ആ അമ്മയ്ക്കു പകരം അമ്മ മാത്രം
ആല്‍ഫി ജോബി

മാതൃത്വം എന്ന വാക്കിന്റെ മഹത്വം ഒത്തിരി ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ ആ അമ്മ - പരിശുദ്ധഅമ്മ - നമുക്കെന്നും മാതൃകയാണ്.

ആ അമ്മയ്ക്ക് പ്രത്യേകതകളൊന്നും ഇല്ലായിരുന്നു. പക്ഷെ ഇന്നത്തെ അമ്മമാരെ വച്ചു നോക്കുമ്പോള്‍ എളിമപ്പെടാനുള്ള മനസ്സും എല്ലാം സഹിക്കുവാനുള്ള ശക്തിയും വിട്ടുകൊടുക്കുവാനുള്ള നന്മയുമുണ്ടായിരുന്നു.

ഗബ്രിയേല്‍ മാലാഖ പ്രത്യക്ഷപ്പെട്ട് ദൈവീക പദ്ധതി അറിയിക്കുന്നതുവരെ രക്ഷകന്‍ പിറക്കുന്ന ഭവനത്തിലെ തൂപ്പുകാരിയാവാന്‍ അനുഗ്രഹിക്കണമേയെന്ന് പ്രാര്‍ത്ഥിച്ചവള്‍, ദൈവീകപദ്ധതി അറിഞ്ഞനിമിഷം അവിടുത്തേയ്ക്ക് സ്വയം സമര്‍പ്പിച്ചവള്‍,  ചുരുക്കത്തില്‍ രക്ഷകന്റെ അമ്മയെന്നുംപറഞ്ഞ് അവളെവിടെയും പ്രമുഖസ്ഥാനം തേടിപ്പോയില്ല.  മറിച്ച് കൂടുതല്‍ എളിമപ്പെട്ടു. ചിന്തകളും നെടുവീര്‍പ്പുകളും നെഞ്ചിലൊതുക്കി.

കാലികളുടെയിടയില്‍ ഒരു പെണ്‍ തുണ പോലുമില്ലാതെ ഒരു സ്ത്രീ സഹിക്കേണ്ട എല്ലാ വേദനയും സഹിച്ച് ആ അമ്മ ഈശോയ്ക്ക് ജന്മം നല്‍കി. രക്ഷകന്റെ അമ്മയുടെ പ്രസവവേദനപോലും ദൈവം കുറച്ചു കൊടുത്തില്ല. സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു മാലാഖയും സഹായത്തിനു വന്നില്ല. പിന്നേയും കിലോമീറ്ററുകള്‍ താണ്ടി മരുഭൂമിയിലൂടെയുള്ള യാത്രകള്‍.

അവള്‍ മകനെ ഏറ്റവും മിടുക്കനായി വളര്‍ത്തി. ജ്ഞാനത്തില്‍, ബുദ്ധിയില്‍, അവനെ തോല്‍പ്പിക്കുവാന്‍ ആരുമുണ്ടായില്ല. നിയമം മുഴുവന്‍ അവനെ പഠിപ്പിച്ചതും ആ അമ്മയായിരുന്നു.

അവസാനം കാല്‍വരിയും ആ അമ്മ അഭിമുഖീകരിക്കേണ്ടിവന്നു. ആറ്റു നോറ്റു വളര്‍ത്തിയ മകന്‍ സ്വീകരിക്കാന്‍ പോകുന്ന പീഢകളേക്കുറിച്ച് ആ അമ്മയ്ക്ക് വ്യക്തമായ ബോദ്ധ്യമുണ്ടായിരുന്നു. പടയാളികളുടെ ക്രൂരതകള്‍ക്കിടയില്‍ കുരിശുമായി നീങ്ങുന്ന പുത്രന്‍ ഏറ്റുവാങ്ങിയ എല്ലാ വേദനകളും അവളും ഹൃദയത്തിലേറ്റുവാങ്ങി. ഒന്നല്ല, ഒരായിരം വാളുകള്‍ ഹൃദയത്തില്‍ തുളച്ചു കയറിയ നിമിഷങ്ങള്‍. മകന്റെ നിശബ്ദതയ്ക്ക് ആ അമ്മയും 'ആമ്മേന്‍ ' പറഞ്ഞു.

കുരിശില്‍ക്കിടന്ന് അമ്മയ്ക്ക് ലോകേത്തയും, തന്റെ മാത്രമായിരുന്ന ആ അമ്മയെ ലോകത്തിനും ഈശോ കൈമാറിയപ്പോള്‍ നിശബ്ദം ആ ഉത്തരവാദിത്വം അമ്മ ഏറ്റെടുത്തു. അന്നുമുതല്‍  ഈ നിമിഷംവരെ അമ്മ തിരക്കിലാണ്; ഈശോയ്ക്ക് നഷ്ടപ്പെടുന്ന ഓരോ മക്കളേയും തിരിച്ചു കൊണ്ടുവരുവാന്‍, ഈശോയുടെ മക്കള്‍ക്കുവേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുകയാണവള്‍.

ആര്‍ക്കും വിട്ടുകൊടുക്കുവാന്‍ ഇന്നത്തെ തലമുറയ്ക്ക് അറിയില്ലെങ്കില്‍, മാത്സര്യബുദ്ധിയും സ്വാര്‍ത്ഥതയും ഇന്ന് കൂടുന്നുണ്ടെങ്കില്‍ അവരെയങ്ങനെയാക്കിയത് ഒരു പരിധിവരെ അവരുടെ മാതാപിതാക്കളാണ്.

ദൈവത്തിന്റെ ദാനമാണ് മക്കളെന്നും അവരുടെ ഭൗതിക ആവശ്യങ്ങളേക്കാള്‍ ആത്മാവ് നശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അതിനായി നിരന്തരം പ്രാര്‍ത്ഥിക്കണമെന്നും ബോദ്ധ്യമുള്ള, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ആരുടെയും മക്കള്‍ നശിക്കില്ല. മക്കളെ സ്വാര്‍ത്ഥരാവാന്‍ പഠിപ്പിച്ച, മറ്റുള്ളവരുടെ വേദനയില്‍ പങ്കാളികളാകാന്‍ പഠിപ്പിക്കാത്ത, ലാഭം മാത്രം നോക്കി ബിസിനസ്സ് ചെയ്യാന്‍ മിടുക്കരാക്കിയ മാതാപിതാക്കളുടെ മക്കളും വളര്‍ന്നു. പക്ഷെ അവരുടെ മാതാപിതാക്കള്‍ പിന്നീട് വൃദ്ധമന്ദിരങ്ങളില്‍ അഭയം തേടി. ഈ ലോകത്തില്‍ ഏറ്റവും നന്നായി മകനെ വളര്‍ത്തിയ ആ അമ്മയോട്, മക്കളെ നല്ല രീതിയില്‍ വളര്‍ത്തുവാന്‍ സഹായിക്കണമേ എന്നു നമുക്ക് പ്രാര്‍ത്ഥിക്കാം. ലോകത്തില്‍ പാപസാഹചര്യങ്ങള്‍ എത്ര വര്‍ദ്ധിച്ചാലും വിശുദ്ധിയില്‍ മക്കളെ വളര്‍ത്തുവാന്‍ പരിശുദ്ധ അമ്മ നമ്മളെ സഹായിക്കട്ടെ.
           


കര്‍ത്താവ് അരുളിച്ചെയ്യുന്നു:

നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തി നല്ല, ക്‌ഷേമത്തിനുള്ള പദ്ധതിയാണത് - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി. അപ്പോള്‍ നിങ്ങള്‍ എന്നെ വിളിച്ചപേക്ഷിക്കും; എന്റെ അടുക്കല്‍വന്നു പ്രാര്‍ത്ഥിക്കും. ഞാന്‍ നിങ്ങളുടെ പ്രാര്‍ത്ഥന ശ്രവിക്കും. നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെത്തും. നിങ്ങള്‍ എന്നെ കണ്ടെത്താന്‍ ഞാന്‍ ഇടയാക്കുമെന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാന്‍ നിങ്ങളുടെ ഐശ്വര്യം പുനഃസ്ഥാപിക്കും. നിങ്ങളെ ചിതറിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും ദേശങ്ങളിലും നിന്ന് ഞാന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും. എവിടെനിന്നു ഞാന്‍ നിങ്ങളെ അടിമത്തത്തിലേക്കയച്ചോ ആ സ്ഥലത്തേക്കുതന്നെ നിങ്ങളെ കൊണ്ടുവരും - കര്‍ത്താവ് അരുളിച്ചെയ്യുന്നു.


ജറെമിയാ 29: 11-14

396 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141691