മടക്കയാത്ര
നിഫി ദേവസ്യ

മടക്കം എന്ന  വാക്കിന്റെ ആഴത്തെ, വേദനയെ, സ്വപ്നങ്ങളെ ചിലപ്പോള്‍ ഏറ്റവും പെട്ടെന്ന് മനസ്സിലാക്കുന്നത് പ്രവാസികളായ നമ്മളായിരിക്കും. ഒരു പക്ഷെ നാം ചൂടിന്റെ കാഠിന്യത്തില്‍ പകലന്തിയോളം കഷ്ടപ്പെടുന്ന, വരുമാനത്തില്‍, ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കി മിച്ചം പിടിക്കുന്ന ഒരാളാകാം. അല്ലെങ്കില്‍ എ.സി. മുറിയുടെ തണുപ്പില്‍ ജോലി ചെയ്യുന്ന, എല്ലാ സുഖസൗകര്യങ്ങളോ ടും കൂടെ ജീവിക്കുന്ന ഒരാള്‍. ആരുമായിക്കൊള്ളട്ടെ; മനസ്സിന്റെ ഏതോ ഒരു കോണി ല്‍ നാം ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാവും ഒരു മടക്കത്തെക്കുറിച്ച്. മുന്‍പോട്ടു ഇനിയൊ ന്നും ചെയ്യാനില്ലാതെ, പിന്നിട്ട വഴികളിലൂടെ യുള്ള ഒരു മടങ്ങിപ്പോക്കാവാം; അല്ലെങ്കില്‍ ഉത്തരവാദിത്വങ്ങളുടെ മറ്റൊരു ഘട്ടത്തിലേക്കുള്ള ചുവടുമാറ്റമാവാം ഓര്‍മ്മകളിലൂടെയെങ്കിലും നമ്മള്‍ എല്ലാവരും തന്നെ ഇട യ്ക്കിടെ ഇടയ്ക്ക് മടങ്ങിപ്പൊയ്‌ക്കൊണ്ടിരിക്കുന്നവരാണ്. കല്ലുപെന്‍സിലിന്റെ നഷ്ടത്തെക്കുറിച്ചോര്‍ത്ത് കരയുന്ന ബാല്യത്തിലേക്ക്, സൗഹൃദങ്ങളുടെ ശബ്ദകോലാഹലങ്ങളില്‍ മുങ്ങുന്ന, നഷ്ടസ്വപ്നങ്ങളുടെ തീച്ചൂളയില്‍ ഉരുകുന്ന കൗമാരത്തിലേക്ക്, ഉത്തരവാദിത്ത്വങ്ങളുടെ തീരാച്ചുമടുകളുടെ യൗവനത്തിലേക്ക്. ഇന്നിന്റെ സന്തോഷങ്ങ ളും സങ്കടങ്ങളും നമ്മുടെ ഇന്നലെകളുടെ ബാക്കിപത്രങ്ങളാണ്.

    മടക്കം ഒരു അനിവാര്യതതന്നെ യാണ്. അത് സ്വയാവബോധത്തിന്റെ, തിരിച്ചറിവുകളുടെ, തായ്ത്തടിയിലേക്കുള്ള ഒരു വേരിന്റെ പിന്‍വാങ്ങല്‍ പോലെ. ഇത് ഭൗതികമായ മടക്കമാണെങ്കില്‍ ആത്മീയതയില്‍ ഇതിനു മറ്റൊരു തലമില്ലേ?

    വി. ലൂക്കായുടെ സുവിശേഷത്തില്‍, നമ്മുടെ ഗുരുവിന്റെ ആകുലപ്പെടുന്ന ഒരു മുഖം കാണാം. മനുഷ്യനെക്കുറിച്ച്, അവനു ആരുടെയും ഉപദേശം ആവശ്യമില്ലായിരു ന്നു. എങ്കില്‍ക്കൂടി അവിടുത്തെ ഹൃദയം വേദനിച്ചിട്ടുണ്ടാകും. തീര്‍ച്ച! സമൂഹത്തില്‍ നിന്ന്, സ്വകുടുംബത്തില്‍ നിന്ന് വിച്ഛേദിക്കപ്പെട്ട പത്തു പേര്‍, കുഷ്ഠരോഗികള്‍, അവരില്‍ അവിടുന്ന് കടാക്ഷിക്കുന്നു. പുരോഹിതന്റെ അടുത്തു പോയി സാക്ഷ്യപ്പെടുത്തുവിന്‍ എന്ന ഗുരുമൊഴിയില്‍ യാത്രതിരിക്കവേ, പാതി വഴിയില്‍ തങ്ങള്‍ സൗഖ്യമായി എന്ന് തിരിച്ചറിയുന്നവര്‍. 'നമുക്ക് ഗുരുവിന്റെ അടുത്ത് തിരികെ പോയി നന്ദി പറ യാം എന്ന് ഉറക്കെ പറയുന്ന, കൂട്ടുകാരെ നിര്‍ബന്ധിക്കുന്ന, ഇനി നിങ്ങള്‍ എന്റെ യൊപ്പം ഇല്ലെങ്കില്‍ കൂടി ഞാന്‍ തിരികെപ്പോകും' എന്ന് പറയുന്ന ഒരേ ഒരാള്‍. ശരീരത്തിന്റെ മാത്രമല്ല മനസ്സിന്റെയും കുഷ്ഠം സൗഖ്യമായ പത്തിലൊരാള്‍.

    ഒന്ന് ചിന്തിച്ചാല്‍, തിരികെപ്പോകുന്നവനുള്ള വെല്ലുവിളികള്‍ അനവധിയാണ്. എത്രയും പെട്ടന്ന, തന്നെ തിരസ്‌കരിച്ച സമൂഹത്തിലേക്കു കടന്നുചെല്ലാന്‍, താന്‍ ശുദ്ധനാണ് എന്ന് വിളിച്ചുപറയാന്‍, തന്നെ ഉപേക്ഷിച്ച കുടുംബത്തിലേയ്ക്ക് തിരികെ ച്ചെല്ലാന്‍ വെമ്പുന്ന മനസ്സിന്റെ ആഗ്രഹത്തെ അടക്കുക എന്നതു തന്നെ ഒന്നാമത്തെ വെല്ലുവിളി. ആത്മമിത്രങ്ങളുടെ സൗഹൃദത്തെ അവഗണിച്ച്, അവരുടെ ഉപദേശങ്ങളെ പിന്‍തള്ളി, എതിര്‍വഴിയില്‍ തിരി കെ പോവുക, എന്നത് കേള്‍ക്കുന്നത്
പോലെ നിസ്സാരമല്ല.

    ചിലപ്പോഴൊക്കെ ആ പത്തു കുഷ്ഠരോഗികളില്‍ ഒരാളായി എന്നെ ഞാന്‍ സങ്കല്‍പ്പിക്കാറുണ്ട്. ആത്മാര്‍ത്ഥതയോടെ ചിന്തിക്കുമ്പോള്‍ വേദനയോടെ ഞാന്‍ തിരിച്ചറിയുന്നു, സൗഖ്യം ലഭിക്കുമ്പോള്‍ ഗുരുവിങ്കലേക്കു തിരികെപ്പോകുന്ന, തന്റെ സൗഹൃദങ്ങളെ ധൈ്യര്യപൂര്‍വ്വം തള്ളിപ്പറയുന്ന ആ ഒരാള്‍ പലപ്പോഴും ഞാന്‍ ആകാറില്ല.

    സുഹൃത്തുക്കളെ, നമുക്ക് ഒന്ന് ചിന്തിക്കാം, മുഖംമൂടികള്‍ അഴിച്ചുവെച്ച് കര്‍ത്താവിനെ മുഖാമുഖം കാണുന്ന ഒരു ദിവസം നമുക്കേവര്‍ക്കുമുണ്ട്. ആത്മാര്‍ത്ഥതയുള്ളവരാകാം. പിന്നിട്ടവഴികള്‍ ഏതൊ ക്കെയാണെങ്കിലും ഇടറാതെ, പതറാതെ സ്വയം തിരിച്ചറിവുകളോടെ അവന്റെ സ്‌നേഹത്തിലേയ്ക്കു മടങ്ങിപ്പോകാം. കാരണം, അവിടുന്ന് ധൂര്‍ത്തപുത്രന്റെ മടങ്ങിവരവിനായി കണ്ണിമവെട്ടാതെ കാത്തി രിയ്ക്കുന്ന പിതാവാണ്.

നിഫി ദേവസ്യ
       

552 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141480