വിശ്വസ്തത
ഷാഫി ആന്റണി

'നിങ്ങള്‍ക്കു ലഭിച്ച വിളിക്കു യോഗ്യമായ ജീവിതം നയിക്കുവിന്‍' (എഫേ. 4:1). നമുക്കു ലഭിച്ച ദൈവവിളിക്ക് യോഗ്യമായ ജീവിതം നയിക്കുവാന്‍ കടപ്പെട്ടവരാണ് നാമോരോരുത്തരും.

ഇക്കഴിഞ്ഞ ധ്യാനത്തിനിടെ ബഹു. ബിനീഷച്ചന്‍ പ്രസംഗത്തില്‍ പറഞ്ഞത് ഓര്‍ക്കുന്നു, ദൈവവിളി എന്നു കേള്‍ക്കുമ്പോള്‍ നാം ആദ്യം ചിന്തിക്കുന്നത് വൈദികനാകാനും, കന്യാസ്ത്രിയാകാനുംഉള്ള വിളിയെപ്പറ്റിയാണ്. എന്നാല്‍ നമ്മെ ഓരോരുത്തരെയും ദൈവം വിളിച്ചിരിക്കുന്ന ഒരു വിളിയുണ്ട്, വി ശുദ്ധിയിലേക്കുള്ള വിളി - അതുവഴി നിത്യജീവന്‍ അവകാശമാക്കുവാനുള്ള വിളി. പലപ്പോഴും നാമിതു മനസ്സിലാക്കുവാന്‍ വളരെ വൈകിപ്പോകുന്നു എന്നതാണ് സത്യം.

മുക്കുവനായിരുന്ന പത്രോസിനേയും മറ്റും യേശു തന്റെ ശിഷ്യന്‍മാരാകുവാന്‍ വിളിച്ചപ്പോള്‍, അവര്‍ ഈ ലോകത്തില്‍ തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച് ഈശോയെ അനുഗമിച്ചത് നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുപോലെ നമുക്ക് ലഭിച്ച വിശുദ്ധിയിലേക്കുള്ള വിളി തിരിച്ചറിയുമ്പോള്‍ ഈ ലോകത്തില്‍നിന്ന് നാം സമ്പാദിച്ച എല്ലാ പാപങ്ങളും, പാപസാഹചര്യങ്ങളും ഉപേക്ഷിക്കുകയും, കുമ്പസാരം എന്ന കൂദാശയിലൂടെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് അതുവഴി ജീവിതത്തില്‍ വിശുദ്ധി കാത്തു സൂക്ഷിക്കുവാനും ദൈവത്തിന്റെ ആലയമായ നമ്മുടെ ശരീരത്തെ വിശുദ്ധമായി സൂക്ഷിക്കുവാനും തുടങ്ങുന്നു. എന്നാല്‍ ഈ വിശുദ്ധിയില്‍ നിലനില്‍ക്കാന്‍ നമുക്ക് സാധിക്കാറുണ്ടോ?

'നിങ്ങളെ വിളിക്കുന്നവന്‍ വിശ്വസ്തനാണ്. അവിടുന്ന് അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യും. (1 തെസ. 5:24) ' ആ ദൈവത്തോട് വിശ്വസ്തത പുലര്‍ത്താന്‍ നമുക്കു കഴിയാറുണ്ടോ?

'ശിമയോന്‍ പത്രോസ്, ദിദി മോസ് എന്നു വിളിക്കപ്പെടുന്ന തോമസ്, ഗലീലിയിലെ കാനായില്‍ നിന്നുള്ള നഥാനയേല്‍, സെബദിയുടെ പുത്രന്‍മാര്‍ എന്നിവരും വേറെ രണ്ടു ശിഷ്യന്‍മാരും ഒരുമിച്ചിരിക്കുകയായിരുന്നു.  ശിമയോന്‍ പത്രോസ് പറഞ്ഞു: ഞാന്‍ മീന്‍ പിടിക്കാന്‍ പോകുകയാണ്. അവര്‍ പറഞ്ഞു: ഞങ്ങളും നിന്നോടുകൂടെ വരുന്നു. അവര്‍ പോയി വള്ളത്തില്‍ കയറി. എന്നാല്‍, ആ രാത്രിയില്‍ അവര്‍ക്ക് ഒന്നും കിട്ടിയില്ല'. (യോഹ. 21:2-3)

ഇതുപോലെ നമ്മളും ഒരിക്കല്‍ ഉപേക്ഷിച്ചുകളഞ്ഞ പല പാപങ്ങളിലേക്ക് വീണ്ടും വീണു പോകാറില്ലേ? കലപ്പയില്‍ കൈവച്ചിട്ട് തിരിഞ്ഞുനോക്കിപ്പോയിട്ടുള്ള നിമിഷങ്ങളെ നമുക്കോര്‍ക്കാം. ഈ സമയങ്ങളില്‍ നമ്മള്‍ ചെയ്യുന്ന എല്ലാകാര്യങ്ങളിലും അതിന്റെ യഥാര്‍ത്ഥത്തിലുള്ള പ്രതിഫലവും, സന്തോഷവും, സംതൃപ്തിയുമൊക്കെ കിട്ടാതെവരുന്നതായി കാണാം. ഈശോയുടെ സാന്നിദ്ധ്യം നമ്മുടെ ജീവിതത്തില്‍നിന്നും അകന്നുപോകുന്തോറും പരാജയങ്ങള്‍ ഏറിവരികയും ചെയ്യുന്നു. ഒരിക്കല്‍ നാം ഉപേക്ഷിച്ചുകളഞ്ഞ പാപങ്ങളും അതിനേക്കാള്‍ കാഠിന്യമുള്ള പാപങ്ങളിലേക്കും നാമെത്തിപ്പെടാന്‍ ഇത് കാരണമാകുകയും ചെയ്യാറുണ്ട്.

'ഉഷസ്‌സായപ്പോള്‍ യേശു കടല്‍ക്കരയില്‍ വന്നു നിന്നു. എന്നാല്‍, അതു യേശുവാണെന്നു ശിഷ്യന്‍മാര്‍ അറിഞ്ഞില്ല. യേശു അവരോടു ചോദിച്ചു: കുഞ്ഞുങ്ങളേ, നിങ്ങളുടെ അടുക്കല്‍ മീന്‍ വല്ലതുമുണ്ടോ? ഇല്ല എന്ന് അവര്‍ ഉത്തരം പറഞ്ഞു. അവന്‍ പറഞ്ഞു: വള്ളത്തിന്റെ വലത്തു വശത്തു വലയിടുക. അപ്പോള്‍ നിങ്ങള്‍ക്കു കിട്ടും. അവര്‍ വലയിട്ടു. അപ്പോള്‍ വലയിലകപ്പെട്ട മത്‌സ്യത്തിന്റെ ആധിക്യം നിമിത്തം അതു വലിച്ചു കയറ്റാന്‍ അവര്‍ക്കു കഴിഞ്ഞില്ല'. (യോഹ. 21:4-6).

വിശുദ്ധിയില്‍നിന്ന് അകന്നുപോകുമ്പോള്‍, ശിഷ്യന്‍മാര്‍ക്കു പറ്റിയതുപോലെ ദൈവീകസാന്നിധ്യം തിരിച്ചറിയുവാന്‍ നമ്മുടെ പാപങ്ങള്‍ നമ്മെ അനുവദിക്കാതെ വരുന്നു. നമ്മുടെ ജീവിതത്തില്‍ ആവര്‍ത്തിച്ചു വന്നുപോയിട്ടുള്ള എല്ലാ പാപങ്ങളും 'ഞാന്‍' എന്ന ഭാവവും, അഹങ്കാരവും, എളിമയില്ലായ്മയുമെല്ലാം മാറ്റിവച്ച് യഥാര്‍ത്ഥ ക്രിസ്തുശിഷ്യന്‍മാരുടെ പാത പിന്തുടരുവാന്‍ ശ്രമിക്കാം. അത് ഈശോയാണ് പറയുന്നതെന്ന് മനസ്സിലായില്ലെങ്കില്‍പ്പോലും അതുവരെയുള്ള അധ്വാനവും, പരിചയസമ്പന്നതയും വെടിഞ്ഞ് അവന്‍ പറയുന്നതുപോലെ ചെയ്തപ്പോള്‍ വലയില്‍ അകപ്പെട്ട മത്സ്യത്തിന്റെ ആധിക്യം മൂലം അതു വലിച്ചുകയറ്റുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

'എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിച്ച് വിശുദ്ധിക്കുവേണ്ടി പരിശ്രമിക്കുവിന്‍...' (ഹെബ്രാ. 12:14). ആത്മാര്‍ത്ഥമായി ജീവിതവിശുദ്ധിക്കുവേണ്ടി നാം പരിശ്രമിക്കുമ്പോള്‍ നമ്മുടെ ജീവിതത്തിലും യേശുവിന്റെ സാന്നിധ്യം തിരിച്ചറിയുവാന്‍ നമുക്ക് സാധിക്കും. അതുവഴി ജീവിതത്തിലെ സഹനങ്ങളെയും, സങ്കടങ്ങളെയും അതിജീവിക്കുവാനും, സന്തോഷവും, സമാധാനവും അനുഭവിക്കുവാനും നമുക്ക് സാധിക്കും. അത് കര്‍ത്താവാണ് എന്ന് മനസ്സിലാക്കി വെള്ളത്തിലേക്ക് എടുത്തു ചാടിയ പത്രോസിനെപ്പോലെ, ഈശോയെ മുന്നില്‍ കണ്ടുകൊണ്ട്, നിത്യജീവന്‍ ലക്ഷ്യമാക്കി വിശുദ്ധിയിലേക്ക് നമുക്കും എടുത്തു ചാടാം. നമ്മെ വിളിച്ച പിതാവായ ദൈവത്തോട് നമുക്കും വിശ്വസ്തരായിരിക്കാം. 'വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവര്‍ വിശുദ്ധരാകും...' (ജ്ഞാനം 6:10).

376 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 140899