അമ്മയുടെ സന്തോഷം
മെജോ ജോസ്

ഏതൊരു സ്ത്രീയുടെയും വളരെ വലിയ സന്തോഷത്തിന്റെ സമയമാണ് ആദ്യമായി അമ്മയാകുവാന്‍ പോകുന്നു എന്നറിയുന്ന നിമിഷം. തന്റെ പ്രാര്‍ത്ഥനയ്ക്കും, കാത്തിരിപ്പിനും കര്‍ത്താവ് നല്‍കിയ ഉത്തരമാണ് ഉദരഫലം എന്ന് നന്ദിയോടെ ഓര്‍ക്കുകയും ചെയ്യുന്നു. ഒരു കുടുംബത്തിന്റെ പ്രാര്‍ത്ഥനക്കും, കാത്തിരിപ്പിനും ശേഷം ലഭിക്കുന്ന ഒരു കുഞ്ഞിന്റെ ജനനത്തേക്കാള്‍, മറ്റൊന്നിനോടും താരതമ്യപ്പെടുത്തുവാന്‍ പോലും പറ്റാത്ത അത്രയും വലിയ സന്തോഷമായിരുന്നു പരിശുദ്ധകന്യാമറിയത്തിന്റെ സ്‌തോത്രഗീതത്തിലൂടെ നാമറിയുന്നത്. 'മറിയം പറഞ്ഞു : എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും' (ലൂക്കാ 1:46-48). അന്നു ജീവിച്ചിരിക്കുന്ന സകല യഹൂദ സ്ത്രീകളിലുംവച്ച് ശ്രേഷ്ഠമായ ഒരു സ്ത്രീയെ ദൈവമാതൃസ്ഥാനത്തിനു തിരഞ്ഞെടുക്കുകയല്ല ചെയ്തത്. ആദ്യകാലം മുതല്‍ പരിശുദ്ധ മറിയത്തെ ദൈവം സ്വപുത്രന്റെ മാതാവായി തിരഞ്ഞെടുക്കുവാന്‍ നിശ്ചയിച്ചിരുന്നു. 'യുഗങ്ങള്‍ക്കു മുമ്പ് ഭൂമിയുടെ ആവിര്‍ഭാവത്തിനു മുന്‍പ് ഒന്നാമതായി ഞാന്‍ സ്ഥാപിക്കപ്പെട്ടു; (സുഭാ. 8:23-28) എന്നവചനങ്ങള്‍ മറിയത്തെ പരാമര്‍ശിക്കുന്നതായി ബൈബിള്‍ പണ്ഡിതന്മാര്‍ വിലയിരുത്തുന്നു. ദൈവത്തിനു വളരെ പ്രീതികരമായി ജീവിച്ച മാതാപിതാക്കളുടെ മകളായി ജനിച്ച്, ലോകരക്ഷകന്റെ വരവും പ്രതീക്ഷിച്ച് പരമപരിശുദ്ധിയോടെ ദൈവവചനത്തെ ഗര്‍ഭം ധരിച്ച പരിശുദ്ധകന്യകാമറിയത്തിന്റെ ആനന്ദമാണ്, യേശുവിന്റെ ജനനത്തിനും, പരിപാലനത്തിനും, പീഢാസഹനയാത്രയ്ക്കും സാക്ഷ്യം വഹിച്ചുകൊണ്ട് നമ്മുടെകര്‍ത്താവായ യേശുക്രിസ്തുവിന്റെ രക്ഷാകരദൗത്യത്തില്‍ പങ്കാളിയാകുവാന്‍ പരിശുദ്ധകന്യാമറിയത്തെ സഹായിച്ചത്. ലോകരക്ഷനെ കാത്തിരുന്ന ജനതകള്‍ക്കിടയില്‍ ഒരു ബോധ്യത്തിലും, ഒരുക്കത്തിലും ജീവിച്ചിരുന്ന ജനങ്ങളെയും അതിലുപരി അതിനായി പിതാവായ ദൈവം ഭൂമിയില്‍ തന്നെ തിരഞ്ഞെടുത്ത പരിശുദ്ധ കന്യാമറിയത്തേയും പറ്റി നമ്മള്‍ ചിന്തിക്കുകയാണെങ്കില്‍,  നമ്മുടെ സൗഭാഗ്യത്തിന്റെയും ദൈവകൃപയുടെയും ആഴവും പരപ്പും ഓര്‍ത്തുകൊണ്ട് ജീവിതത്തിലെ ഓരോ നിമിഷവും സന്തോഷത്തില്‍ ജീവിക്കുവാന്‍ നമുക്ക് സാധിക്കും. കാരണം, മാമ്മോദീസായിലൂടെ ക്രിസ്ത്യാനിയാകുകയും, ദൈവവചനത്തിലൂടെയും മറ്റു കൂദാശകളിലൂടെയും  ഈശോയിലേക്ക് വളരാന്‍ കൃപ ലഭിച്ചിട്ടും അതിനെ നിസ്സാരവത്ക്കരിച്ചുകൊണ്ടുള്ള ജീവിതം. ജീവന്‍ നല്‍കിയവനെ തിരസ്‌കരിച്ച് ജീവിച്ചിട്ടും പരമകാരുണ്യവാനായ ദൈവം, ക്രിസ്തുവിന്റെ ബലിയുടെ യോഗ്യതയാല്‍ ഇന്നും ജീവിക്കുന്ന അടയാളങ്ങളിലൂടെയും, അത്ഭുതങ്ങളിലൂടെയും നമ്മെ ദൈവത്തോട് അടുപ്പിച്ചതുകൊണ്ട്  മാത്രം കൃപ സ്വീകരിക്കാന്‍ സാധിച്ചവരാണ് നാം. ഇതു തന്നെയാണ് നമ്മുടെ ആനന്ദത്തിന്റെ അടിസ്ഥാനവും, പരിശുദ്ധകന്യാമറിയത്തിന്റെ സ്‌നേഹസ്‌തോത്രം എപ്പോഴും ആലപിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നതും.

പരിശുദ്ധ ദൈവമാതാവ് തന്റെ ദിവ്യകുമാരനെ കാണാതായപ്പോള്‍ ദേവാലയത്തില്‍ വച്ച് കണ്ടെത്തുന്ന സംഭവം പലപ്പോഴും നാം ധ്യാനവിഷയമാക്കിയിട്ടുള്ളതാണ്.  ഈ ഒക്‌ടോബര്‍ മാസം മാതാവിനോടൊത്ത് പ്രാര്‍ത്ഥിക്കുമ്പോള്‍, നമ്മുടെ ജീവിതത്തില്‍ ഈശോയെ നഷ്ടപ്പെടുത്തിയ, നഷ്ടപ്പെടുത്തുന്ന അവസ്ഥകളില്‍ നിന്നും രക്ഷപെടാന്‍ നമുക്ക് പരിശ്രമിക്കാം. തങ്ങളുടെ കാണാതായമകന്‍ യൗസേപ്പിതാവിന്റെ അരികിലായിരിക്കുമെന്ന് കന്യാമറിയവും, അമ്മയുടെ അടുത്തായിരിക്കുമെന്ന് യൗസേപ്പിതാവും കരുതിയ ഒരു ചെറിയ ശ്രദ്ധക്കുറവാണ് ഈശോയുടെ അസാന്നിധ്യം മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിക്കാതിരുന്നെങ്കില്‍, നമ്മുടെ ജീവിതത്തില്‍ ആശയ വിനിമയത്തിന് ഒത്തിരി സമയവും, ഒട്ടനവധി സാധ്യതകളും ഉണ്ടായിരുന്നിട്ടും, നമ്മുടെ താത്പര്യങ്ങള്‍ ഈശോയേക്കാള്‍ കൂടുതല്‍ മറ്റു പലതിനോടും തോന്നുന്നതുകൊണ്ടായിരിക്കണം പലപ്പോഴും ഈശോയുമായുള്ള സംസാരത്തിനോ, അവിടുത്തെ അസാനിധ്യത്തെക്കുറിച്ചുള്ള ഉത്കണ്ഠപോലും നമുക്ക് ഉണ്ടാകാത്തതിനു കാരണം. ഒത്തിരി പരിചയമൊന്നുമില്ലാത്തവരെ ഫെയ്‌സ്ബുക്കില്‍ സുഹൃത്തായിത്തീര്‍ക്കുമ്പോഴും, വാട്‌സാപ്പിലൂടെ ചാറ്റിംഗ് നടത്തുമ്പോഴും, ഞാന്‍ ഇന്ന് ജപമാല ചൊല്ലിയില്ല എന്ന് ചിന്തിക്കാനോ, കുമ്പസാരിച്ചിട്ട് എത്ര ദിവസം ആയി എന്ന് പോലും ഓര്‍മ്മകള്‍ നഷ്ടപ്പെടുന്ന വിധം, സോഷ്യല്‍ മീഡിയയ്‌ക്കോ മറ്റ് വിനോദോഉപാദികള്‍ക്കോ അടിമയായി ഈശോയ്ക്കിഷ്ടമില്ലാത്ത ചിന്തകളിലെത്തുകയും അതു വഴി ഹൃദയത്തില്‍ പാപത്തിന് കാരണാമാവുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് സോഷ്യല്‍ മീഡിയായുടെയോ മറ്റ് വിനോദോപാദികളുടെയോ പ്രശ്‌നമല്ല. മറിച്ച് ഞാന്‍ എന്റെ പ്രധമമായതിന് പരിഗണന കൊടുക്കാതെ അപ്രധാനങ്ങളായവയെ ചേര്‍ത്തുനിര്‍ത്തി, അതില്‍ സന്തോഷം കണ്ടെത്തുന്നതു കൊണ്ടാണെന്ന് മനസ്സിലാക്കാന്‍ പരിശുദ്ധാത്മാവിന്റെ നിറവ് നമുക്കുണ്ടാകണം അതിനായി നമുക്ക് അമ്മയോടു ചേര്‍ന്നു പ്രാര്‍ത്ഥിക്കാം.

കാനായിലെ കല്ല്യാണനാളില്‍, ഈശോമിശിഹാ വെള്ളം വീഞ്ഞാക്കിയ ആദ്യ അത്ഭുതത്തിലും പരിശുദ്ധ കന്യാമറിയത്തിന്റെ സാന്നിധ്യം നാം കാണുന്നു. കര്‍ത്താവിന്റെ ആദ്യത്തെ അത്ഭുത പ്രവര്‍ത്തനം എന്നതോടൊപ്പം വിനയത്തിന്റെ മാതൃകയായ ഈശോയുടെയും, പരിശുദ്ധ കന്യാമറിയത്തിന്റെയും മറ്റുള്ളവരോട് സ്‌നേഹം പങ്കുവയ്ക്കുന്നതിന്റെ പരസ്യപ്രവര്‍ത്തനവുമായി കാണുവാന്‍ നമുക്ക് സാധിക്കും. വിവാഹവിരുന്നിനിടയില്‍ വീഞ്ഞു തീര്‍ന്നുപോയപ്പോള്‍, യേശുപറയുന്നതുപോലെ ചെയ്യുക എന്ന് പറഞ്ഞുകൊണ്ട് തന്റെ പങ്ക് പൂര്‍ത്തിയാക്കിയ പരിശുദ്ധമറിയം, പിന്നീട് സംഭവിച്ചതെല്ലാം ദൈവമഹത്വമായി കണ്ട് സന്തോഷിക്കുകയും ചെയ്യുന്നു. ദൈവരാജ്യപ്രഘോഷണത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്ന നമ്മോടും പരിശുദ്ധകന്യാമറിയം ഒരു കാര്യം ഓര്‍മ്മിപ്പിക്കുന്നു. കാണിച്ചുകൊടുത്തുകൊണ്ട് യേശു പറയുന്നത് ചെയ്യുക എന്ന് പറയുന്നതാണ് നമ്മുടെ ഉത്തരവാദിത്വവും കടമയും. യേശുവിനെ ആദ്യത്തെ അത്ഭുതപ്രവര്‍ത്തനത്തിലേക്ക് പരിശുദ്ധ അമ്മ പ്രേരണനല്‍കുമ്പോഴും പരിശുദ്ധ കന്യാമറിയത്തിന് അറിയാമായിരുന്നു, ഇത് ഒരു തുടക്കം മാത്രമാണെന്ന്; ഈ ലോകത്തില്‍ തന്റെ മകനെ തനിക്ക് നഷ്ടപ്പെടാന്‍ പോകുന്നതിന്റെ തുടക്കം. ഈ ലോകത്തില്‍ ക്രിസ്തുവിനെ പങ്കുവയ്ക്കുവാന്‍ ഇറങ്ങുമ്പോള്‍, നമുക്കോരോരുത്തര്‍ക്കും ഈ ലോകത്തിലെ പലതും അതിനുവേണ്ടി ഉപേക്ഷിക്കേണ്ടതായി വരുമെന്നുള്ള. ഒരു മാതൃക കൂടി  പരിശുദ്ധകന്യാമറിയം ഈ സംഭവത്തിലൂടെ നമുക്ക് കാണിച്ചു തരുന്നു.ഈശോയുടെ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന അത്ഭുതങ്ങളുടെയും, അടയാളങ്ങളുടെയും ഇടയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ മാധ്യസ്ഥം പലപ്പോഴും നമുക്ക് ദര്‍ശിക്കുവാന്‍ സാധിക്കും. കാനായിലെ കല്യാണവിരുന്നില്‍ വിനയാന്വിതയായ കന്യാമറിയത്തിന്റെ പ്രേരണയില്‍ യേശു അത്ഭുതം പ്രവര്‍ത്തിച്ചുവെങ്കില്‍, ഇന്നും വിനയത്തോടെ ഒരേ ആഗ്രഹത്തോടെ നമ്മുടെ കൂട്ടായ്മകളില്‍, കുടുംബങ്ങളില്‍, വ്യക്തിജീവിതങ്ങളില്‍ പരിശുദ്ധ അമ്മയോടു ചേര്‍ന്നു പ്രാര്‍ത്ഥിച്ചാല്‍, അത്ഭുതങ്ങളിലൂടെയും, അടയാളങ്ങളിലൂടെയും ഈശോ നമ്മുടെ ജീവിതങ്ങളെ ക്രമീകരിക്കും. ദൈവദൂതന്‍ പരിശുദ്ധ കന്യാമറിയത്തിന് പ്രത്യക്ഷപ്പെട്ടു പറഞ്ഞു.  'കൃപ നിറഞ്ഞവളെ സ്വസ്തി ദൈവം നിന്നോടു കൂടെ'. യേശു ക്രിസ്തുവിനെ ഉദരത്തില്‍ വഹിക്കുമ്പോഴും കഷ്ടപ്പാടുകളിലൂടെ അവനെ പരിപാലിക്കുമ്പോഴും, അസഹ്യമായ പീഢകളിലുടെ അവന്‍ നടന്നു നീങ്ങുമ്പോഴും, കുരിശില്‍ മരിച്ച തന്റെ പ്രിയസുതന്റെ മേനി മടിയില്‍ക്കിടത്തിയപ്പോഴും, 'ദൈവം കൂടെയുണ്ട്' എന്നുള്ള ബോധ്യം ഇവയെല്ലാം സമചിത്തതയോടെ നേരിടാന്‍ പരിശുദ്ധഅമ്മയ്ക്ക് കരുത്ത് നല്‍കി. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന നമ്മോടും പരിശുദ്ധ അമ്മ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതും ഇതു തന്നെയാണ്. ജീവിതത്തിലെ ഏതു സാഹചര്യങ്ങളിലും, ആനന്ദത്തിലും, കഷ്ടപ്പാടുകളിലും മകനെ മകളെ സന്തോഷിക്കുക; ദൈവം കൂടെയുണ്ട്.പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി നമുക്ക് പ്രാര്‍ത്ഥിക്കാം. എന്റെ അമ്മേ... എന്റെ ആശ്രയമേ..

519 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 140900