വിശ്വാസം
ജോയി

ധ്യാനത്തിനുശേഷം അമ്മച്ചി ഉറച്ച തീരുമാനങ്ങളുമായി ധ്യാനകേന്ദ്രത്തില്‍ നിന്നുമിറങ്ങി, വിദ്വേഷത്തിന്റേയൊ പകയുടേതോ ആയ യാതൊന്നും ഉള്ളില്‍ ഇല്ല, എ ല്ലാം കഴുകിക്കളഞ്ഞു, വീട്ടില്‍ ചെന്ന് എല്ലാവരോടും ക്ഷമചോദിക്കണം, തെറ്റുകള്‍ തിരുത്തണം, എല്ലാം ചിന്തിച്ചുറച്ചാണ് അമ്മച്ചി വീട്ടിലെത്തിയത്. പലതും കണ്ട് മനസ്സില്‍ ദേഷ്യം വന്നിട്ടും, അതൊലൊന്നിലും പൊട്ടിത്തെറിക്കാതെ തന്റെ സര്‍വ്വശക്തനായ കര്‍ ത്താവിനെ മുറുകെപ്പിടിച്ചു, കൗണ്‍സിലിങ്ങില്‍ അച്ചന്‍ പറഞ്ഞുതന്ന സുകൃതജപങ്ങള്‍ ചൊല്ലി മുന്നോട്ടു പോയി. അമ്മച്ചി ഇരിക്കുമ്പോഴും, എഴുന്നേല്‍ക്കുമ്പോഴും ധ്യാനകേന്ദ്രത്തില്‍ കേട്ട ക്ലാസുകളും വചനങ്ങളും ഉള്ളിലേക്ക് ഇരച്ചുകയറിവന്നു. എല്ലാവരും പുറത്തുപോയ സമയത്ത് അമ്മച്ചി പ്രാര്‍ത്ഥി ക്കുവാന്‍ തീരുമാനിച്ചുറച്ച് തന്റെ മുറിയില്‍ക്കയറി കതകടച്ചു. വിശ്വാസത്തെക്കുറിച്ച് അച്ചന്‍ എടുത്ത ക്ലാസുകള്‍, വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ പറഞ്ഞുതന്ന പ്രാര്‍ത്ഥനകള്‍ എല്ലാം ചിന്തിച്ച് അമ്മച്ചി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. കര്‍ത്താവേ എന്റെ വിശ്വാസം വര്‍ദ്ധിപ്പിക്കേണമേ. വീടിനോട് ചേര്‍ന്ന് ചാഞ്ഞ് നില്‍ക്കുന്ന മരം വീട്ടുകാര്‍ക്ക് എന്നും ഒരു വേദനയായിരുന്നു. കായ്ഫലം ഓര്‍ക്കുമ്പോള്‍ ഗൃഹനാഥന് അതൊട്ട് വെട്ടിക്കളയാനും മനസ്സ് വരുന്നില്ല.

അമ്മച്ചി മനസ്സില്‍ തീരുമാനിച്ചുറച്ചു. 'കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട്, ഇവിടെ നിന്നും മാറി കടലില്‍ പോയി പതിക്കുക' (മത്താ 17:20) എന്നു പറഞ്ഞാല്‍ അതുപോലെ സംഭവിക്കും. എന്ന് അച്ചന്‍ പ്രസംഗത്തില്‍ പറഞ്ഞത് കേട്ട് അമ്മച്ചി അത് പരീക്ഷിക്കാനുറച്ചു. കുടുംബത്തിന് ഒരു ഉപകാരം ചെയ്യാം. അമ്മച്ചി മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. 'കര്‍ത്താവേ നാളെ നേരം പുലരുമ്പോള്‍ വീടിനോട് ചേര്‍ന്നു നില്‍ക്കുന്ന മരം അവിടെ കാണരുതേ, അത് മാറ്റി പറമ്പില്‍ വേറെ സ്ഥലത്ത് വെയ്ക്കണമേ'. അമ്മച്ചി ഉപവാസമെടുത്തു രാത്രി മുഴുവന്‍ പ്രാര്‍ത്ഥിച്ചു. പുലര്‍ച്ചെ എല്ലാവരും ഉറക്കം ഉണരുന്നതിനുമുന്‍പ് അമ്മച്ചി തന്റെ ജപമാലയും ബൈബിളും കൈകളില്‍ എടുത്ത് കണ്ണടച്ച് മരം നില്‍ക്കുന്ന ഭാഗത്തേക്ക് പോയി. അമ്മച്ചിയുടെ മനസ്സില്‍ ആകാംഷയുടെ തിരയിളക്കം; എന്റെ വിശ്വാസം കര്‍ത്താവേ കടുകുമണിയോളമല്ല അതിലും വലുതാണ്. ഇന്ന് എന്റെ വിശ്വാസത്തിന്റെ ഫലം കൊണ്ട് തീര്‍ച്ചയായും മരം അവിടെ നിന്ന് എടുത്തുമാറ്റിക്കാണും. മരം നില്‍ക്കുന്ന ഭാഗത്തേക്ക് തന്റെ കൈകൊണ്ട് ചെന്നു. അമ്മച്ചിക്ക് വിശ്വസിക്കാനായില്ല മരം അവിടെത്തന്നെ നില്‍ക്കുന്നു!!!

പ്രിയപ്പെട്ടവരെ നമുക്കും ചിന്തിക്കാം. നമ്മുടെ വിശ്വാസം എവിടെ നില്‍ക്കുന്നു. ഉപരിതലങ്ങളിലൂടെ യുള്ളതും പരീക്ഷിക്കേണ്ടതുമായ വിശ്വാസമാണോ നമുക്കുണ്ടാകേണ്ടത്. അമ്മച്ചിക്ക് പിന്നെ എന്തു സംഭവിച്ചു എന്നത്  ഓര്‍ത്ത് നാം വ്യാകുലപ്പെടുന്നു. നമ്മുടെ വിശ്വാസത്തിന്റെ ആഴം നമുക്ക് ഒന്നളക്കാം. 'വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോദ്ധ്യവുമാണ്' (ഹെബ്ര 11:1)

നമ്മുടെ കര്‍ത്താവിലുള്ള വിശ്വാ സം പലസാഹചര്യങ്ങളിലും നമുക്ക് നഷ്ടപ്പെട്ടു പോയിട്ടുണ്ട്. കര്‍ത്താവിനെ പരീക്ഷിക്കാനുള്ളതല്ല ക്രൈസ്തവന്റെ വിശ്വാസം. അത് നമ്മുടെ വിശ്വാസത്തിന്റെ ആഴം അളക്കലുമല്ല. മറിച്ച് കര്‍ത്താവായ യേശുക്രിസ്തുവില്‍ ഉറച്ച വിശ്വാസത്തോടും ഉത്തമബോധ്യത്തോടുകൂടെ നാം മുന്നേറുക എന്നുള്ളതാണ്. ഈ നൂറ്റാണ്ടില്‍ ക്രൈസ്തവര്‍ക്കുനേരെ നടന്നുകൊണ്ടിരിക്കുന്ന ക്രൂരപീഢനങ്ങള്‍ നാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്. അതില്‍ ക്രിസ്തീയ വിശ്വാസം ഏറ്റുപറഞ്ഞു കൊണ്ട് മരണം വരിച്ച ഒത്തിരിയേറെ നമ്മുടെ സഹോദരങ്ങള്‍. നാം ആ സാഹചര്യത്തിലാകുമ്പോള്‍ നമ്മുടെ വിശ്വാസം എവിടെയായിരിക്കും എന്ന് വിചിന്തനം ചെയ്യുന്നത് നല്ലതാണ്. മനുഷ്യ വംശത്തോടുള്ള സ്‌നേഹത്തെപ്രതി ഭൂമിയില്‍ അവതരിക്കുകയും അവസാന തുള്ളി രക്തംവരെ നമുക്കായി ചിന്തി സ്‌നേഹത്തിന്റെ മാതൃക നമ്മെ കാണിച്ച കര്‍ത്താവായ യേശുവിനു വേണ്ടി, മരിക്കേണ്ടി വന്നാലും അത് നന്മക്കായിക്കണ്ട് ജീവിക്കുന്നവരാകണം ഓരോ ക്രൈസ്തവനും; അതായിരിക്കണം നമ്മുടെ വിശ്വാസവും.

473 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141694