ശക്തരാകാം... വ്യക്തിപരമായ പ്രാര്‍ത്ഥനയിലൂടെ
സോബി ജേക്കബ്ബ്.

ഒരു ജീസസ് യൂത്തിന്റെ ആത്മീയ ജീവിതത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് വ്യക്തിപരമായ പ്രാര്‍ത്ഥന. ജീവിതത്തില്‍ കയ്പ്പും, മധുരവും; ഉയര്‍ച്ചയും, താഴ്ച്ചയും; ദുഃഖവും, സന്തോഷവും മാറിമാറി കടന്നു വരുമ്പോള്‍ ഈശോയുമായുള്ള ആര്‍ദ്രമായ വ്യക്തിബന്ധത്തിലൂടെ വേണം മാറിമാറി വരുന്ന ജീവിത സാഹചര്യങ്ങളെ നാം നേരിടുവാന്‍.

ഈ കാലഘട്ടത്തിന്റെ പ്രവാചകനായിരുന്ന പരിശുദ്ധ പിതാവ് വി.ജോണ്‍പോള്‍ രണ്ടാമനും, അഗതികളുടെ അമ്മ വാഴ്ത്തപ്പെട്ട മദര്‍തെരേസയും, കേരളത്തിന്റെ സ്വന്തം വിശുദ്ധ അല്‍ഫോന്‍സാമ്മയും നമ്മോടു പറയുന്നതു ഇതു തന്നെയാണ്.

പ്രാര്‍ത്ഥനയുടെ സമയം

വ്യക്തിപരമായ പ്രാര്‍ത്ഥന എപ്പോഴും പുലര്‍ക്കാലത്ത് ആയിരിക്കണം. വചനം പറയുന്നു; 'എഴുന്നേല്ക്കുക' (പ്രഭാ. 39:5). ഇത് മനുഷ്യന്‍ സൂര്യോദയത്തിനുമുന്‍പ് ഉണര്‍ന്ന് പുലര്‍ക്കാലവെളിച്ചത്തില്‍ അങ്ങേയ്ക്ക് കൃതജ്ഞത അര്‍പ്പിക്കുകയും, അങ്ങയോട് പ്രാര്‍ത്ഥിക്കുകയും വേണമെന്നതിന്റെ വിജ്ഞാപനമായിരുന്നു. (ജ്ഞാനം. 16:28). അതിരാവിലെ അവന്‍ ഉണര്‍ന്ന് ഒരു വിജനസ്ഥലത്തേയ്ക്കു പോയി. അവിടെ അവന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. (മര്‍ക്കോ. 1:35). വ്യക്തിപരമായ പ്രാര്‍ത്ഥന എപ്പോഴും പുലര്‍ക്കാലത്ത് സ്ഥിരമായി ഒരു സ്ഥലത്തിരുന്ന് ഒരോ സമയത്ത് നടത്തണം.

പ്രാര്‍ത്ഥനയുടെ ഘട്ടങ്ങള്‍

വ്യക്തിപരമായ പ്രാര്‍ത്ഥന ക്രമമായും ചിട്ടയായും നടത്തുവാന്‍ ഏഴു ഘട്ടങ്ങള്‍ നമ്മെ സഹായിക്കുന്നു.
 
1. സമര്‍പ്പണം

അവന്‍ അത്യുന്നതന്റെമുന്‍പില്‍ പ്രാര്‍ത്ഥനകള്‍ സമര്‍പ്പിക്കുന്നു. (പ്രഭാ. 39:5). നിന്റെ പ്രയത്‌നം കര്‍ത്താവില്‍ അര്‍പ്പിക്കുക, നിന്റെ പദ്ധതികള്‍ ഫലമണിയും. (സുഭാ. 16:03). നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തേ  ഏല്പ്പിക്കുക. അവിടുന്ന് നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്. (1 പത്രോ. 5:6). നല്ല സമര്‍പ്പണത്തിലൂടെ ദൈവത്തിന്റെ മുമ്പില്‍ നാം കീഴടങ്ങുമ്പോള്‍ നമ്മുടെ മനസ്സ് പൂര്‍ണ്ണമായും ഈശോയില്‍ കേന്ദ്രീകരിക്കപ്പെടും.

2. അനുതാപം

നിന്റെ അകൃത്യങ്ങള്‍ നിന്നെയും ദൈവത്തെയും തമ്മില്‍ അകറ്റിയിരിക്കുന്നു. നിന്റെ പാപങ്ങള്‍ അവിടുത്തെ മുഖം നിന്നില്‍നിന്നും മറച്ചിരിക്കുന്നു. അതിനാല്‍ അവിടുന്ന് നിന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്നില്ല (ഏശയ്യ. 59:2). എന്തെന്നാല്‍ ഞാന്‍ ഇച്ഛിക്കുന്നതല്ല വെറുക്കുന്നതാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത് (റോമ. 7:15). അനുദിനം ആഴമായ അനുതാപത്തില്‍ കടന്നു പോകുന്നതിലൂടെ നിഷ്‌ക്കളങ്കമായ ഒരു വ്യക്തിത്വത്തിലേക്ക് സ്വയം എത്തിച്ചേരുവാന്‍ ആത്മാവ് നമ്മെ നയിക്കുന്നു.

3. അനുദിന സൗഖ്യം

ആഴമായ സമര്‍പ്പണവും അനുതാപവുംവഴി ശാരീരികവും, ആന്തരികവുമായ നിരവധി സൗഖ്യങ്ങള്‍ നല്‍കി ദൈവം നമ്മെ ദിനം തോറും അനുഗ്രഹിക്കുന്നു.

4. പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി പ്രാര്‍ത്ഥിക്കുക

പരിശുദ്ധാത്മാവ് നിങ്ങളുടെമേല്‍ വന്നു കഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലേമിലും, യൂദയാ മുഴുവനിലും, സമരിയായിലും, ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും (അപ്പ. 1:8). പരിശുദ്ധാത്മാവാല്‍ നിറയാന്‍ ദാഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ശാന്തമായിരുന്ന് ആത്മാവ് നമ്മില്‍ നിറയുന്നതിന്റെ ദൈവീകാനന്ദം അനുഭവിച്ചറിയുക.

5. ദൈവത്തെ ശ്രവിക്കുക

പരിശുദ്ധാത്മാവിനെ സ്വീകരിച്ചതിനുശേഷം തീക്ഷണതയോടെ ദൈവസ്വരത്തിനായി കാതോര്‍ക്കുക. അപ്പോള്‍ ദൈവം നമ്മോടു വ്യക്തിപരമായി സംസാരിക്കും. ചില പുതിയ ബോധ്യങ്ങള്‍, ദര്‍ശനങ്ങള്‍, വചനങ്ങള്‍ നല്‍കി നമ്മെ അനുഗ്രഹിക്കും.

6. നന്ദി പ്രകാശനം

'സര്‍വ്വശക്തനായ കര്‍ത്താവ് കനിഞ്ഞാല്‍ ജ്ഞാനത്തിന്റെ ചൈതന്യം അവനില്‍ നിറയും. വിജ്ഞാനവചസ്സുകള്‍ പൊഴിഞ്ഞ് പ്രാര്‍ത്ഥനാപൂര്‍വ്വം അവന്‍ കര്‍ത്താവിന് നന്ദി പറയും' (പ്രഭാ. 39:6). കഴിഞ്ഞു പോയ സമയങ്ങളില്‍ നമ്മോടു കൂടെ ആയിരുന്ന ദൈവത്തിനു നന്ദി പറയാം.

7. മദ്ധ്യസ്ഥ പ്രാര്‍ത്ഥന

നമ്മുടെ വ്യക്തിപരമായ ആവശ്യങ്ങളും ആഗ്രഹങ്ങളും പറയുവാനും, നമ്മോടു പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള വ്യക്തികളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള സമയമാണിത്. ഈ വിധത്തിലുള്ള/ശൈലിയിലുള്ള വ്യക്തിപരമായ പ്രാര്‍ത്ഥന ജീസസ്സ് യൂത്തിനെ അവന്റെ ജീവിതസാഹചര്യമെന്തുതന്നെയായാലും, തളരാതെ വിശ്വാസ  തീക്ഷണതയോടെ മുന്നോട്ടു നീങ്ങുവാന്‍ സഹായിക്കും.

'ഗത്സമനില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഈശോ ഉറങ്ങുന്ന ശിഷ്യരെക്കണ്ട്, എന്നോടുകൂടെ ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലേ? പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ നിങ്ങള്‍ ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുവിന്‍' (മത്താ. 26:40-41). ഈ ചോദ്യം ഇന്ന് ഈശോ നമ്മോടും ചോദിക്കുന്നു. ഈ കാലഘട്ടത്തിന്റെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കാന്‍ നാം ഏറ്റവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും പ്രഭാതത്തില്‍ വ്യക്തിപരമായി പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു.

634 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141690