പ്രവാസം
അനീഷ് മാത്യു

വിരഹത്തിന്റെ  വിതുമ്പലും, വിയര്‍പ്പിന്റെ ഗന്ധവും, കണ്ഠത്തില്‍ കുടുങ്ങിയ ഗദ്ഗദവും, ഇഴപാകിയ ഒരു ജീവിത സമരം. നാട്ടിലെ പ്രാരാബ്ദങ്ങളും സ്വപ്നങ്ങളും, ഈ നാട്ടിലെ ജോലി ഭാരവും പൂരിപ്പിക്കാനാവാത്ത സമസ്യയായിത്തീരുമ്പോള്‍, നുറുങ്ങിയ ഹൃദയവുമായി കര്‍ത്താവിനെ സമീപിക്കുന്ന ജീവിതങ്ങള്‍. ഈ വരികള്‍ക്കിടയില്‍ നിങ്ങളിലെ പ്രവാസിയെ നിങ്ങള്‍ക്ക് കണ്ടെടുക്കാനാവും; അല്ലെങ്കില്‍ നിര്‍വചിക്കാനാവും.

അസ്ഥിരമായ ജോലി സാഹചര്യങ്ങളും അനുദിന ജീവിതവെല്ലുവിളികളുമെല്ലാം നാം ദൈവത്തിനു വിട്ടുകൊടുത്ത് അവിടുത്തെ അനുഗ്രഹത്താല്‍ നാം നമ്മുടെയും, നമ്മെ ആശ്രയിക്കുന്നവരുടെയും സ്വപ്നങ്ങളെ കരയ്ക്കടുപ്പിക്കുന്നു. അവന്‍ രക്ഷപെട്ടു എന്ന് എല്ലാവരും പറയുന്നു. നമ്മളും അങ്ങിനെ വിശ്വസിക്കുന്നു. നമ്മളൊഴുക്കിയ കണ്ണുനീരിന്റെ ഫലം, നമ്മള്‍ അനുഗ്രഹങ്ങളായി അനുഭവിക്കുന്നു. അതിന്റെ തണലില്‍ നാം പുതിയ സ്വപ്നങ്ങള്‍ മെനയുന്നു.

നമുക്ക് നോഹയുടെ പെട്ടകത്തിനുള്ളിലേക്ക് ഒന്നു പോകാം. എല്ലാ ജീവജാലങ്ങളിലും, ഫലമൂലാതികളിലുംപെട്ട ഓരോ ജോഡികളെയും, വിത്തുകളെയും ദൈവം വേര്‍തിരിച്ചത് നോഹയുടെ പെട്ടകത്തിനകത്ത് നമുക്ക് കാണാം. വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളില്‍നിന്നും, ദൈവം നമ്മെ  തിരഞ്ഞെടുത്ത് പ്രവാസം എന്ന ഈ നൗകയ്ക്കുള്ളിലാക്കി, നമ്മളില്‍ ആത്മീയ വെളിച്ചം നല്‍കി. സഹനങ്ങളിലൂടെയും, പ്രാര്‍ത്ഥനകളിലൂടെയും നാം ദൈവവുമായി അടുത്തു. അദ്ധ്വാനഭാരവുമായി തന്റെയടുത്ത് വരുന്നവരെ കൈവിടാത്ത കരുണാമയനായ ദൈവം ആത്മീയമായും ഭൗതീകമായും നമ്മെ അനുഗ്രഹിച്ചു. ഇത് എന്തിന്? ഇനിയെന്ത്? എന്നുള്ള ചോദ്യം ഒരുപക്ഷെ നാം നമ്മോടുതന്നെ ചോദിക്കേണ്ടിയിരിക്കുന്നു.

കൂട്ടായ്മയിലും, പ്രാര്‍ത്ഥനയിലും പണിതുയര്‍ത്തപ്പെട്ട ഈ മതില്‍ക്കെട്ടിന്റെ സുരക്ഷിതത്വത്തില്‍നിന്നും, പാപത്തിന്റെ പ്രളയത്തില്‍ മുങ്ങിയ, മൂല്യങ്ങള്‍ എല്ലാം നശിച്ച, ഇരുട്ടിന്റെ ലോകത്തിലേക്ക് നിങ്ങള്‍ക്ക് വാതായനങ്ങള്‍ തുറക്കപ്പെടും. നാം അനുഭവിച്ചറിഞ്ഞ ദൈവസ്‌നേഹത്തിന്റെ വെളിച്ചം, അന്ധകാരം നിറഞ്ഞ മനസ്സുകളില്‍, കുടുംബങ്ങളില്‍, സമൂഹത്തില്‍ പകര്‍ന്നു കൊടുക്കുവാന്‍. പ്രത്യാശ വറ്റിയ ജീവിതങ്ങളുടെ തരിശുഹൃദയങ്ങളില്‍, സമാധാനത്തിന്റെ, പ്രതീക്ഷയുടെ   സുവിശേഷം, യേശുക്രിസ്തുവാകുന്ന ശാശ്വത സമാധാനം എന്ന വിത്ത് പാകിമുളപ്പിക്കാന്‍ നാം അയക്കപ്പെടും. ഇങ്ങനെയൊരു ജീവിതസാഹചര്യം നേരിടാന്‍ പ്രതിബദ്ധരാണോ നമ്മള്‍? ആത്മശോധനയ്ക്ക് കാലമായി. ദൈവം തന്ന സ്‌നേഹത്തിനും അനുഗ്രഹത്തിനും പകരമായി ഇങ്ങനെ ജീവിതം കൊണ്ട് നന്ദി പറയാന്‍ നീ  ആത്മാവില്‍ ഒരുങ്ങിയിട്ടുണ്ടോ? അതോ ഇനിയും ഈ ലോകത്തിന്റെ  ഉയരങ്ങള്‍ വെട്ടിപ്പിടിക്കാന്‍ വെമ്പല്‍ കൊള്ളുകയാണോ?

മലമുകളിലെ രൂപാന്തരീകരണവേളയില്‍ ക്രിസ്തുവിന്റെ പ്രിയശിഷ്യര്‍ ആ സ്വര്‍ഗ്ഗീയാനുഭവത്തിന്റെ കൂടാരത്തണലില്‍ എല്ലാക്കാലവും ആയിരിക്കാന്‍ ആഗ്രഹിച്ചു എന്നാല്‍ യേശു അവരെ താഴ്‌വരയിലേക്ക് തിരികെ കൊണ്ടുവന്നു. കടലോരങ്ങളിലും, തെരുവോരങ്ങളിലുമുള്ള ജീവിതയാഥാര്‍ത്ഥ്യത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. പ്രവാസത്തിലെ കഠിനപ്രയത്‌നങ്ങളുടെ, മലകയറ്റത്തിലൂടെ നമ്മിലുണ്ടായ ആത്മീയരൂപാന്തരീകരണത്തിന്റെ വെളിച്ചം - ക്രിസ്തു തേടിവന്ന ഇന്നും തേടിക്കൊണ്ടിരിക്കുന്ന - പാപികളും, അശരണരും അന്ധകാരത്തിലാണ്ടുപോയ എല്ലാവരിലേക്കും പകര്‍ന്നു കൊടുക്കാന്‍ വിളിക്കപ്പെട്ടവരാണ് നമ്മള്‍ എന്നൊരു ബോദ്ധ്യം നാം സ്വീകരിക്കേണ്ടിയിരിക്കുന്നു.

നാം നമ്മുടെ കംഫര്‍ട്ട് സോണ്‍ (Comfort Zone) വിട്ടിറങ്ങണം. എല്ലാം കഴിഞ്ഞ് ബാക്കി വരുന്ന സമയം ദൈവത്തിന് കൊടുക്കുന്നവരാകാതെ, മുഴുവന്‍സമയവും നാമായിരിക്കുന്ന എല്ലാ സാഹചര്യങ്ങളും സുവിശേഷത്തിനായി കൊടുക്കുന്നവരാകണം. വീടും നാടും വിട്ട് കടല്‍ത്തീരങ്ങളിലും, തെരുവോരങ്ങളിലും മലഞ്ചെരുവുകളിലുമെല്ലാം അലഞ്ഞു നടന്ന പ്രവാസിയായിരുന്നു ക്രിസ്തു. അവന്റെ കൂടെ നടന്ന്  രക്ഷയുടെ സുവിശേഷപാഠങ്ങള്‍ പഠിച്ച ശിഷ്യര്‍, ലോകത്തിന്റെ അതിര്‍ത്തികള്‍വരെ പ്രവാസികളായി യാത്രയായി.  ആലംബഹീനരോടും, അശരണരോടും സുവിശേഷം പ്രസംഗിച്ചു. ലോകമെങ്ങും രക്ഷയുടെ സത്‌വാര്‍ത്ത അറിയിച്ച് ക്രിസ്തുവിന്റെ സഭയെ പടുത്തുയര്‍ത്തി. ഈ ലോകത്തിന്റെ തണലുകള്‍ വിട്ടെറിഞ്ഞ്, കുരിശിന്റെ തണലില്‍ അഭയം തേടി. രക്തസാക്ഷിത്വംകൊണ്ട് നിത്യമായ സ്വര്‍ഗ്ഗീയ അനുഭവത്തില്‍ പ്രവേശനം നേടി.

നമ്മുടെ ഈ പ്രവാസവും, ഈ യാത്രയിലേക്കുള്ള മുന്നൊരുക്കമാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു, ആശംസിക്കുന്നു.    

351 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141691