വിവാഹം | സഭയുടെ കാഴ്ചപ്പാടില്‍
മാത്യു തോമസ്

കുടുംബം ഒരു ഗാര്‍ഹികസഭയാണ്, ദേവാലയമാണ്, സ്വര്‍ഗ്ഗമാണ്. ഈശോ വസിക്കുന്നയിടമാണ് കുടുംബം. കുടുംബത്തിന് രൂപം കൊടുക്കുന്നത് വിവാഹത്തിലൂടെ പരസ്പരം ബന്ധിതരാകുന്ന ദമ്പതികളാണ്. ദൈവമാണ് വിവാഹം സ്ഥാപിച്ചത്.

    ലോകത്തിലെ ഏറ്റവും പ്രധാനമായ ദൈവീകസ്ഥാപനമാണ് കുടുംബം. ദൈവം പുരുഷനും സ്ത്രീയുമായി മനുഷ്യനെ സൃഷ്ടിക്കുകയും പരസ്പരം ഭാര്യാഭര്‍ത്താക്കന്‍മാരായി അവരെ സ്ഥാപിക്കുകയും ചെയ്തപ്പോഴാണ്, ദാമ്പത്യ ജീവിതം ഭൂമിയില്‍ ഉടലെടുക്കുന്നത്.

    'അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. സ്ത്രീയും പു രുഷനുമായി അവരെ സൃഷ്ടിച്ചു' (ഉല്‍പ്പ1:27-28). ഒരു പുരുഷന് ഒരു സ്ത്രീ എന്നതായിരുന്നു ദൈവീകപദ്ധതി. അതിനാല്‍ വിഭജിക്കപ്പെടാന്‍ പറ്റാത്ത സ്‌നേഹത്തിന്റെ ഐക്യമാണ് വിവാഹം. ജീവിതപങ്കാളിയെ തിരഞ്ഞെടുത്തത് ദൈവമാണ്. ഓരോരുത്തര്‍ ക്കും അനുയോജ്യരായ ജീവിതപങ്കാളിയെയാണ് കര്‍ത്താവ് നല്‍കുന്നത്. ചിലരെങ്കിലും ചിന്തിക്കാറുണ്ട് ഇതായിരുന്നോ, എനിക്ക് കിട്ടേണ്ടിയിരുന്ന ഇണ? മറ്റു പലരുമായും താരതമ്യം ചെയ്ത്, അതുപോലെ സൗന്ദര്യമുള്ള, കഴിവുള്ള, സ്വഭാവരീതിയുള്ള ആളെയല്ലായിരുന്നോ എനിക്ക് കിട്ടേണ്ടിയിരുന്നത്? ഒരിക്കലുമല്ല,  കാരണം, ദൈവത്തിന് തെറ്റ് പറ്റാറില്ല. 'ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തു: മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല; അവന് ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും'(ഉല്‍പ്പ 2:18). ഓരോ വ്യക്തിയെക്കുറിച്ചും ദൈവത്തിന് വ്യക്തമായ പദ്ധതിയുണ്ട്, ഒരു മനോഹരമായ പദ്ധതി. നമുക്ക് ഏറ്റവും നല്ലതെന്ന് ദൈവം കണ്ട വ്യക്തിയെയാണ് നമുക്ക് ഇണയായി തരുന്നത്.

    തോബിത്തിന്റെ പുസ്തകത്തില്‍ സാറയെ വിവാഹം കഴിക്കാന്‍ ഭയക്കുന്ന തോബിയാസിനെ നാം കാണുന്നുണ്ട്. കാരണം, അവള്‍ വിവാഹം ചെയ്ത ഏഴു പുരുഷന്‍മാര്‍ ആദ്യരാത്രിയില്‍ ത്തന്നെ മണിയറയില്‍ പിശാചിനാല്‍ കൊല്ലപ്പെട്ടു. എന്നാല്‍ ദൈവദൂതന്‍ തോബിയാസിനോട് പറയുന്നുണ്ട്. 'അനാദിമുതലെ അവള്‍ നിനക്കായി നിശ്ചയിക്കപ്പെട്ടവളാണ്' (തോബി 6:17).
എന്റെ ജീവിതപങ്കാളിയെ എനിക്ക് ലഭിച്ചത് യാദൃശ്ചികമായല്ല. അനാദിമുതലെ ദൈവം എനിക്കായി നിശ്ചയിച്ച വ്യക്തിയാണ്.

വിഹാഹം ഒരു കൂദാശയാണ്

    മാമ്മോദീസ സ്വീകരിച്ച രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഈ ഉടമ്പടിയെ ഈശോ ഒരു കൂദാശയുടെ പദവിയിലേയ്ക്കുയര്‍ത്തി. ദൈവത്തിന്റെ കൃപയില്ലാതെ വിവാഹമെന്ന ഉടമ്പടിയില്‍ ഒരുമിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. ഈ കൂദാശവഴിയായുള്ള പ്രസാദവരം കുടുംബജീവിതത്തിന്റെ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിനും അവസാനം നിത്യജീവന്‍ പ്രാപിക്കുന്നതിനും നമ്മില്‍ പ്രവര്‍ത്തിക്കുന്നു.

    ആരാധനക്രമം വഴിയല്ല വിവാഹം ഒരു കൂദാശയാകുന്നത്. ദമ്പതികള്‍ പരസ്പരം ഭാര്യയും ഭര്‍ത്താവുമായി സ്വീകരിക്കുന്നതിനെ സഭ സ്വീകരിച്ച് ദൈവതിരുമുമ്പില്‍ കൃപാവരത്തിനായി പ്രാര്‍ത്ഥിക്കുന്നതാണ് വിവാഹത്തിന്റെ ആരാധനാക്രമം.

    മറ്റ് കൂദാശകളിലെല്ലാം കാര്‍മ്മികരാകുന്നത് പുരോഹിതരാണ്. അവരിലൂടെ യാണ് അദൃശ്യമായ ദൈവീകവരപ്രസാദ മൊഴുകുന്നത്. എന്നാല്‍ വിവാഹമെന്ന കൂദാശയിലെ കാര്‍മ്മികന്‍ ഭാര്യാഭര്‍ത്താക്കന്മാരാണ്. പുരോഹിതന്‍ ദൈവത്തിന്റെ പ്രതിനിധിയും, സഭയുടെ സാക്ഷിയുമായി തത്സമയം നിലകൊള്ളുന്നു.

വിവാഹം ഒരു ഉടമ്പടിയാണ്.

    വിവാഹം ഒരു കരാര്‍ അല്ല; മറിച്ച് ഉടമ്പടിയാണ്. ഇന്ന് മുതല്‍ മരണം വരെ സുഖത്തിലും ദു:ഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും ഏകമനസ്സോടെ ജീവിച്ചുകൊള്ളാമെന്ന ഉടമ്പടി. ഈ ഉടമ്പടിപ്രകാരം മരണം വരെ ജീവിതത്തിലെ എല്ലാ ഉയര്‍ച്ചതാഴ്ച്ചകളിലും ഒരു മനസ്സോടെ ജീവിക്കേണ്ടവരാണ് ഭാര്യാഭര്‍ത്താക്കന്‍മാര്‍.

    'സഭ ക്രിസ്തുവിന് വിധേയ ആയിരിക്കുന്നതുപോലെ ഭാര്യമാര്‍ എല്ലാക്കാര്യങ്ങളിലും ഭര്‍ത്താക്കന്‍മാര്‍ക്ക് വിധേയയായിരിക്കണം. ഭര്‍ത്താക്കന്‍മാരെ, ക്രിസ്തു സഭയെ സ്‌നേഹിക്കുകയും അവളെ വിശുദ്ധീകരിക്കുവാന്‍വേണ്ടി തന്നെത്തന്നെ സമ ര്‍പ്പിക്കുകയും ചെയ്തതുപോലെ ഭാര്യ മാരെ സ്‌നേഹിക്കണം' (എഫേ 5:24-25).

    ഉടമ്പടിപ്രകാരം, എന്തെല്ലാം  കുറവുകള്‍ ഭര്‍ത്താവിനുണ്ടെങ്കിലും ഭാര്യ ഭര്‍ ത്താവിനെ അനുസരിക്കണം. അതുപോലെ തന്നെ എന്തെല്ലാം കുറവുകളുള്ള വ്യക്തിയാണ് ഭാര്യയെങ്കിലും ഭര്‍ത്താവ് അവളെ സ്വീകരിക്കുകയും സ്‌നേഹിക്കുകയും വേണം.

വിവാഹത്തിന്റെ ലക്ഷ്യം.

    ദമ്പതികള്‍ തമ്മിലുള്ള ഗാഢമായ സ്‌നേഹവും, ഐക്യവും, അവരുടെ സ്‌നേ ഹബന്ധത്തില്‍ നിന്നുണ്ടാകുന്ന മക്കളുമാണ് വിവാഹത്തിന്റെ ലക്ഷ്യം. ഇക്കാരണത്താ ല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ടു ഭാര്യയോടു ചേരും; അവര്‍ രണ്ടുപേരും ഒന്നാവുകയും ചെയ്യും (എഫേ 5:31).

    1. ദമ്പതികളുടെ പരസ്പരയൊന്നാകലും വിശുദ്ധീകരണവും വിവാഹത്തിലൂടെ സാധ്യമാകുന്നു. 'അവിശ്വാസിയായ ഭര്‍ത്താവ് ഭാര്യ മുഖേനയും, അവിശ്വാസിനിയായ ഭാര്യ ഭര്‍ത്താവ് മുഖേന യും വിശുദ്ധീകരിക്കപ്പെടുന്നു' (1 കൊറി 7:14).

    2. ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തില്‍ പങ്കുചേരുവാനുള്ള വിളി വിവാഹത്തിലൂടെ ദമ്പതികള്‍ക്ക് ലഭിക്കുന്നു. ജീവനെ സ്വീകരിക്കുവാനുള്ള തുറന്ന മനസ്സ് ഭാര്യാഭര്‍ത്താക്കന്മാര്‍ക്കുണ്ടാകണം. 'ഏകശരീരവും ഏകാത്മാവുമായിട്ടല്ലേ ദൈവം നിങ്ങളെ സൃഷ്ടിച്ചത്. ദൈവഭക്തരായ സന്തതികളെ അല്ലാതെ എന്താണ് ദൈവം ആഗ്രഹിക്കുന്നത്' (മലാ 2:15).

    മക്കള്‍ക്ക് ജന്മം കൊടുക്കുവാനും, മക്കള്‍ ദൈവത്തിന്റെ ദാനമാണ് എന്ന ഉത്തമബോധ്യത്തില്‍ അവരെ സത്യവിശ്വസത്തിലും ശിക്ഷണത്തിലും വളര്‍ത്തുവാനും, അവര്‍ക്കാവശ്യമായ എല്ലാ പരിചരണങ്ങളും നല്‍കുവാനുമുള്ള കടമ മാതാപിതാക്കന്മാര്‍ക്കുണ്ട്.

വിവാഹമോചനം

    സാധുവായ ഒരു വിവാഹം വേര്‍പെടുത്തുവാന്‍ സഭയ്ക്ക് അധികാരമില്ല. വിവാഹമോചനം ദൈവീകപദ്ധതി ക്കെതിരായുള്ള തിന്മയാണ്. 'വിവാഹ മോചനത്തെ ഞാന്‍ വെറുക്കുന്നു' (മലാ 2:16).

    'ദൈവം യോജിപ്പിച്ചത് മനുഷ്യര്‍ വേര്‍പെടുത്താതിരിക്കട്ടെ' (മത്താ 19:6)  ശിഥിലമാകുന്ന അനേകം കുടുംബങ്ങള്‍ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. ദാമ്പത്യ അവിശ്വസ്തതയും, തെറ്റായ ബന്ധങ്ങളും, പരസ്പരമുള്ള കുറ്റപ്പെടുത്തലുകളും, കലഹങ്ങളും, കുടുംബത്തിന്റെ കടമകള്‍ നിര്‍വഹിക്കാത്തതും, പരസ്പരം സംസാരിക്കുവാന്‍ പോലും സമയം കണ്ടെത്താത്തതും, മറ്റുമുള്ളവരുമായി താരതമ്യം ചെയ്യുന്നതും സര്‍വ്വോപരി കുടുംബങ്ങളില്‍ ദൈവത്തിന് ഒന്നാംസ്ഥാനം നല്‍കാതെ സമ്പത്തിന്റെയും സുഖലോലുപതയുടെയും പുറകെയുള്ള പരക്കം പാച്ചിലും നമ്മുടെ കുടുംബങ്ങളെ തകര്‍ക്കുന്നു.

    ഒന്നിച്ചു പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒന്നിച്ചു നിലനില്‍ക്കും. നമ്മുടെ കുടുംബങ്ങളുടെ കേന്ദ്രസ്ഥാനത്ത് ക്രിസ്തുവിനെ പ്രതിഷ്ഠിക്കാം. ഓര്‍ക്കുക, എനിക്ക് ഒറ്റയ്ക്ക് നിത്യരക്ഷനേടാന്‍ സാധ്യമല്ല. കുടുംബത്തിന്റെ ആത്മരക്ഷയ്ക്കുവേണ്ടി നമുക്ക് തീവ്രമായി ആഗ്രഹിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്യാം.


മാത്യു തോമസ്

1503 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141690