വേദനകളുടെ ആരംഭം ...യുഗാന്ത്യം
റെജി സേവ്യര്‍

അധികമാരും ഇഷ്ടപ്പെടാത്ത ഒരു വികാരമാണ് വേദന. വേദനസംഹാരികള്‍ക്കാണ് ഇന്നേറ്റവുംകൂടുതല്‍ മാര്‍ക്കറ്റുള്ളത്. വേദനയെ ഭയന്ന് സ്വാഭാവികപ്രസവമൊഴിവാക്കി സിസ്സേറിയന്‍ നടത്തുന്ന അമ്മമാരുടെ എണ്ണവും കൂടിവരികയാണ്. വേദനകളുടെ കയ്പ്പുനീര് ഏറ്റവുമധികം കുടിച്ചത് ക്രിസ്തുവാണ്. എന്തെന്തു നൊമ്പരങ്ങളാണ് ആ ഹൃദയത്തില്‍ അലയടിച്ചത്.

    വി.മത്തായി 24:3 മുതല്‍ വാക്യങ്ങളില്‍ വേദനകളുടെ സൂചന അവന്‍ നല്‍കുന്നുണ്ട്. ഒലിവുമലയില്‍വെച്ചാണ് അവനിതു പറയുന്നത്. തന്റെ ഐഹികജീവിതത്തില്‍ അവന്‍ ഒലിവുമലയില്‍ ചിലവഴിച്ച ദിനങ്ങള്‍ അസംഖ്യമാണ്. വേദനകളുടെ തിരമാലകളുയര്‍ന്ന ഗത്സമേന്‍ പ്രാര്‍ത്ഥനായിടവും ഒലുവുമലയിലാണ്.

    യുഗാന്ത്യത്തിന്റെ അടയാളങ്ങള്‍ അന്വേഷിച്ച ശിഷ്യസമൂഹം അവന്റെ ഗുരുമൊഴികള്‍ക്കായി ഒലിവുമലയില്‍ അവനെ സമീപിക്കുകയാണ്. അവര്‍ ഏറെ പഠിച്ചുമുന്നേറിയിരിക്കുന്നു. നാളെയെ അറിയാനുള്ള ദീര്‍ഘവീക്ഷണം അവരില്‍ ത്രസിക്കുന്നു. എന്നായിരിക്കും യുഗാന്ത്യം? അതിന്റെ അടയാളങ്ങള്‍ എന്താണ്?

    വലിയൊരു മുന്നറിയിപ്പാണ് ക്രിസ്തു നമുക്ക് തരുന്നത്. 'ആരും നിങ്ങളെ വഴിതെറ്റിക്കാതിരിയ്ക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍' വഴിയും സത്യവും ജീവനുമായവന്‍ പറയുന്നതാണിത്. തെറ്റിപ്പോകാനുള്ള സാധ്യത നമ്മില്‍ മനുഷ്യസഹജമാണ്. വഴിതെറ്റിപ്പോയ എത്ര യോ ജീവിതങ്ങള്‍ നമുക്ക് മുന്നറിയിപ്പായി നില്‍ക്കുന്നു. അനുസരണക്കേടിന്റേയും, സമ്പന്നതയുടേയും വിനാശത്തിന്റേയും വഴിയിലൂടെ ചരിക്കുന്ന ജന്മങ്ങള്‍.

    ക്രിസ്തുചമയുന്ന അനേകം വ്യാജന്മാരും പ്രത്യക്ഷമാകുമത്രേ. വചനത്തേയും ദൈവത്തേയും വളച്ചൊടിച്ച് ഉദരത്തേയും,
പണത്തേയും ദൈവമായിക്കാണുന്നവര്‍. വേദനാസംഹാരികളുടെ ചില്ലറവില്‍പ്പനക്കാര്‍

    രണ്ടാമത്തെ പ്രവചനം യുദ്ധങ്ങളെപ്പറ്റിയുള്ളതാണ്; രാജ്യം രാജ്യത്തോടും, ജനം ജനത്തോടും എതിര്‍ക്കും എന്നത്. ഇതല്ലാതെ മറ്റെന്താണ് ഈ കാലഘട്ടത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്?. ക്ഷാമങ്ങളുടേയും പ്രകൃതിദുരന്തങ്ങളുടേയും വറുതി നാം അനുഭവിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍ ഇവയെല്ലാം സൂചനകളും ആരംഭവും മാത്രമാണ്. കൊടിയ പീഢനങ്ങള്‍ക്ക് നാം വിധേയരായേക്കാം. മരണത്തേപ്പോലും നാം മുഖാമുഖം കണ്ടേക്കാം.

    മരണത്തിനുമുമ്പിലും പതറാതെ
ധൈര്യസമേതം ക്രിസ്തുവിനെ പ്രതി കഴുത്തു നീട്ടിക്കൊടുക്കുന്ന രക്തസാക്ഷികളെ ഈ നാളുകളില്‍ നാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ?

    മരണം അവസാനവാക്കല്ലെന്നും, മരണ ത്തിനപ്പുറത്ത് മഹോന്നതമായ ഒരു ലോകമുണ്ടെന്നും, ക്രിസ്തു വ്യക്തമായ സൂചനകള്‍ തരുന്നുണ്ട്. അവനെപ്രതി മരിക്കുന്നവര്‍ക്കെല്ലാം നിത്യതയുടെ ഉദ്യാനത്തില്‍ അനശ്വര കിരീടങ്ങള്‍ ഒരുക്കപ്പെടുന്നുണ്ട്. ക്രിസ്തുവിനെപ്രതി രക്തസാക്ഷിയാകാന്‍ സ്വമനസ്സാ ഹൃദയംകൊണ്ട്
ആഗ്രഹിക്കുന്ന നിരവധി യുവത്വങ്ങളെ ഈ നാളുകളില്‍ കാണാനിടയായിട്ടുണ്ട്. സമര്‍പ്പണത്തിന്റെ ഒരു പരമോന്നത തലമാണിത്. വേദനകളുടെ ഒരു ലോകം മനുഷ്യനുണ്ടാകുമ്പോള്‍, അതിനു പിന്നിലുള്ള ദൈവസാന്നിധ്യം, വേദനയുടെ ആഴത്തിലൂടെ നാം അനുഭവിച്ചറിയണം. മൂന്ന് അടയാളങ്ങള്‍ ക്രിസ്തു നിരത്തുന്നുണ്ട്.

1 മറ്റുള്ളവരാല്‍ ദ്വേഷിക്കപ്പെടും
2 വിശ്വാസം ത്യജിക്കും
3 പരസ്പരം ഒറ്റിക്കൊടുക്കും

    മറ്റുള്ളവരുടെ വിലയിരുത്തലുകളിലും അഭിനന്ദനങ്ങളിലും നാം മതിമറന്നു പോകരുത്. അവര്‍ നമ്മെ തള്ളിപ്പറയുമ്പോള്‍ നഷ്ടധൈര്യരാകരുത്. മനുഷ്യര്‍ പരസ്പരം ഒറ്റുകാരാകും, ഒരാള്‍ പൊടുന്നനെ മറ്റെയാളുടെ ശത്രുവാകാം. അനേകര്‍ വിശ്വാസം വിട്ടെറിഞ്ഞുപോകാം. എന്തിനുവേണ്ടിയാണ് നാം വിശ്വാസമൊക്കെ സ്വികരിച്ചതെന്ന് അപ്പോള്‍ വെളിപ്പെടും.

    പൂമാലകള്‍ക്കും ഉയര്‍ച്ചകള്‍ക്കും വേണ്ടി വിശ്വാസത്തിന്റെ മേലങ്കി പുതച്ചവര്‍, കഷ്ടതയും, സഹനവുമേറുന്ന ആ നാളുകളില്‍ അവയുപേക്ഷിച്ച് ഓടിപ്പോകും. നെല്ലും പതിരും വേര്‍തിരിയുന്ന സമയം.

വ്യാജപ്രവാചകന്‍മാര്‍

    വ്യാജപ്രവാചകരുടെ ഒരു തേരോട്ടവും ഇതിനിടയിലുണ്ട് വ്യാജവും വളച്ചൊടിച്ചതുമായ പ്രബോധനങ്ങള്‍ ഇളകിവരും, ഇതുമൂലം അനേകര്‍ക്ക് വഴി തെറ്റാം. ഭൗതീകസുഖങ്ങളിലമര്‍ന്ന് രഹസ്യമായി ധനസമ്പാദനം നടത്തി പുരോഗതിയുടെ സുവിശേഷവുമായി നടക്കുന്ന വ്യാജ
പ്രവാചകന്മാര്‍ ഇപ്പോള്‍ത്തന്നെ രംഗത്ത് തിമിര്‍ത്താടുന്നുണ്ട്. സഭ വിട്ടുപോയവരേയും, സഭ വിട്ടു പോകുന്നവരേയും  മാനസാന്തരത്തിന്റേയും ക്രിസ്തുവിന്റെ യഥാര്‍ത്ഥ സുവിശേഷത്തിന്റേയും ശക്തി നാം അറിയിക്കേണ്ടിയിരിക്കുന്നു. സഹനവും, സഹിക്കലും ക്രിസ്തുവിന്റെ തിരുമുഖത്തുനിന്ന് അവര്‍ വായിച്ചെടുക്കണം. വചനാധിഷ്ഠിതമല്ലാത്ത ഒരു പഠനങ്ങളും, ഉപദേശങ്ങളും നമ്മില്‍ നിന്നും പുറപ്പെടാന്‍ പാടില്ല.

    സ്‌നേഹം തണുത്തുറഞ്ഞു പോ കുന്ന മറ്റൊരനുഭവവും ദൈവപുത്രന്‍ വിവരിക്കുന്നുണ്ട്. 'എന്നാല്‍ അവസാനത്തോളം സഹിച്ചു നില്‍ക്കുന്നവര്‍ രക്ഷപ്രാപിക്കും എന്ന യാഥാര്‍ത്ഥ്യം' സഹനങ്ങളിലെല്ലാം നാം ഒറ്റയ്ക്കാണെന്നും, ദൈവംപോലും തിരിഞ്ഞു നോക്കിയില്ലല്ലോ എന്നും, നാം പരിതപിച്ചേക്കാം. എന്നാല്‍ ദൈവസാന്നിധ്യത്തിലാണ് എല്ലാ കഷ്ടതയും സഹനവും കടന്നുവന്നത് എന്നത് നാം മറന്നുകൂടാ. ആ കണ്ണുകളെല്ലാം കാണുന്നുണ്ട്, ആ കൈക്കുമ്പിളില്‍ നമ്മുടെ കണ്ണുനീരും.

    യുഗാന്ത്യം വേദനകളോടെ ആരംഭിച്ച് രക്ഷയില്‍ അവസാനിക്കുന്ന ഒന്നാണ്. ചുറ്റുപാടും നിരവധി പ്രതികൂലങ്ങള്‍ നാം കാണുന്നു. നാം തന്നെ പീഢനങ്ങള്‍ക്കിരയായേക്കാം. ജാഗരൂകതയാണ് നമുക്കുവേണ്ടത്. ചുറ്റുപാടുകളെ നമുക്ക് സൂക്ഷ്മതയോടെ വീക്ഷിക്കാം. വേദനയിലും നിരാശയിലും നാം അവസാനിച്ചു പോകില്ല, തീര്‍ച്ച. വരാനിരിക്കുന്ന രാജ്യത്തിലെ രാജകീയ സമൂഹമാണ് നാമെന്നത് നമ്മുടെ അന്തരാത്മാവില്‍ അഭിമാനപൂക്കള്‍ വിടര്‍ത്തട്ടെ. യുഗാന്ത്യം ഭൗമീകജീവിതത്തിന്റെ സമാപനവും സ്വര്‍ഗ്ഗീയ ജീവിതത്തിന്റെ ഉദ്ഘാടനവും ആണ്. ഇവിടെ സഹിക്കുന്നവര്‍ അവിടെ ആര്‍ത്തുപാടും. ഇവിടെ കണ്ണീരിന്റെ കയ്പുനീര്‍ കുടിച്ചവര്‍ അവിടെ ആനന്ദാശ്രുക്കള്‍ പൊഴിക്കും. നമുക്കും സ്വപ്നം കാണാം: വരാനിരിക്കുന്ന ദൈവരാജ്യം, യുഗാന്ത്യത്തിനപ്പുറത്ത്.


റെജി സേവ്യര്‍

343 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 140896