ഈശോയുടെ തിരുഹൃദയം
ജോസഫ് മൂത്തേടത്ത്

ലോകത്തിലെ ഒട്ടുമിക്ക ക്രിസ്തീയഭവനങ്ങളിലും, ദേവാലയങ്ങളിലും കാണുന്ന ഒരു ചിത്രമാണ് ഈശോയുടെ 'തിരുഹൃദയ'ത്തിന്റേത്. സ്വപുത്രന്റെ മുറിക്കപ്പെട്ട ഹൃദയത്തിലൂടെ, ദൈവം ലോകത്തിന് വെളിപ്പെടുത്തിയ സ്‌നേഹത്തിന്റെ, പാരമ്യതയാണ് ഇത് വെളിവാക്കുന്നത്. പാപത്തെ കീഴ്‌പ്പെടുത്തി, മരണത്തെ ജയിച്ച്, ലോകാവസാനംവരെ നിലനില്‍ക്കുന്ന ദൈവസ്‌നേഹത്തിന്റെ ജ്വലിക്കുന്ന സ്പന്ദനമാണീ ചിത്രം.

    സ്‌നേഹമെപ്പോഴും ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹൃദയത്തിന്റെ നിറവില്‍ നിന്നാണ് സ്‌നേഹത്തിന്റെ ബഹിര്‍സ്ഫുരണങ്ങളുണ്ടാകുന്നത്. ജ്വലിക്കുന്ന ഹൃദയത്തിന്റെ നിറവില്‍നിന്ന് അധരങ്ങള്‍ സംസാരിക്കുന്നു. സ്‌നേഹത്താല്‍ ഹൃദയം നിറയുമ്പോള്‍; നാം, നമ്മളെത്തന്നെ മറ്റുള്ളവര്‍ക്ക് പകുത്തു നല്‍കുന്നു, അങ്ങനെയെങ്കില്‍ ക്രിസ്തുവിന്റെ കീറിമുറിക്കപ്പെട്ട ഹൃദയത്തില്‍ നിന്നാണ് സഭ ജനിച്ചത്. അതിനാല്‍ത്തന്നെ ദൈവസ്‌നേഹത്തിന്റെ ഇന്നും തുടരുന്ന പ്രവാഹമായി, നന്മയുടെ നേര്‍ക്കാഴ്ചയുമായി, സഹനത്തിന്റെ പാരമ്യതയുമായി, സാന്ത്വനത്തിന്റെ ആശ്ലേഷണവുമായി, സഭ ലോകത്തിന്റെ മുന്‍പില്‍ നിലകൊള്ളുന്നു.

    16-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ വി. മാര്‍ഗ്ഗരീത്ത മറിയത്തിനു നല്‍കപ്പെട്ട വെളിപ്പെടുത്തലിലൂടെയാണ് തിരുഹൃദയഭക്തി സഭയില്‍ പ്രചരിക്കപ്പെടുന്നത്. തിരുഹൃദയഭക്തിയ്ക്കായി 9 മാസാദ്യവെള്ളിയാഴ്ച്ചകളില്‍ ദിവ്യബലിയില്‍ സംബന്ധിച്ചാല്‍, 'തിരുഹൃദയത്തിന്റെ സംരക്ഷണയാല്‍ പരിപാലിക്കപ്പെടും' എന്ന പാരമ്പര്യം സഭയില്‍ നിലനില്‍ക്കുന്നു. ആയതിനാല്‍, മാസാദ്യവെള്ളിയാഴ്ച്ച സഭ തിരുഹൃദയഭക്തിക്കായി മാറ്റിവെയ്ക്കപ്പെട്ടിരിക്കുന്നു. തിരുഹൃദയത്തിനു പ്രതിഷ്ഠിക്കപ്പെടുന്ന കുടുംബങ്ങളിലൂടെ, നാം മുറിക്കപ്പെട്ട ഹൃദയത്തിന്റെ പ്രഘോഷകരായി മാറുന്നു. നമുക്കേറ്റവും ഇഷ്ടപ്പെടുന്ന വ്യക്തികള്‍ക്ക്, അതുപോലെ, നമ്മോടുകൂടെ ചേര്‍ന്നു നില്‍ക്കുന്നവര്‍ക്ക് മാത്രമേ നമ്മുടെ ഹൃദയത്തിന്റെ സ്പന്ദനം കേള്‍ക്കാന്‍ സാധിക്കൂ. അങ്ങനെയെങ്കില്‍ യേശുവിന്റെ ഹൃദയസ്പന്ദനം കേട്ടത് യേശു ഏറ്റവും സ്‌നേ ഹിച്ചിരുന്ന ശിഷ്യനായിരിക്കും. അന്ത്യഅത്താഴവേളയില്‍, വക്ഷസിലേക്ക് ചാരിക്കിടന്ന്(യോഹ:13-23) യോഹന്നാന്‍ നമുക്കുവേണ്ടി ജ്വലിക്കുന്ന സ്‌നേഹത്തിന്റെ സ്പന്ദനം തിരിച്ചറിഞ്ഞു. അതിനാലാവും വി. യോഹന്നാന്റെ സുവിശേഷത്തില്‍മാത്രം നമുക്കു വേണ്ടി  'മുറിക്കപ്പെടുന്ന പാര്‍ശ്വ'ത്തെക്കുറിച്ച് വിവരിക്കുന്നത് (യോഹ 19:31-37). ലോകാവസാനംവരെ നിലനില്‍ക്കുന്ന സ്‌നേഹത്തിന്റെ നേര്‍ക്കാഴ്ചയായിതുമാറി.

സഭാ പണ്ഡിതനായ വി.ജോണ്‍ ക്രിസോസ്തം പ്രതിപാദിക്കുന്നതുപോലെ ഇതൊരു വലിയ രഹസ്യം ആണ.് പടയാളികളാല്‍ കുത്തി മുറിവേല്‍പ്പിക്കപ്പെട്ട ഹൃദയത്തില്‍നിന്ന്  'രക്തവും വെള്ളവും' പുറപ്പെട്ടു; ഇതാണ് ലോകാവസാനം വരെ നിലനില്‍ക്കുന്ന സ്‌നേഹത്തിന്റെ നിലയ്ക്കാത്ത പ്രവാഹം. രക്തവും, വെള്ളവും പ്രതീകങ്ങ ളാണ്. വെള്ളം ജ്ഞാനസ്‌നാനത്തേയും, രക്തം വിശുദ്ധകുര്‍ബ്ബാനയേയും പ്രതിനിധാനം ചെയ്യുന്നു. ഇതില്‍നിന്നാണ് സഭയുടെ ജനനം. വി ക്രിസോസ്തം പറയുന്നു; 'ജ്ഞാനസ്‌നാനത്തിലൂടെ, നാം പാപത്തില്‍നിന്ന് വിമുക്തി പ്രാപിച്ച് വീണ്ടും ജനിക്കുന്നു; വി.കുര്‍ബ്ബാനയിലൂടെ, പരിശുദ്ധാത്മാവിന്റെ അഭിഷേകത്തോടെ നാം നവീകരിക്കപ്പെടുന്നു, നിലനിര്‍ത്തപ്പെടുന്നു, സഭയില്‍ പടുത്തുയര്‍ത്തപ്പെടുന്നു. അങ്ങനെ മുറിക്കപ്പെട്ട ഹൃദയത്തിലൂടെ വീണ്ടെടുത്ത ജനതയായി നാം മാറ്റപ്പെടുന്നു. പ്രഘോഷി ക്കാം നമുക്കീ സ്‌നേഹം; വിഭജിച്ചു നല്‍കാം; നാം അനുഭവിക്കുന്ന ദൈവസ്‌നേഹത്തിന്റെ ചൂടും, ചൂരും മറ്റുള്ളവര്‍ക്ക്. അതാണ് തിരുഹൃദയം നമ്മില്‍നിന്നാവശ്യപ്പെടുന്നത്.

ഒരര്‍ത്ഥത്തില്‍ തിരുഹൃദയഭക്തി പ്രഘോഷിക്കുന്നത് വി.കുര്‍ബ്ബാനയിലൂടെയാണ്. നാം, സ്വയം തിരുഹൃദയത്തിലേയ്ക്ക് അലിഞ്ഞ്‌ചേരുന്ന സ്വര്‍ഗ്ഗീയ നിമിഷം. മനുഷ്യ ഹൃദയം, ദൈവസ്‌നേഹത്തിലൊ ന്നാകുന്ന, ആ സ്‌നേഹത്തിന്റെ ആഴവും, നീളവും, വ്യാപ്തിയും മനസ്സിലാകുന്ന, ലോകാവസാനം വരെ നമ്മെ തന്റെ സ്‌നേഹത്തില്‍ ചേര്‍ത്തുനിര്‍ത്തുന്ന ഈശോയുടെ മഹനീയമായ രക്ഷാകരപദ്ധതിയുടെ പുനരാവിഷ്‌കാരം.

തിരുഹൃദയം നമ്മോടാവശ്യപ്പെടുന്നത് ഈ സ്‌നേഹം ലോകത്തിന് പകര്‍ ന്നുനല്‍കാനാണ്. 'ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും  പരസ്പരം സ്‌നേഹിക്കുവിന്‍'. ഈ വാക്കുകളുടെ ആഴം മനസ്സിലാക്കി, തിരുഹൃദയഭക്തിയ്ക്കായി മാറ്റിവെയ്ക്കപ്പെട്ടിരിക്കുന്ന ഈ മാസത്തില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. എസെക്കിയേല്‍ പ്രവാചകനോട് ദൈവം അരുളിച്ചെയ്തതുപോലെ 'ഒരു പുതിയ ഹൃദയം നിങ്ങള്‍ക്കു ഞാന്‍ നല്‍കും; ഒരു പുതുചൈതന്യം നിങ്ങളില്‍ ഞാന്‍ നിക്ഷേപിക്കും; നിങ്ങളുടെ ശരീരത്തില്‍ നിന്ന് ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നല്‍കും' (എസെക്കിയേല്‍ 36:26-27). ഒരു തരളിതമായ ഹൃദയം ഞങ്ങള്‍ക്കു നല്‍കണമേ, സഹജീവികളെ മനസ്സിലാക്കാന്‍, അതിലൂടെ ഈശോയുടെ സ്‌നേഹത്തിന്റെ സൗരഭ്യം ലോകം മുഴുവന്‍ വ്യാപിക്കാന്‍ ഇടയാക്കണമേയെന്ന്, നമുക്കൊരുമിച്ച് പ്രാര്‍ത്ഥിക്കാം. അങ്ങിനെ മുറിക്കപ്പെട്ട തിരുഹൃദയത്തിന്റെ ശാന്തതയും, ആര്‍ദ്രതയും തിരിച്ചറിയുന്ന ഒരു ലോകത്തിനായി നമുക്ക് പരിശ്രമിക്കാം അതിനായി ദൈവം നമ്മെ അനുഗ്രഹിക്കട്ടെ

ജോസഫ് മൂത്തേടത്ത്

1235 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141690