യഥാര്‍ത്ഥ സമ്പത്ത്
റൂബന്‍ ആന്റണി

ലോകം തരുന്ന സമൃദ്ധിയേക്കാളും, സ്ഥാനമാനങ്ങളേക്കാളും വലുതാണ് ദൈവത്തെ സാക്ഷ്യപ്പെടുത്തി ജീവിക്കുന്ന വ്യക്തികള്‍. ഇതിനൊരു ഉത്തമോദാഹരണമാണ് ദൈവം നമുക്ക് നല്‍കിയ ഫ്രാന്‍സീസ് മാര്‍പാപ്പ. ഇന്നത്തെ ലോകത്തിന്റെ ആഡംബരങ്ങളും ലൗകീക സുഖസൗകര്യങ്ങളും ദൈവത്തെപ്രതി മാറ്റിവച്ച് സ്വര്‍ഗ്ഗത്തിനനുരൂപനായി ജീവിക്കുന്ന ഫ്രാന്‍സീസ് പാപ്പ തന്റെ ജീവിതത്തിലൂടെ ഈ ലോകത്തിന് കൊടുക്കുന്നത് ശക്തമായ ഒരു ദൈവീക സന്ദേശമാണ്.

'നിങ്ങള്‍ ഈലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്‌സിന്റെ നവീകരണം വഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണവു മായത് എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും. (റോമാ 12:02).

ഈ ലോക സുഖസൗകര്യങ്ങളുടെ നിറവില്‍ നമ്മള്‍ ജീവിക്കുമ്പോള്‍, നാം നേരിടുന്ന ഏറ്റവും വലിയൊരു വെല്ലുവിളിയാണ് ഈ ആഹ്വാനം. ഈ ലോകം തരുന്ന ഒത്തിരിയധികം ആനുകൂല്യങ്ങള്‍ ദൈവത്തെപ്രതി നാം വേണ്ടെന്ന് വയ്ക്കുമ്പോള്‍ പലതരത്തിലുള്ള നഷ്ടങ്ങള്‍ നമുക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്നേക്കാം. നമ്മുടെ സുഹൃത്തുകളെന്ന് നാം കരുതുന്നവരില്‍ നിന്നുമുണ്ടായേക്കാവുന്ന ഒറ്റപ്പെടുത്തലുകള്‍, കളിയാക്കലുകള്‍, പലവിധത്തിലുള്ള മുറിപ്പെടുത്തലുകള്‍ ഇവയൊക്കെ അവയില്‍ ചിലതുമാത്രം. ഈയൊരു സാഹചര്യത്തിലാണ്  '... ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു' (യോഹ.16:33). എന്നുള്ള യേശുവിന്റെ വാഗ്ദാനത്തിന്റെ പ്രസക്തി നാം മനസ്സിലാക്കേണ്ടത്.

സമ്പന്നതയുടെ മട്ടുപ്പാവില്‍ ജീവിച്ച ഫ്രാന്‍സിസ്, ഈ ലോകത്തിന്റെ സുഖങ്ങളും, സമ്പത്തും ത്യജിച്ചുകൊണ്ട് ജീവിച്ചപ്പോള്‍, വളരെപ്പേര്‍ അദ്ദേഹത്തെ വിഢിയെന്ന് വിളിച്ച് പരിഹസിക്കുകയും, സ്വന്തം പിതാവിന്റെപോലും തിരസ്‌ക്കരണം ഏറ്റുവാങ്ങേണ്ടി വരികയും ചെയ്തു. ഇവയൊക്കെ ദൈവത്തെപ്രതി സന്തോഷത്തോടെ സ്വീകരിച്ച ഫ്രാന്‍സിസിനെ പിന്നീട് 'രണ്ടാമത്തെ ക്രിസ്തു' എന്നു ലോകം വിളിക്കത്തക്കവണ്ണം ദൈവം ഉയര്‍ത്തി. ജീവിതത്തിലെ അവഹേളനങ്ങള്‍ക്കിടയിലും ക്രിസ്തുവിന്റെ സാന്നിധ്യമാണ് ഈ ലോക സമ്പത്തിനേക്കാള്‍ വലുതെന്നുള്ള തിരിച്ചറിവാണ് ഫ്രാന്‍സീസില്‍നിന്നും സഭ ഇന്നു വണങ്ങുന്ന അസ്സീസ്സിയിലെ വി. ഫ്രാന്‍സീസിലേക്ക് അദ്ദേഹ ത്തെ എത്തിച്ചത്. 'നിന്റെ ഞെരുക്കവും ദാരിദ്ര്യവും എനിക്കറിയാം. എങ്കിലും നീ സമ്പന്നനാണ്.....' (വെളി. 2:9). എന്ന വചനത്തിന്റെ പൂര്‍ണ്ണത അസ്സീസിയിലെ വി.ഫ്രാന്‍സീസില്‍ നാം ദര്‍ശിക്കുന്നു.

ഈ ലോകത്തിലുള്ള ഒരു കറന്‍സിയുടെയും മൂല്യത്തില്‍ സ്ഥിരത നാം കാണാറില്ല. വിപണിയിലെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് അതിന്റെ മൂല്യത്തില്‍ മാറ്റങ്ങളുണ്ടാകുന്നു. എന്നാല്‍ ദൈവത്തിന്റെ മഹത്വത്തിന്റെ സമ്പന്നതയ്ക്ക് ഒരിക്കലും മാന്ദ്യം സംഭവിക്കില്ല. ഈ സമ്പത്ത് അവകാശമാക്കുന്നവര്‍ക്ക് മാത്രമേ ഈ ലോകത്തിന് അനുരൂപരാകാതെ ജീവിക്കുവാന്‍ സാധിക്കുകയുള്ളു.

'യുഗാന്ത്യം വരെ എന്നും ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും' (മത്താ 28:20) എന്ന വാഗ്ദാനം നിറവേറ്റിക്കൊണ്ട് വിശുദ്ധകുര്‍ബ്ബാനയിലൂടെ നമ്മിലേക്ക് കടന്നുവരുന്ന ഈശോതന്നെയാണ്  നമ്മുടെ ഏറ്റവും വലിയസമ്പത്ത് എന്ന തിരിച്ചറിവാണ് നമുക്കുണ്ടാകേണ്ടത്. 'എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും' (ഫിലി. 4:13). എന്നുള്ള ബോധ്യത്തോടെ നമ്മുടെ ഉള്ളിലുള്ള യേശുവിന്റെ ശക്തിയില്‍ നാം ആശ്രയിക്കുമ്പോള്‍ ഈ ലോകത്തിനനുരൂപരാകാതെ സ്വര്‍ഗ്ഗത്തിനനുരൂപരായി ജീവിക്കുവാന്‍ നമുക്ക് ശക്തി ലഭിക്കുന്നു. സര്‍വ്വ സമ്പത്തിന്റെയും ഉടയവനായ യേശുവിന്റെ കൂടെ നടക്കുമ്പോഴും, യൂദാസ്‌കറിയോത്തയെ നയിച്ചത് ലോകത്തോടുള്ള അവന്റെ മോഹങ്ങളായിരുന്നു. ലോകത്തോടുള്ള ഈ മോഹം അവനെക്കൊണ്ടെത്തിച്ചത് നിത്യനാശത്തിലേക്കായിരുന്നു. എന്നാല്‍ വി. അഗസ്റ്റീനോസിന്റെയും, മറിയം മഗ്ദലനായുടെയും ജീവിതങ്ങള്‍ നാം പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. യഥാര്‍ത്ഥ സമ്പത്ത് ഏതെന്നുള്ള തിരിച്ചറിവ് ഇവരെ ലോകത്തിന്റെ പിടിയില്‍ നിന്നും രക്ഷയിലേക്ക് നയിച്ചു. ഭക്താനുഷ്ഠാനങ്ങള്‍ മാത്രമല്ല നമ്മുടെ ഹൃദയത്തിന്റെ വിശുദ്ധിയുമാണ് ദൈവം ആഗ്രഹിക്കുന്നത്. സ്വര്‍ഗ്ഗം ഇഷ്ടപ്പെടുന്നത് പ്രാര്‍ത്ഥിക്കുന്ന രീതിയല്ല, മറിച്ച് പ്രാര്‍ത്ഥിക്കുന്ന വ്യക്തിയുടെ മനോഭാവമാണ്.

അനുദിന ജീവിതചുറ്റുപാടുകള്‍ക്കിടയില്‍ മറ്റാരെയുംകാള്‍ക്കൂടുതലായി എന്നെ മനസ്സിലാക്കുന്നവനാണ് എന്റെ ദൈവം എന്നുള്ള തിരിച്ചറിവിലേക്ക് നമുക്ക് കടന്നുവരാം. ഈ തിരിച്ചറിവില്‍നിന്നും ശക്തി സ്വീകരിച്ചുകൊണ്ട് നാം ആയിരിക്കുന്ന സാഹചര്യങ്ങളില്‍ ദൈവത്തിന്റെ സാന്നിധ്യം പകര്‍ന്നു നല്‍കുവാന്‍ നമുക്ക് ശ്രമിക്കാം. അനേകര്‍ക്ക് നമ്മുടെ ജീവിതം ഒരു സുവിശേഷമായിത്തീരുവാനും, അങ്ങനെ ലോകത്തിനനുരൂപരാകാതെ സ്വര്‍ഗ്ഗത്തിനനുരൂപരായിത്തീരുവാനും ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

387 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141690