അന്ത്യവിധി)യില്‍ സകല മരിച്ചവരും ഉത്ഥാ നം ചെയ്യുന്നു. കബറിടങ്ങളിലുള്ളവര്‍ സ്വരം കേള്‍ക്കുകയും നന്മ ചെയ്തവര്‍ ജീവന്റെ ഉയിര്‍പ്പിനായും തിന്മ ചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയിര്‍പ്പിനായും പുറത്തുവരികയും ചെയ്യുന്ന മണിക്കൂര്‍ (യോഹ.5:28-29). ഈ വിധി നടപ്പാക്കാനുള്ള സര്‍വ്വ അധികാരവും പിതാവ് പുത്രനില്‍ നിക്ഷിപ്തമാക്കിയിരിക്കുന്നു. ഈശോമിശിഹായുടെ വിധിയിലൂടെ കടന്നു പോകുന്ന ഓരോ മരിച്ചവര്‍ക്കും അവരവരുടെ അര്‍ഹതയ്ക്കനുസ രിച്ച് ലഭിക്കുന്ന അവസ്ഥയാണ് സ്വര്‍ഗ്ഗം, നരകം, ശുദ്ധീകരണസ്ഥലം എന്നിവ.

സ്വര്‍ഗ്ഗം:- 'ദൈവത്തിന്റെ കൃപാവരത്തിലും, സൗഹൃദത്തിലും മരിക്കുകയും പൂര്‍ണ്ണമായി വിശുദ്ധീകരിക്കുകയും ചെയ്യുന്നവര്‍ ക്രിസ്തുവിനോടുകൂടെ എന്നേയ്ക്കും ജീവിക്കുന്നു. അവര്‍ എന്നേയ്ക്കും ദൈവത്തെപ്പോലെയാണ്, എന്തെന്നാല്‍ അവിടുന്ന് ആയിരിക്കുന്നതുപോലെ അവര്‍ അവിടുത്തെ മുഖാമുഖം കാണുന്നു'. (CCC:1023). ഈ അവസ്ഥ സ്വര്‍ഗ്ഗത്തെ സൂചിപ്പിക്കുന്നു.

നരകം:- വിശ്വസിക്കാനും മാനസാന്തരപ്പെടാനും ജീവിതാവസാനംവരെ വിസമ്മതിക്കുന്നവര്‍ക്കുവേണ്ടി കരുതിവച്ചിട്ടുള്ള 'ശമിക്കാത്ത അഗ്നി' യുടെ സ്ഥാനമായ 'ഗേഹന്നെ' യെപ്പറ്റി യേശു പറയുന്നത് ഇങ്ങനെ, ആത്മാവും ശരീരവും നഷ്ടപ്പെടുന്ന സ്ഥലമാണത്  (CCC:1034).

ശുദ്ധീകരണസ്ഥലം (Purgatory):- ദൈവത്തിന്റെ കൃപാവരത്തിലും, സൗഹൃദത്തിലും മരിക്കുന്നവര്‍ പൂര്‍ണ്ണമായി ശുദ്ധീകരിക്കപ്പെട്ടവരല്ലെങ്കിലും, നിത്യരക്ഷയുടെ ഉറപ്പു നേടിയവരാണ്. എന്നാല്‍, സ്വര്‍ഗ്ഗീയാനന്ദത്തിലേക്കു പ്രവേശിക്കുവാന്‍ ആവശ്യമായ വിശുദ്ധി നേടുന്നതിനുവേണ്ടി അവര്‍ മരണാനന്തരം ശുദ്ധീകരണത്തിന് വിധേയരായിത്തീരുന്നു (CCC:1030). ദൈവം നീതിമാനാകയാല്‍ അശുദ്ധമായതൊന്നും സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുകയില്ല. അങ്ങനെയെങ്കില്‍ ഒരാത്മാവിനെ ശുദ്ധീകരിച്ചെടുക്കുവാന്‍ ശുദ്ധീകരണസ്ഥലം ആവശ്യമായി വരുന്നു. യേശുവിനോടൊപ്പം സ്വര്‍ഗ്ഗത്തിലായിരിക്കുവാന്‍, ജീവിതകാലം മുഴുവന്‍ ഒരു വ്യക്തി ചെയ്ത പാപങ്ങള്‍ക്കു പരിഹാരം ചെയ്യുകയെന്നതുകൂടി ശുദ്ധീകരണസ്ഥലം അര്‍ത്ഥമാക്കുന്നു. അതുകൊണ്ട് ഇതു ഒരു സ്ഥലമോ അവസ്ഥയോ ആയി പരിഗണിക്കാം. യേശു മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടതുപോലെ യേശുവിനോടൊപ്പം മാമ്മോദീസായില്‍ ലോകത്തിലും, പാപത്തിലും മരിച്ചവര്‍ അവനോടൊപ്പം ഉയര്‍പ്പിക്കപ്പെടുമെന്ന വിശ്വാസസത്യത്തിനാണ് അപ്പസ്‌തോലന്മാരുടെ പ്രബോധനത്തില്‍ പ്രാമുഖ്യമുണ്ടായിരുന്നത്. അതുകൊണ്ടാണ് മരണശേഷമുള്ള ശുദ്ധീകരണത്തെക്കുറിച്ച് ബൈബിളില്‍ പ്രതിപാദിക്കാത്തത്.

മരണാനന്തര ജീവിതം
യേശുവിന്റെ കാലത്ത് യഹൂദരുടെയിടയില്‍ മരണശേഷം മനുഷ്യര്‍ക്കെന്തു സംഭവിക്കുന്നുവെന്നതിനെ സംബന്ധിച്ച് രണ്ടു തരം കാഴ്ച്ചപ്പാടുകളുണ്ടായിരുന്നു. ഫരിസേയര്‍ പുനരുദ്ധാനത്തില്‍ വിശ്വസിക്കുന്നു. എന്നാല്‍ സദുക്കായരാകട്ടെ പുനരുദ്ധാനത്തില്‍ വിശ്വസിക്കുന്നുമില്ല. മരിച്ചവര്‍ ഷെയോള്‍ എന്നറിയപ്പെടുന്ന സ്ഥലത്ത് എത്തിപ്പെടുന്നു. അവിടുത്തെ നിഴല്‍ പോലുള്ള അസ്ഥിത്വത്തില്‍ എന്നന്നേക്കുമായി കഴിഞ്ഞു കൂടുകയാണ് ചെയ്യുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു. യേശു തന്റെ പരസ്യജീവിതകാലത്ത് മരണാനന്തര ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതില്‍ ഏറ്റവും വലിയ ഉദാഹരണമാണ് അവിടുന്ന് അരുള്‍ ചെയ്യുന്ന വചനം '…ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസി ക്കുന്നവന്‍ മരിച്ചാലും ജീവിക്കും' (യോഹ. 11:25). ദൈവം സ്വപുത്രനെ ലോകത്തിലേക്ക് അയച്ചതിന്റെ ഉദ്ദേശം അവന്‍ വഴി ലോകം രക്ഷ പ്രാപിക്കുന്നതിനും എന്നന്നേക്കുമായുള്ള ജീവനില്‍ പ്രവേശിക്കുന്നതിനുവേണ്ടിയാണ്.

മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക
മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ബൈബിളിലും സഭയുടെ പാരമ്പര്യത്തിലും അധിഷ്ഠിതമാണ്. ഇത് ഒരു കഥയിലൂടെ നമുക്ക് മനസ്സിലാക്കാം. മക്കബായക്കാരുടെ കാലത്ത് (ബി.സി. രണ്ടാം നൂറ്റാണ്ടില്‍) മരിച്ചവര്‍ക്കുവേണ്ടി ബലിയര്‍പ്പിക്കുന്നതും,
പ്രാര്‍ത്ഥിക്കുന്നതും അവര്‍ക്ക് സ്വര്‍ഗ്ഗീയാ നന്ദത്തിലെത്തിച്ചേരാന്‍ ഉപകാരം കിട്ടുന്ന കാര്യങ്ങളായി വേദപുസ്തകം പഠിപ്പിക്കുന്നു.(2 മക്ക.12:45). യുദ്ധത്തില്‍ മരിച്ചുപോയവരുടെ ആത്മാക്കള്‍ക്കുവേണ്ടി യൂദാസ് മക്കബേയൂസ് രണ്ടായിരത്തോളം ദ്രാക്മ വെള്ളി പിരിച്ചെടുത്ത് ആ തുക അവര്‍ക്കുവേണ്ടി ജെറുസലേം ദേവാലയത്തിലേക്ക് അയച്ചു കൊടുക്കുകയുണ്ടായി. 'എന്നാല്‍, ദൈവഭക്തിയോടെ മരിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച് അവന്‍ പ്രത്യാശ പുലര്‍ത്തിയെങ്കില്‍ അത് പാവനവും ഭക്തിപൂര്‍ണവുമായ ഒരു ചിന്തയാണ്. അതിനാല്‍ മരിച്ചവര്‍ക്ക്, പാപമോചനം ലഭിക്കുന്നതിന് അവന്‍ അവര്‍ക്കുവേണ്ടി പാപപരിഹാരകര്‍മം അനുഷ്ഠിച്ചു' (2 മക്ക. 12:45). ജീവിച്ചിരിക്കുന്ന വിശ്വാസികളുടെ പ്രാര്‍ത്ഥനയും, ദാനധര്‍മ്മവും പരിത്യാഗപ്രവൃത്തികളുംവഴി മരിച്ചുപോയ സഹോദരങ്ങള്‍ക്കു പുണ്യയോഗ്യതനേടുവാന്‍ ഭൗമിക ജീവിതത്തില്‍ കഴിയും. പുതിയനിയമത്തില്‍ ഒനേസിഫൊറോസിന് വേണ്ടി പൗലോസ് പ്രാര്‍ത്ഥിക്കുന്നത് നമുക്ക് കാണാം. 'കര്‍ത്താവില്‍ നിന്ന് കാരുണ്യം ലഭിക്കുവാന്‍ അവിടുന്ന് അവന് അനുഗ്രഹം നല്‍കട്ടെ'.(2തിമോ.1:18)

ആദിമ ക്രൈസ്തവരുടെകാലം മുതല്‍ സഭ മരിച്ചവര്‍ക്കുവേണ്ടി വിവിധ പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു. സഭാ പിതാവായ ജോണ്‍ ക്രിസോസ്‌തോം ഇങ്ങനെ പഠിപ്പിക്കുന്നു. 'ജീവിച്ചിരിക്കുന്നവര്‍ക്ക് വി.കുര്‍ബ്ബാന, പ്രാര്‍ത്ഥന, ദാനധര്‍മ്മം എന്നിവ വഴി മരണമടഞ്ഞവര്‍ക്ക് ആശ്വാസവും ശാന്തിയും നല്‍കാന്‍ കഴിയും; നമുക്കവരെ ഓര്‍മ്മിക്കുകയും സഹായിക്കുകയും ചെയ്യാം'.

നമുക്ക് മുമ്പേപോയവര്‍ ഇപ്പോഴും ജീവിക്കുന്നു. അവര്‍ സ്വര്‍ഗ്ഗത്തിലെങ്കില്‍ ദൈവത്തെ മുഖാമുഖം കണ്ടുകൊണ്ട് ദൈവത്തെ സ്തുതിക്കുകയും നമുക്കുവേണ്ടി മാധ്യസ്ഥം അപേക്ഷിക്കുകയും ചെയ്യുന്നു. അഥവാ അവര്‍ സ്വര്‍ഗ്ഗം കരസ്ഥമാക്കിയിട്ടില്ലെങ്കില്‍ നമ്മുടെ ഓരോ ദിവ്യബലികളും, ജപമാലകളും, സത്പ്രവൃത്തികളും അവര്‍ക്ക് ഗുണകരമാകും. സഭയുടെ പ്രബോധനങ്ങള്‍ക്ക് ചെവി കൊടുത്തുകൊണ്ട് നമ്മെവിട്ട് പോയവരെ സഹായിക്കാം. അവരെ വെറും മരണദിവസം മാത്രം ഓര്‍ക്കാതെ, അവരുടെ സത്പ്രവര്‍ത്തികള്‍ ജീവിതത്തില്‍ നാം അനുകരിക്കുകയും അവര്‍ക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

697 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141691