കുമ്പസാരം
സന്തോഷ്

നമ്മുടെ ജീവിതത്തില്‍ പലപ്പോഴും കേള്‍ക്കാറുള്ള വാക്കാണ് 'നല്ല കുമ്പസാരം'. എന്താണ് നല്ല കുമ്പസാരമെന്ന് നമുക്ക്  ചിന്തിക്കാം. കുമ്പസാരമെന്നത് ഒരു ഭക്തിപ്രകടനമാണ്. എന്നാല്‍ നല്ല കുമ്പസാരമെന്നത് ആഴമായ അനുതാപത്തിലും, മാനസാന്തരത്തിലും നിന്നുമാണ് ഉണ്ടാകുന്നത്. യഥാര്‍ത്ഥമാനസാന്തരത്തില്‍ വന്ന ഒരു വ്യക്തി; ആ വ്യക്തിയുടെ പഴയകാല പാപങ്ങള്‍ ഒരിക്കലും ചെയ്യുന്നില്ല. ഞാന്‍ നീതിമാനോട് അവന്‍ തീര്‍ച്ചയായും ജീവിക്കുമെന്ന് പറയുകയും അവന്‍ തന്റെ നീതിയില്‍ വിശ്വാസം അര്‍പ്പിച്ച് തിന്മ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവന്റെ നീതിനിഷ്ഠമായ ഒരു പ്രവൃത്തിയും ഞാന്‍ ഓര്‍ക്കുകയില്ല. അവന്‍ തന്റെ ദുഷ്കൃത്യത്തില്‍ത്തന്നെ മരിക്കും. (എസക്കിയേല്‍ 33:13)

നമ്മളില്‍ ചിലരെങ്കിലും വിചാരിക്കുന്നത്  കൊലപാതകം പോലുള്ള മാരകപാപങ്ങള്‍ ഒന്നും ചെയ്യുന്നില്ലല്ലോ; അതുപോലെ ചെറിയ പാപങ്ങള്‍ ചെയ്യുന്നതില്‍ കുഴപ്പമില്ലയെന്നും. അതുമാത്രമല്ല നമ്മള്‍ അനേകം പുണ്യപ്രവൃത്തികള്‍ ചെയ്യുന്നുമുണ്ട്. നമ്മള്‍ ചെയ്യുന്ന ഒരു പുണ്യപ്രവൃത്തിയും നമ്മുടെ പാപങ്ങള്‍ക്ക് ന്യായീകരണമല്ലെന്നുള്ള ആത്മീയസത്യം നാം തിരിച്ചറിയേണ്ടതുണ്ട്. നമ്മള്‍ ചെയ്യുന്ന ലഘുപാപം പോലും നമ്മെ ദൈവത്തില്‍ നിന്നുമകറ്റുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിച്ച് വിശുദ്ധിക്കു വേണ്ടി പരിശ്രമിക്കുവിന്‍. വിശുദ്ധികൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കുവാന്‍ സാധിക്കുകയില്ല. (ഹെബ്രായര്‍ 12:14) വിശുദ്ധ ജീവിതം നയിക്കേണ്ടതിന്റെ ആവശ്യകത ഈ തിരുവചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കുമ്പസാരത്തിനുശേഷം നമ്മുടെ പാപങ്ങളുടെ പരിഹാരം ചെയ്യുമ്പോഴാണ് കുമ്പസാരം പൂര്‍ണ്ണമാകുന്നത്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ നാം കാണുന്നുണ്ട്  മാനസാന്തരം വന്നതിനു ശേഷം സക്കേവൂസ് പാപപരിഹാരം ചെയ്യുന്നത്. 'കര്‍ത്താവേ ഇതാ എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്ക് കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ച് എടുത്തിട്ടുണ്ടെങ്കില്‍ നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു' (ലൂക്കാ 19:08). ഉദാഹരണം പറയുകയാണെങ്കില്‍, മദ്യപിക്കുന്ന ഒരു വ്യക്തിയാണെങ്കില്‍ അനുതാപത്തോടെയുള്ള കുമ്പസാരത്തിനുശേഷം മദ്യപാനം പൂര്‍ണ്ണമായി ഉപേക്ഷിക്കുകയും ദൈവസ്‌നേഹത്തെക്കുറിച്ച് മദ്യപിക്കുന്നവരുമായി പങ്കു വയ്ക്കുകയും അവരെ അതില്‍നിന്ന് പിന്തിരിപ്പിക്കുകയും മാനസാന്തരത്തിലേക്ക് നയിക്കുകയും വേണം. അതുപോലെ ലോകത്തിലുള്ള എല്ലാ മദ്യത്തിന് അടിമപ്പെട്ട എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും വേണം. ഒരു നല്ല കുമ്പസാരം നടത്തിയതു വഴി ദൈവം ഒരു യുവാവിന്റെ ജീവിതത്തില്‍ ചൊരിഞ്ഞ അനുഗ്രഹം നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുകയാണ്.

ലോകത്തിന്റെ എല്ലാ മ്ലേഛതകള്‍ക്കും, മദ്യപാനത്തിനും, മയക്കുമരുന്നിനും, വ്യഭിചാരത്തിനും, അടിമപ്പെട്ട വ്യക്തിയായിരുന്നു ഈ യുവാവ്. അങ്ങനെയിരിക്കെ ഒരു ദിവസം ഈ യുവാവിന് ഒരു അപകടം ഉണ്ടാവുകുകയും എഴുന്നേല്‍ക്കുവാന്‍ കഴിയാത്തവിധം തളര്‍ന്ന് പോകുകയും ചെയ്തു. അങ്ങനെ 6 മാസം കഴിഞ്ഞു പോയി. ഒരിക്കല്‍ ഒരു വൈദികന്‍ ഇദ്ദേഹത്തെ കാണുന്നതിനായി ഭവനത്തില്‍ എത്തി. വൈദികന്‍ യുവാവിനുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. അപ്പോള്‍ വൈദികന് ഒരു ദര്‍ശനം ലഭിച്ചു. ദര്‍ശനമിതായിരുന്നു, വ്യഭിചാരത്തിന്റെയും മ്ലേഛതയുടെയും മേഖല.

വൈദികന്‍ യുവാവിനോടു ചോദി ച്ചു; എത്രനാളായി കുമ്പസാരം നടത്തിയിട്ട്? യുവാവ് മറുപടി പറഞ്ഞു, ഒരു മാസം മുന്‍പ് ഇതുപോലെ ഭവനസന്ദര്‍ശനത്തിനു വന്ന ഒരു വൈദികന്റെയടുത്ത് കുമ്പസാരം നടത്തിയതായി. വൈദികന്‍ വീണ്ടും പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. കാരണം വൈദികന് ലഭിച്ച ദര്‍ശനവുമായി യോജിക്കുന്നതല്ലായിരുന്നു യുവാവിന്റെ മറുപടി; മാത്രമല്ല  6 മാസമായി തളര്‍ന്ന് കിടക്കുന്നതു കാരണം ഒരിക്കലും ഈ പാപം ചെയ്യുന്നതിനുള്ള ഒരു സാഹചര്യം ഉണ്ടായിരുന്നുമില്ല, മാത്രമല്ല ഒരുമാസം മുന്‍പേ യുവാവ് കുമ്പസാരിക്കുകയും ചെയ്തിരുന്നു. വീണ്ടും വൈദികന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. വീണ്ടും അതേദര്‍ശനം ലഭിച്ചു. അപ്പോള്‍ വൈദികന്‍ യുവാവിനോട് വിശദമായിട്ട് കാര്യങ്ങള്‍ ചോദിക്കുവാന്‍ തുടങ്ങി. അപ്പോഴാണ് യഥാര്‍ത്ഥ സം ഭവം അറിയുവാന്‍ ഇടയായത്. ആ യുവാവ് തന്റെ കഴിഞ്ഞകാലത്തില്‍ ചെയ്ത വ്യഭിചാരത്തിന്റയും മ്ലേഛതയുടെയും വിഷചിന്തകളെ ലാളിക്കുകയും സ്‌നേഹിക്കുകയും അങ്ങനെ പാപത്തില്‍ ഇപ്പോഴും ചരിക്കുകയായിരുന്നു. 'ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു' (മത്തായി 5:28). വൈദികന്‍ ഉടനെ ചെയ്ത പാപത്തെക്കുറിച്ച് അനുതപിച്ച് കുമ്പസാരത്തിനായി ഒരുങ്ങുവാന്‍ യുവാവിനോട് ആവശ്യപ്പെട്ടു. വൈദികന്‍ കുമ്പസാരിപ്പിക്കുന്നതായി യുവാവ് കിടന്ന കട്ടിലിനോട് ചേര്‍ന്നിരുന്നു. ആ യുവാവ്  കുമ്പസാരിച്ചു.  വൈദികന്‍ പാപമോചനം കൊടുത്തു കഴിഞ്ഞ ഉടന്‍ തന്നെ പൂര്‍ണ്ണരോഗസൗഖ്യം പ്രാപിച്ചു.

പലപ്പോഴും നാം ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് ചിന്തകളെ നിയന്ത്രിക്കുക എന്നത്. പിശാച് ഒരു മ്ലേഛതയുടെയോ അഹങ്കാരത്തിന്റെയോ വെറുപ്പിന്റെയോ വിഷചിന്ത നമുക്ക് തന്നു കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ അതിനെ നിയന്ത്രിച്ചില്ലെങ്കില്‍ നാം തീര്‍ച്ചയായും ആ പാപത്തില്‍ വീഴും; അതുകൊണ്ട് തന്നെ നാം പലപ്പോഴും മനസ്സിലാക്കാതെ പോകുന്ന കാര്യമാണ് നമ്മുടെ  പല രോഗാവസ്ഥയ്ക്കും കാരണം അയോഗ്യതയോടുകൂടി വിശുദ്ധകുര്‍ബ്ബാന സ്വീകരിക്കുന്നതുകൊണ്ടെന്നാണെന്നുള്ളത്. അതുകൊണ്ട് ഒരുക്കത്തോടും യോഗ്യതയോടും കൂടെ മാത്രം നമുക്ക് വിശുദ്ധകുര്‍ബ്ബാന സ്വീകരിക്കാം. നമ്മുടെ പാപങ്ങളെയോര്‍ത്ത് നമുക്ക് കരയാം. അതുവഴി ഒരു വിശുദ്ധ ജീവിതം എല്ലാവര്‍ക്കും സാദ്ധ്യമാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ
   

991 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141691